#MannKiBaat: PM Modi extends Diwali greetings to people across the country
#MannKiBaat: Diwali gives us the message to move from darkness to light, says PM Modi
#MannKiBaat: Diwali has now become a global festival. It is being celebrated across several countries, says PM
#MannKiBaat: PM Narendra Modi lauds courage of our jawans #Sandesh2Soldiers
#MannKiBaat –Our jawans display courage not only at borders but whenever there are natural calamities or even law and order crisis: PM
Aspirations of the poor must be kept in mind while formulating policies: PM Modi during #MannKiBaat
Discrimination between sons and daughters must be ended in society: PM Modi during #MannKiBaat
#MannKiBaat: PM Modi recalls contribution of Sardar Patel towards unity of the country, pays tribute to former PM Indira Gandhi
SardarPatel gave us ‘Ek Bharat’, let us make it ‘Shreshtha Bharat’, says Prime Minister Modi during #MannKiBaat
PM Modi pays tribute to Guru Nanak Dev during #MannKiBaat

മനസ്സു പറയുന്നത്‌

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നിങ്ങള്‍ക്കേവര്‍ക്കും ദീപാവലിയുടെ അസംഖ്യം മംഗളാശംസകള്‍. ഭാരതത്തിന്റെ എല്ലാ കോണിലും ഉത്സാഹത്തോടും സന്തോഷത്തോടും കൂടി ദീപാവലി ആഘോഷിക്കപ്പെടുന്നു. 365 ദിവസവും നാടിന്റെ ഏതെങ്കിലും കോണില്‍ ഏതെങ്കിലും ഉത്സവം ആഘോഷിക്കുന്ന ഒരു രാജ്യമാണ് ഭാരതം. ഭാരതത്തിലെ ജനജീവിതം തന്നെ ഈ ഉത്സവത്തിന്റെ മറ്റൊരു പേരാണെന്ന് ദൂരെ നിന്നു നോക്കിയാല്‍ തോന്നും. അത് സ്വാഭാവികവുമാണ്. വേദകാലം മുതല്‍ ഇന്നോളം ഭാരതത്തില്‍ നിലനിന്നുപോന്ന ഉത്സവങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ക്കു വിധേയമാണ്. കാലാനുസൃതമല്ലാത്ത ഉത്സവങ്ങള്‍ അവസാനിപ്പിക്കാനുള്ള ധൈര്യം നാം കണ്ടിട്ടുണ്ട്. കാലത്തിന്റെയും സമൂഹത്തിന്റെയും ആവശ്യത്തിനനുസരിച്ച് ഉത്സവങ്ങളിലെ മാറ്റങ്ങളും സ്വാഭാവികതയോടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭാരതത്തിലെ ഉത്സവങ്ങളുടെയെല്ലാം ഈ പാരമ്പര്യം, അതിന്റെ വ്യാപ്തി, അതിന്റെ ആഴം, ജനസമൂഹത്തില്‍ അതിന്റെ സ്വാധീനം എല്ലാം ഒരു മൂലമന്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് വ്യക്തമായി കാണാം- സ്വമ്മിനെ സമഷ്ടിയിലേക്കു കൊണ്ടുപോവുക എന്നതാണത്. വ്യക്തിയുടെയും വ്യക്തിത്വത്തിന്റെയും വളയര്‍ച്ചയുണ്ടാകണം, സ്വന്തം പരിമിതമായ ചിന്തകളുടെ പരിധികളെ സമൂഹത്തില്‍ നിന്ന് ബ്രഹ്മാണ്ഡത്തോളം വ്യാപിപ്പിക്കാനുള്ള ശ്രമമുണ്ടാകണം. അത് ഉത്സവങ്ങളിലൂടെ ചെയ്യുക. ഭാരതത്തിലെ ഉത്സവങ്ങള്‍ ചിലപ്പോഴെല്ലാം തിന്നാനും കുടിക്കാനുമുള്ള മേളകളാണോ എന്നു തോന്നും. എന്നാല്‍ അതില്‍ത്തന്നെയും കാലാവസ്ഥ എങ്ങനെയുള്ളതാണ്, ഏതു കാലാവസ്ഥയില്‍ എന്തു കഴിക്കണം എന്നു നോക്കിയിരുന്നു. കര്‍ഷകരുടെ വിളവ് ഏതാണ്, ആ വിളവിനെ ഉത്സവമാക്കി മാറ്റുന്നതെങ്ങനെ! ആരോഗ്യത്തിന് യോജിച്ച സംസ്‌കാരമെന്തായിരിക്കണം. ഈ കാര്യങ്ങളെല്ലാം നമ്മുടെ പൂര്‍വ്വികര്‍ വളരെ ശാസ്ത്രീയമായ രീതിയില്‍ ഉത്സവങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. ഇന്നു ലോകമെങ്ങും പരിസ്ഥിതിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു. പ്രകൃതിനശീകരണം ആശങ്കപ്പെടുത്തുന്നു. ഭാരതത്തിലെ ഉത്സവപാരമ്പര്യം പ്രകൃതിസ്‌നേഹത്തെ ശക്തിപ്പെടുത്തുന്നവയും, ആബാലവൃദ്ധം ജനങ്ങളെയും സംസ്‌കൃതചിത്തരാക്കുന്നവയുമായിരുന്നു. മരങ്ങളായാലും ചെടികളായാലും നദികളായാലും മൃഗങ്ങളായാലും പര്‍വ്വതങ്ങളായാലും പക്ഷികളായായാലും എല്ലാത്തിനോടും ഉത്തരവാദിത്വമുണര്‍ത്തുന്ന ഉത്സവങ്ങളായിരുന്നു. ഇക്കാലത്ത് നാം ഞായറാഴ്ച അവധി ദിവസമായി ആഘോഷിക്കുന്നു. എന്നാല്‍ പഴയ തലമുറയിലെ ആളുകള്‍ തൊഴിലെടുക്കുന്നവരാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവരാണെങ്കിലും ഒരു പാരമ്പര്യം നൂറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടാകും - പൗര്‍ണ്ണമിക്കും അമാവാസിക്കും അവധി ആഘോഷിക്കുന്ന പാരമ്പര്യമായിരുന്നു അത്. പൗര്‍ണ്ണമിക്കും അമാവാസിക്കും സമുദ്ര ജലത്തില്‍ എങ്ങനെ മാറ്റങ്ങളുണ്ടാകുന്നു, പ്രകൃതിയില്‍ എന്തിലെല്ലാം സ്വാധീനമുണ്ടാകുന്നു എന്നത് ഇന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. മനുഷ്യമനസ്സിലും ഇവയുടെ സ്വാധീനമുണ്ട്. അതായത് നമ്മുടെ നാട്ടില്‍ അവധി പോലും ബ്രഹ്മാണ്ഡവുമായും ശാസ്ത്രവുമായും ബന്ധിപ്പിച്ച് ആഘോഷിക്കുന്ന പരമ്പര്യം രൂപപ്പെട്ടിരുന്നു. ഇന്നു നാം ദീപാവലി ആഘോഷിക്കുമ്പോള്‍, ഞാന്‍ പറഞ്ഞതുപോലെ നമ്മുടെ ഈ ആഘോഷവും അറിവു പകരുന്നതാണ്, അറിവുമായിട്ടാണെത്തുന്നത്. ഈ ദീപാവലി തമസോ മാ ജ്യോതിര്‍ഗമയ-  അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കു പോകാനുള്ള സന്ദേശമാണു തരുന്നത്. ഈ അന്ധകാരം പ്രകാശമില്ല എന്ന അന്ധകാരം മാത്രമല്ല, അന്ധവിശ്വാസത്തിന്റെ അന്ധകാരവുമാണ്, അജ്ഞാനത്തിന്റെ അന്ധകാരവുമാണ്, ദാരിദ്ര്യത്തിന്റെ അന്ധകാരവുമാണ്, സാമൂഹിക അനാചാരങ്ങളുടെ അന്ധകാരവുമാണ്. ദീപാവലിയുടെ ദീപം തെളിയിച്ച് സാമൂഹിക ദോഷങ്ങളായി പരന്നിരിക്കുന്ന അന്ധകാരത്തില്‍ നിന്നു മുക്തിയാണ് - ആ അര്‍ഥത്തിലാണ് ദീപാവലിയെ ദീപം തെളിയിച്ച് പ്രകാശമെത്തിക്കുന്ന ആഘോഷമാക്കുന്നത്.

