റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഡിജിറ്റല്‍, കല്‍ക്കരി എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. നാലര മണിക്കൂറോളം നീണ്ടു നിന്ന അവലോകന യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
നിരവധി രംഗങ്ങളിലും അടിസ്ഥാന സൗകര്യ മേഖലകളിലും സവിശേഷമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് നിതി ആയോഗ് സി.ഇ.ഒ. നടത്തിയ അവതരണത്തില്‍ ചൂണ്ടിക്കാട്ടി. റോഡ്, റെയില്‍വേ മേഖലകളുടെ പുരോഗതി സംബന്ധിച്ച് പൊതുവായി അവലോകനം നടത്തവെ നിലവിലുള്ള പദ്ധതികള്‍ക്ക് ഏകീകൃത സമീപനം കൈക്കൊള്ളാനും, നിശ്ചിത സമയപരിധിക്കുള്ളിള്‍ അവയുടെ പൂര്‍ത്തീകരണം കര്‍ശനമായി ഉറപ്പാക്കുന്നതിന് വേണ്ടി യത്‌നിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് കീഴില്‍ പ്രതിദിനം ശരാശരി 130 കിലോ മീറ്റര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് ഗ്രാമീണ റോഡ് നിര്‍മ്മാണത്തില്‍ കൈവരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 2016-17 ല്‍ പ്രധാമന്ത്രി ഗ്രാമീണ റോഡ് പദ്ധതിക്ക് കീഴില്‍ 47,400 കിലോ മീറ്റര്‍ റോഡുകള്‍ അധികമായി നിര്‍മ്മിച്ചു. ഇതേ കാലയളവില്‍ 11,641 വാസസ്ഥലങ്ങളെ കൂടി റോഡുകളുമായി ബന്ധിപ്പിച്ചു.
2017 സാമ്പത്തിക വര്‍ഷത്തില്‍ ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് നാലായിരത്തിലധികം കിലോ മീറ്ററിലധികം ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു. പാരമ്പര്യേതര വസ്തുക്കളായ പ്ലാസ്റ്റിക് മാലിന്യം, കോള്‍ഡ് മിക്‌സ്, ഭൂവസ്ത്രം, ഫ്‌ളൈ ആഷ്, ഇരുമ്പുരുക്ക് ലോഹ മാലിന്യം എന്നിവ വന്‍ തോതില്‍ റോഡ് നിര്‍മ്മാണത്തിനായി ഉപയോഗപ്പെടുത്തി വരുന്നു .
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിലും ഗുണനിലവാരത്തിലും കാര്യക്ഷമതയും കര്‍ശനമായ നിരീക്ഷണവും ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകള്‍ക്ക് പുറമെ ബഹിരാകാശ സാങ്കേതികവിദ്യ കൂടി വിനിയോഗിച്ചുകൊണ്ട് ‘മേരി സടക്ക്’ ആപ്പ് പോലുള്ളവ ഇതിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്ത ജനവാസ കേന്ദ്രങ്ങളെ എത്രയും വേഗം ബന്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
റോഡ് നിര്‍മ്മാണത്തിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യ സൃഷ്ടിയില്‍ ആഗോള നിലവാരത്തിലുള്ള സാങ്കേതികവിദ്യ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കാന്‍ അദ്ദേഹം നിതി ആയോഗിനോട് ആവശ്യപ്പെട്ടു.
ഹൈവേ രംഗത്ത് 26,000 ലധികം കിലോ മീറ്റര്‍ നാലുവരിയോ ആറുവരിയോ ആയ ദേശീയ പാതകള്‍ 2017 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മ്മിച്ച് കഴിഞ്ഞു. ഇതിന്റെ ഗതിവേഗം മെച്ചപ്പെട്ട് വരികയാണ്.
