പ്രതികരണാത്മകമായ ഭരണത്തിനും തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും ഉള്ള, വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള ആശയവിനിമയ വേദിയായ പ്രഗതി വഴിയുള്ള മുപ്പതാമത് ആശയവിനിമയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു.
പുതിയ കേന്ദ്ര ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം നടക്കുന്ന പ്രഗതിയുടെ ആദ്യയോഗവുമാണ് ഇത്.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു നടന്ന 29 പ്രഗതി യോഗങ്ങളില്‍ 12 ലക്ഷം കോടി രൂപ നിക്ഷേപം വരുന്ന 257 പദ്ധതികളാണ് അവലോകനം ചെയ്യപ്പെട്ടത്. 17 മേഖലകളിലെ 21 വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കപ്പെട്ടു.
പി.എം.ആവാസ് യോജന(അര്‍ബന്‍) സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെടുന്നതിലുള്ള പുരോഗതി ഇന്നു പ്രധാനമന്ത്രി വിലയിരുത്തി. 2022 ആകുമ്പോഴേക്കും വീടില്ലാത്ത ഒരു കുടുംബം പോലും അവശേഷിക്കില്ലെന്ന പ്രഖ്യാപനം അദ്ദേഹം ആവര്‍ത്തിച്ചു. ഈ ലക്ഷ്യം നേടാന്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കണമെന്ന് ഉദ്യോഗസ്ഥരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക സേവന വകുപ്പിനെ സംബന്ധിച്ചുള്ള പൊതു പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
ആയുഷ്മാന്‍ ഭാരത് പുരോഗമിക്കുന്നത് എങ്ങനെയെന്നത് അദ്ദേഹം വിശദമായി പരിശോധിച്ചു. പദ്ധതിയില്‍ ഇതുവരെ 16000 ആശുപത്രികള്‍ ചേര്‍ന്നിട്ടുണ്ടെന്നും 35 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആശുപത്രികളില്‍ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മുമ്പാകെ വിശദീകരിക്കപ്പെട്ടു. പദ്ധതി മെച്ചപ്പെടുത്താന്‍ സാധിക്കുന്ന സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പുരോഗതി കാംക്ഷിക്കുന്ന ജില്ലകളില്‍ പദ്ധതി വഴി ലഭിക്കുന്ന നേട്ടങ്ങളെന്തൊക്കെ എന്നു പഠനവിധേയമാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പദ്ധതി ദുരുപയോഗം ചെയ്തു തട്ടിപ്പു നടത്താനുള്ള പഴുതടയ്ക്കാന്‍ എന്തു നടപടികളാണു കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സുഗമ്യ ഭാരത് അഭിയാന്റെ പുരോഗതി വിലയിരുത്തവേ, പൊതുസ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു ദിവ്യാംഗരില്‍നിന്നു പ്രതികരണം ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു നിര്‍ദേശിച്ചു. ദിവ്യാംഗരുടെ സഞ്ചാര ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനു പൊതുജന പങ്കാളിത്തം കൂടുതല്‍ ആവശ്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ജലശക്തിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, ജലസംരക്ഷണത്തിനായി പരമാവധി ശ്രദ്ധയര്‍പ്പിക്കണമെന്നു സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചു. ഈ മണ്‍സൂണ്‍ കാലത്ത് ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത കാട്ടണമെന്നും അഭ്യര്‍ഥിച്ചു.
റെയില്‍വേ, റോഡ് മേഖലകളിലെ എട്ടു പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ ഉണ്ടായിട്ടുള്ള പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പദ്ധതികളാണു വിലയിരുത്തപ്പെട്ടത്.