ഒരു കാര്യം നമുക്കു നന്നായി അറിയാം. ഭാരതത്തിന്റെ ഏതൊരു കോണില്‍ പോയാലും ഏറ്റവും സമ്പന്നന്റെ വീട്ടില്‍ പോയാലും ഏറ്റവും ദരിദ്രന്റെ കുടിലില്‍ പോയാലും ദീപാവലിക്ക് എല്ലാ വീട്ടിലും ശുചിത്വത്തിന്റെ ഒരു അന്തരീക്ഷമുണ്ടാകുന്നു. വീടിന്റെ എല്ലാ ഭാഗങ്ങളും തൂത്തു വൃത്തിയാക്കുന്നു. ദരിദ്രര്‍ തങ്ങളുടെ മണ്‍പാത്രങ്ങള്‍ പോലും ദീപാവലി എത്തിയെന്നു പറഞ്ഞാണ് വൃത്തിയാക്കുക. ദീപാവലി ശുചിത്വാഘോഷം കൂടിയാണ്. എന്നാല്‍ വീട്ടില്‍ മാത്രമല്ല ശുചിത്വം വേണ്ടത്, ചുറ്റുപാടുകളാകെ ശുചിത്വം, തെരുവിലാകെ ശുചിത്വം, ഗ്രാമത്തിലാകെ ശുചിത്വം വേണമെന്നത് കാലത്തിന്റെ ആവശ്യമായിരിക്കുന്നു. ഈ സ്വഭാവത്തെയും പാരമ്പര്യത്തെയും കുറച്ചുകൂടി വിശാലമാക്കണം. വ്യാപകമാക്കണം. ദീപാവലി ഇപ്പോള്‍ ഭാരതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദീപാവലി ഓര്‍ക്കുന്നു, ആഘോഷിക്കുന്നു. ലോകത്തിലെ പല സര്‍ക്കാരുകളും അവിടത്തെ പാര്‍ലമെന്റംഗങ്ങളും അവിടത്തെ ഭരണാധികാരികളും ദീപാവലി ആഘോഷത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. കിഴക്കുള്ള രാജ്യങ്ങളായാലും പടിഞ്ഞാറുള്ള രാജ്യങ്ങളായാലും വികസിത രാജ്യമാണെങ്കിലും വികസ്വര രാജ്യമാണെങ്കിലും അഫ്രിക്കയാണെങ്കിലും അയര്‍ലാന്‍ഡാണെങ്കിലും അവിടെയെല്ലാം ദീപാവലിയുടെ ആഘോഷം കാണാനാകും. അമേരിക്കയിലെ യു.എസ്.പോസ്റ്റല്‍ സര്‍വ്വീസ് ഇപ്രാവശ്യം ദീപാവലി പോസ്റ്റേജ് സ്റ്റാമ്പ് ഇറക്കിയതു നിങ്ങള്‍ക്കറിയാമായിരിക്കും. കാനഡയുടെ പ്രധാനമന്ത്രി ദീപാവലിക്ക് ദീപം കൊളുത്തുന്ന ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നു.

ബ്രിട്ടന്റെ പ്രധാനമന്ത്രി ലണ്ടനില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി എല്ലാ സമൂഹങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു വിരുന്നു സല്‍ക്കാരം സംഘടിപ്പിച്ചു, അദ്ദേഹവും പങ്കെടുത്തു. ആഘോഷപൂര്‍വ്വം ദീപാവലി കൊണ്ടാടാത്ത ഒരു നഗരം പോലും യു.കെ.യിലുണ്ടാവില്ല. സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം ചേര്‍ത്തിട്ടുണ്ട്. ആ ചിത്രം അദ്ദേഹം അഭിമാനത്തോടെ ലോകത്തിനു ഷെയര്‍ ചെയ്തിരിക്കുന്നു.  എന്താണ് ആ ചിത്രത്തിലുള്ളത്... സിംഗപ്പൂര്‍ പാര്‍ലമെന്റിലെ 16 മഹിളാ എം.പിമാര്‍ ഭാരതീയ രീതിയില്‍ സാരി ഉടുത്തുകൊണ്ട് പാര്‍ലമെന്റിനു പുറത്തു നില്‍ക്കുന്നു.. ഈ ഫോട്ടോ വളരെ വൈറലായിരിക്കയാണ്. ഇത് ദീപാവലിയുമായി ബന്ധപ്പെട്ടാണ് ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ഓരോ തെരുവിലും ദീപാവലി ആഘോഷിക്കപ്പെടുകയാണ്. ആസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ഭാരത സമൂഹത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നതിനൊപ്പം  ദീപാവലി ആഘോഷത്തില്‍ പങ്കുചേരാന്‍ ആസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ പ്രധാനമന്ത്രി വന്നിരുന്നു. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് അവിടെ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേഗം മടങ്ങേണ്ടതുണ്ടെന്നാണ്. ദീപാവലി, പ്രകാശത്തിന്റെ ഈ ആഘോഷം ലോകസമൂഹത്തെയും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുപോകാനുള്ള ഒരു പ്രേരകോത്സവമായി മാറുകയാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ദീപാവലി ആഘോഷത്തിന് നല്ല വസ്ത്രങ്ങള്‍ക്കും, നല്ല ആഹാരത്തോടുമൊപ്പം  പടക്കം പൊട്ടിക്കലും  കുട്ടികള്‍ക്കും യുവാക്കള്‍ക്കും അതു വലിയ സന്തോഷമാണ്. പക്ഷേ, ചിലപ്പോള്‍ കുട്ടികള്‍ ദുസ്സാഹസം കാട്ടുന്നു. കുറച്ചധികം പടക്കങ്ങള്‍ ഒരുമിച്ചു വച്ച് വലിയ ശബ്ദമുണ്ടാക്കാനുള്ള ശ്രമത്തില്‍ വലിയ അപകടം ക്ഷണിച്ചു വരുത്തും. അടുത്തെല്ലാം എന്തെല്ലാം വസ്തുക്കളുണ്ട്, തീപിടിക്കില്ലേ എന്നതു ശ്രദ്ധിക്കയേ ഇല്ല. ദീപാവലി നാളുകളില്‍ അപകട വാര്‍ത്തകള്‍, അഗ്നിബാധയുടെ വാര്‍ത്തകള്‍, അപമൃത്യുവിന്റെ വാര്‍ത്തകള്‍ ആശങ്കപ്പെടുത്തും. ദീപാവലി നാളുകളില്‍ ഡോക്ടര്‍മാരും തങ്ങളുടെ കുടുംബവുമായി ചേര്‍ന്ന് ദീപാവലി ആഘോഷിക്കാന്‍ പോകുന്നുവെന്നാകുമ്പോള്‍ അപകടത്തിനുമേല്‍ അപകടം എന്ന നിലയാകും. അച്ഛനമ്മമാരോട്, രക്ഷിതാക്കളോട് അഭ്യര്‍ഥിക്കാനുള്ളത് കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അടുത്തു തന്നെ നില്‍ക്കണം, അബദ്ധങ്ങളൊന്നും പറ്റാതെ ശ്രദ്ധിക്കണം, മനസ്സില്‍ അല്പം ആശങ്കവച്ച് അപകടം ഒഴിവാക്കണം എന്നാണ്. നമ്മുടെ രാജ്യത്ത് ദീപാവലി ആഘോഷം അല്പം നീണ്ടുനില്ക്കുന്നതാണ്. ഒരു ദിവസത്തേക്കു മാത്രമല്ല ആഘോഷം. ഗോവര്‍ധനപൂജയായാലും ഭായി ദൂജ് ആണെങ്കിലും ലാഭപഞ്ചമിയാണെങ്കിലും കാര്‍ത്തിക പൂര്‍ണ്ണിമ  വരെ നോക്കിയാല്‍ ഒരു നീണ്ട ആഘോഷക്കാലമാണ്. എല്ലാത്തിനുമൊപ്പം ദീപാവലിയും ആഘോഷിക്കുന്നു, ഛഠ് പൂജയ്ക്കുള്ള തയ്യാറെടുപ്പുകളും നടക്കും. ഭാരതത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ഛഠ് പൂജ ആഘോഷം ഒരു വലിയ ഉത്സവമാണ്. ഒരു തരത്തില്‍ നാലു ദിവസത്തോളം നീളുന്ന മഹാ ആഘോഷമാണ് - എന്നാല്‍ ഇതിനൊരു വൈശിഷ്ട്യമുണ്ട്. സമൂഹത്തിന് ഒരു വലിയ സന്ദേശമാണിതു നല്കുന്നത്. ഭഗവാന്‍ സൂര്യന്‍ നമുക്കു നല്കുന്നതാണ് എല്ലാം തന്നെ. പ്രത്യക്ഷമായും പരോക്ഷവുമായും സൂര്യഭഗവാനില്‍ നിന്നു കിട്ടുന്നത് എത്രത്തോളമെന്നു കണക്കാക്കുകയെന്നത് നമുക്ക് അസാധ്യമാണ്. അത്രയധികം ലഭിക്കുന്നു. ഛഠ് പൂജ സൂര്യോപാസനയുടെയും ആഘോഷമാണ്. ലോകത്തില്‍ ആളുകള്‍ ഉദയസൂര്യനെ പൂജിക്കുന്നു എന്നാണ് കേള്‍വി. ഛഠ് പൂജ അസ്തമിക്കുന്ന സൂര്യനെയും പൂജിക്കുന്ന അവസരമാണ്. ഇതിലൊരു വലിയ സാമൂഹികസന്ദേശമുണ്ട്.

ഞാന്‍ ദീപാവലിയുടെ കാര്യം പറഞ്ഞാലും ഛഠ് പൂജയുടെ കാര്യം പറഞ്ഞാലും വാസ്തവത്തില്‍ നിങ്ങള്‍ക്കേവര്‍ക്കും മംഗളാശംസകള്‍ നേരാനുള്ള അവസരമാണിത്. എന്നാല്‍ അതോടൊപ്പം ദേശവാസികളോടു നന്ദി പ്രകടിപ്പിക്കേണ്ട, കൃതജ്ഞത പ്രകടിപ്പിക്കേണ്ട അവസരം കൂടിയാണിത്. കഴിഞ്ഞ കുറേ മാസങ്ങളായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നമ്മുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി നമ്മുടെ ജവാന്മാര്‍ തങ്ങളുടെ സര്‍വ്വസ്വവും അര്‍പ്പിക്കയാണ്. എന്റെ ചിന്തയിലും ഹൃദയത്തിലും മനോലോകത്തിലാകെയും ജവാന്മാരുടെ, സുരക്ഷാസൈനികരുടെ ഈ ത്യാഗവും തപസ്സും പരിശ്രമവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. അതുകൊണ്ട് ഈ ദീപാവലി സുരക്ഷാസൈനികരുടെ പേരില്‍ സമര്‍പ്പിക്കപ്പെടണം എന്നൊരു ചിന്ത എന്റെ മനസ്സിലുറച്ചു. സന്ദേശ് ടു സോള്‍ജിയേഴ്‌സ് പരിപാടിയിലേക്ക് ഞാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തെ ജവാന്മാരോട് അളവറ്റ സ്‌നേഹമില്ലാത്ത, സൈനികരുടെ കാര്യത്തില്‍ അഭിമാനമില്ലാത്ത, സുരക്ഷാ സേനയുടെ കാര്യത്തില്‍ അഭിമാനമില്ലാത്ത ഒരാളും ഭാരതത്തിലില്ലെന്ന് വിനയപൂര്‍വ്വം ശിരസ്സുകുനിച്ച് എനിക്കു പറയാനാകും. ഇവ പ്രകടമാക്കിയത് എല്ലാവര്‍ക്കും ശക്തി പകരുന്നതാണ്. സുരക്ഷാസേനയിലെ ജവാന്മാര്‍ക്ക് അത് എത്രത്തോളം ഉത്സാഹമുണ്ടാക്കുന്നതാണെന്നു നമുക്കു സങ്കല്പിക്കാന്‍ പോലുമാവില്ല. നിങ്ങളുടെ സന്ദേശം അവര്‍ക്കൊരു ശക്തിയായി മാറി. സ്‌കൂളാണെങ്കിലും കോളജാണെങ്കിലും വിദ്യാര്‍ഥിയാണെങ്കിലും ഗ്രാമമാണെങ്കിലും ദരിദ്രനാണെങ്കിലും കച്ചവടക്കാരനാണെങ്കിലും കടക്കാരനാണെങ്കിലും രാഷ്ട്രീയ നേതാവാണെങ്കിലും കളിക്കാരനാണെങ്കിലും സിനിമാലോകത്തുള്ളവരാണെങ്കിലും രാജ്യത്തെ ജവാന്മാര്‍ക്കുവേണ്ടി ദീപം തെളിക്കാത്ത, അവര്‍ക്കു വേണ്ടി സന്ദേശമയയ്ക്കാത്തവരാരും ഈ മേഖലകളിലുണ്ടാവില്ല. മാധ്യമങ്ങളും ഈ ദീപോത്സവത്തെ സൈന്യത്തോടു നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാക്കി മാറ്റി. ബിഎസ്എഫ്, സി.ആര്‍.പി.എഫ്, ഇന്തോ തിബത്തന്‍ പോലിസ്, അസം റൈഫിള്‍സ്, ജലസേന, കരസേന, വായുസേന, കോസ്റ്റ്ഗാഡ്... എല്ലാവരുടെയും പേരു പറയാനാകുന്നില്ല... അസംഖ്യം...! നാമെല്ലാം ദീപാവലി ആഘോഷിക്കുമ്പോള്‍ നമ്മുടെ ഈ ജവാന്മാര്‍ എങ്ങനെയെല്ലാമുള്ള കഷ്ടപ്പാടുകളാണു സഹിക്കുന്നത്. ചിലര്‍ മരുഭൂമിയില്‍, ചിലര്‍ ഹിമാലയത്തിന്റെ കൊടുമുടിയില്‍, ചിലര്‍ വ്യവസായശാലകളെ കാക്കുന്നു, ചിലര്‍ വിമാനത്താവളങ്ങളെ കാക്കുന്നു... എത്രയെത്ര ഉത്തരവാദിത്വങ്ങളാണു നിര്‍വ്വഹിക്കുന്നത്! നാം ഉത്സവത്തിരക്കിലായിരിക്കുമ്പോള്‍ അവരെ ഓര്‍ക്കുക. ഒരുപക്ഷേ, ഓര്‍മ്മിയിലൂടെത്തന്നെ അവര്‍ക്കൊരു പുതിയ ശക്തി ലഭിക്കും. ഒരു സന്ദേശത്തിലൂടെ ശക്തിയേറുകയാണ്.. രാജ്യമതു ചെയ്തുകാട്ടി. ഞാന്‍ ദേശവാസികളോടു കൃതജ്ഞത വ്യക്തമാക്കട്ടെ. കലാകാരന്മാരായ പലരും കലയിലൂടെ ചെയ്തു. ചിലര്‍ ചിത്രമുണ്ടാക്കി, രംഗോലിയുണ്ടാക്കി, കാര്‍ട്ടൂണുണ്ടാക്കി. സരസ്വതീകടാക്ഷമുള്ളവര്‍ കവിതയുണ്ടാക്കി. പലരും നല്ല മുദ്രാവാക്യങ്ങളുണ്ടാക്കി. എന്റെ നരേന്ദ്രമോദി ആപ്, അതല്ലെങ്കില്‍ മൈ ഗവ് ല്‍ ഭാവനാസമുദ്രം അലയടിക്കയാണെന്നു തോന്നി. വാക്കുകളായി, പക്ഷികളായി, തൂലികകളായി, നിറങ്ങളായി, അസംഖ്യം ഭാവനകള്‍... എന്റെ രാജ്യത്തിലെ ജവാന്മാര്‍ക്ക് എത്രത്തോളം അഭിമാനനമിഷമാണെന്ന് എനിക്കു സങ്കല്പിക്കാനാകും. സന്ദേശ് ടു സോള്‍ജിയേഴ്‌സെന്ന ഹാഷ് ടാഗിലേക്ക് പ്രതീകാത്മകമായി അളവറ്റ കാര്യങ്ങളാണെത്തിയത്.