റെയില്‍വേ രംഗത്ത് 2015-16 ല്‍ 953 കിലോ മീറ്റര്‍ പുതിയ പാതകള്‍ സ്ഥാപിച്ചു. 400 കിലോ മീറ്റര്‍ ലക്ഷ്യമിട്ടിരുന്നടത്താണിത്. 2000 കിലോ മീറ്ററിലധികം റെയില്‍പാത വൈദ്യുതീകരണവും 1000 കിലോ മീറ്ററിലേറെ ഗേജ് മാറ്റവും ഈ കാലയളവില്‍ കൈവരിച്ചു. 2016-17 ല്‍ 1500 ലധികം ആളില്ലാ ലെവല്‍ ക്രോസുകള്‍ നിര്‍ത്തലാക്കി. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 115 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തി. 34,000 ബയോ ടോയ്‌ലറ്റുകള്‍ കൂടി നിര്‍മ്മിച്ചു. റെയില്‍വെ സ്റ്റേഷനുകളുടെ നവീകരണം, യാത്രാകൂലി വര്‍ദ്ധനയില്ലാതെയുള്ള വരുമാനം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
റോഡ്, റെയില്‍വേ മേഖലകളിലെ പ്രധാന പദ്ധതികളായ ഈസ്റ്റേണ്‍ പെരിഫെറല്‍ എക്‌സ്പ്രസ്സ്‌വേ, ചാര്‍ ധാം പദ്ധതി, ക്വാസിഗുണ്ട്- ബനിഹാല്‍ തുരങ്കം, ചെനാബ് റെയില്‍വേ പാലം, ജിറിബം- ഇംഫാല്‍ പദ്ധതി തുടങ്ങിയവയെ കുറിച്ചും അവലോകനം നടന്നു. വ്യോമയാന മേഖലയില്‍ 31 അണ്‍ റിസര്‍വ്വ്ഡ് ലക്ഷ്യസ്ഥാനങ്ങളുള്‍പ്പെടെ 43 സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പ്രാദേശിക കണക്ടിവിറ്റി പദ്ധതി അവലോകനം ചെയ്തു. വ്യോമയാന മേഖലയിലെ യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 282 ദശലക്ഷമെത്തി.
തുറമുഖ മേഖലയില്‍ സാഗര്‍മാല പദ്ധതിക്ക് കീഴില്‍ 8 ലക്ഷം കോടി രൂപ നിക്ഷേപത്തോടെയുള്ള 415 പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ട്. 1.37 ലക്ഷം കോടി രൂപയ്ക്കുള്ള പദ്ധതികളുടെ നിര്‍മ്മാണം ഏറ്റെടുത്ത് കഴിഞ്ഞു. കപ്പലുകള്‍ വഴിയുള്ള ചരക്കുകളുടെ കയറ്റിറക്കും ക്ലിയറന്‍സും കൂടുതല്‍ വേഗത്തിലും കാര്യക്ഷമതയോടും കൂടി നടത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 2016-17 ല്‍ പ്രധാന തുറമുഖങ്ങളില്‍ 100.4 ദശലക്ഷം ടണ്ണിന്റെ ഏറ്റവും വലിയ പ്രതിവര്‍ഷ ശേഷി വര്‍ദ്ധന രേഖപ്പെടുത്തി. ആകെയുള്ള 193 ലൈറ്റ് ഹൗസുകളും ഇപ്പോള്‍ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പ്രധാന തുറമുഖങ്ങളിലെയും ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ത്തിയായി
.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ മേഖലയില്‍ 2016-17 ല്‍ ഇടതുപക്ഷ തീവ്രവാദ പ്രശ്‌നങ്ങളുള്ള ജില്ലകളില്‍ 2187 മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചു. ദേശീയ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പുരോഗതിയും അവലോകനം ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ഗ്രാമപഞ്ചായത്തുകളെ ഡിജിറ്റല്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്നതോടൊപ്പം, ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, അവരെ കൂടുതല്‍ ശാക്തീകരിക്കുന്നതിനും ഉചിതമായ ഭരണ നിര്‍വ്വഹണ നടപടികള്‍ കൂടി കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു.
കല്‍ക്കരി മേഖലയില്‍ കൈക്കൊണ്ട യുക്തിസഹമായ നടപടികള്‍ വഴി 2016-17 ല്‍ 2500 കോടിയിലധികം രൂപയുടെ വാര്‍ഷിക മിച്ചം ഉണ്ടാക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കല്‍ക്കരിയുടെ ഇറക്കുമതിയിലുണ്ടായ കുറവ് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇറക്കുമതി പരമാവധി ഒഴിവാക്കുന്നതിലേയ്ക്ക് യത്‌നിക്കാനും ഗ്യാസിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള ന്യൂതന കല്‍ക്കരി സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താനും ആവശ്യപ്പെട്ടു.
Held an extensive meeting to review progress in key infra sectors including roads, railways, airports, ports, digital & coal.
— Narendra Modi (@narendramodi) April 26, 2017
Progress in road construction, particularly in rural areas is gladdening. Progress in highways sector is also showing great improvement.
— Narendra Modi (@narendramodi) April 26, 2017
In railways, we are exceeding targets in laying of new rail lines. Over 1500 unmanned level crossings have also been eliminated in 2016-17.
— Narendra Modi (@narendramodi) April 26, 2017
Aviation sector is buzzing with enthusiasm. We discussed how Regional Connectivity Scheme is going to positively impact travellers.
— Narendra Modi (@narendramodi) April 26, 2017
For the ports sector, we discussed capacity building, modernisation & improving turnaround time of ships and clearance for cargo.
— Narendra Modi (@narendramodi) April 26, 2017
Our sole focus is India’s progress & prosperity of every Indian. Every moment of our time is devoted towards creating a new India.
— Narendra Modi (@narendramodi) April 26, 2017