ലോകത്താകമാനമുള്ള ഭക്ഷ്യസംസ്‌കരണ മേഖലയിലെ മുന്‍നിര കമ്പനികളുടെ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി. വേള്‍ഡ് ഫുഡ് ഇന്ത്യ സംഗമത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
ആമസോണ്‍ (ഇന്ത്യ), ആംവേ, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, കാര്‍ഗില്‍ ഏഷ്യ പസഫിക്, കോക്ക-കോള ഇന്ത്യ, ഡാന്‍ഫോസ്, ഫ്യൂചര്‍ ഗ്രൂപ്പ്, ഗ്ലാക്‌സോ സ്മിത്‌ക്ലൈന്‍, ഐസ് ഫുഡ്‌സ്, ഐ.ടി.സി., കിക്കോമാന്‍, ലുലു ഗ്രൂപ്പ്, മക്‌കെയ്ന്‍, മെട്രോ കാഷ് ആന്‍ഡ് ക്യാരി, മോണ്‍ഡെലിസ് ഇന്റര്‍നാഷണല്‍, നെസ്ലെ, ഒ.എസ്.ഐ. ഗ്രൂപ്പ്, പെപ്‌സികോ ഇന്ത്യ, സീല്‍ഡ് എയര്‍, ഷറഫ് ഗ്രൂപ്പ്, സ്പര്‍ ഇന്റര്‍നാഷണല്‍, ദ് ഹെയ്ന്‍ സെലെസ്റ്റ്യല്‍ ഗ്രൂപ്പ്, ദ് ഹെര്‍ഷെ കമ്പനി, ട്രെന്റ് ലിമിറ്റഡ്, വാള്‍മാര്‍ട്ട് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ സി.ഇ.ഒമാരും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി ശ്രീമതി ഹര്‍സിംറത് കൗര്‍ ബാദല്‍, ഭക്ഷ്യസംസ്‌കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി, മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
അടുത്തിടെ പുറത്തിറങ്ങിയ ലോകബാങ്കിന്റെ ഡൂയിങ് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യ നില മെച്ചപ്പെടുത്തിയതിനു വിവിധ സി.ഇ.ഒമാര്‍ പ്രധാനമന്ത്രിയെ അഭിനന്ദനമറിയിച്ചു. കാര്‍ഷിക വരുമാനം ഇരട്ടിപ്പിക്കുന്നതിനായി പ്രധാനമന്ത്രിക്കുള്ള കാഴ്ചപ്പാടും അദ്ദേഹത്തിന്റെ നേതൃത്വത്തിനു കീഴില്‍ മൂന്നു വര്‍ഷമായി നടന്നുവരുന്ന വേഗമാര്‍ന്ന ധനകാര്യ വികസനവും ആവേശം പകരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ജി.എസ്.ടി., പ്രത്യക്ഷവിദേശ നിക്ഷേപം ഉദാരവല്‍ക്കരിക്കല്‍ തുടങ്ങിയ ഘടനാപരമായ പരിഷ്‌കാരങ്ങളെയും ധീരമായ ചുവടുവെപ്പുകളെയും അവര്‍ അഭിനന്ദിച്ചു.
കാല്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും ഭക്ഷ്യ, പോഷക സുരക്ഷ ഉറപ്പാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കാര്‍ഷികോല്‍പന്നങ്ങളുടെ മൂല്യവര്‍ധന സാധ്യമാക്കുന്നതിനും ഭക്ഷ്യസംസ്‌കരണ മേഖല അനിവാര്യമാണെന്നു സംഗമത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സമഗ്ര വളര്‍ച്ചയ്ക്കായി ഭക്ഷ്യസംസ്‌കരണം, കൃഷി, ചരക്കുകടത്ത്, ചില്ലറവില്‍പന മേഖലകളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സി.ഇ.ഒമാര്‍ അവലോകനം ചെയ്തു. വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി അവര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള പ്രതിജ്ഞാബദ്ധത അവര്‍ ആവര്‍ത്തിച്ചു.
വീക്ഷണങ്ങള്‍ പങ്കുവെച്ചതിനു സി.ഇ.ഒമാരെ നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇന്ത്യയെക്കുറിച്ചുള്ള അത്യുത്സാഹമാണ് അവരുടെ നിരീക്ഷണങ്ങളില്‍ പ്രകടമാകുന്നതെന്നു വ്യക്തമാക്കി. ലക്ഷ്യബോധത്തോടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചതിനു സി.ഇ.ഒമാരെ അദ്ദേഹം അഭിനന്ദിച്ചു.
സംഗമത്തില്‍ പങ്കെടുത്തവര്‍ കാര്‍ഷികോല്‍പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുന്നതിനു കൈക്കൊണ്ട് നടപടികളെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയിലെ മധ്യവര്‍ഗവും ഗവണ്‍മെന്റ് നടപ്പാക്കുന്ന നയാധിഷ്ഠിത പദ്ധതികളും ഭക്ഷ്യസംസ്‌കരണ രംഗത്തു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സാധ്യതകള്‍ തുറന്നിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുടെ കൃഷിച്ചെലവു കുറച്ചുകൊണ്ടുവരാനും കാര്‍ഷികോല്‍പന്നങ്ങള്‍ നഷ്ടമാകുന്നതു വഴിയുള്ള നഷ്ടം കുറയ്ക്കുന്നതിനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനു കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ കൂടുതല്‍ ആഴത്തിലുള്ളതും ഉല്‍പാദനപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗോള കമ്പനികളുടെ സി.ഇ.ഒമാരെ അദ്ദേഹം ക്ഷണിച്ചു.
ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് നടപ്പാക്കിവരുന്ന നയങ്ങളെക്കുറിച്ചു ശ്രീമതി ഹര്‍സിമ്രത് കൗര്‍ ബാദല്‍ നേരത്തേ പ്രഭാഷണം നടത്തി.