'ഷാങ്ഹായി സഹകരണ സംഘടന (എസ്.സി.ഒ) യിലെ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഞാന്‍ 2019 ജൂണ്‍ 13,14 തീയതികളില്‍ കിര്‍ഗിസ് റിപ്പബ്ലിക്കിലെ ബിഷ്‌കെക്ക് സന്ദര്‍ശിക്കുകയാണ്.
മേഖലയിലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മില്‍ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, ബഹുതല സഹകരണം പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഒ പ്രത്യേക പ്രാധാന്യം നല്‍കുന്നു.
രണ്ട് വര്‍ഷം മുമ്പ് സംഘടനയില്‍ പൂര്‍ണ്ണ അംഗത്വം ലഭിച്ചതുമുതല്‍ എസ്.സി.ഒ യുടെ വിവിധ ചര്‍ച്ചാ സംവിധാനങ്ങളില്‍ ഇന്ത്യ സജീവമായി പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ അധ്യക്ഷപദത്തിന് നാം പൂര്‍ണ്ണ സഹകരണം നല്‍കിയിരുന്നു.
ആഗോള സുരക്ഷാ സ്ഥിതിഗതികള്‍, ബഹുതല സാമ്പത്തിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റം, രാജ്യാന്തര തലത്തിലും മേഖലാ തലത്തിലും പ്രധാന്യമുള്ള മറ്റ് വിഷയങ്ങള്‍ തുടങ്ങിയവ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഉച്ചകോടിക്കിടെ നിരവധി നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താനും ഞാന്‍ ഉദ്ദേശിക്കുന്നു.
എസ്.സി.ഒ ഉച്ചകോടിയുടെ സമാപനത്തിന് ശേഷം കിര്‍ഗിസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം വെള്ളിയാഴ്ച (2019 ജൂണ്‍ 14) ഞാന്‍ കിര്‍ഗിസില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
ചരിത്രപരവും സാംസ്‌കാരികവുമായ കണ്ണികളാല്‍ ബന്ധിക്കപ്പെട്ട ഇന്ത്യയും കിര്‍ഗിസ് റിപ്പബ്ലിക്കും പരമ്പരാഗതമായി തന്നെ ഊഷ്മളമായ സൗഹൃദബന്ധങ്ങള്‍ പങ്കിടുന്നു. അടുത്ത കാലത്തായി രാജ്യരക്ഷ, സുരക്ഷ, വ്യാപാരം, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിലെ ഉഭയകക്ഷി ഇടപാടുകളിലേക്ക് നമ്മുടെ ബന്ധം വികസിച്ച് കഴിഞ്ഞു.
ഉഭയകക്ഷി സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് പുറമെ ഇന്ത്യാ – കിര്‍ഗിസ് ബിസിനസ് ഫോറത്തിന്റെ പ്രഥമ യോഗത്തെ പ്രസിഡന്റ് ജീന്‍ബെക്കോവും ഞാനും സംയുക്തമായി അഭിസംബോധന ചെയ്യുന്നു.
എന്റെ കിര്‍ഗിസ് സന്ദര്‍ശനം ഷാങ്ഹായി സഹകരണ സംഘടനയിലെ അംഗരാഷ്ട്രങ്ങളുമായും കിര്‍ഗിസ് റിപ്പബ്ലിക്കുമായുള്ള നമ്മുടെ സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉറപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു''.