സാമ്പത്തിക ലോകത്തെ സ്വാധീനശേഷിയുള്ള ഒരു ശബ്ദമായ സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി ധര്‍മ്മന്‍ ഷണ്മുഖസുന്ദരം, ഫിന്‍ടെക്ക് മേഖലയിലെ ഒരു സമുന്നത സ്ഥാപനമായ സിംഗപ്പൂര്‍ മോണിട്ടറി അതോറിറ്റിയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. രവി മേനോന്‍, നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികളെ,
നമസ്‌കാരം !
സിംഗപ്പൂര്‍ ഫിന്‍ടെക്ക് ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ ഗവണ്‍മെന്റ് തലവനാകാന്‍ കഴിയുക ഒരു വലിയ ബഹുമതിയാണ്.
ഭാവിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഇന്ത്യന്‍ യുവത്വത്തിനുള്ള സ്ത്യുതുപഹാരം കൂടിയാണിത്.
ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന, 1.3 ബില്യണ്‍ ജനങ്ങളുടെ ജീവിതങ്ങളെ പരിവര്‍ത്തനവിധേയമാക്കുന്ന സാമ്പത്തിക വിപ്ലവത്തിനുള്ള അംഗീകാരമാണിത്.
ഇത് സമ്പത്തിന്റെയും സാങ്കേതിക വിദ്യയുടേയും പരിപാടിയാണ്. ഒപ്പം ഉത്സവവും കൂടിയാണ്.
ദീപങ്ങളുടെ ഇന്ത്യന്‍ ഉത്സവമായ ദീപാവലിയുടെ കാലമാണിത്. സദ് ഗുണങ്ങള്‍, പ്രത്യാശ, വിജ്ഞാനം, സമൃദ്ധി എന്നിവയുടെ വിജയമായിട്ടാണ് ഇത് ലോകമെങ്ങും ആഘോഷിക്കപ്പെടുന്നത്. സിംഗപ്പൂരില്‍ ദീപാവലി വിളക്കുകള്‍ ഇപ്പോഴും പ്രകാശിക്കുന്നു.
ഫിന്‍ടെക്ക് ഫെസ്റ്റിവലും വിശ്വാസത്തിന്റെ ആഘോഷമാണ്.
നവീന ആശയങ്ങളുടേയും ഭാവനാശക്തിയുടേയും ചേതനയിലുള്ള വിശ്വാസമാണ്.
യുവതയുടെ ഊര്‍ജ്ജത്തിലും മാറ്റത്തിനുള്ള അവരുടെ അഭിനിവേശത്തിലുമുള്ള വിശ്വാസം.
ലോകത്തെ മെച്ചപ്പെട്ട ഒരു സ്ഥലമാക്കി മാറ്റാമെന്ന വിശ്വാസം.
മൂന്നാംവട്ടമായപ്പോള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഉത്സവമായി ഇത് മാറിയതില്‍ അത്ഭുതമില്ല.
സിംഗപ്പൂര്‍ നേരത്തെ തന്നെ സമ്പത്തിന്റെ ആഗോള കേന്ദ്ര ബിന്ദുവായിരുന്നു. ഇപ്പോഴത് സമ്പദ്ഘടനയുടെ ഡിജിറ്റല്‍ ഭാവിയിലേക്ക് കുതിക്കുന്നു.
ഇവിടെയാണ് ഇക്കൊല്ലം ജൂണില്‍ ഞാന്‍ ഇന്ത്യയുടെ റുപേ കാര്‍ഡും, ഇന്ത്യയുടെ ലോകോത്തര യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് അഥവാ യു.പി.ഐ ഉപയോഗിച്ചുള്ള ആദ്യ അന്താരാഷ്ട്ര പണം അടവ് മൊബൈല്‍ ആപും ഉദ്ഘാടനം ചെയ്തത്.
ഇന്ന് ഫിന്‍ടെക്ക് സ്ഥാപനങ്ങളേയും ധനകാര്യ സ്ഥാപനങ്ങളേയും ബന്ധിപ്പിക്കുന്ന ആഗോള പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്യാനുള്ള ബഹുമതി എനിക്കാണ് ലഭിച്ചത്. തുടക്കത്തില്‍ ആസിയാനും, ഇന്ത്യന്‍ ബാങ്കുകളും, ഫിന്‍ടെക്ക് കമ്പനികളും തമ്മിലായിരിക്കും ബന്ധപ്പെടുത്തുക.
ഇന്ത്യയുടേയും ആസിയാന്റേയും ചെറുകിട ഇടത്തരം സംരംഭങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഇന്ത്യന്‍ പ്ലാറ്റ്‌ഫോമിനായി ഇന്ത്യയും സിംഗപ്പൂരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ പിന്നീട് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കും.
സുഹൃത്തുക്കളെ,
സ്റ്റാര്‍ട്ട് അപ് വൃത്തങ്ങളില്‍ ഒരു ഉപദേശം പ്രചരിക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.
