ഊര്‍ജ്ജം, പുനരുല്‍പ്പാദന ഊര്‍ജ്ജം, പെട്രോളിയവും പ്രകൃതി വാതകവും, കല്‍ക്കരി, ഖനനം എന്നീ സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. രണ്ടു മണിക്കൂറിലേറെ നീണ്ട യോഗത്തില്‍ അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങള്‍, നിതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ത്യയുടെ സ്ഥാപിത ഊര്‍ജ്ജോല്‍പ്പാദന ശേഷി 344 ജിഗാ വാട്ടായി വര്‍ദ്ധിച്ചതായി നിതി ആയോഗ് സി.ഇ.ഒ ശ്രീ. അമിതാഭ് കാന്ത് യോഗത്തില്‍ അറിയിച്ചു. 2014 ല്‍ നാലു ശതമാനത്തിലധികമായിരുന്ന ഇന്ത്യയുടെ ഊര്‍ജ്ജ കമ്മി 2018 ല്‍ ഒരു ശതമാനത്തിലും താഴെയെത്തി. പ്രസരണ ലൈനുകള്‍, ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി, അന്തര്‍ മേഖല പ്രസരണം എന്നിവയില്‍ ഗണ്യമായി ശേഷി വര്‍ദ്ധനയുണ്ടായി.
ലോകബാങ്കിന്റെ വൈദ്യുതി അനായാസ ലഭ്യതാ സൂചികയില്‍ (ഈസ് ഓഫ് ഗെറ്റിംഗ് ഇലക്ട്രിസിറ്റി ഇന്‍ഡക്‌സില്‍) നിലവില്‍ ഇന്ത്യയുടെ സ്ഥാനം 26 ആണ്. 2014 ല്‍ ഇത് 99 ആയിരുന്നു. സൗഭാഗ്യ പദ്ധതിക്കു കീഴില്‍ വീടുകളുടെ വൈദ്യുതീകരണത്തിന്റെ പുരോഗതി യോഗം വിലയിരുത്തി.
നഗര, ഗ്രാമീണ മേഖലകളില്‍ അവസാനത്തെ ആള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം യോഗം എടുത്തു പറഞ്ഞു.
നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലകളില്‍ ഊര്‍ജ്ജോല്‍പ്പാദന ശേഷി 2013-14 ല്‍ 35.5 ജിഗാ വാട്ട് ആയിരുന്നത് ഏകദേശം രണ്ടു മടങ്ങോളം വര്‍ദ്ധിച്ച് 2017-18 ല്‍ 70 ജിഗാ വാട്ടായി. 2022 ഓടെ പുനരുല്‍പ്പാദന മേഖലയില്‍ 175 ജിഗാവാട്ട് ശേഷി എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സുഗമമായി കൈവരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശ്വാസം പ്രകടിപ്പിച്ചു.
സൗരോര്‍ജ്ജ ശേഷിയിലുണ്ടായ വര്‍ദ്ധന സൗരോര്‍ജ്ജ പമ്പുകള്‍, ഉപഭോക്തൃ സൗഹൃദ സോളാര്‍ കുക്കിംഗ് സൊലൂഷനുകള്‍ എന്നീ അനുയോജ്യ ഇടപെടലുകള്‍ വഴി കര്‍ഷകരിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
പെട്രോളിയം പ്രകൃതി വാതക മേഖലയില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലെ ലക്ഷ്യം ഈ സാമ്പത്തിക വര്‍ഷം തന്നെ കൈവരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. കല്‍ക്കരി മേഖലയില്‍ ഉല്‍പ്പാദന ശേഷി ഇനിയും വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിച്ചത്.