ബഹുമാനപ്പെട്ട പ്രസിഡന്റ് പുടിന്‍,
സുഹൃത്തുക്കളേ,
നമസ്‌കാരം.
ദോബ്രെ വെചെര്‍!
ലോകത്തില്‍ ആദ്യം പ്രഭാതം എത്തുന്ന ഇടം, നമ്മുടെ റഷ്യന്‍ സഹോദരന്‍മാര്‍ നടത്തിയ തുടര്‍ച്ചയായ പോരാട്ടം പ്രകൃതിയെ ജയിച്ചതു ലോകത്തിനാകെ പ്രചോദനമായിത്തീര്‍ന്ന ഇടം, 21ാം നൂറ്റാണ്ടില്‍ മനുഷ്യവികാസത്തിന്റെ പുതിയ ഗാഥകള്‍ രചിക്കപ്പെടുന്ന ഇടം. അത്തരമൊരു മഹത്തായ സ്ഥലമായ വ്‌ളാഡിവ്‌സ്റ്റോക്കിലേക്കു വരാന്‍ സാധിച്ചതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് പുടിന്‍ ക്ഷണിച്ചതിനാലാണ് ഇവിടെ എത്തിച്ചേരാന്‍ സാധിച്ചത്. ഇതിനു ഞാന്‍ എന്റെ സുഹൃത്തായ പ്രസിഡന്റ് പുടിനെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. വ്‌ളാഡിവ്‌സ്റ്റോക്ക് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പേര് എനിക്ക് ഈ ക്ഷണത്തിലൂടെ ലഭ്യമാവുകയാണ്. ഇതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുട്ടിനോട് ഞാന്‍ നന്ദി അറിയിക്കുന്നു.
ഇരുപതാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പ്രസിഡന്റ് പുടിനും ഞാനും പങ്കെടുത്തു എന്നതു സന്തോഷം പകരുന്ന ചരിത്രപരമായ യാദൃച്ഛികതയാണ്. റഷ്യയില്‍ 2001ല്‍ ആദ്യ ഇന്ത്യ-റഷ്യ ഉച്ചകോടി നടന്നപ്പോള്‍ എന്റെ സുഹൃത്ത് പുടിന്‍ റഷ്യന്‍ പ്രസിഡന്റായിരുന്നു. അന്നു ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന ഞാന്‍, അന്നത്തെ പ്രധാനമന്ത്രി അടല്‍ജിക്കൊപ്പമുള്ള പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് പുടിന്റെയും എന്റെയും രാഷ്ട്രീയയാത്രയ്ക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും സഹകരണവും വളരെയധികം വര്‍ധിക്കുകയും മുന്നോട്ടുപോവുകയും ചെയ്തു. ഇക്കാലയളവില്‍ നാം തമ്മിലുള്ള സവിശേഷവും തന്ത്രപ്രധാനവുമായ പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ താല്‍പര്യങ്ങള്‍ക്കുപരി ജനതയുടെ വികാസത്തിനും ഉപയോഗപ്പെടുത്താന്‍ നമുക്കു സാധിച്ചു. പരസ്പര വിശ്വാസവും പങ്കാളിത്തവും വഴി പ്രസിഡന്റ് പുടിനും ഞാനും ചേര്‍ന്ന് ഈ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. തത്ഫലമായി മാറ്റങ്ങളുടെ തോതു മാത്രമല്ല, മേന്മയും വര്‍ധിച്ചു. ആദ്യം നാം ചെയ്തതു ജനങ്ങള്‍ക്കിടയിലുള്ള സഹകരണം വര്‍ധിപ്പിക്കുകയും സ്വകാര്യ വ്യവസായങ്ങളുടെ അളവറ്റ ഊര്‍ജം ലഭ്യമാക്കുകയും ആണ്. ഇന്നു നാം തമ്മില്‍ എത്രയോ ബിസിനസ് കരാറുകള്‍ ഉണ്ട്.