· നിങ്ങളുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് 10 ശതമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിക്ഷേപകരോട് പറയണം ഒരു സ്ഥിരം ബിസിനസിന് പകരം ഒരു 'പ്ലാറ്റ്‌ഫോ'മാണ് നിങ്ങള്‍ നടത്തുന്നതെന്ന്.
· നിങ്ങളുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് 20 ശതമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നിക്ഷേപകരോട് പറയണം നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് 'ഫിന്‍ടെക്ക് ഇട'ത്തിലാണെന്ന്.
· പക്ഷേ നിങ്ങള്‍ക്ക് ശരിക്കും നിക്ഷേപകരുടെ കീശ കാലിയാക്കണമെങ്കില്‍, നിങ്ങള്‍ 'ബ്ലോക്ക് ചെയിന്‍' ആണ് ഉപയോഗിക്കുന്നതെന്ന് അവരോട് പറയണം.
സാമ്പത്തിക ലോകം മാറ്റിമറിക്കുന്നതിന് ഉദിച്ചുയരുന്ന സാങ്കേതികവിദ്യകളുടെ ആവേശവും വാഗ്ദാനങ്ങളുമാണ് അത് നിങ്ങളോട് പറയുന്നത്.
തീര്‍ച്ചയായും പുതിയ സാങ്കേതികവിദ്യകളും, കണക്ടിവിറ്റിയും ആദ്യം ഉപയോഗിക്കുന്നത് ധനകാര്യമേഖലയാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
സാങ്കേതികവിദ്യ വരുത്തിയ ചരിത്രപരമായ പരിണാമത്തിന്റെ കാലഘട്ടത്തിലാണ് ഇന്ന് നാം ഉള്ളത്.
ഡെസ്‌ക്‌ടോപ്പ് മുതല്‍ ക്ലൗഡ് വരെയും, ഇന്റര്‍നെറ്റ് മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ വരെയും, ഐ.ടി സേവനങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് വരെ ചെറിയൊരു കാലത്തിനിടെ നാം ബഹുദൂരം താണ്ടിക്കഴിഞ്ഞു.
ആഗോള സമ്പദ്ഘടനയുടെ സ്വഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്.
പുതിയ ലോകത്ത് മത്സരക്ഷമതയേയും ശക്തിയേയും നിര്‍വ്വചിക്കുന്നത് സാങ്കേതികവിദ്യയാണ്.
ജീവിതങ്ങള്‍ പരിവര്‍ത്തിപ്പിക്കാന്‍ അനന്തമായ അവസരങ്ങളാണ് അത് സൃഷ്ടിക്കുന്നത്.
ഫേയ്‌സ്ബുക്കും, ട്വിറ്ററും, മൊബൈല്‍ ഫോണുകളും പ്രചരിച്ച അതേവേഗതയില്‍ വികസനത്തേയും ശാക്തീകരണത്തേയും നമുക്ക് പ്രചരിപ്പിക്കാനാവുമെന്ന് 2014-ല്‍ ഞാന്‍ ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞതാണ്.
ലോകമെങ്ങും ഈ ദര്‍ശനം ധൃതഗതിയില്‍ യാഥാര്‍ത്ഥ്യമായി ക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ അത് ഭരണനിര്‍വ്വഹണത്തേയും പൊതുസേവന വിതരണത്തേയും മാറ്റിമറിച്ചു. അത് നവീന ആശയങ്ങളും, പ്രതീക്ഷയും, അവസരങ്ങളും കെട്ടഴിച്ച് വിട്ടു. അത് ദുര്‍ബലരെ ശാക്തീകരിക്കുകയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തു. ധനകാര്യ പ്രാപ്യത അത് കൂടുതല്‍ ജനാധിപത്യവല്കരിച്ചു.
ഏറ്റവും വിദൂരസ്ഥ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ട വ്യക്തി ഉള്‍പ്പെടെ ഓരോ പൗരന്റേയും ജീവിതത്തെ സ്പര്‍ശിക്കുന്ന, ഏവരേയും ഉള്‍ക്കൊള്ളുന്ന വികസനം എന്ന ദൗത്യവുമായിട്ടാണ് 2014-ല്‍ എന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്.
എല്ലാവരേയും സാമ്പത്തികമായി ഉള്‍ക്കൊള്ളിക്കുകയെന്ന ആ ദൗത്യത്തിന് ശക്തമായ ഒരു അടിത്തറ വേണ്ടിയിരുന്നു. ഇന്ത്യയുടേതുപോലെ വലിപ്പമുള്ള ഒരു രാജ്യത്തിന് അത് അത്ര എളുപ്പമുള്ള ജോലിയല്ലായിരുന്നു.
മാമൂല്‍ പ്രകാരമുള്ള വിവേകം വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് ഉപദേശിച്ചെങ്കിലും, മാസങ്ങള്‍ക്കുള്ളില്‍ ഇത് ഞങ്ങള്‍ക്ക് നേടണമായിരുന്നു.
