ആദരണീയനായ പ്രസിഡന്റ് റമാഫോസ, ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയിരിക്കുന്ന വിശിഷ്ടാതിഥികളേ,
സുഹൃത്തുക്കളേ,
ഇന്ത്യയുടെ ഉറ്റ സുഹൃത്തായ പ്രസിഡന്റ് റമാഫോസ ഇന്നു നമുക്കൊപ്പമുണ്ട് എന്നത് നമുക്ക് ഏറ്റവും ആഹ്ലാദം നല്‍കുന്ന ഒരു കാര്യമാണ്. ഇന്ത്യ അദ്ദേഹത്തിനു പുതിയതല്ലെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണ് ഇത്. നമ്മുടെ ബന്ധങ്ങളില്‍ പ്രത്യേകമായ ഒരു കുതിപ്പ് സംഭവിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇത് മഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മ വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജന്മ ശതാബ്ദി. കഴിഞ്ഞ വര്‍ഷം നമ്മുടെ നയതന്ത്ര ബന്ധങ്ങളുടെ രജതജൂബിലി വര്‍ഷവുമായിരുന്നു. ഈ പ്രത്യേക വേളയില്‍ പ്രസിഡന്റ് റമാഫോസ ഇന്ത്യയില്‍ എത്തിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ നമുക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എന്തുകൊണ്ടെന്നാല്‍ നാളെ അദ്ദേഹം നമ്മുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം നമുക്കു തരുന്ന ഈ മുഴുവന്‍ ആദരവിലും അന്തസ്സിലും ഇന്ത്യക്ക് നന്ദിയുണ്ട്. ഈ വൈശിഷ്ട്യം ഞങ്ങള്‍ക്ക് അനുവദിച്ചുതന്നതില്‍ ഇന്ത്യ ഒന്നടങ്കം അദ്ദേഹത്തോട് നന്ദിയുള്ളവരാണ്.
സുഹൃത്തുക്കളേ,
2016ല്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോഴാണ് പ്രസിഡന്റ് റമാഫോസയെ ഞാന്‍ ആദ്യം കാണുന്നത്. അപ്പോള്‍ അദ്ദേഹം വൈസ് പ്രസിഡന്റായിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും അടുപ്പവും എനിക്ക് മനസ്സിലായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് സമ്മേളനവേളയില്‍ അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ആതിഥ്യം ഞാന്‍ അനുഭവിച്ചു. ഡല്‍ഹിയില്‍ ഇത് തണുപ്പുകാലമാണെങ്കിലും ഈ യാത്രയില്‍ ഇന്ത്യയുടെ സ്വാഗതത്തിന്റെ ഊഷ്മളത പ്രസിഡന്റ് റമാഫോസയ്ക്കും അനുഭവപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തെയും ഞാന്‍ ഊഷ്മളമായി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു.
സുഹൃത്തുക്കളേ,
ഇന്ന് പ്രസിഡന്റുമായി നടത്തിയ ആശയവിനിമയത്തില്‍ നമ്മുടെ ബന്ധങ്ങളുടെ എല്ലാ മാനങ്ങളും ഞങ്ങള്‍ വിശകലനം ചെയ്തു. നമ്മുടെ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഉഭയകക്ഷി വ്യാപാരം പത്ത് ശതലക്ഷം ഡോളറിനേക്കാള്‍ കൂടുതലാണ്. ഈ വര്‍ഷത്തെ 'വൈബ്രന്റ് ഗുജറാത്ത്' ഉച്ചകോടിയില്‍ ദക്ഷിണാഫ്രിക്ക പങ്കെടുത്തു. ദക്ഷിണാഫ്രിക്കയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റ് റമാഫോസയുടെ ശ്രമങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ സജീവ പങ്കാളികളായി. ദക്ഷിണാഫ്രിക്കയുടെ നൈപുണ്യ വികസന ശ്രമങ്ങളില്‍ നാമും പങ്കാളികളാണ്. പ്രിട്ടോറിയയില്‍ ഉടന്‍ തന്നെ ഗാന്ധി- മണ്ടേല സ്‌കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമാകും. നാം രണ്ടുകൂട്ടരും ഈ ബന്ധങ്ങളെ പുതിയ ഒരു തലത്തിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ആയതിനാല്‍, പ്രധാനപ്പെട്ട വ്യവസായികളെ ഇന്നു മുതല്‍ കുറച്ചു കാലത്തിനുള്ളില്‍ നാം രണ്ടു രാജ്യങ്ങളും സന്ധിക്കും.
സുഹൃത്തുക്കളേ,
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ലോക ഭൂപടം നോക്കിയാല്‍ വ്യക്തമാകും. നാം രണ്ടും വൈവിധ്യങ്ങള്‍ നിറഞ്ഞ ജനാധിപത്യ രാജ്യങ്ങളാണ്. മഹാത്മാ ഗാന്ധിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും പൈതൃകങ്ങളുടെ പിന്‍ഗാമികളാണ് നാം. അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങളുടെയും വിശാലമായ ആഗോള കാഴ്ചപ്പാട് പരസ്പരം നന്നേ സാദൃശ്യമുള്ളവയാണ്. ബ്രിക്‌സ്, ജി-20, ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍, ഐബിഎസ്എ എന്നിവ പോലെയുള്ള വിവിധ വേദികളിലെ നമ്മുടെ പരസ്പര സഹകരണവും ഏകോപനവും വളരെ ശക്തമാണ്. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സിലിന്റെ പരിഷ്‌കരണത്തിനു വേണ്ടി നാം ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന 'ഗാന്ധി- മണ്ടേല സ്വാതന്ത്ര്യ പ്രഭാഷണം' ആണ് പ്രസിഡന്റിന്റെ ഈ സന്ദര്‍ശന പരിപാടിയിലെ പ്രത്യേകമായ ഒരു ഭാഗം. ഞാന്‍ മാത്രമല്ല, ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒന്നടങ്കം ബഹുമാനപ്പെട്ട പ്രസിഡന്റിന്റെ ചിന്തകള്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സുഹൃത്തുക്കളേ,
റിപ്പബ്ലിക് ദിനത്തിലെ പ്രസിഡന്റ് റമാഫോസയുടെ സാന്നിധ്യവും മുഖ്യാതിഥി എന്ന നിലയിലുള്ള പങ്കാളിത്തവും പരസ്പര ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള നമ്മുടെ പങ്കുവയ്ക്കപ്പെട്ട പ്രതിബദ്ധതയുടെ പ്രതീകമാണ്. ഒരിക്കല്‍ക്കൂടി ഞാന്‍ പ്രസിഡന്റിനെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.
നിങ്ങള്‍ക്കു നന്ദി.