എന്റെ യുവ സുഹൃത്തുക്കളേ, 
കുസോ സാങ്‌പോ ല. നമസ്‌കാരം. ഈ രാവിലെ നിങ്ങളോടൊപ്പം കഴിയാന്‍ സാധിക്കുന്നത് അദ്ഭുകതരമായി തോന്നുന്നു. ഇന്നു ഞായറാഴ്ച ക്ലാസില്‍ ഇരിക്കാന്‍ വരേണ്ടിവന്നുവല്ലോ എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്. നിങ്ങള്‍ക്ക് അറിയാവുന്ന വിഷയങ്ങളുടെ വിശദീകരണം വളരെ ചുരുക്കാന്‍ ഞാന്‍ ശ്രമിക്കാം. 
സുഹൃത്തുക്കളേ, 
പ്രകൃതിഭംഗിക്കു പുറമേ, ജനങ്ങളുടെ ഊഷ്മളതയും അനുകമ്പയും ലാളിത്യവും ഭൂട്ടാന്‍ സന്ദര്‍ശിക്കുന്ന ആരെയും അദ്ഭുതസ്തബ്ധരാക്കും. ഞാന്‍ ഇന്നലെ സെതോഖ സോങ്ങില്‍ ആയിരുന്നു. ഭൂട്ടാന്റെ ഇന്നലെകളുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ഏറ്റവും ധനികമായ ഉദാഹരണങ്ങളില്‍ ഒന്നാണല്ലോ അവിടം. പ്രസ്തുത സന്ദര്‍ശനത്തിനിടെ ഭൂട്ടാന്റെ നേതൃത്വവുമായി അടുത്തിടപഴകാന്‍ എനിക്ക് അവസരം ലഭിച്ചു. അവരുടെ അടുപ്പമേറിയതും വ്യക്തിപരവുമായ ശ്രദ്ധ എന്നും ഗുണം പകര്‍ന്നിട്ടുള്ള ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശം എനിക്ക് ഒരിക്കല്‍ക്കൂടി ലഭിച്ചു. 

|

ഞാന്‍ ഇപ്പോള്‍ ഇവിടെ ഭൂട്ടാന്റെ ഭാവിക്കൊപ്പമാണ്. എനിക്കു ചലനാത്മകത കാണാന്‍ സാധിക്കുകയും ഊര്‍ജം അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് ഈ മഹത്തായ രാജ്യത്തിന്റെയും പൗരന്‍മാരുടെയും ഭാവി രൂപപ്പെടുത്തുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഭൂട്ടാന്റെ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയും നിരീക്ഷിക്കുമ്പോള്‍ കാണാന്‍ കഴിയുന്ന പൊതുവായുള്ളതും സ്ഥിരതയുള്ളതുമായ ആഴമേറിയ ആധ്യാത്മികതയും യുവത്വപൂര്‍ണമായ ഊര്‍ജസ്വലതയുമാണ് അനുഭവപ്പെടുന്നത്. ഇവയും നമ്മുടെ ഉഭയകക്ഷിബന്ധത്തിന്റെ കരുത്താണ്. 
സുഹൃത്തുക്കളേ,
ഭൂട്ടാന്‍ ജനതയും ഇന്ത്യന്‍ ജനതയും പരസ്പരം വളരെയധികം അടുപ്പമുള്ളവരാണെന്നതു സ്വാഭാവികം. നാം തമ്മിലുള്ള അടുപ്പം കേവലം ഭൂമിശാസ്ത്രപരമല്ല. നമ്മുടെ ചരിത്രവും സംസ്‌കാരവും ആധ്യാത്മിക പാരമ്പര്യവുമൊക്കെ ജനങ്ങളും രാജ്യങ്ങളും തമ്മില്‍ സവിശേഷവും ആഴമേറിയതുമായ ബന്ധം സൃഷ്ടിച്ചിട്ടുണ്ട്. സിദ്ധാര്‍ഥ രാജകുമാരന്‍ ഗൗതമ ബുദ്ധനായിത്തീര്‍ന്ന ഇടമായിത്തീരാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായി. അവിടെ നിന്നു തന്നെയാണ് അദ്ദേഹം പകര്‍ന്ന ആധ്യാത്മിക സന്ദേശം, ബുദ്ധിസത്തിന്റെ പ്രഭ, ലോകം മുഴുവന്‍ പടര്‍ന്നത്. സന്യാസിമാരും ആധ്യാത്മിക നേതാക്കളും പണ്ഡിതരും അന്വേഷകരും ചേര്‍ന്നു ഭൂട്ടാനില്‍ ഈ പ്രഭ നന്നായി ജ്വലിപ്പിച്ചു. അവര്‍ ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സവിശേഷ ബന്ധത്തെ പോഷിപ്പിക്കുകയും ചെയ്തു. 