സാമ്പത്തിക സാങ്കേതിക വിദ്യയുടെ ശക്തിയും, ഡിജിറ്റല്‍ കണക്ടിവിറ്റിയുടെ വ്യാപനവും ഉപയോഗിച്ച് ഇദപര്യന്തമില്ലാത്തത്ര വേഗതയിലും, തോതിലും ഒരു വിപ്ലവത്തിന് ഞങ്ങള്‍ തുടക്കമിട്ടു.
തുടക്കത്തില്‍ 1.3 ബില്യണ്‍ ഇന്ത്യാക്കാര്‍ക്ക് സാമ്പത്തിക ഉള്‍ക്കൊള്ളല്‍ ഒരു യാഥാര്‍ത്ഥ്യമായി. ഏതാനും വര്‍ഷം കൊണ്ട് ആധാര്‍ അഥവാ അടിത്തറ എന്ന പേരില്‍ 1.2 ബില്യണ്‍ ബയോമെട്രിക് ഐഡന്റിറ്റികള്‍ ഞങ്ങള്‍ സൃഷ്ടിച്ചു.
ഞങ്ങളുടെ ജന്‍ധന്‍ യോജനയിലൂടെ ഓരോ ഇന്ത്യാക്കാരനും ഒരു ബാങ്ക് അക്കൗണ്ട് നല്‍കാന്‍ ഞങ്ങള്‍ ലക്ഷ്യമിട്ടു. മൂന്ന് വര്‍ഷം കൊണ്ട് ഞങ്ങള്‍ 330 ദശലക്ഷം പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇവ 330 ദശലക്ഷം വ്യക്തിത്വങ്ങളുടേയും, അന്തസ്സിന്റേയും, അവസരങ്ങളുടേയും സ്രോതസ്സാണ്.
2014-ല്‍ 50 ശതമാനത്തില്‍ താഴെ ഇന്ത്യാക്കാര്‍ക്ക് മാത്രമേ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നുള്ളൂ ; ഇപ്പോഴത് ഏകദേശം സാര്‍വ്വജനീനമാണ്.
ഇന്ന് ഒരു ബില്യണിലധികം ബയോമെട്രിക് ഐഡന്റിറ്റികള്‍, ഒരു ബില്യണിലധികം ബാങ്ക് അക്കൗണ്ടുകള്‍, ഒരു ബില്യണിലധികം സെല്‍ഫോണുകള്‍ എന്നിവ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പൊതുഅടിസ്ഥാന സൗകര്യ രാജ്യമായി മാറ്റിയിരിക്കുന്നു.
3.6 ലക്ഷം കോടി രൂപയിലധികം അഥവാ 50 ബില്യണ്‍ ഡോളറിന്റെ ആനുകൂല്യങ്ങളാണ് ഗവണ്‍മെന്റില്‍ നിന്ന് ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമായിട്ടുള്ളത്.
ഇന്ന് ഒരു വിദൂരസ്ഥ ഗ്രാമത്തിലെ പാവപ്പെട്ട പൗരന് തന്റെ അവകാശങ്ങള്‍ നേടുന്നതിനായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടതായോ ഇടനിലക്കാര്‍ക്ക് കൈക്കൂലി കൊടുക്കേണ്ടതായിട്ടോ ഇല്ല.
വ്യാജ അക്കൗണ്ടുകള്‍ ഇപ്പോള്‍ ഗവണ്‍മെന്റിന്റെ സമ്പത്ത് ചോര്‍ത്തുന്നില്ല. ചോര്‍ച്ചകള്‍ അടച്ചതുവഴി 80,000 കോടിയിലധികം രൂപ അഥവാ 12 ബില്യണ്‍ ഡോളര്‍ ഞങ്ങള്‍ ലാഭിച്ചു.
ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ വക്കില്‍ ജീവിക്കുന്ന ദശലക്ഷങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളില്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നു. ഒപ്പം അവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്റെ സുരക്ഷിതത്വവും കിട്ടുന്നു.
ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ സ്‌കോളര്‍ഷിപ്പ് തുക സ്വന്തം അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുന്നു. അന്തമില്ലാത്ത കടലാസ് ജോലികള്‍ക്ക് പുറകേ ഓടേണ്ടതില്ല.
ആധാര്‍ അധിഷ്ഠിതമായ 400,000 മൈക്രോ എ.ടി.എമ്മുകള്‍ വഴി വിദൂരസ്ഥ ഗ്രാമങ്ങളില്‍ പോലും ബാങ്കിംഗ് വീട്ടുപടിക്കല്‍ എത്തിക്കഴിഞ്ഞു.
ഇപ്പോള്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സഹായിച്ചു. 500 ദശലക്ഷം ഇന്ത്യാക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ആയുഷ്മാന്‍ ഭാരത് പ്രദാനം ചെയ്യും.
