രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയിൽ ഇന്ന് മറുപടി നൽകി. ചർച്ചയിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ നൽകിയതിനും അദ്ദേഹം ഉപരിസഭയിലെ അംഗങ്ങൾക്ക് നന്ദി പറഞ്ഞു. കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകത്ത് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതാണ് രാഷ്ട്രപതിയുടെ അഭിസംബോധനയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്ന് പ്രതീക്ഷകളുണ്ട്, നമ്മുടെ ഭൂമിയുടെ മെച്ചപ്പെടുത്തലിന് ഇന്ത്യ സംഭാവന നൽകുമെന്ന വിശ്വാസമുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, അത് പ്രചോദനത്തിന്റെ ഒരു ആഘോഷമായി മാറ്റാനും, സ്വാതന്ത്ര്യലബ്ധിയുടെ ഒരു നൂറ്റാണ്ട് പിന്നിടുന്ന 2047 ലെ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ പ്രതിജ്ഞകളിലേക്ക് സ്വയം സമർപ്പിക്കാനും ശ്രമിക്കണം.
കോവിഡ് മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്തത് ഒരു കക്ഷിയുടെയോ വ്യക്തിയുടെയോ വിജയമല്ല, മറിച്ച് അത് രാജ്യത്തിന്റെ വിജയമാണെന്നും അത് അപ്രകാരം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പോളിയോ, സ്മോൾ പോക്സ് എന്നിവ വലിയ ഭീഷണി ഉയർത്തിയിരുന്ന ദിനങ്ങൾ ഇന്ത്യ കണ്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് വാക്സിൻ ലഭിക്കുമെന്നോ എത്ര പേർക്ക് കിട്ടുമെന്നോ ആർക്കും അറിയുമായിരുന്നില്ല. അവിടുന്ന് നമ്മുടെ രാഷ്ട്രം ലോകത്തിനായി വാക്സിനുകൾ നിർമ്മിക്കുകയും ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ യജ്ഞം ഏറ്റെടുക്കുകയും ചെയ്തതുവരെ നാമിപ്പോൾ എത്തി. ഇത് നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കോവിഡ് -19 കാലഘട്ടം നമ്മുടെ ഫെഡറൽ ഘടനയ്ക്കും സഹകരണ ഫെഡറലിസത്തിന്റെ ചൈതന്യത്തിനും പുതിയ കരുത്ത് പകർന്നുവെന്ന്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള വിമർശനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യൻ ജനാധിപത്യം ഒരു പാശ്ചാത്യ സ്ഥാപനമല്ല, മറിച്ച് ഒരു മനുഷ്യ സ്ഥാപനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ദേശീയതയ്‌ക്കെതിരായ സമഗ്ര ആക്രമണത്തെക്കുറിച്ച് നാട്ടുകാരെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. നേതാജി സുഭാഷ് ചന്ദ്രബോസിനെ ഉദ്ധരിച്ച്, കൊണ്ട് ഇന്ത്യൻ ദേശീയത ഇടുങ്ങിയതോ സ്വാർത്ഥമോ ആക്രമണാത്മകമോ അല്ല, മറിച്ച് ഇത് സത്യം, ശിവം സുന്ദരം എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ കേവലം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല, ഇന്ത്യയാണ് 'ജനാധിപത്യത്തിന്റെ മാതാവ്', ഇതാണ് ഞങ്ങളുടെ ധാർമ്മികത. നമ്മുടെ രാജ്യത്തിന്റെ ഗുണവിശേഷം ജനാധിപത്യപരമാണ് ”, പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ കാലത്ത് രാജ്യങ്ങൾക്ക് വിദേശ നിക്ഷേപം നഷ്ടപ്പെടുന്നിടത്ത് ഇന്ത്യയ്ക്ക് റെക്കോർഡ് നിക്ഷേപം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. വിദേശ കറൻസി, നേരിട്ടുള്ള വിദേശ നിക്ഷേപം, ഇൻറർനെറ്റ് വ്യാപനം, ഡിജിറ്റൽ, സാമ്പത്തിക ഉൾപ്പെടുത്തൽ, ശൌചാലയങ്ങളുടെ വ്യാപനം, താങ്ങാനാവുന്ന ചെലവു വരുന്ന ഭവനനിർമ്മാണം, എൽപിജി ലഭ്യതയുടെ വർധന, സൌജന്യ വൈദ്യചികിത്സ എന്നിവയിലെ ശക്തമായ പ്രകടനം ശ്രീ മോദി എടുത്തുകാട്ടി. വെല്ലുവിളികളുണ്ടെന്നും പരിഹാരത്തിന്റെ ഭാഗമാകണോ അതോ പ്രശ്‌നമാണോ എന്ന് തീരുമാനിക്കേണ്ടത് നാമാണെന്നും ശ്രീ മോദി പറഞ്ഞു.
കർഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2014 മുതൽ ഗവൺമെന്റ് കാർഷിക മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമിട്ടതായി പ്രധാനമന്ത്രി പറഞ്ഞു. വിള ഇൻഷുറൻസ് പദ്ധതി കൂടുതൽ കർഷക സൗഹൃദമാക്കി മാറ്റി. പിഎം-കിസാൻ പദ്ധതിയും കൊണ്ടുവന്നു. ചെറുകിട കർഷകർക്കായി ഗവൺമെന്റ് പ്രവർത്തിച്ചുവരികയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. പി.എം.എഫ്.ബി.വൈ പ്രകാരം കർഷകർക്ക് 90,000 കോടി രൂപയുടെ ക്ലെയിം ലഭിച്ചു. കിസാൻ ക്രെഡിറ്റ് കാർഡ്, സോയിൽ ഹെൽത്ത് കാർഡ്, സമ്മാൻ നിധി എന്നിവയും കർഷകർക്ക് പ്രയോജനം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുമ്പോൾ, അത് കർഷകരുടെ ഉൽപ്പന്നങ്ങൾ വിദൂര സ്ഥലങ്ങളിൽ എത്തിക്കാൻ പ്രാപ്തമാക്കുന്നു. കിസാൻ റെയിൽ, കിസാൻ ഉഡാൻ തുടങ്ങിയ ശ്രമങ്ങളും നടന്നുവരുന്നു. ചെറുകിട കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയുമായോ സഹകരണ മേഖലയുമായോ ചേർന്ന് പ്രവർത്തിക്കാൻ ക്ഷീരമേഖലയ്ക്ക് സമാനമായ സ്വാതന്ത്ര്യം അവർക്ക് മാത്രം എന്തുകൊണ്ടില്ലെന്ന് പ്രധാനമന്ത്രി ചോദിച്ചു.
കാർഷിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം, ഇതിനായി പ്രവർത്തിക്കേണ്ടതുണ്ട്. കർഷകരുടെ ക്ഷേമത്തിനായി മുന്നോട്ട് പോകാൻ എല്ലാ പാർട്ടികളെയും പ്രധാനമന്ത്രി ക്ഷണിച്ചു. എംഎസ്‌പിയെക്കുറിച്ച് പ്രധാനമന്ത്രി ആവർത്തിച്ചു, “എംഎസ്‌പി ഉണ്ട്, എംഎസ്‌പി ഉണ്ടായിരുന്നു. എംഎസ്‌പി ഭാവിയിൽ നിലനിൽക്കും. പാവപ്പെട്ടവർക്ക് റേഷൻ തുടരും. ചന്തകൾ നവീകരിക്കും. കർഷകരുടെ ക്ഷേമത്തിനായി നാം രാഷ്ട്രീയ കണക്കുകൂട്ടലുകളെക്കാൾ ഉയരേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. സിഖുകാരുടെ സംഭാവനയിൽ ഇന്ത്യ വളരെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി വളരെയധികം ചെയ്ത ഒരു സമൂഹമാണിത്. ഗുരു സാഹിബുകളുടെ വാക്കുകളും അനുഗ്രഹങ്ങളും വിലപ്പെട്ടതാണ്. നഗര-ഗ്രാമീണ ഭിന്നത പരിഹരിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവശക്തിയുടെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. യുവാജനങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി സമൃദ്ധമായ ലാഭവിഹിതം നൽകുമെന്നും പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന് പെട്ടെന്ന് കൈവന്ന സ്വീകാര്യതയെ അദ്ദേഹം അഭിനന്ദിച്ചു.
സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിനും വളർച്ചയ്ക്കും എംഎസ്‌എംഇ നിർണായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് കൊറോണ കാലഘട്ടത്തിൽ ഉത്തേജക പാക്കേജുകളിൽ അവർക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചത്.
സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ് എന്ന സങ്കൽപ്പത്തെ പരാമർശിച്ച നക്സൽ ബാധിത പ്രദേശങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും സാധാരണ നില കൈവരിക്കാൻ സ്വീകരിച്ച നടപടികൾക്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അവിടെ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും ഈ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ കിഴക്കൻ പ്രദേശങ്ങൾ രാജ്യത്തിന്റെ വികസനത്തിന് വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.