പ്രതികരണാത്മകമായ ഭരണത്തിനും നയങ്ങളുടെ സമയബന്ധിതമായ നടത്തിപ്പിനുമുള്ള വിവരസാങ്കേതിക വിദ്യാധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ 23ാമത് ആശയവിനിമയം നടന്നു.
പ്രഗതിയുടെ ആദ്യത്തെ 22 യോഗങ്ങളില്‍ 9.31 ലക്ഷം കോടി നിക്ഷേപം വരുന്ന 200 പദ്ധതികളെക്കുറിച്ചുള്ള പുനരവലോകനം നടന്നിരുന്നു. 17 മേഖലകളെ സംബന്ധിക്കുന്ന പൊതുജനങ്ങളുടെ പരാതികള്‍ക്കു പരിഹാരം കാണുകയും ചെയ്തു.
ഉപഭോക്തൃമേഖലയിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി ഇന്നു നടന്ന 23ാമതു യോഗത്തില്‍ വിലയിരുത്തപ്പെട്ടു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ കൈക്കൊണ്ട വേഗമേറിയതും ഫലപ്രദവുമായ നടപടികള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു. വളരെയധികം പരാതികള്‍ ഉയരുന്ന സാഹചര്യം ഗൗരവത്തോടെ വീക്ഷിച്ച പ്രധാനമന്ത്രി, ഉപഭോക്താക്കള്‍ക്കു ഗുണകരമാവുംവിധം ഭരണസംവിധാനം പരിഷ്‌കരിക്കണമെന്ന് ഊന്നിപ്പറഞ്ഞു.
ഉത്തരാഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാള്‍, കര്‍ണാടകം, തമിഴ്‌നാട്, കേരളം, നാഗാലാന്‍ഡ്, ആസാം, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ റെയില്‍വേ, റോഡ്, ഊര്‍ജം, പുനരുപയോഗിക്കാവുന്ന ഊര്‍ജം എന്നീ മേഖലകളിലെ ഒന്‍പത് അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. 30,000 കോടി രൂപയുടെ പദ്ധതികളാണിവ.
പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാണ്‍ യോജനയുടെ നടത്തിപ്പിലെ പുരോഗതിയും പഠനവിധേയമാക്കി. ഡിസ്ട്രിക്റ്റ് മിനറല്‍ ഫൗണ്ടേഷനുകളില്‍ ലഭിക്കുന്ന ഫണ്ട് അതതു ജില്ലകള്‍ നേരിടുന്ന പ്രധാന വികസനപ്രശ്‌നങ്ങള്‍ക്കും ന്യൂനതകള്‍ക്കും ഫലപ്രദമായ പരിഹാരം കാണുന്നതിന് ഉപയോഗപ്പെടുത്തണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും ഏറ്റവും മികച്ച ഫലം ലഭിക്കുംവിധം വ്യക്തമായ കാഴ്ചപ്പാടോടെ വേണം ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനെന്നും അദ്ദേഹം പറഞ്ഞു.