സദ്ഭരണത്തിനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമുള്ള, വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ബഹു മാതൃകാ പ്ലാറ്റ്‌ഫോമായ പ്രഗതിയുടെ ഇരുപത്തിനാലാമത് യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.
പ്രഗതിയുടെ കഴിഞ്ഞ 23 യോഗങ്ങളില്‍ മൊത്തം 9.46 ലക്ഷം കോടി നിക്ഷേപമുള്ള 208 പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തിരുന്നു. 17 മേഖലകളിലെ പൊതു പരാതി തീര്‍പ്പാക്കലും വിശകലനം ചെയ്തു.
ഇരുപത്തിനാലാമത് യോഗത്തില്‍ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. പ്രവൃത്തിയുടെ പുരോഗതി ഡ്രോണ്‍ ദൃശ്യങ്ങളിലൂടെ സംസ്ഥാന ഗവണ്‍മെന്റ് അവതരിപ്പിച്ചു.
ഡല്‍ഹി പോലീസുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെയും അവ തീര്‍പ്പാക്കുന്നതിലെയും പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. പരാതികള്‍ തീര്‍പ്പാക്കുന്നതിലെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഖഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി റെയില്‍വേ, റോഡ്, ഊര്‍ജ്ജം, പെട്രോളിയം എന്നീ മേഖലകളില്‍ നടപ്പിലാക്കുന്ന 10 അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മൊത്തം 40,000 കോടി രൂപയുടെ പദ്ധതികളാണിവ.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന എന്നിവയുടെ നടത്തിപ്പും പ്രധാനമന്ത്രി അവലോകനം ചെയ്തു.