മുദ്ര പദ്ധതിയിലൂടെ ചെറുകിട സംരംഭകര്‍ക്ക് 145 ദശലക്ഷം വായ്പകള്‍ നല്‍കാന്‍ അത് സഹായിച്ചു. നാല് വര്‍ഷം കൊണ്ട് അത് 6.5 ലക്ഷം കോടി രൂപ അഥവാ 90 ബില്യണ്‍ ഡോളറായി. ഈ വായ്പകള്‍ 75 ശതമാനവും വനിതകള്‍ക്കാണ് നല്‍കിയത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന് തുടക്കമിട്ടു. രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തി അമ്പതിനായിരത്തില്‍ അധികം പോസ്റ്റോഫീസുകളും, 300,000 തപാല്‍ ജീവനക്കാരും വീട് തോറുമുള്ള ബാങ്കിംഗിനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ്.
തീര്‍ച്ചയായും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഡിജിറ്റല്‍ കണക്ടിറ്റിവിറ്റി ആവശ്യമാണ്.
300,000 ത്തിലധികം പൊതുസേവന കേന്ദ്രങ്ങള്‍ ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ കണക്ടിവിറ്റി ലഭ്യമാക്കി. ഭൂരേഖകള്‍, വായ്പ, ഇന്‍ഷുറന്‍സ്, വിപണി, മികച്ച വില എന്നിവയെ കുറിച്ചൊക്കെ അവ നമ്മുടെ കര്‍ഷകര്‍ക്ക് അറിവ് പകര്‍ന്നു. വനിതകള്‍ക്ക് ആരോഗ്യസേവനങ്ങളും ശുചിത്വ ഉല്പന്നങ്ങളും അവയിലൂടെ ലഭ്യമാക്കി. സാമ്പത്തിക സാങ്കേതിക വിദ്യയിലൂടെയുള്ള ഏറ്റവും വലിയ മാറ്റമായ ഡിജിറ്റല്‍വല്കരണം ഇന്ത്യയിലെ പണമിടപാടുകളില്‍ കൊണ്ടുവന്നില്ലായിരുന്നുവെങ്കില്‍ ഈ മാറ്റങ്ങളൊന്നും ഫലപ്രദമാകുമായിരുന്നില്ല.
വിഭിന്നമായ സാഹചര്യങ്ങളുടേയും വെല്ലുവിളികളുടേയും ഒരു രാഷ്ട്രമാണ് ഇന്ത്യ. നമ്മുടെ പരിഹാരങ്ങളും വ്യത്യസ്തമായിരിക്കും. നമ്മുടെ ഡിജിറ്റല്‍വല്കരണം വിജയകരമായതിന് കാരണം നമ്മുടെ പണമടവ് ഉല്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമായതുകൊണ്ടാണ്.
മൊബൈലും ഇന്റര്‍നെറ്റും ഉള്ളവര്‍ക്ക് ഒരു വെര്‍ച്വല്‍ പേയ്‌മെന്റ് വിലാസത്തിലൂടെ രണ്ട് അക്കൗണ്ടുകള്‍ തമ്മില്‍ പണമിടപാട് നടത്താന്‍ ലോകത്തെ ഏറ്റവും അത്യാധുനികവും, ലളിതവും, തടസ്സമില്ലാത്തതുമായ ഒരു വേദിയാണ് ഭീം -യു.പി.ഐ.
മൊബൈല്‍ ഉണ്ട് എന്നാല്‍ ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കായി യു.എസ്.എസ്.ഡി സംവിധാനം 12 ഭാഷകളിലായിട്ടുണ്ട്.
മൊബൈലും ഇന്റര്‍നെറ്റും ഇല്ലാത്തവര്‍ക്ക് ബയോമെട്രിക്‌സ് ഉപയോഗിക്കുന്ന ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനമുണ്ട്. ഇതിനകം ഒരു ബില്യണ്‍ ഇടപാടുകള്‍ ഇതിലൂടെ നടത്തി രണ്ട് വര്‍ഷം കൊണ്ട് ആറ് മടങ്ങ് വളര്‍ച്ച കൈവരിച്ചു.
റുപേ പേയ്‌മെന്റ് കാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാണ്. ഇവരില്‍ 250 ദശലക്ഷത്തിലധികം പേര്‍ നാല് വര്‍ഷം മുമ്പ് ഒരു ബാങ്ക് അക്കൗണ്ടുപോലും ഇല്ലാതിരുന്നവരാണ്.
കാര്‍ഡുകള്‍ മുതല്‍ ക്യു.ആര്‍ കോഡുകളും, വാലറ്റുകളും വരെ ഇന്ത്യയില്‍ ഡിജിറ്റല്‍ ക്രയവിക്രയങ്ങള്‍ ദ്രുതഗതിയില്‍ വളരുകയാണ്. ഇന്ന് 128 ബാങ്കുകള്‍ യു.പി.ഐ യുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
യു.പി.ഐ യിലെ ഇടപാടുകള്‍ കഴിഞ്ഞ 24 മാസത്തിനിടെ 1500 മടങ്ങ് വളര്‍ന്നു. ഓരോ മാസവും ഇടപാട് മൂല്യത്തില്‍ 30 ശതമാനത്തിലേറെ വര്‍ധനയുണ്ട്.
