ന്യൂഡെല്‍ഹിയില്‍ രാഷ്ട്രപതി ഭവന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിതി ആയോഗ് ഭരണസമിതിയുടെ നാലാമതു യോഗത്തിനു തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.
മുഖ്യമന്ത്രിമാരെയും മറ്റു പ്രതിനിധികളെയും സ്വാഗതംചെയ്യവേ, 'ചരിത്രപരമായ പരിവര്‍ത്തനം' വരുത്താന്‍ സാധിക്കുന്ന വേദിയാണു ഭരണസമിതിയെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാജ്യത്തെ ഇപ്പോള്‍ ബാധിച്ചിരിക്കുന്ന വെള്ളപ്പൊക്ക ദുരന്തത്തെ നേരിടാന്‍ എല്ലാ സഹായവും കേന്ദ്ര ഗവണ്‍മെന്റ് നല്‍കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പു നല്‍കി.
സഹകരണത്തിന്റെയും മല്‍സരാധിഷ്ഠിത ഫെഡറലിസത്തിന്റെയും ഊര്‍ജം ഉള്‍ക്കൊണ്ട് 'ടീം ഇന്ത്യ' എന്ന നിലയ്ക്കാണു സങ്കീര്‍ണമായ പ്രശ്‌നങ്ങളെ ഭരണസമിതി കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജി.എസ്.ടി. പ്രശ്‌നങ്ങളില്ലാതെ ആരംഭിക്കാനും നടപ്പാക്കാനും സാധിച്ചത് ഉത്തമോദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സ്വച്ഛ് ഭാരത് ദൗത്യം, ഡിജിറ്റല്‍ ഇടപാടുകള്‍, നൈപുണ്യവികസനം എന്നീ മേഖലകള്‍ക്കായുള്ള സബ്-ഗ്രൂപ്പുകളിലൂടെയും കമ്മിറ്റികളിലൂടെയും നയരൂപീകരണത്തില്‍ മുഖ്യമന്ത്രിമാര്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സബ്-ഗ്രൂപ്പുകളുടെ ശുപാര്‍ശകള്‍ വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ ഏകോപിപ്പിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2017-1ന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.7 എന്ന ആരോഗ്യകരമായ നിരക്കില്‍ വളര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വളര്‍ച്ചാനിരക്കിനെ രണ്ടക്ക നിരക്കിലേക്ക് ഉയര്‍ത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളിയെന്നും അതിനായി പല പ്രധാന നടപടികളും കൈക്കൊള്ളേണ്ടതുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. 2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ എന്നതു ജനങ്ങളുടെ പുതിയ സങ്കല്‍പമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്നത്തെ കാര്യപരിപാടി കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കലും വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വികസനവും ആയുഷ്മാന്‍ ഭാരതും മിഷന്‍ ഇന്ദ്രധനുഷും പോഷകാഹാര ദൗത്യവും മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷവും ആണെന്ന് അദ്ദേഹം വിശദീകരിച്ചു.
ആയുഷ്മാന്‍ ഭാരത് പ്രകാരം 1.5 ലക്ഷം ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ നിര്‍മിച്ചുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിവര്‍ഷം പത്തു കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ആരോഗ്യസുരക്ഷയ്ക്കായി നല്‍കും. വിദ്യാഭ്യാസം നല്‍കുന്നതിനായി സമഗ്ര ശിക്ഷ അഭിയാന്‍ പ്രകാരം സമഗ്രസമീപനം കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുദ്ര യോജന, ജന്‍ ധന്‍ യോജന, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ സഹായകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനു മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനം കാംക്ഷിക്കുന്ന 115 ജില്ലകളില്‍ മനുഷ്യവികസനത്തിന്റെ എല്ലാ ഘടകങ്ങളും പാലിക്കപ്പെടണമെന്നു പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നവമാതൃക സൃഷ്ടിക്കാന്‍ ഗ്രാമസ്വരാജ് അഭിയാന്‍ സഹായകമായെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ 45,000 ഗ്രാമങ്ങൡല്‍ ഇതു നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഉജ്വല, സൗഭാഗ്യ, ഉജാല, ജന്‍ ധന്‍, ജീവന്‍ ജ്യോതി യോജന, സുരക്ഷാ ബീമ യോജന, മിഷന്‍ ഇന്ദ്രധനുഷ് എന്നീ ഏഴു പ്രധാനപ്പെട്ട ക്ഷേമ പദ്ധതികള്‍ എല്ലായിടത്തും നടപ്പാക്കുക എന്നതാണു ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 17,000 ഗ്രാമങ്ങളില്‍ ഇതു സാധ്യമായിക്കഴിഞ്ഞു എന്ന് അദ്ദേഹം വെൡപ്പെടുത്തി.
ക്ഷമത, ശേഷി, വിഭവലഭ്യത എന്നീ കാര്യങ്ങളില്‍ ഇന്ത്യ പിന്നിലല്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ വര്‍ഷം സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്നു ലഭിക്കുക 11 ലക്ഷം കോടി രൂപയാണെന്നും ഇത് കഴിഞ്ഞ ഗവണ്‍മെന്റ് അവസാന വര്‍ഷം നല്‍കിയ തുകയെക്കാള്‍ ആറു ലക്ഷം കോടി രൂപ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ഈ സംഗമം ഇന്ത്യന്‍ ജനതയുടെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും പ്രതിനിധാനം ചെയ്യുന്നുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കു സംതൃപ്തി പകരാനുള്ള ഉത്തരവാദിത്തം ഇവിടെ എത്തിച്ചേര്‍ന്നവര്‍ക്ക് ഉണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
യോഗത്തിനെത്തിയ മുഖ്യമന്ത്രിമാരെയും മറ്റു പ്രതിനിധികളെയും നേരത്തേ നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ശ്രീ. രാജീവ് കുമാര്‍ സ്വാഗതം ചെയ്തു. ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിങ്ങാണു ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നത്.