റഷ്യന്‍ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് ഇന്ന് ഒപ്പുവെക്കപ്പെട്ട കരാര്‍ തന്ത്രപ്രധാന മേഖലകളായ പ്രതിരോധം പോലുള്ളവയില്‍ ഉള്‍പ്പെടെയുള്ള വ്യവസായങ്ങളെ സജീവമാക്കും. കേവലം വില്‍പനക്കാരും വാങ്ങുന്നവരും എന്ന നിലയില്‍നിന്നു മാറി ഒരുമിച്ച് ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്കു ശക്തമായ അടിത്തറ പ്രതിരോധ രംഗത്ത് ഉറപ്പാക്കുന്നതാണ് ഇന്നത്തെ കരാറും ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒപ്പുവെച്ച എ.കെ.-203 സംബന്ധിച്ച സംയുക്ത സംരംഭവും. റഷ്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ കൂടുതല്‍ പ്രാദേശിക ആണവ പ്ലാന്റുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനു സഹകരിക്കുന്നത് ഈ മേഖലയിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കുന്നു. രണ്ടാമതായി, പരസ്പര ബന്ധം തലസ്ഥാനങ്ങള്‍ക്കപ്പുറം ഇന്ത്യയിലെ സംസ്ഥാനങ്ങളിലേക്കും റഷ്യയിലെ മേഖലകളിലേക്കും നാം വികസിപ്പിക്കുകയാണ്. ഇതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. കാരണം, ഞാന്‍ ഏറെക്കാലം ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. പുടിനാകട്ടെ, റഷ്യയിലെ വിവിധ മേഖലകളുടെ കഴിവുകളെയും ശേഷിയെയും സംബന്ധിച്ച് അറിയുകയും ചെയ്യാം. അതുകൊണ്ടു തന്നെ, അദ്ദേഹം കിഴക്കന്‍ സാമ്പത്തിക ഫോറം എന്ന ആശയം അവതരിപ്പിക്കുകയും ഇന്ത്യ പോലെ വിഭിന്നമായ രാജ്യത്തെ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതു സ്വാഭാവികം മാത്രം. അതിനെ എത്രത്തോളം പ്രശംസിച്ചാലും മതിയാവില്ല.
അദ്ദേഹത്തിന്റെ ക്ഷണം ലഭിച്ച ഉടന്‍ തന്നെ ഞങ്ങള്‍ ഗൗരവമായി തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഇതിനായി, ഇന്ത്യയുടെ വാണിജ്യമന്ത്രിയും നാലു സംസ്ഥാന മുഖ്യമന്ത്രിമാരും 150ലേറെ ബിസിനസ്സുകാരും വ്‌ളാഡിവ്‌സ്റ്റോക്കില്‍ എത്തിച്ചേര്‍ന്നു. ഫാര്‍ ഈസ്റ്റ് പ്രത്യേക സ്ഥാനപതിയുമായും 11 ഫാര്‍ ഈസ്റ്റ് ഗവര്‍ണര്‍മാരുമായും നടത്തിയ കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. സംസ്ഥാനങ്ങളും മേഖലകളും തമ്മിലുള്ള ബന്ധത്തിനു ചട്ടക്കൂടായി. കല്‍ക്കരി, വജ്രം, ഖനനം, അപൂര്‍വ മൂലകങ്ങള്‍, കൃഷി, മരത്തടി, പള്‍പ്പും കടലാസും, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ പല പുതിയ സാധ്യതകളും കണ്ടെത്തി. കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനായി ചെന്നൈയും വ്‌ളാഡിവ്‌സ്റ്റോക്കും ബന്ധപ്പെടുത്തുന്ന നാവിക റൂട്ട് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്നാമതായി, നാം ഉഭയകക്ഷി സഹകരണം വൈവിധ്യവല്‍ക്കരിക്കുകയും അതിനു പുതിയ മാനങ്ങള്‍ പകരുകയും ചെയ്തു. കേവലം എണ്ണ, വാതക ഇടപാടുകള്‍ മാത്രമല്ല. മറിച്ച്, ഇന്ത്യയും റഷ്യയുമായുള്ള ഇടപാടുകളില്‍ ഇപ്പോള്‍ ശ്രദ്ധേയം ഹൈഡ്രോകാര്‍ബണ്‍ മേഖയില്‍ പരസ്പരം നടത്തിയിട്ടുള്ള അഭൂതപൂര്‍വമായ നിക്ഷേപമാണ്. ഈ മേഖലയില്‍ സഹകരിക്കുന്നതിനായും ഫാര്‍ ഈസ്റ്റിലും ആര്‍ട്ടിക്കിലും ഹൈഡ്രോകാര്‍ബണും എല്‍.