ദ്വീപുകളുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് അവലോകനം ചെയ്തു.
2017 ജൂണ്‍ 1ന് കേന്ദ്ര ഗവണ്‍മെന്റ് ഒരു ദ്വീപ് വികസന ഏജന്‍സിക്ക് രൂപം നല്‍കിയിരുന്നു. സമഗ്രവികസനത്തിനായി 26 ദ്വീപുകളെ പട്ടികയിലുള്‍പ്പെടുത്തിയിരുന്നു.
പ്രധാനപ്പെട്ട പശ്ചാത്തല വികസന പദ്ധതികള്‍, ഡിജിറ്റല്‍ കണക്ടിവിറ്റി, ഹരിതോര്‍ജ്ജം, ഉപ്പ് വേര്‍തിരിക്കല്‍ പ്ലാന്റുകള്‍, മാലിന്യപരിപാലനം, മത്സ്യബന്ധന പ്രോത്സാഹനം, വിനോദസഞ്ചാരാധിഷ്ഠിത പദ്ധതികള്‍ എന്നിവയുള്‍പ്പെടെ സമഗ്ര വികസനത്തിന്റെ ഘടകങ്ങള്‍ സംബന്ധിച്ച് നിതി ആയോഗ് യോഗത്തില്‍ അവതരണം നടത്തി.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് വിനോദസഞ്ചാരത്തിനായി കണ്ടെത്തിയിട്ടുള്ള മേഖലകളില്‍ വിേനാദസഞ്ചാരകേന്ദ്രീകൃതമായ ഒരു പരിസ്ഥിതി വികസിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സൗരോര്‍ജ്ജത്തില്‍ അധിഷ്ഠിതമായി ഊര്‍ജ്ജ സ്വയം പര്യാപ്തയിലേക്ക് അതിവേഗം കുതിക്കുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ക്ക് അനിവാര്യമായ നിയന്ത്രിത മേഖല പെര്‍മിറ്റ് വിതരണംചെയ്യുന്നതിനുള്ള ആഭ്യന്തരവകുപ്പിന്റെ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഈ ദ്വീപുകളെ തെക്കു കിഴക്കന്‍ ഏഷ്യയുമായി കൂടുതല്‍ ബന്ധപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്തു.
ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യവേ ചൂര മത്സ്യ ബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും ”ലക്ഷദ്വീപ് ചൂര” ഒരു ബ്രാന്‍ഡായി വികസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി. ശുചിത്വത്തിന് ലക്ഷദ്വീപ് സ്വീകരിച്ച മുന്‍കൈകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ അടിസ്ഥാനസൗകര്യ വികസനവും യോഗം ചര്‍ച്ചചെയ്തു.
കാര്‍ഷികമേഖലയ്ക്ക് ഏറെ സഹായകരമാകാവുന്ന കടല്‍പ്പായല്‍ കൃഷിയും അതുപോലുള്ള മറ്റു മുന്‍കൈകളുടെയും സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നിതി ആയോഗ് സി.ഇ.ഒ, കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.