ഡിജിറ്റല്‍ പേയ്‌മെന്റ് നല്‍കുന്ന വേഗതയേക്കാള്‍ അത് ഉല്പാദിപ്പിക്കുന്ന അവസരങ്ങളും, കാര്യക്ഷമതയും, സുതാര്യതയും, സൗകര്യവുമാണ് എന്നെ പ്രചോദിപ്പിക്കുന്നത്.
ഒരു കടക്കാരന് ഓണ്‍ലൈന്‍ വഴി തന്റെ ചരക്ക് പട്ടിക കുറയ്ക്കാനും വരവിന്റെ വേഗത വര്‍ദ്ധിപ്പിക്കാനും കഴിയും.
ഒരു ഗ്രാമീണ കര്‍ഷകനോ, കരകൗശല പണിക്കാരനോ വിപണികള്‍ നേരിട്ടുള്ളതും അടുത്തുള്ളവയുമാകുന്നു, വരുമാനം വര്‍ദ്ധിക്കുന്നു, പണമിടപാടുകള്‍ വേഗത്തിലാകുന്നു.
ഒരു പണിക്കാരന് വേതനം കിട്ടുന്നതോ വീട്ടിലേക്ക് പണം അയയ്ക്കുന്നതോ ഒരു ദിവസത്തെ ജോലി കളയാതെ തന്നെ വേഗത്തിലാക്കിയിരിക്കുന്നു.
ഓരോ ഡിജിറ്റല്‍ പണമിടപാടും സമയം ലാഭിക്കുന്നു. അത് വന്‍ ദേശീയ സമ്പാദ്യത്തിന് മുതല്‍ക്കൂട്ടുന്നു. വ്യക്തികളുടേയും സമ്പദ്ഘടനയുടേയും ഉല്പാദനക്ഷമതയേയും അത് വര്‍ദ്ധിപ്പിക്കുന്നു.
നികുതി പിരിവ് മെച്ചപ്പെടുത്താനും സമ്പദ്ഘടനയില്‍ നീതി കൊണ്ടുവരാനും അത് സഹായിക്കുന്നു.
കൂടാതെ സാധ്യതകളുടെ ഒരു ലോകത്തിലേയ്ക്കുള്ള ഒരു വാതായനം കൂടിയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍.
ഡാറ്റാ അനലറ്റിക്‌സും, നിര്‍മ്മിത ബുദ്ധിയും ജനങ്ങള്‍ക്ക് മൂല്യവര്‍ദ്ധിത സേവനങ്ങളുടെ ഒരു വന്‍ നിര കെട്ടിപ്പടുക്കാന്‍ ഞങ്ങളെ സഹായിക്കുന്നു. ചരിത്രത്തില്‍ ഇതുവരെ വായ്പ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് അത് ലഭ്യമാക്കിയ തും ഇതില്‍ ഉള്‍പ്പെടും.
സാമ്പത്തിക ഉള്‍ച്ചേരല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് രാജ്യമൊട്ടാകെ ആരംഭിച്ച ചരക്ക് സേവന നികുതി ഡിജിറ്റല്‍ ശൃംഖലയില്‍ അവരെല്ലാം ഉള്‍പ്പെടും.
ബാങ്കുകള്‍ വായ്പയുമായി അവരെ സമീപിക്കുകയാണ്. ബദല്‍ വായ്പാ വേദികള്‍ കൂടുതല്‍ നൂതനങ്ങളായ സാമ്പത്തിക മാതൃകകള്‍ മുന്നോട്ട് വയ്ക്കുന്നു. ഉയര്‍ന്ന പലിശ നിരക്കില്‍ അനൗപചാരിക വിപണിയില്‍ നിന്നുള്ള വായ്പകള്‍ക്കായി അവര്‍ക്കിനി കാത്തിരിക്കേണ്ടതില്ല.
സംരംഭങ്ങളേയും, തൊഴിലിനേയും, സമൃദ്ധിയേയും നയിക്കാനുള്ള സാമ്പത്തിക സാങ്കേതിക വിദ്യയുടെ ശക്തിയാണിത്.
ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റിംഗ് സംവിധാനമായ ജെം പോലുള്ള വനൂതന ആശയങ്ങളിലൂടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അഴിമതി ഇല്ലാതാക്കി സുതാര്യത ഉറപ്പുവരുത്തുകയാണ്. ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംയോജിത പ്ലാറ്റ്‌ഫോമാണ് ജെം.
തിരയല്‍, താരതമ്യം ചെയ്യല്‍, ലേലം, ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ കൊടുക്കല്‍, കരാര്‍ തയ്യാറാക്കല്‍, പണമടവ് തുടങ്ങി എല്ലാം അതിലുള്‍പ്പെടും.
