പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചു ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേ 2017 സെപ്റ്റംബര്‍ 13, 14 തീയതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും.
സെപ്റ്റംബര്‍ 14നു ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മഹാത്മാ മന്ദിരത്തില്‍ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ആബെയും 12ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്കു നേതൃത്വം നല്‍കും. ഇരു നേതാക്കളും മാധ്യമപ്രസ്താവനകള്‍ പുറപ്പെടുവിക്കും. ഇന്ത്യ-ജപ്പാന്‍ വാണിജ്യ സമ്മേളനവും അതേ ദിവസം നടക്കും.
പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ആബെയും നേതൃത്വം നല്‍കുന്ന നാലാമത്തെ വാര്‍ഷിക ഉച്ചകോടിയാണിത്. ഇരു നേതാക്കളും തങ്ങളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ‘സവിശേഷമായ തന്ത്രപ്രാധാന്യത്തോടുകൂടിയ ആഗോള പങ്കാളിത്ത’പ്രകാരമുള്ള ബഹുമുഖ സഹകരണത്തില്‍ അടുത്തിടെ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുകയും അതിന്റെ വരുംകാല ദിശ നിശ്ചയിക്കുകയും ചെയ്യും.
സെപ്റ്റംബര്‍ 14ന്, അഹമ്മദാബാദിനും മുംബൈക്കുമിടയില്‍ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനച്ചടങ്ങില്‍ ഇരു നേതാക്കളും സംബന്ധിക്കും. ഈ പാത യാഥാര്‍ഥ്യമാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിവേഗ റെയില്‍ ശൃംഖലകള്‍ നിര്‍മിക്കുന്നതില്‍ മുന്‍നിരയിലുള്ള ജപ്പാനിലെ ഷിങ്കന്‍സെന്‍ ബുള്ളറ്റ് ട്രെയിന്‍ ലോകത്തില്‍ ഏറ്റവും വേഗമേറിയ ട്രെയിനുകളില്‍പ്പെട്ടതാണ്.
ഒരു കൂട്ടം പ്രകടനങ്ങളിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക വൈജാത്യം പ്രദര്‍ശിപ്പിക്കുകവഴി പ്രധാനമന്ത്രി ആബെക്ക് വന്‍ പൗരസ്വീകരണമാണ് അഹമ്മദാബാദില്‍ സെപ്റ്റംബര്‍ 13നു നല്‍കുക.
സബര്‍മതി നദീതീരത്തു മഹാത്മാഗാന്ധി നിര്‍മിച്ച സബര്‍മതി ആശ്രമം ഇരു പ്രധാനമന്ത്രിമാരും സന്ദര്‍ശിക്കും. അഹമ്മദാബാദില്‍ 16ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ‘സിദി സയ്യിദ് നി ജാലി’ മുസ്ലീം പള്ളിയും സന്ദര്‍ശിക്കും. മഹാത്മാ മന്ദിരത്തിലുള്ള, മഹാത്മാഗാന്ധിക്കായി സമര്‍പ്പിച്ചിരിക്കുന്ന ദണ്ഡികുടീരം സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.