ശ്രീമാന്‍ അശ്വനി കുമാര്‍ ചൗഹാന്‍ അയച്ച കവിത വായിക്കാം
അശ്വനി എഴുതി -

മൈം ത്യോഹാര്‍ മനാതാ ഹൂം, ഖുശ് ഹോതാ ഹൂം, മുസ്‌കുരാതാ ഹൂം
മൈം ത്യോഹാര്‍ മനാതാ ഹൂം, ഖുശ് ഹോതാ ഹൂം, മുസ്‌കുരാതാ ഹൂം
യേ സബ ഹൈ, ക്യോംകി, തുമ് ഹോ, യേ തുമകോ ആജ് ബതാതാ ഹൂം
മേരീ ആസാദീ കാ കാരണ് തുമ്, ഖുശിയോം കീ സൗഗാത് ഹോ
മൈം ചൈന്‍ സേ സോതാ ഹൂം, ക്യോംകി
മൈം ചൈന്‍ സേ സോതാ ഹൂം ക്യോംകി, തുമ് സരഹദ് പര്‍ തൈനാത് ഹോ
ശീശ് ഝുകാഏം പര്‍വ്വത് അംബര്‍ ഔര്‍ ഭാരത് കാ ചമന്‍ തുമ്‌ഹേം
ഉസീ തരഹ് സേനാനീ മേരാ ഭീ ഹൈ ശത് ശത് നമന്‍ തുമ്‌ഹേം
ഉസീ തരഹ് സേനാനീ മേരാ ഭീ ഹൈ, ശത് ശത് നമന്‍ തുമ്‌ഹേം

(ഞാനുത്സവമാഘോഷിക്കുന്നു; സന്തോഷിക്കുന്നു, പുഞ്ചിരിക്കുന്നു
ഞാനുത്സവമാഘോഷിക്കുന്നു; സന്തോഷിക്കുന്നു, പുഞ്ചിരിക്കുന്നു
നിങ്ങളുള്ളതുകൊണ്ടാണിതെന്ന സത്യം ഞാനിതാ പറയുന്നു
എന്റെ സ്വാതന്ത്ര്യത്തിന്‍ കാരണവും സന്തോഷത്തിന്‍ ഉപഹാരവും നിങ്ങള്‍-
സമാധാനത്തോടെ ഞാനുറങ്ങുന്നു, കാരണം
സമാധാനത്തോടെ ഞാനുറങ്ങുന്നു, കാരണം അതിര്‍കാക്കാന്‍ നിങ്ങളുണ്ടല്ലോ
പര്‍വ്വതവും അംബരവും ഭാരതമാകുന്ന പൂങ്കാവനവും നിങ്ങളെ നമിക്കുന്നു
അതേപോലെയീ ഞാനും ശതംശതം നമിക്കുന്നു നിങ്ങളെ
അതേപോലെയീ ഞാനും ശതംശതം നമിക്കുന്നു നിങ്ങളെ..)

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സ്വന്തം അച്ഛനമ്മമാരുടെ വീടും ഭര്‍ത്താവിന്റെ വീടും ജവാന്മാരെക്കൊണ്ടു നിറഞ്ഞ ഒരു സഹോദരി ശിവാനി എനിക്ക് ടെലിഫോണില്‍ ഒരു സന്ദേശം നല്കി. വരൂ, സൈനിക കുടുംബം എന്തു പറയുന്നുവെന്നു നമുക്കു കേള്‍ക്കാം. -
നമസ്‌കാര്‍ പ്രധാനമന്ത്രിജീ, ഞാന്‍ ശിവാനീ മോഹന്‍ ആണു സംസാരിക്കുന്നത്. ഈ ദീപാവലിക്ക് സന്ദേശ് ടു ജവാന്‍ എന്ന പരിപാടി ആരംഭിച്ചതിലൂടെ നമ്മുടെ സൈനിക സഹോദരന്മാര്‍ക്ക് വളരെ പ്രോത്സാഹനം ലഭിക്കുന്നു. ഞാനൊരു സൈനിക കുടുംബത്തില്‍ നിന്നാണ്. എന്റെ ഭര്‍ത്താവും ആര്‍മി ഓഫീസറാണ്. എന്റെ അച്ഛനും, ഭര്‍ത്താവിന്റെ അച്ഛനും ആര്‍മിയില്‍ ഓഫീസര്‍മാരായിരുന്നു. അതായത് എന്റെ കുടുംബം മുഴുവന്‍ സൈനികരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അതിര്‍ത്തിയിലുള്ള ഓഫീസര്‍മാര്‍ക്ക് വളരെ പ്രോത്സാഹനം ലഭിക്കുന്ന നല്ല നല്ല സന്ദേശങ്ങളാണു കിട്ടുന്നത്. ആര്‍മി സര്‍ക്കിളിലെ എല്ലാവര്‍ക്കും പ്രോത്സാഹനം കിട്ടുന്നു. ആര്‍മി ഓഫീസേഴ്‌സിനും സോല്‍ജിയേഴ്‌സിനുമൊപ്പം അവരുടെ കുടുംബങ്ങളും അവരുടെ ഭാര്യമാരും വളരെയേറെ ത്യാഗം ചെയ്യുന്നുണ്ട്. ഒരു തരത്തില്‍ സൈനികസമൂഹത്തിനാകെ നല്ല സന്ദേശം കിട്ടുന്നു. അങ്ങയ്ക്ക് ദീപാവലി ആശംസകളും നേരുന്നു. നന്ദി.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സൈനികജവാന്മാര്‍ അതിര്‍ത്തിയില്‍ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ മേഖലകളിലും നില്‍ക്കുന്നതായി നമുക്കു കാണാം. പ്രകൃതി ദുരന്തങ്ങളുണ്ടായാലും, നിയമവ്യവസ്ഥയ്ക്കു ഭംഗം നേരിട്ടാലോ, ശത്രുക്കളുമായി നേരിടേണ്ടി വന്നാലോ, വഴി തെറ്റിയ യുവാക്കളെ തിരികെ കൊണ്ടുവരാന്‍ ധൈര്യം കാട്ടേണ്ടി വന്നാലോ ഒക്കെ... നമ്മുടെ ജവാന്മാര്‍ ജീവിതത്തിന്റെ എല്ലാ രംഗത്തും ദേശീയവികാരത്തോടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു.

