മികച്ച ബജറ്റ് അവതരിപ്പിച്ചതിന് അരുണ്‍ ജെയ്റ്റ്‌ലി ജീയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് ദരിദ്രരെ ശാക്തീകരിക്കുന്നതും എല്ലാവരുടെയും പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നതുമാണ്. ഇത് അടിസ്ഥാനസൗകര്യ വികസനത്തിനു പ്രചോദനമേകുകയും സാമ്പത്തിക സംവിധാനത്തിനു കരുത്തു പകരുകയും വികസനത്തിന് ഉത്തേജനമേകുകയും ചെയ്യും. എല്ലാവരുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള വ്യവസ്ഥകള്‍ ബജറ്റിലുണ്ട്- ഹൈവേകളുടെ നിര്‍മാണം മുതല്‍ ഐ-വേകളുടെ വികസനം വരെ, ധാന്യവില മുതല്‍ ഡാറ്റാ വേഗത വരെ, റെയില്‍വേയുടെ ആധുനികവല്‍ക്കരണം മുതല്‍ ലഘുവായ സാമ്പത്തിക പ്രക്രിയകള്‍ വരെ, വിദ്യാഭ്യാസം മുതല്‍ ആരോഗ്യം വരെ, സംരംഭകര്‍ മുതല്‍ വ്യവസായം വരെ, തുണി ഉല്‍പാദകര്‍ മുതല്‍ നികുതിയിളവു വരെ. ചരിത്രപരമായ ഈ ബജറ്റിനു ധനകാര്യ മന്ത്രിയും അദ്ദേഹത്തിനൊപ്പമുള്ള സംഘവും പ്രശംസയര്‍ഹിക്കുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി ഗവണ്‍മെന്റ് നടപ്പാക്കിയ വികസനപദ്ധതികളുടെയും ഈ ദിശയിലുള്ള പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ് ബജറ്റില്‍ തെളിയുന്നത്. റെയില്‍വേ ബജറ്റും പൊതുബജറ്റും ലയിപ്പിച്ചതു വലിയ മാറ്റമാണ്. ഗതാഗതരംഗത്തു സംയോജിത ആസൂത്രണം നടപ്പാക്കുന്നതിന് ഇതു സഹായകമാകും. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു കൂടുതല്‍ സംഭാവന നല്‍കാന്‍ റെയില്‍വേക്ക് ഇതു സഹായകമാകും.
ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത് കൃഷി, ഗ്രാമവികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകള്‍ക്കാണ്. മൂലധന സമാഹരണത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗവണ്‍മെന്റിനുള്ള പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തുക കൂടി ചെയ്യുന്നു ഈ ബജറ്റ്. ഈ മേഖലകളിലെ പദ്ധതികള്‍ക്കായുള്ള വിഹിതം ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേക്കും റോഡ് ഗതാഗതത്തിനുമുള്ള ബജറ്റ് വിഹിതവും നല്ലതുപോലെ ഉയര്‍ത്തി. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണു നയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്കും ഗ്രാമങ്ങള്‍ക്കും ദരിദ്രര്‍ക്കും ദളിതര്‍ക്കും അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ടവര്‍ക്കുമാണു ബജറ്റില്‍ പരമാവധി പ്രാധാന്യം കല്‍പിച്ചിരിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മല്‍സ്യം വളര്‍ത്തല്‍, തണ്ണീര്‍ത്തടം വികസിപ്പിക്കല്‍, സ്വച്ഛ് ഭാരത് മിഷന്‍ എന്നീ മേഖലകള്‍ക്കു ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പെടുത്താനും ജീവിതനിലവാരം വളരെയധികം ഉയര്‍ത്താനും സാധിക്കും.
തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനു ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, തുണി വ്യവസായം തുടങ്ങി തൊഴിലവസരങ്ങള്‍ പ്രദാനംചെയ്യുന്ന മേഖലകള്‍ക്കു പ്രത്യേക വിഹിതം അനുവദിച്ചിട്ടുണ്ട്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെ സംഘടിത മേഖലയിലേക്കെത്തിക്കുന്നതിനു വ്യവസ്ഥയുണ്ടാക്കി. യുവാക്കളെ മുന്നില്‍ക്കണ്ട് നൈപുണ്യവികസനത്തിനുള്ള ബജറ്റ് വിഹിതം ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ ഗ്യാരണ്ടി സ്‌കീമിനാണ് ഇതുവരെയുള്ളതില്‍ വെച്ച് എറ്റവും കൂടുതല്‍ വിഹിതം അനുവദിച്ചത്. വനിതാക്ഷേമത്തിനു നമ്മുടെ ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിവരുന്നുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതവും ഉയര്‍ത്തി. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കുള്ള ബജറ്റ് വിഹിതവും ഏറെ വര്‍ധിപ്പിച്ചു.
പാര്‍പ്പിട, നിര്‍മാണ മേഖലകള്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലൂമുള്ള ഗൃഹനിര്‍മാണത്തിനു ബജറ്റ് ഊര്‍ജം പകരും.
റെയില്‍വേ ബജറ്റില്‍ റെയില്‍വേയുടെ സുരക്ഷയ്ക്കു പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി റെയില്‍വേ സുരക്ഷാ ഫണ്ടിനു രൂപം നല്‍കി. റെയില്‍വേ, റോഡ് ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതല്‍ മൂലധനം നീക്കിവെച്ചു. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച സമഗ്ര പാക്കേജ് നികുതിവെട്ടിപ്പ് ഇല്ലാതാക്കുകയും കള്ളപ്പണം പ്രചരിക്കുന്നത് ഇല്ലാതാക്കുകയും ചെയ്യും. 2017-18 ആകുമ്പോഴേക്കും 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണു ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെന്ന ദൗത്യം നാം ഏറ്റെടുത്തിരിക്കുന്നത്.