ഏകദേശം 600,000 ഉല്പന്നങ്ങള്‍ ഇപ്പോള്‍ ഇതിലുണ്ട്. ഏകദേശം 30,000 വാങ്ങല്‍ സംഘടനകളും 150,000 ത്തിലധികം വില്പനക്കാരും സേവനദാതാക്കളും ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയില്‍ സാമ്പത്തിക സാങ്കേതിക വിദ്യയുടെയും സംരംഭങ്ങളുടേയും ഒരു വിസ്‌ഫോടനം തന്നെയാണ് നടന്നിട്ടുള്ളത്. അത് ഇന്ത്യയെ ലോകത്തെ തന്നെ പ്രമുഖ ഫിന്‍ടെക്ക്, സ്റ്റാര്‍ട്ട് അപ്പ് രാജ്യമാക്കി മാറ്റി. സാമ്പത്തിക സാങ്കേതിക വിദ്യയുടേയും നാലാം വ്യാവസായിക വിപ്ലവത്തിന്റേയും ഭാവി ഇന്ത്യയില്‍ ഉരുത്തിരിഞ്ഞ് വരികയാണ്.
എല്ലാവര്‍ക്കും കടലാസ് രഹിത, കറന്‍സി രഹിത അതേസമയം സുരക്ഷിതമായ ഇടപാടുകള്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഞങ്ങളുടെ യുവജനങ്ങള്‍ ആപ്പുകള്‍ വികസിപ്പിക്കുകയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേയ്‌സ് എന്നതാണ് ഇന്ത്യാ സഞ്ചയത്തിന്റെ അത്ഭുതം.
ബാങ്കുകള്‍, ധനകാര്യ നിയന്ത്രണ സ്ഥാപനങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, മെഷീന്‍ ലേണിംഗ് മുതലായവ വഴി പരിഹാരങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഒപ്പം തന്നെ അവര്‍ രാജ്യത്തിന്റെ സാമൂഹ്യ ദൗത്യങ്ങളേയും പുണരുന്നുണ്ട് – ആരോഗ്യവും വിദ്യാഭ്യാസവും മുതല്‍ മൈക്രോ ക്രെഡിറ്റും ഇന്‍ഷുറന്‍സും വരെ.
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മുതലായ ഉദ്യമങ്ങള്‍ സൃഷ്ടിച്ച പരിസ്ഥിതിയും, സഹായകമായ നയങ്ങളും ആനുകൂല്യങ്ങളും, സാമ്പത്തിക സഹായ പരിപാടികളും ഇന്ത്യയിലെ ഈ ബൃഹത്തായ പ്രതിഭാശ്രേണിയെ സഹായിച്ചു.
ലോകത്തെ ഏറ്റവും വലിയ ഡാറ്റാ ഉപഭോഗ രാജ്യമാകാനും ഏറ്റവും കുറഞ്ഞ ഡാറ്റാ നിരക്കുള്ള രാജ്യമാകാനും ഇത് ഇന്ത്യയെ സഹായിച്ചു. ഒപ്പം ധനകാര്യ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന രാജ്യങ്ങളുടെ മുന്‍നിരയില്‍ എത്തിക്കാനും. അതുകൊണ്ട് എല്ലാ ധനകാര്യ സാങ്കേതിക വിദ്യാ കമ്പനികളോടും സ്റ്റാര്‍ട്ട് അപ്പുകളോടും ഞാന്‍ പറയും ഇന്ത്യയാണ് നിങ്ങളുടെ ഏറ്റവും മികച്ച ലക്ഷ്യ സ്ഥാനം.
എല്‍.ഇ.ഡി ബള്‍ബ് വ്യവസായത്തില്‍ ഇന്ത്യ കൈവരിച്ച ഉയര്‍ച്ച ഈ ഊര്‍ജ്ജ കാര്യക്ഷമതാ സാങ്കേതിക വിദ്യയെ ആഗോളതലത്തില്‍ കൂടുതല്‍ താങ്ങാവുന്ന നിരക്കിലുള്ളതാക്കി.
സുഹൃത്തുക്കളെ
ചുരുക്കത്തില്‍ സാമ്പത്തിക സാങ്കേതിക വിദ്യയുടെ ആറ് വന്‍ പ്രയോജനങ്ങളാണ് ഇന്ത്യയുടെ കഥ കാണിക്കുന്നത് : ലഭ്യത, ഉള്‍ചേര്‍ക്കല്‍, കണക്ടിവിറ്റി, ആയാസരഹിതമായ ജീവിതം, അവസരങ്ങള്‍, ഉത്തരവാദിത്തം.
