ഫ്രാന്‍സ്, യുഎഇ, ബഹറൈന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ പ്രസ്താവന :
" ഫാന്‍സ്, യുഎഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ ഞാന്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെ സ്ന്ദര്‍ശിക്കും.
നമ്മുടെ രണ്ട് രാജ്യങ്ങളും അഗാധമായി വിലമതിക്കുകയും പങ്കിടുകയും ചെയ്യുന്ന കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തം പ്രതിഫലിക്കുന്നതാണ് ഫ്രാന്‍സിലേക്കുള്ള എന്റെ സന്ദര്‍ശനം. ഓഗസ്റ്റ് 22, 23 തീയ്യതികളില്‍ പ്രസിഡന്റ് മക്രോണുമൊത്തുള്ള ഉച്ചകോടിയും, പ്രധാനമന്ത്രി ഫിലിപ്പെയുമൊത്തുള്ള ചര്‍ച്ചയുമുള്‍പ്പെടെ ഞാന്‍ ഫ്രാന്‍സില്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുക്കും. അവിടത്തെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തുന്നതിനു പുറമെ 1950ലും, 1960ലും ഫ്രാന്‍സിലുണ്ടായ എയര്‍ ഇന്ത്യാ വിമാന ദുരന്തത്തില്‍ മരണമടഞ്ഞ ഇന്ത്യാക്കാര്‍ക്കുള്ള ഒരു സ്മാരകത്തിന്റെ സമര്‍പ്പണവും ഞാന്‍ നിര്‍വ്വഹിക്കും.
പിന്നീട് ഓഗസ്റ്റ് 25, 26 തീയ്യതികളില്‍ ബിയാറിറ്റ്‌സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പരിസ്ഥിതി, കാലാവസ്ഥാ, സമുദ്രങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് മക്രോണിന്റെ ക്ഷണപ്രകാരം ഞാന്‍ സംബന്ധിക്കും. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും, ലോകത്തിന്റെ തന്നെയും, സമാധാനവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള സഹകരണം കൂടുതല്‍ ബലപ്പെടുത്തുന്ന മികച്ച ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യക്കും ഫ്രാന്‍സിനും ഇടയിലുള്ളത്. ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം മുതലായ സുപ്രധാന ആഗോള ആശങ്കകള്‍ സംബന്ധിച്ച പൊതുവായ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് നമ്മുടെ കരുത്തുറ്റതും തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം. എന്റെ സന്ദര്‍ശനം പരസ്പര അഭിവൃദ്ധിക്കും, സമാധാനത്തിനും, പുരോഗതിയ്ക്കും ഫ്രാന്‍സുമായുള്ള ദീര്‍ഘനാളത്തെ വിലമതിക്കപ്പെട്ട സൗഹൃദം കൂടുതല്‍ പരിപോഷിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ഓഗസ്റ്റ് 23, 24 തീയ്യതികളില്‍ ഐക്യ അറബ് എമിറേറ്റ്‌സിലെ സന്ദര്‍ശനത്തില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനുമൊത്ത് ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, ഇരുകൂട്ടര്‍ക്കും താല്‍പര്യമുള്ള മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്.
മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷികം അനുസ്മരിക്കുന്നതിനുള്ള സ്റ്റാമ്പ് കിരീടാവകാശിയുമൊത്ത് സംയുക്തമായി പ്രകാശനം ചെയ്യുന്നതിനും ഞാന്‍ ഉറ്റുനോക്കുകയാണ്. സന്ദര്‍ശനവേളയില്‍, യുഎഇ ഗവണ്‍മെന്റിന്റെ പരമോന്നത സിവില്‍ ബഹുമതിയായ ' ഓര്‍ഡര്‍ ഓഫ് സയേദ്' സ്വീകരിക്കുക എന്നത് ഒരു ബഹുമതിയാണ്. വിദേശങ്ങളില്‍ പണരഹിത ഇടപാട് ശൃംഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റൂപേ കാര്‍ഡും ഞാന്‍ ഔദ്യോഗികമായി പുറത്തിറക്കും.
ഇന്ത്യയ്ക്കും യു.എ.ഇയ്ക്കുമിടയിലുള്ള നിരന്തരമായ ഉന്നതല ആശയവിനിമയങ്ങള്‍ നമ്മുടെ ഊര്‍ജ്ജസ്വലമായ ബന്ധങ്ങളുടെ സാക്ഷ്യപ്പെടുത്തലാണ്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. അവിടെനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഈ ബന്ധങ്ങളുടെ ഗുണപരമായ വളര്‍ച്ച നമ്മുടെ വിദേശ നയത്തിന്റെ നേട്ടങ്ങളില്‍ മുന്‍പന്തിയിലാണ്. യു.എ.ഇയുമായുള്ള നമ്മുടെ ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങള്‍ സന്ദര്‍ശനം വഴി കൂടുതല്‍ ശക്തിപ്പെടും.
ഓഗസ്റ്റ് 24, 25 തീയ്യതികളില്‍ ഞാന്‍ ബഹറൈനും സന്ദര്‍ശിക്കും. ഇന്ത്യയില്‍ നിന്ന് ആ രാജ്യത്തേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രിതല സന്ദര്‍ശനമായിരിക്കുമത്. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളും, പരസ്പര താല്‍പര്യമുള്ള മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമൊത്തുള്ള ചര്‍ച്ചയ്ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്. ബഹറൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, മറ്റു നേതാക്കള്‍ എന്നിവരുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും.
ഇന്ത്യന്‍ സമൂഹവുമൊത്ത് ഇടപഴകാനും ഞാന്‍ സമയം കണ്ടെത്തും. ജന്മാഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ സന്നിഹിതനാകാനും എനിക്ക് ദൈവാനുഗ്രഹമുണ്ട്. വിവിധ മേഖലകളിലെ നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് എനിക്കുറപ്പുണ്ട്. "