ഒരു സംഭവം എന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു - അതു നിങ്ങളോടും പറയാനാഗ്രഹിക്കുന്നു. വിജയത്തിനടിസ്ഥാനമായി എന്തെല്ലാം തരത്തിലുള്ള കാര്യങ്ങള്‍ വലിയ ശക്തിയായി മാറുന്നു എന്നതുകൊണ്ടാണ് ഞാനിതു പറയാനാഗ്രഹിക്കുന്നത്. നിങ്ങള്‍ കേട്ടിരിക്കും, ഹിമാചല്‍ പ്രദേശ് തുറന്ന സ്ഥലത്തെ വിസര്‍ജനത്തില്‍നിന്ന് മോചിതമായി. ഓപണ്‍ ഡിഫേകേഷന്‍ ഫ്രീ ആയി. ആദ്യം സിക്കിമായിരുന്നു, ഇപ്പോള്‍ ഹിമാചല്‍ പ്രദേശും.  കേരളവും നവംബര്‍ ഒന്നിന് അങ്ങനെയാകും. പക്ഷേ, ഇതൊരു വിജയമാകുന്നതെങ്ങനെ? കാരണം ഞാന്‍ പറയാം. നോക്കൂ, സുരക്ഷാസേനയിലെ നമ്മുടെ ഒരു ഐടിബിപി ജവാന്‍ ശ്രീ.വികാസ് ഠാകുര്‍... അദ്ദേഹം ഹിമാചലിലെ സിര്‍മൗര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹത്തിന്റെ ഗ്രാമത്തിന്റെ പേരാണ്, ബധാനാ. ഹിമാചലിലെ സിര്‍മൗര്‍ ജില്ലയില്‍ നിന്നുള്ളയാള്‍... നമ്മുടെ ഈ ഐടിബിപി ജവാന്‍ അവധിക്ക് സ്വന്തം ഗ്രാമത്തിലേക്കു പോയി. ഗ്രാമത്തില്‍ ആ സമയം ഗ്രാമസഭ നടക്കാന്‍ പോകയായിരുന്നു. അദ്ദേഹം അവിടെയെത്തി. ശൗചാലയം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ചില കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശൗചാലയം ഉണ്ടാക്കാനാകുന്നില്ലെന്നു കണ്ടു. ഈ വികാസ് ഠാകുര്‍, ദേശഭക്തി നിറഞ്ഞ ഈ ഐടിബിപി ജവാനു തോന്നി, ഇല്ല, ഈ കളങ്കം മായ്ക്കുകതന്നെ വേണം. അദ്ദേഹത്തിന്റെ ദേശഭക്തി നോക്കൂ, ശത്രുക്കളുടെ നേര്‍ക്കു വെടിവയ്ക്കുവാന്‍ വേണ്ടി അദ്ദേഹം നാടിനെ സേവിക്കുന്നു എന്നല്ല. അദ്ദേഹം ഉടന്‍തന്നെ ചെക്കുബുക്കെടുത്ത് അമ്പത്തേഴായിരം രൂപ ഗ്രാമപഞ്ചായത്തിന്റെ പ്രധാനു നല്‍കി. ഗ്രാമത്തിലെ ശൗചാലയമുണ്ടാക്കാത്ത 57 വീടുകളിലെല്ലായിടത്തും ശൗചാലയും പണിയാന്‍ ഓരോ വീടിനും ആയിരം രൂപ വീതം നല്കൂ... 57 ശൗചാലയങ്ങളുണ്ടാക്കൂ. നമ്മുടെ ബധാനാ ഗ്രാമത്തെ ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ ആക്കി മാറ്റൂ എന്നു പറഞ്ഞു. വികാസ് ഠാകുര്‍ പ്രവര്‍ത്തിച്ചു കാട്ടി. 57 കുടുംബങ്ങള്‍ക്ക് ആയിരം രൂപ വീതം സ്വന്തം പോക്കറ്റില്‍ നിന്നു നല്കിക്കൊണ്ട് സ്വച്ഛതാ അഭിയാന് ശക്തിയേകി. അതിലൂടെ ഹിമാചല്‍ പ്രദേശിന് ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ ആക്കാനുള്ള ശക്തി കിട്ടി. അതേപോലെ കേരളത്തിലും... ഞാന്‍ വാസ്തവത്തില്‍ യുവാക്കളോടു നന്ദി പറയാനാഗ്രഹിക്കുന്നു. കേരളത്തിലെ വളരെ അകലെയുള്ള കാടുകളില്‍, ചെന്നെത്താന്‍ വഴിപോലും ഇല്ലാത്ത, ദിവസം മുഴുവന്‍ നടന്നുമാത്രം കഷ്ടിച്ച് എത്തിച്ചേരാനാകുന്ന ഒരു ആദിവാസ ഗ്രാമമാണ് ഇടമലക്കുടി. അവിടേക്ക് ആളുകള്‍ പോകാറേ ഇല്ല. ഈ ഗ്രാമത്തില്‍ ശൗചാലയുമുണ്ടാക്കണമെന്ന് അടുത്തുള്ള നഗരത്തിലെ എഞ്ചനീയറിംഗ് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ പെട്ടു. എന്‍.സി.സി. കേഡറ്റ്, നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് തങ്ങള്‍ അവിടെ ശൗചാലയമുണ്ടാക്കുമെന്നു തീരുമാനിച്ചു. ശൗചാലയമുണ്ടാക്കാന്‍ കൊണ്ടുപോകേണ്ട ഇഷ്ടികകള്‍, സിമന്റ് തുടങ്ങി എല്ലാ സാധനങ്ങളും ഈ യുവാക്കള്‍ തങ്ങളുടെ തോളിലേറ്റി പകല്‍ മുഴുവന്‍ നടന്ന് ആ കാട്ടിലെത്തി. സ്വയം അധ്വാനിച്ച് ആ ഗ്രാമത്തില്‍ ശൗചാലയമുണ്ടാക്കി. ആ യുവാക്കള്‍ എത്തിപ്പറ്റാനാകാത്ത കാട്ടിലെ ഒരു ചെറു ഗ്രാമത്തിനെ ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ ആക്കി മാറ്റി. അതുകൊണ്ടാണ് കേരളത്തിന് ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ  ആകാന്‍ കഴിയുന്നത്. ഗുജറാത്തില്‍, എല്ലാ നഗരസഭകളും കോര്‍പ്പറേഷനുകളും, നൂറ്റമ്പതിലധികം, ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിച്ചു. പത്തു ജില്ലകളും ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ ആക്കി. ഹരിയാനയില്‍ നിന്നും നല്ല വാര്‍ത്ത എത്തി. ഹരിയാനയും നവംബര്‍ ഒന്നാം തീയതി അവരുടെ സുവര്‍ണ്ണ ജയന്തി ആഘോഷിക്കുവാന്‍ പോകയാണ്. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഓപണ്‍ ഡിഫെക്കേഷന്‍ ഫ്രീ ആയി പ്രഖ്യാപിക്കുമെന്നാണ് അവരുടെയും തീരുമാനം. ഇപ്പോഴവര്‍ ഏഴു ജില്ലകള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ദ്രുതഗതിയില്‍ കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. ചിലതുമാത്രം ഞാനെടുത്തുപറഞ്ഞുവെന്നേയുള്ളൂ. ഈ മഹത്തായ കാര്യത്തില്‍ ഭാഗഭാക്കുകളായതില്‍, രാജ്യത്തുനിന്നു മാലിന്യമാകുന്ന അന്ധകാരം ഇല്ലാതെയാക്കുന്നതില്‍ തങ്ങളുടെ പങ്കു വഹിക്കുന്നതില്‍ ഈ സംസ്ഥാനങ്ങളിലെ പൗരന്മാരെയെല്ലാം അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, സര്‍ക്കാരിന്റെ പദ്ധതികള്‍ വളരെയുണ്ടാകും. ആദ്യത്തെ പദ്ധതിക്കു ശേഷം അതുപോലെയുള്ള രണ്ടാമത്തെ ഒരു പദ്ധതി വന്നാല്‍ ആദ്യത്തെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുന്നു. എന്നാല്‍ പൊതുവേ ഇക്കാര്യങ്ങളില്‍ ആരും ശ്രദ്ധ വയ്ക്കാറില്ല. പഴയ പദ്ധതിയും നടക്കും, പുതിയ പദ്ധതിയും നടക്കും വരാന്‍ പോകുന്ന പദ്ധതിയെ കാത്തിരിക്കയും ചെയ്യും.. ഇതു തുടരുന്നു. നമ്മുടെ രാജ്യത്ത് ഗ്യാസടുപ്പുള്ള വീടുകളില്‍, വൈദ്യുതിയുള്ള വീടുകളില്‍ മണ്ണെണ്ണയുടെ ആവശ്യം വരുന്നില്ല. പക്ഷേ, സര്‍ക്കാര്‍ തലത്തില്‍ ആരാണു ചോദിക്കാന്‍... മണ്ണെണ്ണയും പോകും, ഗ്യാസും പോകും, വൈദ്യുതിയും പോകും... ഇടനിലക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ അവസരം കിട്ടുകയും ചെയ്യും. ഒരു സംരംഭത്തിനു തുടക്കം കുറിച്ചതിന് ഞാന്‍ ഹരിയാനാ സര്‍ക്കാരിനെ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. അവര്‍ ഹരിയാനയെ മണ്ണെണ്ണമുക്തമാക്കാന്‍ പോകുന്നു. ഗ്യാസടുപ്പുള്ള വീടുകളും വൈദ്യുതിബന്ധമുള്ള വീടുകളും ആധാര്‍ നമ്പരിലൂടെ തിരിച്ചറിയുകയും അങ്ങനെ ഏഴെട്ടു ജില്ലകള്‍ മണ്ണണ്ണ മുക്തമാക്കിയെന്നും അറിയാന്‍ കഴിഞ്ഞു. അവര്‍ ഈ കാര്യം ഏറ്റെടുത്തതു തുടര്‍ന്നാല്‍ വളരെ വേഗം അവര്‍ സംസ്ഥാനത്തെത്തന്നെ മണ്ണെണ്ണ മുക്തമാക്കുമെന്ന് എനിക്കു വിശ്വാസമുണ്ട്. എത്ര വലിയ മാറ്റമാണുണ്ടാവുക. മോഷണവും നിലയ്ക്കും, പരിസ്ഥിതിക്കും ഗുണമുണ്ടാകും, വിദേശനാണ്യം സമ്പാദിക്കാനുമാകും. ആളുകളുടെ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ബുദ്ധിമുണ്ടാകുന്നത് ഇടനിലക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമാകും.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, മഹാത്മാഗാന്ധി നമുക്കേവര്‍ക്കും എന്നും വഴികാട്ടിയാണ്. ഇന്ന് നാട് എങ്ങോട്ടു പോകണം, എങ്ങനെ പോകണം എന്നതിന് മാനദണ്ഡം നിശ്ചയിക്കുന്നവയാണ് അദ്ദേഹത്തിന്റെ എല്ലാ ഉപദേശങ്ങളും. ഗാന്ധിജി പറയാറുണ്ടായിരുന്നു, നിങ്ങള്‍ എന്തെങ്കിലും പദ്ധതിയുണ്ടാക്കുമ്പോള്‍ നിങ്ങള്‍ ആദ്യം ഒരു ദരിദ്രന്റെയും ദുര്‍ബ്ബലന്റെയും മുഖമോര്‍ക്കുക, നിങ്ങള്‍ ചെയ്യാന്‍ പോകുന്നതുകൊണ്ട് ആ ദരിദ്രന് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്ന് പിന്നീടു തീരുമാനിക്കുക. അവന് ദോഷം വരുന്നതാണോ എന്നു ചിന്തിക്കുക. ഈ മാനദണ്ഡമനുസരിച്ച് നിങ്ങള്‍ തീരുമാനമെടുക്കൂ. നമുക്ക് ഇപ്പോള്‍ നാട്ടിലെ ദരിദ്രന്റെ ഉണര്‍ന്ന പ്രതീക്ഷകളെ അഭിമുഖീകരിക്കേണ്ടതുണ്ട് അത് കാലത്തിന്റെ ആവശ്യമാണ്. കഷ്ടപ്പാടുകളില്‍ നിന്നു മോചനം ലഭിക്കുന്നതിനാണ് ഒന്നിനുപിറകെ ഒന്നായി ചുവടുകള്‍ വയ്‌ക്കേണ്ടി വരും. നമ്മുടെ പഴയ ചിന്താഗതികള്‍ എന്തുതന്നെയാണെങ്കിലും സമൂഹത്തില്‍ ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന വ്യത്യാസം ഇല്ലാതെയാകണം. ഇപ്പോള്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ടോയ്‌ലറ്റുണ്ട്, ആണ്‍കുട്ടികള്‍ക്കും ടോയ്‌ലറ്റുണ്ട്. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത ഭാരതമെന്ന തോന്നല്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന അവസരമാണിത്.
സര്‍ക്കാര്‍പക്ഷത്തുനിന്നു പ്രതിരോധ കുത്തിവയ്പ്പു പരിപാടികള്‍ നടക്കുന്നുണ്ട്. എന്നാലും ലക്ഷക്കണക്കിനു കുട്ടികള്‍ക്ക് അതു ലഭിക്കാതെ പോകുന്നു. രോഗത്തിന് ഇരകളാകുന്നു. വിട്ടുപോയ കുട്ടികളെ കണ്ടെത്തി പ്രതിരോധ കുത്തിവയ്പ്പു നല്കുന്നതിനായി മിഷന്‍ ഇന്ദ്രധനുഷ് എന്ന പേരില്‍ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുട്ടികളെ കഠിനരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ഇതു ശക്തിയേകുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടായിരിക്കുകയും ഗ്രാമത്തില്‍ ഇപ്പോഴും അന്ധകാരമായിരിക്കുകയും ചെയ്യുകയെന്നത് ഇനി നടപ്പില്ല. അതുകൊണ്ട് ഗ്രാമത്തെ അന്ധകാരത്തില്‍ നിന്നു മോചിപ്പിക്കാന്‍ അവിടെ വൈദ്യുതി എത്തിക്കാനുള്ള പരിപാടി വിജയകരമായി മുന്നേറുകയാണ്. സമയപരിധി നിശ്ചയിച്ച് മുന്നേറുന്നു. സ്വാതന്ത്ര്യത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം, ദരിദ്രയായ അമ്മ, വിറകടുപ്പില്‍ ആഹാരം വേവിച്ച് ഒരു ദിവസം 400 സിഗരറ്റിന്റെ പുകയ്ക്കു തുല്യമായ പുക വലിച്ചുകയറ്റിയാല്‍ ആരോഗ്യത്തിന്റെ കാര്യമെന്താകും! 5 കോടി കുടുംബങ്ങള്‍ക്ക് പുകമുക്തമായ ജീവിതം നല്കാനുള്ള ശ്രമമാണു നടക്കുന്നത്. വിജയത്തിലേക്കു മുന്നേറുകയാണ്.
