യഥാക്രമം പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും ക്ഷണപ്രകാരം 2019 ജൂണ്‍ എട്ട്, ഒന്‍പത് തീയതികളില്‍ ഞാന്‍ മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കുകയാണ്. വീണ്ടും അധികാരമേറ്റ ശേഷം ഞാന്‍ നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നമുക്കു പ്രസിഡന്റ് സോലിഹിനെ സ്വീകരിക്കാനുള്ള അവസരം ലഭിച്ചു. 2018 നവംബറില്‍ പ്രസിഡന്റ് സോലിഹ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ സംബന്ധിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിരുന്നു.
സമുദ്രാതിര്‍ത്തിയിലെ അയല്‍ക്കാരെന്ന നിലയിലും ദീര്‍ഘകാലത്തെ സുഹൃത്തുക്കളെന്ന നിലയിലും നാം ഇരു രാഷ്ട്രങ്ങളും പരസ്പരം കല്‍പിക്കുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് എന്റെ മാലിദ്വീപ് സന്ദര്‍ശനം.
ചരിത്രത്തിന്റെ സംസ്‌കാരത്തിന്റെയും ആഴമേറിയ അടുപ്പം പങ്കുവെക്കുന്ന വിലപ്പെട്ട പങ്കാളിയെന്ന നിലയ്ക്കാണു നാം മാലിദ്വീപിനെ കാണുന്നത്. മാലിദ്വീപുമായുള്ള നമ്മുടെ ഉഭയകക്ഷിബന്ധം അടുത്തിടെ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ബഹുമുഖമായ നമ്മുടെ പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടാന്‍ എന്റെ സന്ദര്‍ശനം സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നു.
2019 ഏപ്രില്‍ 21ന് ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ഗവണ്‍മെന്റിനും ജനതയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്റെ ശ്രീലങ്ക സന്ദര്‍ശനം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശ്രീലങ്കയുമായുള്ള നമ്മുടെ ഉഭയകക്ഷിബന്ധം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പുതിയ ഗവണ്‍മെന്റ് അധികാരമേല്‍ക്കുന്ന ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ എത്തിയ പ്രസിഡന്റ് സിരിസേനയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതു സന്തോഷകരമായ കാര്യമാണ്. ശ്രീലങ്ക സന്ദര്‍ശിക്കുന്ന വേളയില്‍ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്.
ആദ്യം അയല്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന നമ്മുടെ നയമനുസരിച്ച്, മാലിദ്വീപുമായും ശ്രീലങ്കയുമായും ഉള്ള ബന്ധം മെച്ചപ്പെടുത്താനും മേഖലയിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്ന വീക്ഷണം സാധ്യമാക്കാനും സന്ദര്‍ശനം ഉപയോഗപ്പെടുമെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ട്.