പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലോകത്തെമ്പാടുമുള്ള എണ്ണ വാതക കമ്പനി സി.ഇ.ഒ. മാരുമായും വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി.
റോസ്‌നെഫ്റ്റ്, ഭാരത് പെട്രോളിയം, റിലയന്‍സ്, സൗദി അരാംകോ, എക് സോണ്‍, റോയല്‍ ഡച്ച് ഷെല്‍, വേദാന്ത, വുഡ് മക്കന്‍സി, ഐ.എച്ച്.എസ്. മര്‍കിറ്റ്, ഷ്‌ലംബര്‍ജര്‍, ഹാലിബര്‍ട്ടന്‍, എക്‌സ്‌കോള്‍, ഒ.എന്‍.ജി.സി., ഇന്ത്യന്‍ ഓയില്‍, ഗെയില്‍, പെട്രോനെറ്റ്, എന്‍.എന്‍.ജി., ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഡെലോനെക്‌സ് എനര്‍ജി, എന്‍.ഐ.പി.എഫ്.പി, അന്താരാഷ്ട്ര വാതക യൂണിയന്‍, ലോക ബാങ്ക്, അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
കേന്ദ്ര മന്ത്രിമാരായ ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍, ശ്രീ. ആര്‍.കെ. സിംഗ് എന്നിവരും നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ്, പെട്രോളിയം, ധന മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളിള്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
നിതി ആയോഗാണ് യോഗം സംഘടിപ്പിച്ചത്. തങ്ങളുടെ ആമുഖ പ്രസംഗങ്ങളില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാനും നിതി ആയോഗ് ഉപാദ്ധ്യക്ഷന്‍ ശ്രീ. രാജീവ് കുമാറും ഈ മേഖലയില്‍ നടന്ന് വരുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു വിഹഗവീക്ഷണം നല്‍കി. ഇന്ത്യയില്‍ ഊര്‍ജ്ജ ആവശ്യത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചയും, വൈദ്യുതീകരണത്തിലും, പാചകവാതക വിതരണ ശൃംഖലയുടെ വിപുലീകരണത്തിനും അവര്‍ ഊന്നല്‍ നല്‍കി.
ഇന്ത്യയിലെ എണ്ണ വാതക മേഖലയിലെ വെല്ലുവിളികളും അടുത്തിടെ ഉണ്ടായ സംഭവ വികാസങ്ങളും നിതി ആയോഗ് സി.ഇ.ഒ. ശ്രീ. അമിതാഭ് കാന്ത് തന്റെ ഹ്രസ്വമായ അവതരണത്തിലൂടെ വരച്ച്കാട്ടി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ പുരോഗതിയെയും പരിഷ്‌ക്കാരങ്ങളെയും സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ അഭിനന്ദിച്ചു. ഊര്‍ജ്ജ രംഗത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങളുടെ ഗതിവേഗത്തെയും അവര്‍ ശ്ലാഘിച്ചു. ഒരു ഏകീകൃത ഊര്‍ജ്ജ നയം, കരാര്‍ ചട്ടക്കൂടുകളും സംവിധാനങ്ങളും, ഭൂകമ്പ സംബന്ധിയായ വിവരങ്ങള്‍, ജൈവ ഇന്ധനങ്ങള്‍ക്കുള്ള പ്രോത്സാഹനം, മെച്ചപ്പെട്ട വാതക വിതരണം, ഒരു വാതക ഹബ്ബ് സ്ഥാപിക്കല്‍, നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുതലായവ ചര്‍ച്ചയ്ക്ക് വന്നു. വൈദ്യുതിയും വാതകവും ചരക്ക് സേവന നികുതി (ജി.എസ്.റ്റി) യുടെ ചട്ടക്കൂടില്‍ കൊണ്ടുവരണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. എണ്ണ വാതക മേഖലയുമായി ബന്ധപ്പെട്ട് ജി.എസ്.റ്റി. കൗണ്‍സില്‍ അടുത്തിടെ കൈക്കൊണ്ട തീരുമാനങ്ങള്‍ റവന്യൂ സെക്രട്ടറി ശ്രീ. ഹസ്മുഖ് അധിയ വിവരിച്ചു.
ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് 2016 ല്‍ നടന്ന കഴിഞ്ഞ യോഗത്തില്‍ ലഭിച്ച നിര്‍ദ്ദശങ്ങള്‍ നയരൂപീകരണത്തില്‍ സഹായകരമായിരുന്നവെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. നിരവധി മേഖലകളില്‍ ഇനിയും പരിഷ്‌ക്കാരങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചിരുന്ന വ്യക്തമായ നിര്‍ദ്ദേശങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തങ്ങളുടെ സംഘടനകളുടെ ആശങ്കകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എണ്ണ, വാതക രംഗത്ത് ഇന്ത്യയുടെ അനന്യമായ സാധ്യതകളും ആവശ്യങ്ങളും മനസില്‍ വച്ച്‌കൊണ്ട് സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച ഏവര്‍ക്കും പ്രധാമന്ത്രി നന്ദി അറിയിച്ചു.
ഇന്ന് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ആസൂത്രണ, ഭരണ, നിയന്ത്രണ വിഷയങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഊര്‍ജ്ജ രംഗത്തെ സ്ഥിതി അത്യന്തം വ്യത്യാസമുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമഗ്രമായ ഊര്‍ജ്ജ നയത്തിനുള്ള നിര്‍ദ്ദേശത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെയും, ഊര്‍ജ്ജം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു. ജൈവ ഊര്‍ജ്ജത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി കല്‍ക്കരി വാതകമാക്കുന്നതിന് സംയുക്ത സംരംഭങ്ങളില്‍ ഭാഗഭാക്കാവാന്‍ ക്ഷണിക്കുകയും ചെയ്തു. എണ്ണ, വാതക മേഖലയില്‍ നൂതന ആശയങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള എല്ലാ സാധ്യതകളെയും അദ്ദേഹം സ്വാഗതം ചെയ്തു.
സംശുദ്ധവും കൂടുതല്‍ ഊര്‍ജ്ജ കാര്യക്ഷമവുമായ ഒരു സമ്പദ്ഘടനയിലേയ്ക്ക് ഇന്ത്യ നീങ്ങവെ അതിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് ദരിദ്രര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.