അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോണില്‍ സംസാരിച്ചു. കോവിഡ് -19 നെതിരായ വാക്‌സിനുകള്‍ ഇന്ത്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതിയെക്കുറിച്ച് കമലാ ഹാരിസ് പ്രധാനമന്ത്രിയെ അറിയിച്ചു.
യുഎസ് തീരുമാനത്തിനും വൈസ് പ്രസിഡന്റിനും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്, കൂടാതെ യുഎസ് ഗവണ്‍മെന്റ്, വ്യവസായികള്‍, യുഎസിലെ ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് ലഭിച്ച മറ്റെല്ലാ തരത്തിലുള്ള പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ്പ് മേഖലയടക്കം യുഎസും ഇന്ത്യയും തമ്മിലുള്ള ആരോഗ്യ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ സാധ്യതയും മഹാമാരിയുടെ ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്വാഡ് വാക്‌സിന്‍ സംരംഭവും അവര്‍ പ്രത്യേകം പരാമര്‍ശിച്ചു.
ആഗോള ആരോഗ്യസ്ഥിതി സാധാരണ നിലയിലായാല്‍ ഉടന്‍ തന്നെ കമലാ ഹാരിസിനെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.