ലോകത്തെമ്പാടും, ഇന്തോ-പസഫിക് മുതല്‍ ആഫ്രിക്കയിലും, ലാറ്റിന്‍ അമേരിക്കയിലും വരെ അസാധാരണ നൂതനാശയങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ മാറ്റുന്ന പ്രചോദനകരമായ കഥകള്‍ നാം കാണാറുണ്ട്.
പക്ഷേ ഇനിയും ഏറെ ചെയ്യാനുണ്ട്.
ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വികസനത്തിലൂടെ എല്ലാവരുടേയും വികസനം എന്നതിലായിരിക്കണം നമ്മുടെ ഊന്നല്‍.
ലോകത്ത് ബാങ്കിംഗ് സൗകര്യം ലഭ്യമല്ലാത്ത 1.7 ബില്യണ്‍ ജനങ്ങളെ ഔപചാരിക ധനകാര്യ വിപണിയില്‍ നമുക്ക് കൊണ്ടുവരണം.
ലോകമെമ്പാടും അനൗപചാരിക മേഖലകളില്‍ ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും സുരക്ഷ ഇതുവരെയും ലഭിച്ചിട്ടില്ലാത്ത ഒരു ബില്യണ്‍ തൊഴിലാളികളിലേക്ക് നമുക്ക് അത് വ്യാപിപ്പിക്കാം.
സാമ്പത്തിക ലഭ്യത ഇല്ലാത്തത് മൂലം ഒരു സ്വപ്നവും പൂവണിയപ്പെടാതെ പോകുന്നില്ലെന്നും, ഒരു സംരംഭവും ചാപിള്ളയാകില്ലെന്നും ധനകാര്യ സാങ്കേതിക വിദ്യയിലൂടെ നമുക്ക് ഉറപ്പുവരുത്താം.
തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കുകളേയും ധനകാര്യസ്ഥാപന ങ്ങളേയും നമുക്ക് കൂടുതല്‍ പ്രാപ്തരാക്കാം.
നടപ്പാക്കലും നിയന്ത്രണവും മേല്‍നോട്ടവും മെച്ചപ്പെടുത്താന്‍ നമുക്ക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം.
കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് നമുക്ക് ഫിന്‍ടെക്ക് ഉപകരണങ്ങള്‍ ഉപയോഗിക്കണം.
നമ്മുടെ ഡേറ്റയും സംവിധാനങ്ങളും സുരക്ഷിതമായ പരസ്പര ബന്ധിതമായ ലോകത്ത് ഉരുത്തിരിഞ്ഞു വരുന്ന സാമ്പത്തിക ലോകം വിജയിക്കുക തന്നെ ചെയ്യും.
നമ്മുടെ ആഗോള സംവിധാനങ്ങളെ സൈബര്‍ ഭീഷണിയില്‍ നിന്ന് സുരക്ഷിതമാക്കണം.
സാമ്പത്തിക സാങ്കേതിക വിദ്യ ജനങ്ങളുടെ, പ്രത്യേകിച്ച് ഏറ്റവും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുടെ പ്രയോജനത്തിനായി ഉപയോഗിക്കുന്നുവെന്ന് നാം ഉറപ്പ് വരുത്തണം.
സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെയും ഉള്‍ചേര്‍ക്കല്‍ നയങ്ങള്‍ തുറന്നുകൊടുക്കുന്ന അവസരങ്ങളെ കുറിച്ചും ജനങ്ങളെ നാം ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
ഇതിനായി ഫിന്‍ടെക്ക് എന്നത് കേവലം ഒരു സംവിധാനമല്ല മറിച്ച് ഒരു പ്രസ്ഥാനമായി മാറേണ്ടതുണ്ട്.
അതോടൊപ്പം അനിവാര്യ ചോദ്യങ്ങളായ ഡാറ്റയുടെ ഉടമസ്ഥാവകാശവും ഒഴുക്കും, സ്വകാര്യതയും അനുമതിയും, പൊതുസ്വകാര്യ മേഖലകള്‍, നിയമവും ധാര്‍മ്മികതയും തുടങ്ങിയവയെ നമുക്ക് അഭിമുഖീകരിക്കേണ്ടതായുമുണ്ട്.
അവസാനമായി ഭാവിയിലേക്കുള്ള നൈപുണ്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി നമുക്ക് നിക്ഷേപമിറക്കണം. ഒപ്പം ആശയങ്ങളെ പിന്തുണയ്ക്കാനും അവയ്ക്കായി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാനും ഒരുക്കമായിരിക്കണം.
സുഹൃത്തുക്കളെ,
ഓരോ കാലഘട്ടവും നിര്‍വ്വചിക്കപ്പെടുന്നത് അവസരങ്ങളും വെല്ലുവിളികളും കൊണ്ടാണ്. ഭാവി കരുപ്പിടിപ്പിക്കുന്നതില്‍ ഓരോ തലമുറയ്ക്കും അതിന്റേതായ ഉത്തരവാദിത്തമുണ്ട്.
ഈ തലമുറ ലോകത്തെ ഓരോ കൈവെള്ളയിലേയും ഭാവിക്ക് രൂപം നല്‍കും.
ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ അവസരങ്ങളും സമൃദ്ധിയും യാഥാര്‍ത്ഥ്യമാക്കാനുള്ള ഇത്രയധികം സാധ്യതകളാല്‍ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു കാലത്തും നാം അനുഗ്രഹീതമായിട്ടില്ല.
ലോകത്തെ കൂടുതല്‍ മനുഷ്യഗുണമുളളതാക്കാനും, പാവപ്പെട്ടവനെയും, സമ്പന്നനെയും, ഗ്രാമങ്ങളെയും , നഗരങ്ങളെയും, ആഗ്രഹങ്ങളെയും, നേട്ടങ്ങളെയും തമ്മില്‍ തുല്യമാക്കാന്‍ ഇതുപോലൊരു അവസരം മുമ്പുണ്ടായിട്ടില്ല.
ഇന്ത്യ മറ്റുള്ളവരില്‍ നിന്ന് പഠിക്കുന്നതുപോലെ നാം നമ്മുടെ അനുഭവങ്ങളും പരിചയസമ്പത്തും ലോകവുമായി പങ്കിടും.
കാരണം ഇന്ത്യയെ നയിക്കുന്നത് മറ്റുള്ളവര്‍ക്കും പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയ്ക്ക് വേണ്ടി നാം സ്വപ്നം കാണുന്നത് ലോകത്തിന് വേണ്ടിയും നാം ആശിക്കുന്നു.
ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു പൊതുയാത്രയാണ്.
ദീപങ്ങളുടെ ഉത്സവം അന്ധകാരത്തിന് മേല്‍ വെളിച്ചം പരത്താനും നിരാശയ്ക്ക് മേല്‍ സന്തോഷവും പ്രതീക്ഷയും നിറയ്ക്കാനും നമ്മെ ആഹ്വാനം ചെയ്യുന്നതുപോലെ ഈ ഉത്സവവും മാനവികതയുടെ മെച്ചപ്പെട്ട ഭാവിയ്ക്കായുള്ള യത്‌നത്തില്‍ ഒന്നിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്നു.
It is a great honour to be the first Head of Government to deliver the keynote address at Singapore Fintech Festival: PM pic.twitter.com/48PSYr7m46
— PMO India (@PMOIndia) November 14, 2018
The Fintech Festival is also a celebration of belief: PM pic.twitter.com/x7azo0chtb
— PMO India (@PMOIndia) November 14, 2018
We are in an age of a historic transition brought about by technology: PM pic.twitter.com/7XyV8R0xId
— PMO India (@PMOIndia) November 14, 2018
My government came to office in 2014 with a mission of inclusive development that would change the lives of every citizen, even the weakest in the remotest village: PM pic.twitter.com/tBgE2oIOpo
— PMO India (@PMOIndia) November 14, 2018
Financial inclusion has become a reality for 1.3 billion Indians: PM pic.twitter.com/FMqRSdqZOs
— PMO India (@PMOIndia) November 14, 2018
India is a nation of diverse circumstances and challenges.
— PMO India (@PMOIndia) November 14, 2018
Our solutions must also be diverse.
Our digitization is a success because our payment products cater to everyone: PM pic.twitter.com/5bYsSrVIPV
Rapidly rising Digital Transactions in India powered by Rupay & BHIM: PM pic.twitter.com/zK8f3rJuwm
— PMO India (@PMOIndia) November 14, 2018
The endless potential & possibilities of Digital Transactions: PM pic.twitter.com/uQypRKXPfs
— PMO India (@PMOIndia) November 14, 2018
Digital technology is also introducing transparency and eliminating corruption through innovation such as the @GeM_India : PM pic.twitter.com/pZTyWC1uPJ
— PMO India (@PMOIndia) November 14, 2018
There is an explosion of fintech innovation and enterprise in India: PM pic.twitter.com/wvbO2xP4Ci
— PMO India (@PMOIndia) November 14, 2018
i say this to all the fintech companies and startups – India is your best destination: PM pic.twitter.com/BXOpt7T32v
— PMO India (@PMOIndia) November 14, 2018
The Indian story shows six great benefits of fintech: PM pic.twitter.com/i33NgALjjZ
— PMO India (@PMOIndia) November 14, 2018
We see inspiring stories of extraordinary innovation changing ordinary lives.
— PMO India (@PMOIndia) November 14, 2018
But, there is much to be done.
Our focus should be on सर्वोदय through अन्तयोदय: PM pic.twitter.com/RDlpjMcA57
Fintech can be used to make the world a better place: PM pic.twitter.com/fzNUEaW3XO
— PMO India (@PMOIndia) November 14, 2018
At no time in history were we blessed with so many possibilities:
— PMO India (@PMOIndia) November 14, 2018
To make opportunities and prosperity a reality in a lifetime for billions.
To make the world more humane and equal –
between rich and poor,
between cities and villages,
between hopes and achievements: PM