പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
ആദായനികുതിയുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഇക്കാര്യത്തില്‍ എത്രത്തോളം മുന്നേറാന്‍ സാധിച്ചുവെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പരമാവധി സംവിധാനം സാങ്കേതികവിദ്യയാല്‍ പ്രവര്‍ത്തിക്കുന്നതാക്കണമെന്നും ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വേണ്ടിവരുന്നതു പരമാവധി കുറച്ചുകൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി നിരീക്ഷിച്ച പ്രധാനമന്ത്രി, ജനങ്ങളുടെ സൗകര്യാര്‍ഥം ആദായനികുതി വകുപ്പു നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ നികുതിദായകരെ യഥാവിധി അറിയിക്കണമെന്ന നിര്‍ദേശം നല്‍കി.
ഇതുവരെ നടന്ന 27 പ്രഗതി യോഗങ്ങളില്‍ ആകെ 11.5 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപമുള്ള പദ്ധതികള്‍ അവലോകനം ചെയ്യപ്പെട്ടു. പല മേഖലകളില്‍ പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യപ്പെടുന്നതെങ്ങനെ എന്നു വിലയിരുത്തപ്പെടുകയും ചെയ്തു.
റെയില്‍വേ, റോഡ്, പെട്രോളിയം മേഖലകളിലെ ഒന്‍പതു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിര്‍മാണപുരോഗതി ഇന്നു നടന്ന 28ാമതു യോഗത്തില്‍ പരിശോധിച്ചു. ആന്ധ്രാപ്രദേശ്, ആസാം, ഗുജറാത്ത്, ഡെല്‍ഹി, ഹരിയാന, തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.
ആയുഷ്മാന്‍ ഭാരതിനു കീഴിലുള്ള പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന നടത്തിപ്പിലെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. പ്രധാനമന്ത്രി ജന്‍ ഔഷധി പരിയോജന പദ്ധതി പ്രവര്‍ത്തനവും അദ്ദേഹം പരിശോധിച്ചു.