|

തത്ഫലമായി, നമ്മുടെ പൊതു മൂല്യങ്ങള്‍ ഒരു പൊതു ലോകവീക്ഷണത്തിനു രൂപം നല്‍കി. ഇതു വാരണാസിയിലും ബോധ്ഗയയിലും പ്രകടമാണ്. അതുപോലെ, സോങ്ങിലും ചോര്‍ടെനിലും അതു കാണാം. ജനങ്ങള്‍ എന്ന നിലയില്‍ ഈ മഹത്തായ പാരമ്പര്യം വഹിക്കുന്ന വാഹനങ്ങളെന്ന നിലയില്‍, നാമും ഭാഗ്യവാന്‍മാരാണ്. ഇത്രത്തോളം പരസ്പരം അറിയുകയും പങ്കുവെക്കുകയും ചെയ്യുന്ന മറ്റു രണ്ടു രാഷ്ട്രങ്ങള്‍ ഉണ്ടാവില്ല. തങ്ങളുടെ ജനതയ്ക്ക് അഭിവൃദ്ധി എത്തിക്കുന്നതില്‍ സ്വാഭാവിക പങ്കാളിത്തമുള്ള മറ്റു രണ്ടു രാഷ്ട്രങ്ങളും ഉണ്ടാവില്ല. 
സുഹൃത്തുക്കളേ, 
ഇന്ന് ഇന്ത്യ പല മേഖലകളിലും ചരിത്രപരമായ മാറ്റത്തിനു സാക്ഷ്യംവഹിക്കുകയാണ്. 
മുന്‍പെന്നത്തേക്കാളും വേഗത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. അടിസ്ഥാന സൗകര്യമേഖല പടുത്തുയര്‍ത്തുന്നതിന്റെ വേഗം കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരട്ടിച്ചു. വരുംതലമുറ അടിസ്ഥാന സൗകര്യത്തിനായി 15,000 കോടി ഡോളര്‍ മാറ്റിവെക്കുമെന്ന് ഇന്ത്യ പ്രതിജ്ഞ ചെയ്തു. 50 കോടി ഇന്ത്യക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം ഉറപ്പുനല്‍കുന്ന ആയുഷ്മാന്‍ ഭാരത് എന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യസംരക്ഷണ പദ്ധതി നിലവിലുള്ളത് ഇന്ത്യയിലാണ്. 
ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ കണക്റ്റിവിറ്റിയുള്ളത് ഇന്ത്യയിലാണ്. ഇതു പ്രത്യക്ഷമായും പരോക്ഷമായും ദശലക്ഷക്കണക്കിനു പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനം നിലവിലുള്ള ഇടവുമാണ് ഇന്ത്യ. നവീന ആശയങ്ങള്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്, ഇന്ത്യയില്‍. ഇവ ഉള്‍പ്പെടെ മറ്റു പല പരിവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ്. 
സുഹൃത്തുക്കളേ, 
ഞാന്‍ ഇപ്പോള്‍ ഇവിടെ ഭൂട്ടാനിലെ ഏറ്റവും ഊര്‍ജസ്വലരായ യുവാക്കള്‍ക്കൊപ്പമാണു നില്‍ക്കുന്നത്. ബഹുമാനപ്പെട്ട രാജാവ് എന്നോട് ഇന്നലെ പറഞ്ഞത് അദ്ദേഹം നിങ്ങളോടു സ്ഥിരമായി സംവദിക്കാറുണ്ടെന്നും അവസാന ബിരുദദാനച്ചടങ്ങിനെ അഭിസംബോധന ചെയ്തിരുന്നു എന്നുമാണ്. നിങ്ങളില്‍ നിന്നാണ് ഭൂട്ടാന്റെ ഭാവിനേതാക്കളും നൂതന ആശയക്കാരും വ്യാപാരികളും കായിക താരങ്ങളും കലാകാരന്‍മാരും ശാസ്ത്രജ്ഞരുമൊക്കെ ഉണ്ടായിത്തീരുന്നത്. 
ഏതാനും ദിവസം മുന്‍പ് എന്റെ നല്ല സുഹൃത്തായ പ്രധാനമന്ത്രി ഡോ. ഷെറിങ് എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് എഴുതി. ആ പോസ്റ്റില്‍ ഇവിടെ ഒരു വിദ്യാര്‍ഥി ഇപ്പോള്‍ പരാമര്‍ശിച്ച എക്‌സാം വാരിയേഴ്‌സിനെക്കുറിച്ച് എഴുതിയിരുന്നു. എക്‌സാം വാരിയേഴ്‌സ് എന്നതു സമ്മര്‍ദമില്ലാതെ എങ്ങനെ പരീക്ഷയെ നേരിടാം എന്നതു സംബന്ധിച്ചു ഞാന്‍ എഴുതിയ പുസ്തകമാണ്. എല്ലാവരും സ്‌കൂളുകളിലും കോളജുകളിലും ജീവിതത്തിന്റെ ക്ലാസ് മുറികളിലും പരീക്ഷകള്‍ നേരിടേണ്ടിവരും. ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയട്ടെ? എക്‌സാം വാരിയേഴ്‌സില്‍ ഞാന്‍ എഴുതിയ കാര്യങ്ങളേറെയും ബുദ്ധഭഗവാന്റെ പാഠങ്ങളുടെ സ്വാധീനത്താലാണ് എഴുതിയത്. പ്രത്യേകിച്ച് സൃഷ്ടിപരതയുടെ പ്രാധാന്യവും ഭയത്തെ അതിജീവിക്കലും വര്‍ത്തമാനകാലത്തോ പ്രകൃതിമാതാവുമായി ചേര്‍ന്നോ ഏകമാണെന്ന ഭാവത്തില്‍ ജീവിക്കലും. നിങ്ങള്‍ ജനിച്ചിരിക്കുന്നത് ഈ മഹത്തായ ഭൂമിയിലാണ്. 
അതിനാല്‍ത്തന്നെ, ഈ ഗുണങ്ങള്‍ നിങ്ങളില്‍ സ്വാഭാവികമായി ഉടലെടുക്കുകയും നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ രൂപപ്പെടുത്തുകയും ചെയ്യും. കുട്ടിക്കാലത്ത് ഈ സവിശേഷതകളെക്കുറിച്ചുള്ള അന്വേഷണം എന്നെ ഹിമാലയത്തില്‍ എത്തിച്ചു. അനുഗൃഹീതമായ ഈ മണ്ണിന്റെ മക്കളെന്ന നിലയില്‍ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. 
അതെ, നമുക്കു മുന്നില്‍ വെല്ലുവിളികളുണ്ട്. എന്നാല്‍, ഓരോ വെല്ലുവിളിക്കും നൂതനമായ പരിഹാരം കണ്ടെത്താന്‍ യുവ മനസ്സുകളും നമുക്കുണ്ട്. ഒരു പരിമിതിയും നിങ്ങളെ തടസ്സപ്പെടുത്താതിരിക്കട്ടെ. 
യുവത്വം ലഭിക്കുന്നതിന് ഇതിലും മെച്ചപ്പെട്ട സമയമില്ലെന്നു നിങ്ങളോടെല്ലാം ഞാന്‍ പറയുകയാണ്. മുന്‍പെന്നത്തേക്കാളും അവസരങ്ങള്‍ ലോകം ഇന്നു വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്കു സവിശേഷമായി കാര്യങ്ങള്‍ ചെയ്യാനുള്ള ഊര്‍ജവും ശേഷിയും ഉണ്ട്. അതു വരും തലമുറകളില്‍ മാറ്റം സൃഷ്ടിക്കും. യഥാര്‍ഥ ഉള്‍വിളി തിരിച്ചറിഞ്ഞ് അതിനെ താല്‍പര്യപൂര്‍വം പിന്‍തുടരൂ. 
സുഹൃത്തുക്കളേ, 
ജലവൈദ്യുത പദ്ധതിയിലും ഊര്‍ജ മേഖലയിലും ഇന്ത്യ-ഭൂട്ടാന്‍ സഹകരണം അനുകരണീയമാണ്. എന്നാല്‍, ഈ ഊര്‍ജത്തിന്റെ യഥാര്‍ഥ സ്രോതസ്സ് നമ്മുടെ ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. അതിനാല്‍, ജനങ്ങളാണ് ആദ്യം; ഈ ബന്ധത്തിന്റെ കേന്ദ്രസ്ഥാനത്ത് എല്ലായ്‌പ്പോഴും ജനങ്ങളായിരിക്കും. ഈ ആവേശം ഈ സന്ദര്‍ശനത്തിന്റെ ഫലത്തില്‍ പ്രകടമാണ്. സഹകരിച്ചുവരുന്ന പരമ്പരാഗത രംഗങ്ങള്‍ക്കു പുറമെ, സ്‌കൂളുകള്‍ മുതല്‍ ബഹിരാകാശം വരെയും ഡിജിറ്റല്‍ പേമെന്റു മുതല്‍ ദുരിതനിവാരണം വരെയും പുതിയ മേഖലകളില്‍ വ്യാപകമായി സഹകരിക്കാന്‍ നാം ആഗ്രഹിക്കുന്നു. ഈ മേഖലകളിലുള്ള നമ്മുടെ സഹകരണം നിങ്ങളെപ്പോലുള്ള യുവ സുഹൃത്തുക്കള്‍ക്കു വളരെ ഗുണകരമാകും. ഞാന്‍ ചില ഉദാഹരണങ്ങള്‍ പറയാം. ഇക്കാലത്ത് പണ്ഡിതരെയും അക്കാദമിക വിദഗ്ധരെയും രാജ്യാതിര്‍ത്തികള്‍ കടന്നു ബന്ധപ്പെടുത്തുക എന്നതു പ്രധാനമാണ്. അതുവഴി ലോകത്തിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികളെ പോലെ മിടുക്കരാക്കി നമ്മുടെ വിദ്യാര്‍ഥികളെ മാറ്റിയെടുക്കാന്‍ സാധിക്കും. ഈ ആവശ്യം നിറവേറ്റാന്‍ ഉതകുന്നതാണ് ഇന്ത്യയുടെ ദേശീയ വിജ്ഞാന ശൃംഖലയും ഭൂട്ടാന്റെ ഡ്രക്ക്‌റെനും തമ്മില്‍ സഹകരിക്കാന്‍ ഇന്നലെ കൈക്കൊണ്ട തീരുമാനം. 
നമ്മുടെ സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍, കാര്‍ഷിക സ്ഥാപനങ്ങള്‍ എന്നിവ തമ്മില്‍ സുരക്ഷിതവും വേഗമാര്‍ന്നതുമായ കണക്റ്റിവിറ്റി ഇതിലൂടെ സാധ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. 
സുഹൃത്തുക്കളേ, മറ്റൊരു ഉദാഹരണം ബഹിരാകാശത്തിന്റെ അതിരുകളാണ്. ഇന്ത്യയുടെ രണ്ടാമതു ചന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍ 2 ഇപ്പോള്‍ ചന്ദ്രനിലേക്കുള്ള വഴിയിലാണ്. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ പേടകത്തില്‍ ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഉദ്ദേശിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബഹിരാകാശ പദ്ധതി കേവലം രാഷ്ട്രത്തിന്റെ അഭിമാനം മാത്രമല്ല. അതു ദേശീയ വികസനത്തിനും ആഗോള സഹകരണത്തിനും ഉള്ള പ്രധാന ഉപാധി കൂടിയാണ്. 
സുഹൃത്തുക്കളേ, 
ഇന്നലെ പ്രധാനമന്ത്രി ഷെറിങ്ങും ഞാനും ചേര്‍ന്ന സൗത്ത് ഏഷ്യ സാറ്റലൈറ്റിന്റെ തിംപു ഗ്രൗണ്ട് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യുകയും നമ്മുടെ ബഹിരാകാശ സഹകരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്തു. ഉപഗ്രഹങ്ങള്‍ വഴി ടെലി-മെഡിസിന്‍, വിദൂര വിദ്യാഭ്യാസം, വിഭവചിത്രണം, കാലാവസ്ഥാ പ്രവചനം, പ്രകൃതിദുരന്ത മുന്നറിയിപ്പ് എന്നീ സൗകര്യങ്ങള്‍ വിദൂര പ്രദേശങ്ങളില്‍ പോലും ലഭ്യമാകും. ഭൂട്ടാന്റെ സ്വന്തം ചെറിയ ഉപഗ്രഹങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിനെയും വിക്ഷേപിക്കുന്നതിനെയും കുറിച്ചു പഠിക്കാനായി യുവ ഭൂട്ടാനീസ് ശാസ്ത്രജ്ഞര്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യുമെന്നതു വളരെയധികം സന്തോഷം പകരുന്ന കാര്യമാണ്. നിങ്ങളില്‍ പലരും വൈകാതെ ശാസ്ത്രജ്ഞരോ എന്‍ജിനീയര്‍മാരോ നൂതന ആശയങ്ങള്‍ കണ്ടെത്തുന്നവരോ ആയിത്തീരുമെന്ന പ്രതീക്ഷയാണ് എനിക്ക് ഉള്ളത്. 
സുഹൃത്തുക്കളേ, 
നൂറ്റാണ്ടുകളായി ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസവും പഠനവുമാണ്. പുരാതനകാലത്ത്, ജനങ്ങള്‍ തമ്മില്‍ പഠനരംഗത്തുള്ള ബന്ധം സൃഷ്ടിച്ചെടുത്തത് ബുദ്ധിസ്റ്റ് അധ്യാപകരും പണ്ഡിതരുമാണ്. ഇതു നാം സംരക്ഷിക്കാനും പ്രോല്‍സാഹിപ്പിക്കാനും ആഗ്രഹിക്കുന്ന മൂല്യം കല്‍പിക്കാന്‍ സാധിക്കാത്ത പാരമ്പര്യമാണ്. അതിനാല്‍, നളന്ദ സര്‍വകലാശാല പോലുള്ള വിദ്യാകേന്ദ്രങ്ങളിലേക്കു ഭൂട്ടാനില്‍നിന്നുള്ള കൂടുതല്‍ വിദ്യാര്‍ഥികളെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്. നളന്ദ സര്‍വകലാശാല പഠനത്തിന്റെയും ബൗദ്ധ പാരമ്പര്യത്തിന്റെയും ചരിത്രപരമായ ആഗോള കേന്ദ്രമായിരുന്നു. 1500 വര്‍ഷങ്ങള്‍ക്കുമുന്‍പ് എവിടെ നിലനിന്നിരുന്നുവോ അവിടെത്തന്നെ പ്രസ്തുത വിദ്യാകേന്ദ്രം പുനരാരംഭിച്ചിരിക്കുകയാണ്. പഠനകാര്യത്തില്‍ നാം തമ്മിലുള്ള ബന്ധം ആധുനിക കാലത്തും പൗരാണിക കാലത്തും ഒരേപോലെ സുദൃഢമാണ്. 20ാം നൂറ്റാണ്ടില്‍ പല ഇന്ത്യക്കാരും ഭൂട്ടാനില്‍ അധ്യാപകരായി എത്തി. മുന്‍തലമുറ ഭൂട്ടാന്‍ പൗരന്‍മാരെ അവരുടെ പഠനകാലത്ത് ഇന്ത്യയില്‍നിന്നുള്ള ഒരു അധ്യാപകനെങ്കിലും പഠിപ്പിച്ചിട്ടുണ്ടാവും. അവരില്‍ ചിലരെ രാജാവ് കഴിഞ്ഞ വര്‍ഷം ആദരിച്ചിരുന്നു. മഹാമനസ്‌കവും ദയാപൂര്‍ണവുമായ ഈ പ്രവര്‍ത്തനത്തോടു ഞങ്ങള്‍ക്കു നന്ദിയുണ്ട്. 
സുഹൃത്തുക്കളേ, 
നിലവില്‍ നാലായിരത്തിലേറെ ഭൂട്ടാനി വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ പഠിക്കുന്നുണ്ട്. അതിനിയും കൂടും; കൂടണം. നമ്മുടെ രാജ്യങ്ങളുടെ വികാസത്തിലേക്കു മുന്നേറുമ്പോള്‍ നമുക്ക് അടിക്കടി മാറ്റത്തിനു വിധേയമാകുന്ന സാങ്കേതികവിദ്യയുമായി ചേര്‍ന്നുനില്‍ക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ, പുതിയ സാങ്കേതികവിദ്യാരംഗത്തും വിദ്യാഭ്യാസത്തിലും നാം തമ്മില്‍ സഹകരിക്കുക എന്നതു പ്രധാനമാണ്. 
ഇന്ത്യയുടെ മുന്‍നിര സ്ഥാപനങ്ങളായ ഐ.ഐ.ടികളും ഈ ബഹുമാന്യ സര്‍വകലാശാലയും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം രചിക്കാന്‍ നമുക്ക് ഇന്നലെ സാധിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഇതു കൂടുതല്‍ സഹകരണാത്മകയായ പഠനത്തിലേക്കും ഗവേഷണത്തിലേക്കും നയിക്കുമെന്നു നാം പ്രതീക്ഷിക്കുന്നു. 

|

സുഹൃത്തുക്കളേ, 
ഭൂട്ടാനെ എന്തുമായി ചേര്‍ത്തു കാണുന്നു എന്നു ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നും ചോദിച്ചാലും ലഭിക്കുന്ന ഉത്തരം ദേശീയതലത്തിലുള്ള സന്തോഷം എന്നതായിരിക്കും. എനിക്ക് അതില്‍ അദ്ഭുതമില്ല. സന്തോഷത്തിന്റെ സത്തയെന്താണെന്നു ഭൂട്ടാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വരച്ചേര്‍ച്ചയുടെയും ഒന്നിക്കലിന്റെയും അനുകമ്പയുടെയും ആവശ്യകത ഭൂട്ടാന്‍ മനസ്സിലാക്കിയിരിക്കുന്നു. ഇന്നലെ എന്നെ സ്വാഗതം ചെയ്യാന്‍ തെരുവുകളില്‍ അണിനിന്ന, സ്‌നേഹിക്കാന്‍ തോന്നുന്ന കുട്ടികളില്‍നിന്ന് ഈ ആവേശം പ്രസരിക്കുന്നു. അവരുടെ പുഞ്ചിരി ഞാന്‍ എല്ലായ്‌പ്പോഴും ഓര്‍ക്കും. 
സുഹൃത്തുക്കളേ, 
സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്: 'ഓരോ രാഷ്ട്രത്തിനും ഓരോ സന്ദേശം നല്‍കാനുണ്ട്, ഓരോ ദൗത്യം നിറവേറ്റാനുണ്ട്, ഓരോ വിധിയില്‍ എത്തിച്ചേരാനുണ്ട്', എന്ന്. മാനവികതയ്ക്കുള്ള ഭൂട്ടാന്റെ സന്ദേശം സന്തോഷമാണ്. സ്വരച്ചേര്‍ച്ചയില്‍നിന്ന് ഉദയം ചെയ്യുന്ന സന്തോഷം. കൂടുതല്‍ സന്തോഷമുണ്ടെങ്കില്‍ ലോകത്തിനു പലതുമേറെ ചെയ്യാന്‍ കഴിയും. തിരിച്ചറിവില്ലാത്ത വൈരത്തെ മറികടക്കുന്ന സന്തോഷം. ജനങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ സ്വരച്ചേര്‍ച്ചയുണ്ടാകും; സ്വരച്ചേര്‍ച്ചയുള്ളിടത്ത് സമാധാനമുണ്ടാകും. സുസ്ഥിരമായ വികസനത്തിലൂടെ സമാധാനം ആര്‍ജിക്കാന്‍ സമൂഹങ്ങളെ സഹായിക്കുക ശാന്തിയായിരിക്കും. പാരമ്പര്യങ്ങളും പരിസ്ഥിതിയുമായി വികസനം സംഘര്‍ഷത്തിലെത്തുന്നതു സ്ഥിരം കാഴ്ചയായിത്തീര്‍ന്ന ലോകത്തിനു ഭൂട്ടാനില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. ഇവിടെ വികസനവും പരിസ്ഥിതിയും സംസ്‌കാരവും ഏറ്റമുട്ടുകയല്ല, ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ്. ജലസംരക്ഷണമോ സുസ്ഥിരമായ കൃഷിയോ ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍നിന്നു നമ്മുടെ സമൂഹങ്ങളെ സ്വതന്ത്രമാക്കലോ എന്തോ ആകട്ടെ, നമ്മുടെ യുവാക്കളുടെ സര്‍ഗാത്മകതയും ഊര്‍ജവും പ്രതിബദ്ധതയുംകൊണ്ട് സുസ്ഥിരമായ ഭാവിക്ക് ആവശ്യമായതെല്ലാം നേടിയെടുക്കാന്‍ നമ്മുടെ രാഷ്ട്രങ്ങള്‍ക്കു സാധിക്കും. 

|

സുഹൃത്തുക്കളേ, 
കഴിഞ്ഞ തവണ ഭൂട്ടാന്‍ സന്ദര്‍ശിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഭൂട്ടാന്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കാന്‍ എനിക്കു സാധിച്ചിരുന്നു. ഇന്നെനിക്ക് അവസരം കിട്ടിയതു പഠനത്തിന്റെ ശ്രീകോവില്‍ സന്ദര്‍ശിക്കാനാണ്. ഇന്ന് ഈ സഭയില്‍ ബഹുമാനപ്പെട്ട ഭൂട്ടാന്‍ പാര്‍ലമെന്റ് അംഗങ്ങളും ഉണ്ട്. അവരുടെ മഹനീയ സാന്നിധ്യത്തിനു ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. ജനാധിപത്യവും വിദ്യാഭ്യാസവും ലക്ഷ്യംവെക്കുന്നതു നമ്മെ സ്വതന്ത്രരാക്കാനാണ്. ഇവയ്ക്കു രണ്ടിനും രണ്ടുംകൂടിയല്ലാതെ നിലനില്‍പില്ല. ഇവ രണ്ടും നമ്മുടെ പരമാവധി ശേഷി പുറത്തെടുക്കാന്‍ സഹായിക്കുന്നു; നമുക്കു പരമാവധി നന്നാകാന്‍ അവസരമൊരുക്കുന്നു. ഈ വിദ്യാകേന്ദ്രം നമ്മുടെ അന്വേഷണ ത്വരയെ ഒന്നുകൂടി സ്വതന്ത്രമാക്കുകയും നമ്മിലെ വിദ്യാര്‍ഥിയെ ജീവസ്സുറ്റതാക്കി മാറ്റുകയും ചെയ്യും. 
ഈ ഉദ്യമങ്ങളില്‍ ഭൂട്ടാന്‍ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ 130 കോടി ഇന്ത്യക്കാരായ സുഹൃത്തുക്കള്‍ അഭിമാനത്തോടും സന്തോഷത്തോടുംകൂടി പ്രോല്‍സാഹിപ്പിക്കുക മാത്രമല്ല ചെയ്യുക. അവര്‍ നിങ്ങളോടൊപ്പം ചേരുകയും നിങ്ങളോടു പങ്കുവെക്കുകയും നിങ്ങളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. ഇത്രമാത്രം പറഞ്ഞുകൊണ്ട് റോയല്‍ ഭൂട്ടാന്‍ സര്‍വകലാശാലാ ചാന്‍സലറെയും ബഹുമാനപ്പെട്ട രാജാവിനെയും സര്‍വകലാശാലാ വൈസ് ചാന്‍സലറെയും യുവസുഹൃത്തുക്കളായ നിങ്ങളെയും നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 
ക്ഷണിക്കുകയും ഇത്രയധികം സമയവും ശ്രദ്ധയും സ്‌നേഹവും നല്‍കുകയും ചെയ്യുക വഴി നിങ്ങള്‍ എന്നെ ആദരിച്ചിരിക്കുകയാണ്. നിങ്ങളില്‍നിന്നെല്ലാം വളരെയധികം സന്തോഷവും ഗുണകരമായ ഊര്‍ജവും നേടിയെടുത്തു ഞാന്‍ മടങ്ങുകയാണ്. 
വളരെയധികം നന്ദി. 
താഷി ദെലെക്!

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Surpasses 1 Million EV Sales Milestone in FY 2024-25

Media Coverage

India Surpasses 1 Million EV Sales Milestone in FY 2024-25
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM highlights the release of iStamp depicting Ramakien mural paintings by Thai Government
April 03, 2025

The Prime Minister Shri Narendra Modi highlighted the release of iStamp depicting Ramakien mural paintings by Thai Government.

The Prime Minister’s Office handle on X posted:

“During PM @narendramodi's visit, the Thai Government released an iStamp depicting Ramakien mural paintings that were painted during the reign of King Rama I.”