പ്രതികരണാത്മകമായ ഭരണത്തിനും സമയമബന്ധിതമായി പദ്ധതി നടപ്പാക്കലിനും ഉള്ള വിവരസാങ്കേതികവിദ്യാ അധിഷ്ഠിത വിവിധതല വേദിയായ പ്രഗതിയിലിയൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 17-ാമത് ആശയവിനിമയം നടത്തി.
ടെലികോം മേഖലയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കൈകാര്യം ചെയ്യുന്നതും പരിഹരിക്കുന്നതും സംബന്ധിച്ച പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. സേവനത്തിലെ മേന്മക്കുറവ്, കണക്ടിവിറ്റി തടസ്സങ്ങള്‍, ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ പ്രവര്‍ത്തിക്കാതിരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പരാതികളേറെയും. ഇക്കാര്യത്തില്‍ ഇതുവരെ കൈക്കൊണ്ട നടപടികള്‍ ടെലികോം വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. സ്ഥിതിയില്‍ മാറ്റം വരുത്താനായി എല്ലാ തലങ്ങളിലുമുള്ളവരെ ഉത്തരവാദിത്തപ്പെടുത്തുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും പ്രാധാന്യം കല്‍പിക്കണമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2015 ഏപ്രിലില്‍ നടത്തിയ വിലയിരുത്തല്‍ ഓര്‍മിപ്പിച്ച അദ്ദേഹം, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലഭ്യമായതും നിലവിലുള്ളതുമായ സാങ്കേതിക പരിഹാരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിര്‍ദേശിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തവേ, 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകള്‍ നയങ്ങളും സമയബന്ധിതമായ കര്‍മപദ്ധതികളും പദ്ധതി പുരോഗമിക്കുന്നതു നിരീക്ഷണവിധേയമാക്കാനുള്ള സംവിധാനവുമായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരോടും ചീഫ് സെക്രട്ടറിമാരോടും ആഹ്വാനം ചെയ്തു. കച്ചവടം ചെയ്യുന്നത് എളുപ്പമാക്കുന്നതു സംബന്ധിച്ച ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ചു പരാമര്‍ശിക്കവേ, പ്രസ്തുത റിപ്പോര്‍ട്ടിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം പദ്ധതിനടത്തിപ്പിലെ പുരോഗതി നിരീക്ഷിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രതിവാരം അവലോകനം ചെയ്യണമെന്നും നിര്‍ദേശിച്ചു.
തെലങ്കാന, ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഹരിയാന, ബിഹാര്‍, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ റെയില്‍വേ, റോഡ്, തുറമുഖം, ഊര്‍ജം, പ്രകൃതിവാതക മേഖലകളിലെ പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ എന്നിവയുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. നിര്‍മാണച്ചെലവ് വര്‍ധിക്കാതിരിക്കാനും ജനങ്ങള്‍ക്കു യഥാസമയം പദ്ധതികളുടെ നേട്ടം ലഭ്യമാക്കാനുമായി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ അനിവാര്യത അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ബര്‍ണിഹട്ട്-ഷില്ലോങ് റെയില്‍വേ ലൈന്‍, ജോഗ്ബാനി-ബിരാത്‌നഗര്‍ (നേപ്പാള്‍) റെയില്‍പ്പാത, സൂറത്ത്-ദഹിസാര്‍ ഹൈവേ, ഗുഡ്ഗാവ്-ജയ്പൂര്‍ ഹൈവേ, ചെന്നൈ, എന്നോര്‍ തുറമുഖങ്ങള്‍ ബന്ധപ്പെടുത്താനുള്ള പദ്ധതി, കൊച്ചി തുറമുഖ ഡ്രൈഡോക്ക് നിര്‍മാണം, കിഴക്കന്‍ തീരം മുതല്‍ പടിഞ്ഞാറന്‍ തീരം വരെയുള്ള മല്ലാവരം-ഭോപ്പാല്‍-ഭില്‍വാര-വിജയ്പൂര്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ എന്നീ പദ്ധതികള്‍ ഇന്നു വിലയിരുത്തപ്പെട്ടവയില്‍ പെടും.