ചെറുകിട കച്ചവടക്കാര്‍, ചെറിയ ബിസിനസ്സുകാര്‍, പച്ചക്കറി കച്ചവടക്കാര്‍, പാല്‍ വില്പനക്കാര്‍, ക്ഷൗരക്കട നടത്തുന്നവര്‍ തുടങ്ങിയവരൊക്കെ കൊള്ളപ്പലിശക്കാരുടെ പിടിയില്‍ പെട്ടുകിടക്കുകയായിരുന്നു. മുദ്രാ പദ്ധതി, സ്റ്റാന്‍ഡ്അപ് പദ്ധതി, ജന്‍ധന്‍ അക്കൗണ്ട് തുടങ്ങിയവ കൊള്ളപ്പലിശക്കാരില്‍ നിന്നു മോചനത്തിനുള്ള വിജയകരമായ കാര്യപരിപാടികളാണ്. ആധാര്‍ ലൂടെ ബാങ്കിലേക്ക് നേരിട്ട് പണം നിക്ഷേപിക്കപ്പെടുക; അര്‍ഹിക്കുന്നവര്‍ക്ക് നേരിട്ടു പണം ലഭിക്കുക; സാധാരണക്കാര്‍ക്ക് ഇടനിലക്കാരില്‍ നിന്നു മോചനത്തിനുള്ള അവസരമാണിത്. പരിഷ്‌കരണങ്ങളും മാറ്റങ്ങളും മാത്രമല്ല, പ്രശ്‌നങ്ങളില്‍ നിന്നു മുക്തിയോളമുള്ള പാത ഉറപ്പുള്ളതാക്കുന്ന പരിപാടികള്‍ നടപ്പില്‍ വരുത്തണം, നടപ്പിലായിക്കൊണ്ടിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നാളെ ഒക്‌ടോബര്‍ 31, ഈ രാജ്യത്തിന്റെ മഹാപുരുഷന്‍, ഭാരതത്തിന്റെ ഐക്യത്തെ ജീവിതമന്ത്രമാക്കിയ, അങ്ങനെ ജീവിച്ചുകാട്ടിയ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മവാര്‍ഷിക ദിനമാണ്. 31 ഒക്‌ടോബര്‍ ഒരു വശത്ത് സര്‍ദാര്‍ സാഹബിന്റെ ജയന്തിയുടെ അവസരമാണ്, രാജ്യത്തിന്റെ ഐക്യത്തിന്റെ സജീവമഹാപുരുഷന്റെ ജന്മദിനം; മറുവശത്ത് ശ്രീമതി ഗാന്ധിയുടെ പുണ്യനാളുകൂടിയാണ്. മഹാപുരുഷന്മാരുടെ പുണ്യനാളുകള്‍ നാം ഓര്‍ക്കുന്നു, ഓര്‍ക്കേണ്ടതാണു താനും. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള ഒരു നല്ല വ്യക്തിയുടെ ഫോണ്‍, അദ്ദേഹത്തിന്റെ വേദന, എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു -
പ്രധാനമന്ത്രിജീ, നമസ്‌കാര്‍..സര്‍.. ഞാന്‍ ജസ്ദീപാണു സംസാരിക്കുന്നത്. പഞ്ചാബില്‍ നിന്ന്. സര്‍, അങ്ങയ്ക്കറിയാവുന്നതുപോലെ 31-ാം തീയതി സര്‍ദാര്‍ പട്ടേലിന്റെ ജന്മനാളാണ്. ജീവിതം മുഴുവന്‍ രാജ്യത്തെ ഒന്നാക്കുന്നതിന് അര്‍പ്പിച്ച മഹാനാണ്.. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തുവെന്നു ഞാന്‍ വിചാരിക്കുന്നു. അദ്ദേഹം എല്ലാവരെയും ഒരുമിച്ചു ചേര്‍ത്തു. അതേ ദിവസം ഇന്ദിരാഗാന്ധി വധിക്കപ്പെടുകയും ചെയ്തത് നാടിന്റെ വിധിവൈപരീത്യമെന്നോ ദുര്‍ഭാഗ്യമെന്നോ നമുക്കു പറയാം. അവരുടെ വധത്തെത്തുടര്‍ന്ന് രാജ്യത്തെ എന്തെല്ലാം സംഭവങ്ങള്‍ നടന്നുവെന്നു നമുക്കറിയാം. അത്തരം ദൗര്‍ഭാഗ്യപൂര്‍ണ്ണമായ സംഭവങ്ങള്‍ എങ്ങനെ തടയാനാകും എന്നാണു ഞാന്‍ ചോദിക്കാനാഗ്രഹിച്ചത്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഈ വേദന ഒരു വ്യക്തിയുടേതു മാത്രമല്ല. ഒരു സര്‍ദാര്‍, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍... ചാണക്യനുശേഷം രാജ്യത്തെ ഒന്നാക്കാനുള്ള ഭഗീരഥ പ്രയത്‌നം സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍ ചെയ്തു. സ്വതന്ത്ര ഹിന്ദുസ്ഥാനത്തെ, ഒരു കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള വിജയകരമായ ശ്രമം, ഇത്രയും വലിയ ഭഗീരഥ പ്രയത്‌നം ചെയ്ത മഹാപുരുഷന് നൂറുനൂറു പ്രണാമങ്ങള്‍. സര്‍ദാര്‍ സാഹബ് ഐക്യത്തിനുവേണ്ടി ജീവിച്ചു, ഐക്യത്തിനുവേണ്ടി പരിശ്രമിച്ചു; ഐക്യം അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയായിരുന്നതുകൊണ്ട് പലരുടെയും അനിഷ്ടത്തിന് ഇരയുമായി. എന്നാല്‍ ഐക്യത്തിന്റെ മാര്‍ഗ്ഗം ഒരിക്കലും ഉപേക്ഷിച്ചില്ല.  എന്നാല്‍ അതേ സര്‍ദാറിന്റെ ജന്മനാളില്‍ ആയിരക്കണക്കിന് സര്‍ദാര്‍മാരെ, നമ്മുടെ സര്‍ദാര്‍മാരുടെ കുടുംബങ്ങളെ ശ്രീമതി ഗാന്ധിയുടെ വധത്തിനുശേഷം മരണത്തിലേക്കു തള്ളിവിട്ടു. ഐക്യത്തിനുവേണ്ടി ജീവിതം മുഴുവന്‍ ജീവിച്ച ആ മഹാപുരുഷന്റെ ജന്മനാളില്‍ത്തന്നെ, സര്‍ദാറിന്റെ ജന്മനാളില്‍, സര്‍ദാര്‍മാരുടെ നേരെ ചെയ്ത ക്രൂരത, ചരിത്രത്തിലെ ഒരു താള്‍ നമുക്ക് വേദനയാണു സമ്മാനിക്കുന്നത്.
എന്നാല്‍ ഈ വേദനകള്‍ക്കിടയിലും ഐക്യമന്ത്രവുമായി നമുക്കു മുന്നേറണം. വൈവിധ്യത്തിലെ ഏകതയാണ് നാടിന്റെ ശക്തി. ഭാഷകള്‍ അനേകമാകട്ടെ, ജാതികളനേകമാകട്ടെ, വേഷവിധാനങ്ങള്‍ പലതാകട്ടെ, ആഹാരരീതികള്‍ വ്യത്യസ്തങ്ങളാകട്ടെ.. എന്നാല്‍ അനേകതയില്‍ ഏകത ഭാരതത്തിന്റെ ശക്തിയാണ്, ഭാരതത്തിന്റെ വൈശിഷ്ട്യമാണ്. എല്ലാ തലമുറയ്ക്കും ഒരു ഉത്തരവാദിത്വമുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഐക്യത്തിനുള്ള അവസരങ്ങള്‍ അന്വേഷിക്കുക ഐക്യത്തിന്റെ കണങ്ങളെ കണ്ടെത്തുക എന്നത് എല്ലാ സര്‍ക്കാരുകളുടെയും ഉത്തരവാദിത്വമാണ്. വേറിടലുകളുടെ ചിന്താഗതികളില്‍ നിന്നും, വേറിടലുകളുടെ പ്രവൃത്തികളില്‍ നിന്നും നാമും അകന്നു നില്‍ക്കുക, രാജ്യത്തെയും അതില്‍ നിന്നു കാക്കുക. സര്‍ദാര്‍ സാഹബ് നമുക്കൊരു ഭാരതം തന്നു, ആ ഭാരതത്തെ ശ്രേഷ്ഠഭാരതമാക്കുകയെന്നത് നമ്മുടെയെല്ലാം കര്‍ത്തവ്യമാണ്. ഐക്യത്തിന്റെ മൂലമന്ത്രമാണ് ശ്രേഷ്ഠഭാരതത്തിന്റെ ശക്തമായ അടിത്തറയുണ്ടാക്കുന്നത്.
