എക്സലൻസി, നമസ്‌കാരം
ഡിസംബര്‍ 14 ന് ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേയക്കു പ്രവേശിക്കുന്ന നിങ്ങള്‍ക്ക് ആദ്യം തന്നെ ഞാന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു. ഈ വര്‍ഷം ഉസ്‌ബെക്കിസ്ഥാന്‍ സന്ദര്‍ശിക്കണമെന്നു ഞാന്‍ കരുതിയതായിരുന്നു. എന്നാല്‍ കൊവിഡ് 19 മഹാമാരി മൂലം എനിക്ക് ആ സന്ദര്‍ശനം നടത്തുവാന്‍ സാധിച്ചില്ല. എന്നാല്‍ എവിടെയിരുന്നും ജോലി ചെയ്യാവുന്ന ഈ കാലത്ത് ഇന്ന് നമ്മളും വിഡിയോ കോണ്‍ഫറണ്‍സിലൂടെ യോഗം ചേരുകയാണ്.
എക്സലൻസി,
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ചരിത്ര സ്വഭാവമുള്ള രണ്ടു സംസ്‌കാരങ്ങളാണ്. പുരാതന കാലം മുതല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ നിയതമായ ബന്ധങ്ങള്‍ നിലനിന്നിരുന്നു. നമ്മുടെ ധാരണകളിലും പ്രാദേശികമായ വെല്ലുവിളികളോടും അവസരങ്ങളോടുമുള്ള സമീപനങ്ങളിലും ധാരാളം സമാനതകളുണ്ട്. അതിനാല്‍ തന്നെ നമ്മുടെ ബന്ധങ്ങള്‍ എന്നും വളരെ ശക്തമാണ്. 2018 ലും 2019 ലും നിങ്ങളുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ നാം നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും നമ്മുടെ ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നല്കുകയും ചെയ്തു.
എക്സലൻസി,
തീവ്രവാദത്തെ കുറിച്ചും വര്‍ഗീയവാദത്തെ കുറിച്ചും വിഘടന വാദത്തെ കുറിച്ചും സമാനമായ ഉത്ക്കണ്ഠകളാണ് നമുക്കുള്ളത്. തീവ്രവാദത്തിനെതിരെ നാം ഇരുവരും ശക്തമായി നിലകൊള്ളുന്നു. പ്രാദേശികമായ സുരക്ഷാ വിഷയങ്ങളിലും നമുക്ക് സമാന സമീപനമാണുള്ളത്. അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയ അഫ്ഗാന്റെ നേതൃത്വത്തില്‍, അഫ്ഗാന്റെ സ്വന്തം നിലയിലും നിയന്ത്രണത്തിലും നടക്കണ്ടതാണ് എന്ന് നമ്മള്‍ ഇരുവരും സമ്മതിക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ധക്കാലത്തെ നേട്ടങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍വപ്രധാനമാണ്.
സമർഖണ്ടില്‍ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ഇന്ത്യാ – മധ്യ ഏഷ്യാ ഉച്ചകോടിക്കു നേതൃത്വം വഹിച്ചത് ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും ചേര്‍ന്നാണ്.
എക്സലൻസി,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക പങ്കാളിത്തവും ശക്തിപ്രാപിച്ചിട്ടുണ്ട്.
ഉസ്‌ബെക്കിസ്ഥാനുമായി ഞങ്ങളുടെ വികസന പങ്കാളിത്തം കൂടുതല്‍ വര്‍ധിപ്പിക്കുവാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
നിരവധി പദ്ധതികള്‍ ഇന്ത്യയുടെ സഹായത്തോടെ പരിഗണനയിലുണ്ട് എന്ന് അറിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
നിങ്ങളുടെ വികസന മുന്‍ഗണനകള്‍ക്ക് അനുസരണമായി ഞങ്ങളുടെ വൈഗ്ധ്യവും അനുഭവവും പങ്കുവയ്ക്കുവാന്‍ ഇന്ത്യ തയാറാണ്.
അടിസ്ഥാന വികസനം, വിവര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആരോഗ്യം, പരിശീലനം, കാര്യക്ഷമതാ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ അനന്തമായ അവസരങ്ങളുണ്ട്. ഇത് ഉസ്‌ബെക്കിസ്ഥാന് ഉപയോഗിക്കാവുന്നതാണ്. ഇരു രാജ്യങ്ങളും ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സംയുക്ത കാര്‍ഷിക പ്രവര്‍ത്തക സമിതി ശ്രദ്ധേയവും അനുകൂലവുമായ നടപടിയാണ്. ഇരു രാജ്യങ്ങളിലെയും കാര്‍ഷിക സമൂഹത്തെ സഹായിക്കുന്നതിന് കാര്‍ഷിക വ്യാപാരം വികസ്വരമാക്കുന്നതിനുള്ള സാധ്യതകള്‍ ഇതു സുഗമമാക്കും.
എക്സലൻസി,
ഉഭയകക്ഷി ബന്ധങ്ങളിലെ ശക്തമായ സ്തംഭമായി മാറുകയാണ് നമ്മുടെ സുരക്ഷാ പങ്കാളിത്തം.
കഴിഞ്ഞ വര്‍ഷം നമ്മുടെ സായുധ സേനയുടെ പ്രഥമ സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങള്‍ നടക്കുകയുണ്ടായി.
ആണവോര്‍ജ്ജം, ബഹിരാകാശം തുടങ്ങിയ മേഖലകളിലും നാം ഒരുമിച്ചു മുന്നേറുകയാണ്.
കോവിഡ് 19 മഹാമാരിയുടെ ഈ വിഷമ സന്ധിയില്‍ ഇരു രാജ്യങ്ങളും പരസ്പരം പൂര്‍ണമായി സഹായിച്ചു എന്നത് വളരെ ആത്മസംതൃപ്തി നല്കുന്ന കാര്യമാണ്. മരുന്നു വിതരണത്തിലും, ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ സുരക്ഷിതമായ പുനരധിവാസത്തിലും എല്ലാം നാം സഹകരിച്ചു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും വര്‍ധിച്ചുവരുന്നു. ഗുജറാത്തിന്റെയും ആന്‍ഡിജാനിന്റെയും വിജയകരമായ മാതൃക അടിസ്ഥാനമാക്കി ഹരിയാനയും ഫര്‍ഗാനയും തമ്മിലുള്ള സഹകരണത്തിന് രൂപരേഖ തയാറാക്കി വരുന്നു.
എക്സലൻസി,
അങ്ങയുടെ പ്രാപ്തമായ നേതൃത്വത്തിന്‍ കീഴില്‍ ഉസ്‌ബെക്കിസ്ഥാന്‍ സുപ്രധാനമായ പല പരിഷ്‌കാരങ്ങളും നടപ്പാക്കി വരുന്നു. നവീകരണ പാതയിലാണ് ഇന്ത്യയുടെയും മുന്നേറ്റം.
കോവിഡാനന്തര കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ഇതു വിശാലമാക്കും
നാം തമ്മില്‍ ഇന്നു നടത്തിയ ചര്‍ച്ച ഈ പരിശ്രമങ്ങള്‍ക്കു പുതിയ ദിശാബോധവും ഊര്‍ജ്ജവും പകരുമെന്നു എനിക്ക് ഉറപ്പുണ്ട്.
എക്സലൻസി,
ഉദ്ഘാടന പ്രസംഗത്തിനായി ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു.