ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജനിച്ചവർ രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിൽ സജീവമായ പങ്ക് വഹിക്കും: പ്രധാനമന്ത്രി മോദി
വിവേകാനന്ദജി പറഞ്ഞതനുസരിച്ച് ഊര്‍ജ്ജവും ചലനാത്മകതയും നിറഞ്ഞവരാണ് യുവാക്കള്‍, അവര്‍ മാറ്റത്തിന്റെ ശക്തി ഉള്‍ക്കൊള്ളുന്നവരാണ്: പ്രധാനമന്ത്രി
വിവേകാനന്ദപ്പാറ സ്മാരകം പാവങ്ങളെ സേവിക്കാൻ എല്ലാവരേയും പ്രചോദിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി
2022-ൽ, സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ, നമ്മുക്ക് പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് പ്രതിജ്ഞയെടുക്കാം: പ്രധാനമന്ത്രി മോദി
ഹിമയത്ത് പ്രോഗ്രാമിന് കീഴിൽ, കഴിഞ്ഞ 2 വർഷത്തിനിടെ 77 വ്യത്യസ്ത ട്രേഡുകളിലായി 18000 യുവാക്കൾക്ക് പരിശീലനം നൽകി: മാൻ കി ബാത്തിന്റെ സമയത്ത് പ്രധാനമന്ത്രി മോദി
ഭാരതത്തില്‍ ജ്യോതിശാസ്ത്രം, അതായത് ഖഗോള വിജ്ഞാനത്തിന് വളരെ പ്രാചീനവും അഭിമാനകരവുമായ ചരിത്രമാണുള്ളത്: പ്രധാനമന്ത്രി മോദി
കഴിഞ്ഞ ആറു മാസത്തില്‍ പതിന്നേഴാം ലോക്‌സഭയുടെ രണ്ടു സഭകളും വളരെ ക്രിയാത്മകമായിരുന്നു: പ്രധാനമന്ത്രി

പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങള്‍ക്കു നമസ്‌കാരം. 2019 വിട പറയാനുള്ള നിമിഷങ്ങള്‍ നമ്മുടെ മുന്നിലെത്തിയിരിക്കയാണ്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2019 വിട പറയുമ്പോള്‍ നാം 2020 ലേക്ക് മാത്രമല്ല പ്രവേശിക്കുന്നത്, പുതിയ വര്‍ഷത്തിലേക്കും, പുതിയ ദശകത്തിേലക്കും, 21-ാം നൂറ്റാണ്ടിന്റെ മൂന്നാമത്തെ ദശകത്തിലേക്കുമാണ് പ്രവേശിക്കുന്നത്. എല്ലാ ദേശവാസികള്‍ക്കും 2020 നല്ല വര്‍ഷമായിരിക്കാനുള്ള ശുഭാശംസകള്‍ നേരുന്നു. ഈ ദശകത്തിന്റെ കാര്യത്തില്‍ ഒരു കാര്യം ഉറപ്പാണ്, രാജ്യത്തിന്റെ വികസനത്തിന് 21-ാം നൂറ്റാണ്ടില്‍ പിറന്നവര്‍, ഈ നൂറ്റാണ്ടിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ മനസ്സിലാക്കിക്കൊണ്ടു വളര്‍ന്നവര്‍, സജീവമായ പങ്കു നിര്‍വ്വഹിക്കും. ഈ യുവാക്ക?? പല പല വാക്കുകള്‍ കൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചിലര്‍ അവരെ മില്ലനിയല്‍സ് എന്നു പറയുന്നു, ചിലര്‍ അവരെ ജനറേഷന്‍ ഇസഡ് അഥവാ ജന്‍ ഇസഡ് എന്നും പറയുന്നു. വ്യാപകമായ രീതിയില്‍ ഒരു കാര്യം ആളുകളുടെ ബുദ്ധിയില്‍ ഇടം പിടിച്ചിട്ടുണ്ട്- അത് സോഷ്യല്‍ മീഡിയ ജനറേഷന്‍ ആണ് ഇത് എന്നുള്ളതാണ്. നമ്മുടെ ഈ തലമുറ വളരെയധികം പ്രതിഭാശാലികളുടെ തലമുറയാണെന്ന് നമുക്ക് മനസ്സിലാകും. പുതിയതായി ചിലതു ചെയ്യാനുള്ള, വേറിട്ടതു ചെയ്യാനുള്ള സ്വപ്നമാണവര്‍ക്കുള്ളത്. അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട്. വളരെ സന്തോഷമുള്ള ഒരു കാര്യം ഞാന്‍ വിശേഷിച്ചും ഭാരതത്തെ കുറിച്ചു പറയാനാഗ്രഹിക്കുന്നത്, ഇവര്‍ വ്യവസ്ഥിതിയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഇത്ര മാത്രമല്ല ഇവര്‍ വ്യവസ്ഥിതിയെ പിന്തുടരാനാഗ്രഹിക്കുന്നു. ചിലപ്പോഴൊക്കെ വ്യവസ്ഥിതി, ഉചിതമായ രീതിയില്‍ പ്രതികരിക്കാതിരുന്നാല്‍ അവര്‍ അസ്വസ്ഥരാകുന്നു, ധൈര്യപൂര്‍വ്വം വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നു. ഇത് നല്ലതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്ക് അരാജകത്വത്തോട് വെറുപ്പാണ്്. കുത്തഴിഞ്ഞ വ്യവസ്ഥിതിയോട്, അസ്ഥിരതയോട് ഇവര്‍ക്ക് രോഷമാണ്. അവര്‍ കുടുംബവാദത്തെയും, ജാതിവാദത്തെയും, സ്വന്തമെന്നും അന്യരെന്നുമുള്ള കാഴ്ചപ്പാടിനെയും സ്ത്രീപുരുഷ വ്യത്യാസങ്ങളെയും ഇഷ്ടപ്പെടുന്നില്ല. ചിലപ്പോഴൊക്കെ നാം കാണാറുണ്ട് വിമാനത്താവളത്തില്‍ അല്ലെങ്കില്‍ സിനിമാ തിയേറ്ററില്‍ ആരെങ്കിലും ക്യൂവില്‍ നില്ക്കുകയും മറ്റാരെങ്കിലും അതിനിടയില്‍ കയറുകയും ചെയ്താല്‍ ഏറ്റവുമാദ്യം അതിനെതിരെ ശബ്ദമുയര്‍ത്തുന്നത് യുവാക്കളായിരിക്കും. അങ്ങനെ വല്ല സംഭവവുമുണ്ടായാല്‍ മറ്റൊരു യുവാവ് ഉടന്‍ സ്വന്തം മൊബൈല്‍ ഫോണെടുത്ത് അതിന്റെ വീഡിയോ ഉണ്ടാക്കും, നിമിഷങ്ങള്‍ക്കുള്ളില്‍ ആ വീഡിയോ വൈറലുമാകുന്നത് നാം കണ്ടിട്ടുണ്ട്. തെറ്റു ചെയ്ത ആള്‍ ഛെ, അബദ്ധമായല്ലോ എന്നു വിചാരിക്കും. അതായത് ഒരു പുതിയ തരത്തിലുള്ള വ്യവസ്ഥിതി, ഒരു പുതിയ രീതിയിലുള്ള കാലം, പുതിയ തരത്തിലുള്ള ചിന്താഗതികള്‍ നമ്മുടെ പുതിയ തലമുറ വച്ചുപുലര്‍ത്തുന്നു. ഇന്ന് ഭാരതത്തിന് ഈ പുതിയ തലമുറയില്‍ വലിയ പ്രതീക്ഷകളുണ്ട്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകേണ്ടത് ഈ യുവാക്കളാണ്. സ്വാമി വിവേകാനന്ദന്‍ പറയുകയുണ്ടായി, “My Faith is in the Younger Generation, the Modern Generation, out of them, will come my workers” അദ്ദേഹം പറഞ്ഞു, “എനിക്കു യുവ തലമുറയിലാണ് വിശ്വാസം. ഈ ആധുനിക തലമുറയില്‍. ഇവരില്‍ നിന്നാണ് എന്റെ പ്രവര്‍ത്തകര്‍ ഉണ്ടാകുന്നത്”. എന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. യുവാക്കളെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, യൗവ്വനാവസ്ഥയുടെ വില മതിക്കാനാവില്ല, അത് വര്‍ണ്ണിക്കാനുമാവില്ല. അത് ജീവിതത്തിലെ ഏറ്റവും വിലയേറിയ കാലമാണ്. നിങ്ങളുടെ ഭാവിയും നിങ്ങളുടെ ജീവനും നിങ്ങള്‍ സ്വന്തം യൗവ്വനത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. വിവേകാനന്ദജി പറഞ്ഞതനുസരിച്ച് ഊര്‍ജ്ജവും ചലനാത്മകതയും നിറഞ്ഞവരാണ് യുവാക്കള്‍, അവര്‍ മാറ്റത്തിന്റെ ശക്തി ഉള്‍ക്കൊള്ളുന്നവരാണ്. ഭാരതത്തില്‍ ഈ ദശകം യുവാക്കളുടെ വികസനത്തിന്റേതുമാത്രമാവില്ല, മറിച്ച് യുവാക്കളുടെ സാമര്‍ഥ്യം കൊണ്ട് അവര്‍ രാജ്യത്തിന് വികസനം കൊണ്ടുവരുന്നവരുമാണെന്നും തെളിയിക്കപ്പെടും, ഭാരതത്തെ ആധുനികമാക്കുന്നതില്‍ ഈ തലമുറയ്ക്ക് വലിയ പങ്കുണ്ടാകാന്‍ പോകയാണ് എന്ന് എനിക്ക് വ്യക്തമായി ബോധ്യമുണ്ട്. വരുന്ന ജനുവരി 12 ന് വിവേകാനന്ദ ജയന്തിയില്‍ രാജ്യം യുവാക്കളുടെ ദിനം ആഘോഷിക്കുമ്പോള്‍, ഓരോ യുവാവും, ഈ ദശകത്തില്‍ തങ്ങളുടെ ഈ ഉത്തരവാദിത്തത്തെക്കുറിച്ച് തീര്‍ച്ചയായും വിചിന്തനം നടത്തുകയും ഈ ദശകത്തിനുവേണ്ടി തങ്ങളുടേതായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയും വേണം.

പ്രിയപ്പെട്ട ജനങ്ങളേ, കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന്‍ ധ്യാനത്തിലിരുന്ന, വിവേകാനന്ദപ്പാറയില്‍ സ്മാരകം നിര്‍മ്മിച്ചതിന് അമ്പതു വര്‍ഷം തികയുകയാണ്. കഴിഞ്ഞ 5 ദശകങ്ങളില്‍ ഈ ഇടം ഭാരതത്തിന്റെ അഭിമാനമായിരുന്നു. കന്യാകുമാരി, രാജ്യത്തിനും ലോകത്തിനും ഒരു ആകര്‍ഷണകേന്ദ്രമായിരിക്കുന്നു. രാഷ്ട്രഭക്തിനിറഞ്ഞ ആധ്യാത്മിക ചൈതന്യം അനുഭവിക്കാനാഗ്രഹിക്കുന്ന എല്ലാപേര്‍ക്കും ഇതൊരു തീര്‍ത്ഥാടന കേന്ദ്രമാണ്, ആദരവിന്റെ കേന്ദ്രമാണ്. സ്വാമിജിയുടെ സ്മാരകം, എല്ലാ മതത്തിലും, എല്ലാ പ്രായത്തിലും, എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകള്‍ക്ക് രാഷ്ട്രഭക്തിയുടെ പ്രേരണയേകിയിട്ടുണ്ട്. ദരിദ്രനാരായണന്റെ സേവനമെന്ന മന്ത്രവുമായി ജീവിക്കാന്‍ വഴികാട്ടിയിട്ടുണ്ട്. അവിടെ പോയിട്ടുള്ളവരിലെല്ലാം ഒരു ആന്തരിക ശക്തിസ്ഫുരണമുണ്ടാവുക, സകാരാത്മകമായ വികാരമുണ്ടാവുക, രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അഭിനിവേശമുണ്ടാവുക, ഇവയൊക്കെ തികച്ചും സ്വാഭാവികമാണ്.

ഈ അമ്പതു വര്‍ഷം മുമ്പ് ഉണ്ടാക്കിയ സ്മാരകം നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതി കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുവന്നു. ഉപരാഷ്ട്രപതി ഗുജറാത്തിലെ വളരെ കേമമായ രീതിയില്‍ രണോത്സവം നടക്കുന്ന റാന്‍ ഓഫ് കച്ചില്‍ അതിന്റെ ഉദ്ഘാടനത്തിനു പോയിരുന്നുവെന്നതിലും എനിക്ക് സന്തോഷമുണ്ട്. നമ്മുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഭാരതത്തിലെതന്നെ ഇതുപോലെയുള്ള മഹത്തായ വിനോദയാത്രാ കേന്ദ്രങ്ങളില്‍ പോകുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ നിന്ന് പ്രേരണയുണ്ടാകും. നിങ്ങളും തീര്‍ച്ചയായും പോകണം.

പ്രിയപ്പെട്ട ജനങ്ങളേ, നാം വെവ്വേറെ കോളജുകളില്‍, യൂണിവേഴ്‌സിറ്റികളില്‍, വിദ്യാലയങ്ങളില്‍ പഠിക്കുന്നു, എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അലുമ്‌നി മീറ്റ് വളരെ സന്തോഷകരമായ അവസരമാണ്. ഈ പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പഴയ ഒര്‍മ്മകളില്‍ മുങ്ങിപ്പോകുന്നു. ഓര്‍മ്മകള്‍ 10 വര്‍ഷം, 20 വര്‍ഷം, 25 വര്‍ഷം പിന്നിലേക്കു പോകുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഈ പൂര്‍വ്വവിദ്യാര്‍ഥി സംഗമം, വിശേഷാല്‍ ആകര്‍ഷണത്തിന് കാരണമാകുന്നു. അതിലേക്കു ശ്രദ്ധ തിരിയുന്നു, രാജ്യത്തെ ജനങ്ങളുടെയും ശ്രദ്ധ അതിലേക്കു തിരിയേണ്ടത് വളരെ ആവശ്യമാണ്. അലുമ്‌നി മീറ്റ് പഴയ സുഹൃത്തുക്കളുമായി ഒത്തുചേരുക, ഓര്‍മ്മകള്‍ പുതുക്കുക, എന്നതിന് അതിന്റേതായ ഒരു സന്തോഷമുണ്ട്. ഇതോടൊപ്പം ലക്ഷ്യങ്ങളും പങ്കു വയ്ക്കു, എന്തെങ്കിലും തീരുമാനമെടുക്കുക, ഏതെങ്കിലും വൈകാരികമായ ചായ്‌വ് ഇതുമായി ചേരുകയാണെങ്കില്‍ ഈ സംഗമത്തിന് കൂടുതല്‍ നിറം ലഭിക്കുന്നു. അലുമ്‌നി ഗ്രൂപ്പ് ചിലപ്പോഴൊക്കെ തങ്ങളുടെ സ്‌കൂളിന് എന്തെങ്കിലുമൊക്കെ സംഭാവനയേകുന്നു. ചിലര്‍ സ്‌കൂള്‍ കമ്പ്യൂട്ടറൈസ് ചെയ്യാനുള്ള ഏര്‍പ്പാടു ചെയ്യുന്നു, ചിലര്‍ നല്ല ലൈബ്രറി ഉണ്ടാക്കി കൊടുക്കുന്നു, ചിലര്‍ നല്ല വെള്ളത്തിനുള്ള ഏര്‍പ്പാടു ചെയ്യുന്നു, ചിലര്‍ പുതിയ മുറികളുണ്ടാക്കിക്കുന്നു, ചിലര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനുള്ള ഏര്‍പ്പാടുണ്ടാക്കുന്നു. ഇങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള അവസരമുണ്ടാകുന്നു. തങ്ങളുടെ ജീവിതം രൂപപ്പെട്ടിടത്തേക്ക് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനാകുന്നതില്‍ അവര്‍ക്ക് സന്തോഷം തോന്നുന്നു. ഇത് എല്ലാവരുടെയും മനസ്സിലിരിക്കുന്നു, അതു വേണ്ടതുമാണ്. ഇതിനായി ആളുകള്‍ മുന്നോട്ടു വരുന്നു. എന്നാല്‍ ഞാനിന്ന് ഒരു വിശേഷാല്‍ അവസരമാണ് നിങ്ങളുടെ മുന്നില്‍ വയ്ക്കുവാനാഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ഭൈരവ്ഗഞ്ജ് ഹെല്‍ത്ത് സെന്ററിന്റെ കഥ കേട്ടപ്പോള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതു ഞാന്‍ നിങ്ങളോടു പറയാനാഗ്രഹിക്കുന്നു. ഈ ഭൈരവ് ഗഞ്ജ് ഹെല്‍ത്ത് സെന്ററില്‍, അതായത് ആരോഗ്യകേന്ദ്രത്തില്‍ സൗജന്യമായി ഹെല്‍ത്ത് ചെക് അപ് ചെയ്യിക്കാന്‍ അടുത്ത ഗ്രാമത്തിലെ ആയിരക്കണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു. ഇതു കേട്ട് നിങ്ങള്‍ക്ക് തോന്നും ഇതില്‍ എന്തു പുതുമയാണുള്ളതെന്ന്. എന്നാല്‍ ഇതില്‍ പുതുമയുണ്ട്. ഈ പരിപാടി സര്‍ക്കാരിന്റേതായിരുന്നില്ല, സര്‍ക്കാര്‍ ഇതിനായി എന്തെങ്കിലും ചുവടുവയ്ക്കുകയും ചെയ്തിരുന്നില്ല. അവിടത്തെ കെ.ആര്‍.ഹൈസ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികളുടെ അലുമ്‌നി മീറ്റ് ഒരു ചുവടുവയ്പ്പു നടത്തുകയായിരുന്നു. അതിനവര്‍ പേരു നല്കി. സങ്കല്‍പ് 95. (തീരുമാനം 95) സങ്കല്‍പ് 95 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആ സ്‌കൂളിലെ 1995 ബാച്ചിലെ വിദ്യാര്‍ഥികളുടെ തീരുമാനം എന്നാണ്. ഈ ബാച്ചിലെ വിദ്യാര്‍ഥികള്‍ ഒരു പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വച്ചു, വേറിട്ട എന്തെങ്കിലും ചെയ്യാന്‍ നിശ്ചയിച്ചു. മുന്‍ വിദ്യാര്‍ഥികള്‍, സമൂഹത്തിനുവേണ്ടി, ചിലതു ചെയ്യാന്‍ നിശ്ചയിച്ചു, അവര്‍ പൊതുജനാരോഗ്യ ജാഗരൂകത എന്ന ഒരു ഉത്തരവാദിത്തം എറ്റെടുത്തു. സങ്കല്‍പ് 95 ന്റെ ഈ പരിപാടിയില്‍ ബേതിയയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജും പല ആശുപത്രികളും പങ്കുചേര്‍ന്നു. അതിനുശേഷം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട് ഒരു സമഗ്ര ജനമുന്നേറ്റമാണ് നടന്നത്. ഫീസില്ലാതെ രോഗപരിശോധന, സൗജന്യമായി മരുന്നു വിതരണം, ജാഗരൂകത പടര്‍ത്തുക തുടര്‍ന്ന് എല്ലാത്തിനും സങ്കല്‍പ് 95 ഒരു ഉദാഹരണമെന്നപോലെ നമ്മുടെ മുന്നിലുണ്ട്. നാം പലപ്പോഴും പറയും, രാജ്യത്തെ എല്ലാ പൗരന്മാരും ഒരു ചുവടു മുന്നോട്ടു നടന്നാല്‍ രാജ്യം 130 കോടി ചുവട് മുന്നോട്ടു നീങ്ങുന്നു എന്ന്. ഇങ്ങനെയുള്ള കാര്യങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനാകുമ്പോള്‍ എല്ലാവര്‍ക്കും ആനന്ദമുണ്ടാകുന്നു, സന്തോഷം തോന്നുന്നു, ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള പ്രേരണയുമുണ്ടാകുന്നു. ഒരുവശത്ത് ബിഹാറിലെ ബേതിയയിലെ പൂര്‍വ്വ വിദ്യാര്‍ഥി സമൂഹം ആരോഗ്യസേവനമെന്ന ഉത്തരവാദിത്വമേറ്റെടുത്തു. അതേസമയം ഉത്തര്‍പ്രദേശിലെ ഫുല്‍പൂരിലെ ചില സ്ത്രീകള്‍ സജീവമായ പ്രവര്‍ത്തനത്തിലൂടെ ആ പ്രദേശത്തിനാകെ പ്രേരണയായി. ഐക്യത്തോടെ എന്തെങ്കിലും നിശ്ചയിച്ചാല്‍ പരിസ്ഥിതികള്‍ മാറുന്നതില്‍ നിന്ന് ആര്‍ക്കും തടയാനാവില്ല എന്ന് ഈ സ്ത്രീകള്‍ തെളിയിച്ചു. കുറച്ചു സമയം മുമ്പുവരെ ഫുല്‍പൂരിലെ ഈ സ്ത്രീകള്‍ സാമ്പത്തികമായ ഞെരുക്കവും ദാരിദ്ര്യവും കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനുള്ള ഉത്സാഹം ഇവര്‍ക്കുണ്ടായിരുന്നു. ഈ സ്ത്രീകള്‍ കാദിപൂരിലെ സ്വാശ്രയസംഘമായ വിമന്‍ സെല്‍ഫ് ഹെല്പ് ഗ്രൂപ്പുമായി ചേര്‍ന്ന് ചെരുപ്പുണ്ടാക്കാന്‍ പഠിച്ചു. ഇതിലൂടെ ഇവര്‍ തങ്ങളുടെ കാലില്‍ തറച്ച നിസ്സഹായതയുടെ മുള്ള് എടുത്തുകളഞ്ഞുവെന്നു മാത്രമല്ല, മറിച്ച് സ്വാശ്രയത്വം നേടി തങ്ങളുടെ കുടുംബത്തിന് ആശ്രയവുമായി മാറി. ഗ്രാമീണ ജീവനോപാധി മിഷന്റെ സഹായത്തോടെ ഇവിടെയിപ്പോള്‍ ആധുനിക മെഷീനുകള്‍ ചെരുപ്പുണ്ടാക്കുന്ന പ്ലാന്റ് തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ വിശേഷിച്ചും ലോക്കല്‍ പോലീസിനെയും അവരുടെ കുടുംബങ്ങളെയും അഭിനന്ദിക്കുന്നു, കാരണം അവര്‍ തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഈ സ്ത്രീകള്‍ ഉണ്ടാക്കുന്ന ചെരുപ്പ് വാങ്ങി ഇവരെ പ്രോത്സാഹിപ്പിച്ചു. ഇന്ന് ഈ സ്ത്രീകളുടെ ദൃഢനിശ്ചയത്തിലൂടെ ഇവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്നു മാത്രമല്ല, മറിച്ച് ജീവിതനിലവാരം ഉയരുകയും ചെയ്തു. ഫുല്‍പൂരിലെ പോലിസ് ജവാന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കാര്യം കേള്‍ക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ പ്രാദേശിക തലത്തില്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടണമെന്ന് ഞാന്‍ ആഗസ്റ്റ് 15 ന് രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്തത് ഓര്‍മ്മയുണ്ടാകും. ഇന്ന് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളോടു ചോദിക്കുന്നത് നമുക്ക് പ്രാദേശിക തലത്തില്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചുകൂടേ എന്നാണ്. ഈ ഒരു വികാരത്തിലൂടെ നമ്മുടെ സഹ ദേശവാസികള്‍ക്ക് സമൃദ്ധിയേകാനുള്ള മാധ്യമമായി മാറിക്കൂടേ എന്നാണ്. സുഹൃത്തുക്കളേ, മഹാത്മാ ഗാന്ധി ഈ സ്വദേശി വികാരത്തെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്ന ഒരു ദീപമായിട്ടാണ് കണ്ടത്. ദരിദ്രരില്‍ ദരിദ്രരായവരുടെ ജീവിതത്തില്‍ സമൃദ്ധി കൊണ്ടുവരുന്ന ഒരു കാര്യം. നൂറു വര്‍ഷം മുമ്പ് ഗാന്ധിജി ഒരു ജനമുന്നേറ്റം ആരംഭിച്ചിരുന്നു. ഇതിന്റെ ലക്ഷ്യം ഭാരതീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു. സ്വാശ്രയത്വം നേടുന്നതിനുള്ള ഈ വഴിയാണ് ഗാന്ധിജി കാട്ടിത്തന്നത്. 2022 ല്‍ നാം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തീകരിക്കും. നാം ഏതൊരു ഭാരതത്തിലാണോ ജീവിക്കുന്നത്, ആ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ലക്ഷക്കണക്കിന് സത്പുത്രന്മാര്‍ അനേകം യാതനകള്‍ സഹിച്ചിട്ടുണ്ട്, അനേകര്‍ പ്രാണാഹുതി ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ത്യാഗം, തപസ്സ്, രക്തസാക്ഷിത്വം എന്നിവ കാരണം സ്വാതന്ത്ര്യം ലഭിച്ചു. നാം ആ സ്വതന്ത്ര്യത്തിന്റെ നേട്ടങ്ങള്‍ നിറയെ അനുഭവിക്കുന്നു, സ്വതന്ത്രമായ ജീവിതം നയിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത, രാജ്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച, പേരറിയുന്ന, പേരറിയാത്ത അസംഖ്യം ആളുകള്‍. ഒരുപക്ഷേ, വളരെ കുറച്ച് ആളുകളുടെ പേരേ നമുക്കറിയൂ… എന്നാല്‍ അവര്‍ ആ സ്വപ്നവുമായി, സ്വതന്ത്രഭാരതത്തിനുള്ള സ്വപ്നവുമായി, സമൃദ്ധവും സുഖസമ്പന്നവുമായ സ്വതന്ത്ര ഭാരതത്തിനുവേണ്ടി ജീവന്‍ സമര്‍പ്പിച്ചു
പ്രിയപ്പെട്ട ജനങ്ങളേ, 2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍, ഏറ്റവും കുറഞ്ഞത്, രണ്ടുമൂന്നു വര്‍ഷത്തേക്ക് പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളേ വാങ്ങൂ എന്ന് തീരുമാനമെടുത്തുകൂടേ? ഭാരതത്തില്‍ നിര്‍മ്മിക്കപ്പെട്ട, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ കൈകകൊണ്ടു നിര്‍മ്മിക്കപ്പെട്ട, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമുള്ള സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തുകൂടേ? ഞാന്‍ ദീര്‍ഘകാലത്തേക്കുള്ള ആവശ്യമല്ല മുന്നോട്ടു വയ്ക്കുന്നത്, 2022 വരെ മാത്രം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്നതു വരെ. ഈ കാര്യം സര്‍ക്കാര്‍ തലത്തിലാകരുത്. ഓരോരോ ഇടങ്ങളില്‍ യുവാക്കള്‍ മുന്നോട്ടു വരണം, ചെറിയ ചെറിയ സംഘങ്ങളുണ്ടാക്കണം, ആളുകളെ പ്രേരിപ്പിക്കണം, കാര്യം പറഞ്ഞു ബോധ്യപ്പെടുത്തണം, എന്നിട്ടു തീരുമാനിക്കണം. വരൂ. നമുക്ക് തദ്ദേശീയ സാധനങ്ങള്‍ വാങ്ങാം, പ്രാദേശിക ഉത്പന്നങ്ങള്‍ക്കു പ്രധാന്യം നല്കാം, രാജ്യത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ മണമുള്ളവ – അതു നമ്മുടെ രാജ്യത്തിന്റെ, സുഖം പകരുന്ന നിമിഷമാകട്ടെ. ഈ സ്വപ്നവുമായി നമുക്കു മുന്നേറാം.

രാജ്യത്തെ പൗരന്മാര്‍ സ്വാശ്രയത്വമുള്ളവരായിരിക്കണം, മാന്യമായി തങ്ങളുടെ ജീവിതം നയിക്കണം എന്നത് നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം മഹത്തായ കാര്യമാണ്. എന്റെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചുവടുവയ്പ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു. അതാണ് ജമ്മു കാശ്മീരിലെ ലഡാക്കിലെ ‘ഹിമായത്’ എന്ന ഒരു പരിപാടി. ‘ഹിമായത്’ നൈപുണ്യവികസനവും തൊഴിലുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതില്‍ 15 വയസ്സുമുതല്‍ 35 വയസ്സുവരെ പ്രായമുള്ള യുവാക്കളാണ് പങ്കുചേരുന്നത്. വിദ്യാഭ്യാസം എന്തെങ്കിലും കാരണവശാല്‍ ഇടയ്ക്കുവച്ച് സ്‌കൂളിലോ കോളജിലോ അവസാനിപ്പിക്കേണ്ടി വന്നവരാണ് ഇവര്‍.

പ്രിയപ്പെട്ട ജനങ്ങളേ, ഈ പരിപാടി അനുസരിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി പതിനെണ്ണായിരം യുവാക്കള്‍ക്ക്, 77 വ്യത്യസ്തങ്ങളായ ട്രേഡുകളില്‍ പരിശീലനം നല്കിയിരിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും. ഇവരില്‍ ഏകദേശം അയ്യായിരം പേര്‍ എവിടെയെങ്കിലുമൊക്കെ ജോലി ചെയ്യുന്നു, വളരെയധികം പേര്‍ സ്വയം തൊഴില്‍ കണ്ടെത്തലിലൂടെ മുന്നേറുന്നു. ‘ഹിമായത്’ എന്ന ഈ പരിപാടിയിലൂടെ സ്വന്തം ജീവിതം മാറ്റിമറിച്ച ഈ ആളുകളുടെ കേള്‍ക്കാന്‍ കിട്ടിയ കഥകള്‍, യഥാര്‍ഥത്തില്‍ ഹൃദയസ്പര്‍ശികളാണ്.

പര്‍വീണ്‍ ഫാത്തിമ, തമിഴ് നാട്ടിലെ തിരുപ്പൂര്‍ എന്ന സ്ഥലത്ത് ഗാര്‍മെന്റ് യൂണിറ്റില്‍ പ്രമോഷനു ശേഷം സൂപ്പര്‍വൈസര്‍ കം കോ ഓര്‍ഡിനേറ്ററായിരിക്കുന്നു. ഒരു വര്‍ഷം മുമ്പുവരെ അവര്‍ കാര്‍ഗിലിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത്. ഇന്ന് അവരുടെ ജീവിതത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു, ആത്മവിശ്വാസമുണ്ടായിരിക്കുന്നു- അവര്‍ സ്വാശ്രയത്വം നേടിയിരിക്കുന്നു, തന്റെ മുഴുവന്‍ കുടുംബത്തിന്റയും സാമ്പത്തികോന്നമനത്തിന് അവസരമുണ്ടാക്കിയിരിക്കുന്നു. പര്‍വീണ്‍ ഫാത്തിമയെപ്പോലെതന്നെ ഹിമായത് പരിപാടി ലേ-ലഡാക്കിലെ നിവാസികളായ മറ്റു പുത്രിമാരുടെയും വിധിയെ മാറ്റിമറിച്ചിരിക്കുന്നു. ഇവരെല്ലാം ഇന്ന് തമിഴ്‌നാട്ടിലെ അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇതേപോലെ ഹിമായത്, ഡോഡയിലെ ഫിയാസ് അഹമ്മദിനും വരദാനംപോലെയാണ് എത്തിയത്. ഫിയാസ് 2012 ല്‍ 12-ാം ക്ലാസ് പാസായെങ്കിലും രോഗം കാരണം പഠനം തുടരാനായില്ല. ഫിയാസ് രണ്ട് വര്‍ഷത്തോളം ഹൃദയരോഗവുമായി പോരാടി. ഇതിനിടയില്‍ അവന്റെ ഒരു സഹോദരനും സഹോദരിയും മരണമടഞ്ഞു. ഒരു തരത്തില്‍ അവന്റെ കുടുംബത്തിനുമേല്‍ കഷ്ടതകളുടെ മലയിടിച്ചില്‍ പോലെയായിരുന്നു. അവസാനം അവര്‍ക്ക് ഹിമായത്തില്‍ നിന്ന് സഹായം ലഭിച്ചു. ഹിമായതിലൂടെ Information Technology enabled services’ പരിശീലനം ലഭിച്ചു, ഇന്ന് അവന്‍ പഞ്ചാബില്‍ ജോലി ചെയ്യുന്നു.

ഫിയാസ് അഹമ്മദിന്റെ ഡിഗ്രി പഠനം കൂട്ടത്തില്‍ തുടര്‍ന്നു, ഇപ്പോഴത് പൂര്‍ത്തിയാകാന്‍ പോകുകയാണ്. അടുത്ത കാലത്ത് ഹിമായത്തിന്റെ ഒരു പരിപാടിയില്‍ അവനെ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ വിളിക്കുകയുണ്ടായി. സ്വന്തം കഥ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതുപോലെ അനന്തനാഗിലെ രകീബ്-ഉല്‍-റഹ്മാന് സാമ്പത്തിക ഞെരുക്കം കാരണം പഠനം പൂര്‍ത്തീകരിക്കാനായില്ല. ഒരു ദിവസം രകീബിന് തന്റെ ബ്ലോക്കില്‍ നടന്ന ഒരു മൊബിലൈസേഷന്‍ ക്യാമ്പിലൂടെ ഹിമായത് പരിപാടിയെക്കുറിച്ച് വിവരം കിട്ടി. രകീബ് വേഗം തന്നെ retail leader course ല്‍ ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തീകരിച്ച ശേഷം അദ്ദേഹം ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഹിമായത് മിഷനില്‍ നിന്ന് നേട്ടമുണ്ടാക്കിയ പ്രതിഭാശാലികളായ യുവാക്കളുടെ ഉദാഹരണങ്ങള്‍ ജമ്മു കശ്മീരില്‍ മാറ്റത്തിന്റെ പ്രതീകങ്ങളായിരിക്കുന്നു. ഹിമായത് പരിപാടി ഗവണ്‍മെന്റ്, ട്രെയിനിംഗ് പാര്‍ട്‌നര്‍, തൊഴില്‍ നല്കുന്ന കമ്പനികള്‍, ജമ്മു കാശ്മീരിലെ ജനങ്ങള്‍ എന്നിവര്‍ക്കിടയില്‍ ഒരു മെച്ചപ്പെട്ട പൊരുത്തത്തിന്റെ മികച്ച ഉദാഹരണമാണ്.

ഈ പരിപാടി ജമ്മു കാശ്മീരിലെ യുവാക്കളില്‍ ഒരു പുതിയ ആത്മവിശ്വാസമുണര്‍ത്തിയിരിക്കുന്നു, മുന്നേറാനുള്ള വഴിതെളിച്ചിരിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, 26-ാം തീയതി നാം ഈ ദശകത്തിലെ അവസാനത്തെ സൂര്യഗ്രഹണം കണ്ടു. ഒരു പക്ഷേ, ഈ സൂര്യഗ്രഹണം കാരണം മൈജിഒവി യില്‍ രിപുന്‍ വളരെ രസകരമായ ഒരു കമന്റ് ഇട്ടു. അദ്ദേഹം എഴുതുന്നു. –
നമസ്‌കാരം സര്‍. എന്റെ പേര് രിപുന്‍ എന്നാണ്. ഞാന്‍ വടക്കു കിഴക്ക് വസിക്കുന്ന ആളാണ്. എങ്കിലും ഈയിടെയായി ദക്ഷിണേന്ത്യയിലാണ് ജോലി ചെയ്യുന്നത്. ഒരു കാര്യം ഞാന്‍ അങ്ങയുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രദേശത്ത് ആകാശം സ്വച്ഛമായിരുന്നപ്പോള്‍ ഞങ്ങള്‍ മണിക്കൂറുകളോളം ആകാശത്ത് നക്ഷത്രങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നത് ഓര്‍മ്മയുണ്ട്. നക്ഷത്ര നിരീക്ഷണം എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോള്‍ ഞാനൊരു പ്രൊഫഷണലാണ്. ദിനചര്യയുടെ പ്രത്യേകത കാരണം ഇപ്പോള്‍ അതിനൊന്നും സമയം കണ്ടെത്താനാകുന്നില്ല. അതെക്കുറിച്ച് എന്തെങ്കിലും പറയുമോ സര്‍? വിശേഷിച്ചും ആസ്‌ട്രോണമി യുവാക്കളുടെയിടയില്‍ എങ്ങനെ പ്രചരിപ്പിക്കാം എന്നതിനെക്കുറിച്ച്?

പ്രിയപ്പെട്ട ജനങ്ങളേ, എനിക്ക് പല അഭിപ്രായങ്ങളും കിട്ടാറുണ്ട്. എങ്കിലും ഇതുപോലെ ഒരു അഭിപ്രായം ആദ്യമായിട്ടാണ് ലഭിക്കുന്നത്. ശാസ്ത്രത്തെക്കുറിച്ചും, അതിന്റെ പല തലങ്ങളെക്കുറിച്ചും വിശേഷിച്ച് യുവാക്കളുടെ ആഗ്രഹപ്രകാരം എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും ഈ വിഷയം ഇതുവരെ സ്പര്‍ശിച്ചിട്ടില്ല. ഇപ്പോള്‍ 26-ാം തീയതി സൂര്യഗ്രഹണം നടന്നുവെന്നതുകൊണ്ട് നിങ്ങള്‍ക്കും ഇക്കാര്യത്തില്‍ വിശേഷാല്‍ താത്പര്യമുണ്ടായിരിക്കും. എല്ലാ ജനങ്ങളും എന്റെ യുവസഹൃത്തുക്കളെപ്പോലെ ഞാനും യുവ തലമുറയുടെ ഉത്സാഹത്തോടെ സൂര്യഗ്രഹണം കാണാനാഗ്രഹിച്ചു. എന്നാല്‍ ഖേദമെന്നു പറയട്ടെ അന്ന് ദില്ലിയിലും പരിസരത്തും ആകാശം മേഘാവൃതമായിരുന്നതുകൊണ്ട് ആ ആനന്ദം അനുഭവിക്കാനായില്ല. എന്നാല്‍ കോഴിക്കോടും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കാണപ്പെട്ട സൂര്യഗ്രഹണത്തിന്റെ സുന്ദരചിത്രങ്ങള്‍ ടിവിയില്‍ കാണാന്‍ സാധിച്ചു. സൂര്യന്‍ തിളങ്ങുന്ന വളയംപോലെ കാണപ്പെട്ടു. അന്ന് എനിക്ക് ഈ വിഷയത്തിലെ വിദഗ്ധരോടു സംസാരിക്കാന്‍ അവസരം ലഭിച്ചു. അവര്‍ പറഞ്ഞത് ചന്ദ്രന്‍ ഭൂമിയോട് വളരെ അകലെ ആയതുകൊണ്ട് അതിന്റെ വലിപ്പം പൂര്‍ണ്ണമായും സൂര്യനെ മറയ്ക്കാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ്. അങ്ങനെ ഒരു വലയം പോലെ ആയി സൂര്യന്‍ കാണപ്പെടുന്നു. ഈ സൂര്യഗ്രഹണം, annular solar eclipse വലയഗ്രഹണം, കുണ്ഡലഗ്രഹണം എന്നും അറിയപ്പെടുന്നു. നാം ഭൂമിയില്‍ ജീവിച്ച് അന്തരീക്ഷത്തത്തില്‍ കറങ്ങുകയാണെന്ന കാര്യം നമ്മെ ഗ്രഹണം ഓര്‍മ്മിപ്പിക്കുന്നു. അന്തരീക്ഷത്തില്‍ സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ഖഗോളീയ പിണ്ഡങ്ങള്‍ പോലെ കറങ്ങിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ നിഴല്‍ കൊണ്ടാണ് നമുക്ക് ഗ്രഹണത്തിന്റെ വിവിധ രൂപങ്ങള്‍ കാണാന്‍ കിട്ടുന്നത്. സുഹൃത്തുക്കളേ, ഭാരതത്തില്‍ ജ്യോതിശാസ്ത്രം, അതായത് ഖഗോള വിജ്ഞാനത്തിന് വളരെ പ്രാചീനവും അഭിമാനകരവുമായ ചരിത്രമാണുള്ളത്. ആകാശത്തില്‍ തിളങ്ങുന്ന നക്ഷത്രങ്ങളുമായി നമുക്കുള്ള ബന്ധം നമ്മുടെ സംസ്‌കാരത്തോളം തന്നെ പുരാതനമാണ്. ഭാരതത്തിന്റെ വെവ്വേറെ ഇടങ്ങളില്‍ വളരെ മികച്ച, കാണേണ്ടതായ വാനനിരീക്ഷണ കേന്ദ്രങ്ങള്‍, ജന്തര്‍ മന്ദറുകളുണ്ടെന്നു നിങ്ങളില്‍ പലര്‍ക്കും അറിയമായിരിക്കും. ഈ ജന്തര്‍മന്ദറുകള്‍ക്ക് ആസ്‌ട്രോണമിയുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. മഹാനായ ആര്യഭടന്റെ വേറിട്ട പ്രതിഭയെക്കുറിച്ച് ആര്‍ക്കാണറിയാത്തത്. കാലക്രിയ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം സൂര്യഗ്രഹണത്തോടൊപ്പം ചന്ദ്രഗ്രഹണത്തെക്കുറിച്ചും വിശദമായി പറയുന്നുണ്ട്. അതും ദാര്‍ശനികവും ഗണിതപരവുമായ തലത്തില്‍ അത് നിര്‍വ്വഹിച്ചിരിക്കുന്നു. ഭൂമിയുടെ നിഴലിന്റെ കണക്ക് എങ്ങനെയാണ് കണ്ടെത്താനാവുക എന്ന് അദ്ദേഹം ഗണിതപരമായി വിശദീകരിച്ചിരിക്കുന്നു. അദ്ദേഹം ഗ്രഹണം എത്രനേരത്തേക്കുണ്ടെന്നും എത്രമാത്രമുണ്ടെന്നും കണക്കാക്കാനുള്ള വ്യക്തമായ അറിവ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഭാസ്‌കരന്‍ പോലുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഈ വീക്ഷണത്തെയും ഈ അറിവിനെയും വികസിപ്പിക്കാനുള്ള ശ്രമം വളരെയേറെ നടത്തിയിട്ടുണ്ട്. പിന്നീട് പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ സംഗമ ഗ്രാമത്തിലെ മാധവന്‍ ബ്രഹ്മാണ്ഡത്തിലെ ഗ്രഹങ്ങളുടെ സ്ഥിതി കണക്കാക്കുന്നതിന് കാല്‍കുലസ് ഉപയോഗിച്ചു. രാത്രിയില്‍ കാണുന്ന ആകാശം കേവലം ജിജ്ഞാസയ്ക്കുമാത്രമാല്ല വിഷയമായത് മറിച്ച് ഗണിതത്തിന്റെ വീക്ഷണത്തില്‍ ചിന്തിക്കുന്നവര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും ഒരു മഹത്തായ സ്രോതസ്സായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ‘Pre-Modern Kutchi Navigation Techniques and Voyages’, എന്ന പുസ്തകം പ്രകാശനം ചെയ്യുകയുണ്ടായി. ഈ പുസ്തകം ഒരു തരത്തില്‍ മാലം എന്നയാളിന്റെ ഡയറിയാണ്. മാലം ഒരു നാവികനെന്ന നിലയില്‍ എന്തനുഭവിച്ചുവോ അതിനെ തന്റെതായ രീതിയില്‍ ഡയറിയില്‍ എഴുതി വച്ചു. ആധുനിക യുഗത്തില്‍ ആ മാലമിന്റെ ഡയറി, പ്രാചീന നാവിഗേഷന്‍ സാങ്കേതികവിദ്യ വര്‍ണ്ണിക്കുന്ന ഗുജറാത്തിലെ കൈയെഴുത്തു പ്രതിയുടെ സംഗ്രഹത്തില്‍ ആകാശത്തിന്റെയും നക്ഷത്രങ്ങളുടെയും നക്ഷത്രങ്ങളുടെ നീക്കങ്ങളുടെയും വര്‍ണ്ണനയുണ്ട്. സമുദ്രത്തില്‍ യാത്ര ചെയ്യുമ്പോള്‍ നക്ഷത്രങ്ങളുടെ സഹായത്താല്‍ ദിശ നിശ്ചയിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു. നക്ഷത്രങ്ങള്‍ ലക്ഷ്യത്തിലെത്താനുള്ള വഴി കാട്ടുന്നു.

പ്രിയപ്പെട്ട ജനങ്ങളേ, ആസ്‌ട്രോണമിയുടെ മേഖലയില്‍ ഭാരതം വളരെ മുന്നിലാണ്. നമ്മുടെ ചുവടുവയ്പ്പുകള്‍ പുതിയ വഴികള്‍ വെട്ടിത്തുറക്കുന്നതാണ്. നമ്മുടെ പക്കല്‍ പൂനെയ്ക്കടുത്ത് അതിബൃഹത്തായ മീറ്റര്‍ വേവ് ടെലിസ്‌കോപ്പുണ്ട്. ഇതുമാത്രമല്ല, കൊടൈക്കനാല്‍, ഊട്ടി, ഗുരു ശിഖര്‍, ഹാന്‍ഡ്‌ലേ, ലഡാഖ് എന്നിവിടങ്ങളിലും ശക്തങ്ങളായ ടെലിസ്‌കോപ്പുകളുണ്ട്. 2016 ല്‍ ബെല്‍ജിയത്തിലെ അന്നത്തെ പ്രധാനമന്ത്രിയും ഞാനും നൈനിറ്റാളില്‍ 3.6 മീറ്റര്‍ Devasthal Optical Telescope ഉദ്ഘാടനം ചെയ്തു. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ടെലിസ്‌കോപ് എന്നാണ് പറയുന്നത്. ഐഎസ്ആര്‍ഒയുടെ പക്കല്‍ ആസ്‌ട്രോസാറ്റ് എന്ന പേരിലുള്ള ആസ്‌ട്രോണമിക്കല്‍ ടെലിസ്‌കോപ് ഉണ്ട്. സൂര്യനെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് ഐഎസ്ആര്‍ഒ ആദിത്യ എന്നു പേരുള്ള മറ്റൊരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഖഗോളവിജ്ഞാനത്തിന്റെ കാര്യത്തില്‍ നമ്മുടെ പ്രചീനമായ അറിവാണെങ്കിലും, ആധുനിക നേട്ടങ്ങളാണെങ്കിലും അവയെക്കുറിച്ച് നാം തീര്‍ച്ചയായും മനസ്സിലാക്കുകയും അഭിമാനിക്കുകയും വേണം. ഇന്നു നമ്മുടെ യുവ ശാസ്ത്രജ്ഞരില്‍ നമ്മുടെ ശാസ്ത്രചരിത്രം മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമല്ല ഉള്ളത് മറിച്ച് അവര്‍ ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെക്കുറിച്ചും വലിയ ഇച്ഛാശക്തി വച്ചുപുലര്‍ത്തുന്നവരാണ്.

നമ്മുടെ രാജ്യത്തെ പ്ലാനറ്റേറിയങ്ങള്‍ (നക്ഷത്രബംഗ്ലാവുകള്‍) രാത്രിയിലെ ആകാശത്തെ മനസ്സിലാക്കുന്നതിനൊപ്പം നക്ഷത്രനിരീക്ഷണത്തിന്റെ ഔത്സുക്യം വികസിക്കുന്നതിന് പ്രോത്സാഹനമേകുകയും ചെയ്യുന്നു. പലരും അമച്വര്‍ ടെലസ്‌കോപ്പുകള്‍ ടെറസ്സിലോ ബാല്‍ക്കണിയിലോ വയ്ക്കുകയും ചെയ്യുന്നു. ആസ്‌ട്രോണമി ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന പല സ്‌കൂളുകളും കോളജുകളുമുണ്ട്. ഇത് വളര്‍ത്തേണ്ട ശീലമാണ്.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ക്ഷേത്രമെന്നാണ് നാം പറയുന്നത്. ഒരു കാര്യം ഞാനിന്ന് വളരെ അഭിമാനത്തോടെ പറയാനാഗ്രഹിക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുത്തു വിട്ട പ്രതിനിധികള്‍ കഴിഞ്ഞ 60 വര്‍ഷത്തെ നമ്മുടെ നേട്ടത്തെ കടത്തിവെട്ടിയിരിക്കുന്നു. കഴിഞ്ഞ ആറു മാസത്തില്‍ പതിന്നേഴാം ലോക്‌സഭയുടെ രണ്ടു സഭകളും വളരെ ക്രിയാത്മകമായിരുന്ന്‌നു. ലോക്‌സഭ 114 ശതമാനം പ്രവര്‍ത്തിച്ചു, രാജ്യസഭ 94 ശതമാനം പ്രവര്‍ത്തിച്ചു. ഇതിനുമുമ്പ് ബജറ്റ് സമ്മേളനത്തില്‍ ഏകദേശം 135 ശതമാനം പ്രവര്‍ത്തിച്ചു. രാത്രി വൈകുന്നതുവരെ സഭ നടന്നു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഇക്കാര്യത്തില്‍ അഭിനന്ദനത്തിന് അര്‍ഹരാണ് എന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്. നിങ്ങള്‍ തിരഞ്ഞെടുത്തയച്ചിരിക്കുന്ന പ്രതിനിധികള്‍ എട്ടു വര്‍ഷത്തെ എല്ലാ റെക്കാഡുകളും ഭേദിച്ചിരിക്കുന്നു. ഇത്രയും കാര്യം നടക്കുന്നത് ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ ശക്തിയും ജനാധിപത്യത്തോടുള്ള കൂറും പരിചയപ്പെടുത്തുന്നതാണ്. ഞാന്‍ രണ്ടു സഭകളുടെയും അധ്യക്ഷന്മാരെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും എല്ലാ പാര്‍ലമെന്റംഗങ്ങളെയും ഈ സജീവമായ പങ്കിന്റെ പേരില്‍ വളരെ വളരെ അഭിനന്ദിക്കുവാനാഗ്രഹിക്കുന്നു.

പ്രിയപ്പെട്ട ജനങ്ങളേ, സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവയുടെ ഗതി ഗ്രഹണം മാത്രമല്ല നിശ്ചയിക്കുന്നത്, മറിച്ച് ഇതുമായി മറ്റു പല കാര്യങ്ങളും ബന്ധപ്പെട്ടിരിക്കുന്നു. സൂര്യന്റെ ഗതിയെ അടിസ്ഥാനമാക്കി ജനുവരിയുടെ മധ്യത്തില്‍ ഭാരതത്തിലെങ്ങും പല ഉത്സവങ്ങള്‍ ആഘോഷിക്കപ്പെടുമെന്നു നമുക്കറിയാം. പഞ്ചാബ് മുതല്‍ തമിഴ്‌നാടുവരെയും ഗുജറാത്ത് മുതല്‍ അസം വരെയും ആളുകള്‍ അനേകം ഉത്സവങ്ങള്‍ ആഘോഷിക്കും. ജനുവരിയില്‍ വളരെ കെങ്കേമമായി മകരസംക്രാന്തിയും ഉത്തരായനും ആഘോഷിക്കും. ഇതിനെ ഊര്‍ജ്ജത്തിന്റെ പ്രതീകമെന്നും കരുതുന്നു. ഈ അവസരത്തില്‍ത്തന്നെ പഞ്ചാബില്‍ ലോഹ്ഡി, തമിഴ്‌നാട്ടില്‍ പൊങ്കല്‍, അസമില്‍ മാഘ-ബിഹു എന്നിവയും ആഘോഷിക്കും. ഈ ഉത്സവങ്ങള്‍ കര്‍ഷകരുടെ സമൃദ്ധിയും വിളവുകളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഈ ഉത്സവങ്ങള്‍ നമ്മെ ഭാരതത്തിന്റെ ഐക്യം, ഭാരതത്തിന്റെ വൈവിധ്യം എന്നിവയെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നു. പൊങ്കലിന്റെ അവസാന ദിവസം മഹാനായ തിരുവള്ളുവരുടെ ജയന്തി ആഘോഷിക്കാനുള്ള സൗഭാഗ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്കു ലഭിക്കുന്നു. ഈ ദിനം മഹാനായ എഴുത്തുകാരനും ചിന്തകനുമായ തിരുവള്ളുവര്‍ജിക്ക് അവരുടെ ജീവിതത്തിന് സമര്‍പ്പിക്കുന്നു.

പ്രിയപ്പെട്ട ജനങ്ങളേ, 2019 ലെ അവസാനത്തെ മന്‍ കീ ബാത് ആണ് ഇത്. 2020 ല്‍ നമുക്ക് വീണ്ടും കാണാം. പുതുവര്‍ഷം, പുതിയ ദശകം, പുതിയ തീരുമാനങ്ങള്‍, പുതിയ ശക്തി, പുതിയ ഉത്സാഹം, പുതിയ ആവേശം ഒക്കെയുമായി നമുക്കു മുന്നേറാം. തീരുമാനങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിവ് സംഭരിച്ചുകൊണ്ട് പോകാം. ദൂരമേറെ പോകാനുണ്ട്, വളരെയേറെ ചെയ്യാനുണ്ട്, രാജ്യത്തിന് പുതിയ ഉയരങ്ങളില്‍ എത്താനുണ്ട്. 130 കോടി ജനങ്ങളുടെ പുരുഷാര്‍ത്ഥത്തിന്റെ ബലത്തില്‍, സാമര്‍ഥ്യത്തിന്റെ ബലത്തില്‍, അവരുടെ തീരുമാനങ്ങളുടെ ബലത്തില്‍, അപാരമായ ആദരവര്‍പ്പിച്ചുകൊണ്ട് വരൂ നമുക്ക് മുന്നേറാം. വളരെ വളരെ നന്ദി, വളരെ വളരെ ശുഭാശംസകള്‍.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.