സര്‍ദാര്‍ സാഹബിന്റെ ജീവിതയാത്ര ആരംഭിച്ചത് കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. കര്‍ഷകന്റെ പുത്രനായിരുന്നു. സ്വാതന്ത്ര്യസമരത്തെ കര്‍ഷകരോളമെത്തിക്കുന്നതില്‍ സര്‍ദാര്‍സാഹബിന്റെ വലിയ, മഹത്തായ പങ്കുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെ ഗ്രാമത്തില്‍ ശക്തിയുടെ രൂപമാക്കി മാറ്റിയത് സര്‍ദാര്‍ സാഹബിന്റെ വിജയപ്രദമായ പരിശ്രമമായിരുന്നു. അദ്ദേഹത്തിന്റെ സംഘാടകശക്തിയുടെയും നൈപുണ്യത്തിന്റെയും പരിണതിയായിരുന്നു. എന്നാല്‍ സര്‍ദാര്‍ സാഹബിന്റെ വ്യക്തിത്വം പോരാട്ടത്തിന്റേതു മാത്രമായിരു ന്നില്ല. അദ്ദേഹം നിര്‍മ്മാണത്തിന്റെയും ആളായിരുന്നു. ഇപ്പോള്‍ ഇടയ്‌ക്കൊക്കെ നാം അമൂല്‍ എന്ന പേരു കേള്‍ക്കുന്നു. അമൂലിന്റെ എല്ലാ ഉത്പന്നങ്ങളുമായും ഇന്നും ഭാരതത്തിലും ഭാരതത്തിനു പുറത്തുമുള്ള ആളുകള്‍ക്കു പരിചയമുണ്ട്. എന്നാല്‍ കോ-ഓപറേറ്റീവ് മില്ക്ക് പ്രൊഡ്യൂസേഴ്‌സിന്റെ യൂണിയനെക്കുറിച്ചു ചിന്തിച്ചുവെന്നത് സര്‍ദാര്‍ സാഹബിന്റെ ദിവ്യദൃഷ്ടിയുടെ പരിണതിയാണെന്ന് വളരെ കുറച്ചാളുകള്‍ക്കേ അറിയൂ. ഖേഡാ ജില്ല അക്കാലത്ത് കേരാ ജില്ല എന്നാണറിയപ്പെട്ടിരുന്നത്. ഈ ചിന്താഗതിക്ക് 1942 ല്‍ അദ്ദേഹം പ്രാധാന്യം കൊടുത്തു. അതെങ്ങനെയായിരുന്നു എന്നത് കര്‍ഷകരുടെ സുഖത്തിനും സമൃദ്ധിക്കുമടിസ്ഥാനമായ അമൂല്‍ എന്ന രൂപത്തില്‍ പ്രത്യക്ഷമായി നമ്മുടെ മുന്നിലുണ്ട്. സര്‍ദാര്‍ സാഹബിനെ ഞാന്‍ ആദരവോടെ നമിക്കുന്നു. ഈ ഏകതാ ദിവസത്തില്‍, ഒക്‌ടോബര്‍ 31 ന് നാം എവിടെയാണെങ്കിലും സര്‍ദാര്‍ സാഹബിനെ സ്മരിക്കണം, ഐക്യമെന്ന സങ്കല്പം മനസ്സിലുറപ്പിക്കണം.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ദീപാവലിയുടെ ഈ ആഘോഷത്തിന്റെ ഒരു കണ്ണിയാണ് കാര്‍ത്തിക പൂര്‍ണ്ണിമ. ഇത് പ്രകാശോത്സവവുമാണ്. ഗുരു നാനക്‌ദേവ് നല്കിയ അറിവ്, ഉപദേശങ്ങള്‍ ഹിന്ദുസ്ഥാന് മാത്രമല്ല, മനുഷ്യവര്‍ഗ്ഗത്തിന് മുഴുവന്‍, ഇന്നു മാര്‍ഗ്ഗദര്‍ശകമാണ്. സേവനം, സത്യസന്ധത, എല്ലാവര്‍ക്കും നന്മ എന്നതായിരുന്നു ഗുരു നാനക് ദേവിന്റെ സന്ദേശം. ശാന്തി, ഐക്യം, സദ് വിചാരം- ഇതായിരുന്നു മൂലമന്ത്രം. ജാതിവ്യത്യാസം, അന്ധവിശ്വാസം, അനാചാരങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് സമൂഹത്തിനു മോചനമേകാനുള്ള സമരമായിരുന്നു ഗുരുനാനക് ദേവു പറഞ്ഞ ഓരോ കാര്യങ്ങളിലും. ഇവിടെ തൊട്ടുകൂടായ്മയും, ജാത്യാചാരങ്ങളും, ഉച്ചനീചത്വങ്ങളും നിറഞ്ഞ വൈകൃതങ്ങള്‍ അങ്ങേയറ്റമായിരുന്നപ്പോള്‍ ഗുരു നാനക് ദേവ് ഭായി ലാലോ യെ തന്റെ സഹപ്രവര്‍ത്തകനാക്കി. ഗുരു നാനാക് ദേവ് നമുക്കു നല്കിയ ജ്ഞാനപ്രകാശത്തെ പിന്തുടരാം. നമുക്കു വ്യത്യാസങ്ങളെ ഉപേക്ഷിക്കാനുള്ള പ്രേരണയേകുന്ന, വ്യത്യാസങ്ങള്‍ക്കെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള ആജ്ഞയേകുന്ന ആ ജ്ഞാനദീപത്തെ പിന്തുടരാം. സബ്കാ സാഥ്, സബ്കാ വികാസ് എന്ന മന്ത്രവുമായി മുന്നേറണമെങ്കില്‍ ഗുരുനാനക് ദേവിനെക്കാള്‍ മികച്ച ഒരു വഴികാട്ടി നമുക്കാരാണുണ്ടാവുക! ഗുരുനാനക് ദേവിനും, ഈ പ്രകാശോത്സവത്തിന്റെ അവസരത്തില്‍ പ്രണാമങ്ങളേകുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒരിക്കല്‍ കൂടി രാജ്യത്തിന്റെ ജവാന്മാരുടെ പേരില്‍, ഈ ദീപാവലിയുടെ അവസരത്തില്‍ നിങ്ങള്‍ക്കേവര്‍ക്കും അനേകം മംഗളാശംസകള്‍. നിങ്ങളുടെ സ്വപ്നങ്ങള്‍, സങ്കല്പങ്ങള്‍ എല്ലാ അര്‍ഥത്തിലും സഫലമാകട്ടെ. നിങ്ങളുടെ ജീവിതം സുഖത്തോടും സമാധാനത്തോടും കൂടിയുള്ളതാകട്ടെ എന്നുള്ള മംഗളാശംസകളേകുന്നു. വളരെ വളരെ നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.