ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായുള്ള 380 ഡയറക്ടര്‍മാരുമായും ഡെപ്യൂട്ടി സെക്രട്ടറിമാരുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. നാലു ഗ്രൂപ്പുകളായാണ് 2017 ഒക്ടോബറില്‍ കൂടിക്കാഴ്ച നടന്നത്. ഒക്ടോബര്‍ 17നായിരുന്നു നാലാമത്തെ കൂടിച്ചേരല്‍. ഓരോ സംഗമവും രണ്ടു മണിക്കൂറോളം നീണ്ടു.
ഭരണം, അഴിമതി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് ഇ-വിപണി, ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, കൃഷി, ഗതാഗതം, ദേശീയോദ്ഗ്രഥനം, ജലവിഭവങ്ങള്‍, സ്വച്ഛ് ഭാരത്, സംസ്‌കാരം, വാര്‍ത്താവിനിമയം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
2022 ആകുമ്പോഴേക്കും പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി സമര്‍പ്പണഭാവത്തോടെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിനായി ഡയറക്ടര്‍, ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ ടീമുകള്‍ രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെയും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചകളില്‍ സംബന്ധിച്ചിരുന്നു.