മധ്യവര്‍ഗത്തിന് ആശ്വാസകരമായ നികുതി പരിഷ്‌കാരങ്ങളും ഭേദഗതികളും ധനകാര്യമന്ത്രി നടപ്പാക്കിയതു കൂടുതല്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും വേര്‍തിരിവ് അവസാനിപ്പിക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങള്‍ക്കു പ്രോത്സാഹനം പകരുന്നതിനും സഹായകമാകും. വ്യക്തിഗത വരുമാന നികുതി കുറയ്ക്കാനുള്ള തീരുമാനം മധ്യവര്‍ഗത്തിനു ബാധകമായ ഒന്നാണെന്നതിനാല്‍ വളരെ ശ്രദ്ധേയമാണ്. നിരക്കു പത്തു ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി താഴ്ത്താന്‍ തീരുമാനിച്ചതു ധീരമായ നടപടിയുമാണ്. ഇന്ത്യയിലെ മിക്ക നികുതിദായകര്‍ക്കും ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള എന്റെ യുദ്ധം തുടരുകയാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവും. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു ഫണ്ട് നല്‍കുന്നത് എന്നും ഒരു ചര്‍ച്ചാവിഷയമാണ്. തെരഞ്ഞെടുപ്പ് ഫണ്ടിങ് സംബന്ധിച്ച ധനകാര്യമന്ത്രിയുടെ പുതിയ പദ്ധതി കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയര്‍ന്നുനില്‍ക്കുന്ന ഒന്നാണ്.
രാജ്യത്താകമാനമുള്ള ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആഗോളതലത്തില്‍ മല്‍സരിക്കുന്നതിനു തടസ്സം നേരിടുന്നുവെന്നും നികുതി കുറച്ചാല്‍ 90 ശതമാനത്തോളം ചെറുകിട വ്യവസായങ്ങള്‍ക്കു നേട്ടമാകുമെന്നും ഈ വ്യവസായങ്ങള്‍ നടത്തുന്നവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം ഭേദഗതി ചെയ്യുകയും അവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറയ്ക്കുകയും ചെയ്തു. 90 ശതമാനത്തിലേറെ ചെറുകിട വ്യവസായങ്ങള്‍ക്ക് ഇതു നേട്ടമുണ്ടാക്കുമെന്നാണു സൂചന. നമ്മുടെ ചെറുകിട വ്യവസായങ്ങളെ ആഗോളതലത്തില്‍ മല്‍സരിക്കാന്‍ ശേഷിയുള്ളതാക്കിത്തീര്‍ക്കുന്നതായിരിക്കും ഈ തീരുമാനമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ സമഗ്ര വികസനത്തിലേക്കുള്ള പ്രധാന ചുവടാണു ബജറ്റ്. അതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ആകെക്കൂടിയുള്ള സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനു സഹായകമാകുകയും ചെയ്യും. പൗരന്‍മാരുടെ ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിനായി പഠനത്തിനും ആരോഗ്യസംരക്ഷണത്തിനും പാര്‍പ്പിടനിര്‍മാണത്തിനും മികച്ച സംവിധാനങ്ങള്‍ ആവശ്യമാണ്. ധനക്കമ്മി വര്‍ധിക്കാന്‍ അനുവദിക്കാതെ മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമമാണിത്.
ഇത് ഒരര്‍ഥത്തില്‍ നമ്മുടെ രാഷ്ട്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന് ഊര്‍ജം പകരുന്നതിനായി നാം നടത്തുന്ന യത്‌നങ്ങളുടെ പ്രതിഫലനമാണ്. ബജറ്റ് നമ്മുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി ചേര്‍ന്നുകിടക്കുകയും നമ്മുടെ ഭാവിയെ വരച്ചുകാട്ടുകയും ചെയ്യുന്നു. ഇതു നമ്മുടെ പുതുതലമുറയുടെയും കര്‍ഷകരുടെയും ഭാവിയാണ്. ഭാവി എന്നര്‍ഥം വരുന്ന FUTURE എന്ന ഇംഗ്ലീഷ് വാക്ക് ഞാന്‍ ഉച്ചരിക്കുമ്പോള്‍ അതിലെ ഓരോ അക്ഷരത്തിനും ഓരോ അര്‍ഥമുണ്ടെന്നു മനസ്സിലാക്കണം. FUTUREല്‍ F കര്‍ഷകനെയും U അടിസ്ഥാന സൗകര്യമില്ലാത്തവരെയും T സുതാര്യതയെയും ഇന്ത്യയുടെ സ്വപ്‌നമായ സാങ്കേതിവിദ്യയുടെ പരിഷ്‌കാരത്തെയും U നഗര പുനരുജ്ജീവനത്തെയും R ഗ്രാമീണ വികസനത്തെയും E യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങളെയും സംരഭകത്വത്തെയുമൊക്കെ സൂചിപ്പിക്കുന്നു. ബജറ്റില്‍ FUTURE ഉള്‍പ്പെടുത്തിയതിനു ധനകാര്യമന്ത്രിയെ ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു. ഗവണ്‍മെന്റിന്റെ വികസന അജണ്ട മുന്നോട്ടു കൊണ്ടുപോകാനും ആത്മവിശ്വാസം പകരുന്ന സാഹചര്യം സൃഷ്ടിക്കാനും പുതിയ ഉയരങ്ങള്‍ താണ്ടാന്‍ രാജ്യത്തിനു ശക്തി പകരാനും ഈ ബജറ്റിനു സാധിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ധനകാര്യമന്ത്രിക്കും അദ്ദേഹത്തോടൊപ്പമുള്ള സംഘത്തിനും ഒരിക്കല്‍ക്കൂടി എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍.

 
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government