പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനും ഉദ്ദേശിച്ചുള്ള ഐ.സി.ടി. അധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയിലൂടെ തന്റെ 29ാമത് ആശയവിനിമയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു.
ടെലികമ്മ്യൂണിക്കേഷന്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ക്കു പരിഹാരം കണ്ടെത്തുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി പ്രധാനമന്ത്രി പരിശോധിച്ചു. അടുത്തിടെ നടത്തപ്പെട്ട സാങ്കേതിക വിദ്യാപരമായ ഇടപെടലുകള്‍ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങള്‍ അടിസ്ഥാനമാക്കിയാവണം ടെലികോം മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഉപഭോക്താക്കള്‍ക്കു പരമാവധി സംതൃപ്തി ലഭ്യമാക്കാന്‍ സേവനദാതാക്കള്‍ക്കു സാധിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇതുവരെ നടന്ന 28 പ്രഗതി യോഗങ്ങളില്‍ ആകെ അവലോകനം ചെയ്യപ്പെട്ടത് 11.75 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള പദ്ധതികളാണ്. പല മേഖലകളിലും പൊതുജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതിയും അവലോകനം ചെയ്യപ്പെട്ടു.
ഇന്നു നടന്ന 29ാമതു യോഗത്തില്‍ റെയില്‍വേ, നഗരവികസനം, റോഡ്, ഊര്‍ജം, കല്‍ക്കരി മേഖലകളിലെ എട്ടു പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉള്ളതാണ് ഈ പദ്ധതികള്‍.
പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാണ്‍ യോജനയുടെയും വിശേഷിച്ച് ജില്ലാ മിനറല്‍സ് ഫൗണ്ടേഷന്‍സിന്റെയും പ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടുള്ള പുരോഗതി ശ്രീ. നരേന്ദ്ര മോദി പരിശോധിച്ചു. ധാതുക്കള്‍ ലഭ്യമായ പല ജില്ലകളിലും ആവശ്യത്തിനു വിഭവങ്ങള്‍ ലഭ്യമാണെന്നു വിലയിരുത്തിയ അദ്ദേഹം, ഇതില്‍നിന്നു ലഭിക്കുന്ന വരുമാനം ഈ ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നതിനും അവരുടെ ജീവിതം അയത്‌നലളിതമാക്കി മാറ്റുന്നതിനുമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണമെന്നു കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. ഈ ജില്ലകളില്‍ വികസനം കാംക്ഷിക്കുന്നവയെ വികസനപരമായ കടുത്ത അപര്യാപ്തതകളില്‍നിന്ന് ഉയര്‍ത്തുന്നതിനുള്ള അവസരമാണ് ഇതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.