എന്‍.ജിയും കണ്ടെത്തുന്നതിനായി സഹകരിക്കുന്നതിനായും അഞ്ചു വര്‍ഷത്തക്കുള്ള റോഡ് മാപ്പ് പരസ്പരം അംഗീകരിച്ചിട്ടുണ്ട്. ബഹിരാകാശ രംഗത്തു നാം തമ്മിലുള്ള നീണ്ട കാലത്തെ ബന്ധം പുതിയ ഉയരങ്ങളില്‍ എത്തി. ബഹിരാകാശത്തേക്കു മനുഷ്യരെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയായ ഗഗന്‍യാനിന് ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികള്‍ക്കു റഷ്യയില്‍ പരിശീലനം നല്‍കും. പരസ്പരം നിക്ഷേപത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി നിക്ഷേപ സംരക്ഷണ കരാര്‍ രൂപീകരിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുടെ ‘റഷ്യ പ്ലസ് ഡെസ്‌ക്കും’ റഷ്യയുടെ ഫാര്‍ ഈസ്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ഏജന്‍സിയുടെ മുംബൈ ഓഫീസും പരസ്പരമുള്ള നിക്ഷേപത്തിനു സൗകര്യമൊരുക്കും.
സുഹൃത്തുക്കളേ,
നാം തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തില്‍ പുതിയ അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള മൂന്നു സേനകളുടെ സംയുക്ത പ്രകടനമായ ‘ഇന്ദ്ര-2019’ പരസ്പര വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സൂചകമാണ്. ആവശ്യമെന്നു വരുമ്പോള്‍ സാധാരണ പ്രദേശങ്ങൡ മാത്രമല്ല, അന്റാര്‍ട്ടിക്കയിലും ആര്‍ട്ടിക്കിലും വരെ ഇന്ത്യയും റഷ്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഇക്കാലത്തു സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ ബഹുധ്രുവ ലോകം അനിവാര്യമാണെന്ന് ഇരു രാജ്യങ്ങള്‍ക്കും ബോധ്യമുണ്ട്. അതു സാധ്യമാക്കുന്നതില്‍ നാം തമ്മിലുള്ള സഹകരണവും ഏകോപനവും പ്രധാനമാണു താനും. ആ തിരിച്ചറിവോടെ നാം ബ്രിക്‌സിലും എസ്.സി.ഒയിലും മറ്റ് ആഗോള വേദികളിലും സഹകരിക്കുന്നു. ഇന്നു പ്രധാന ആഗോള, മേഖലാതല വിഷയങ്ങളില്‍ നാം അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്. സ്വതന്ത്രവും സുരക്ഷിതവും ഛിന്നഭിന്നമല്ലാത്തതും സമാധനപൂര്‍ണവും ജനാധിപത്യപരവുമായ അഫ്ഗാനിസ്ഥാന്‍ ഉണ്ടാവണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടുന്നതിനു നാം രണ്ടും എതിരാണ്. സ്വതന്ത്രവും പൊതുവായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് എന്ന ഇന്ത്യയുടെ ആശയം സംബന്ധിച്ചും ഫലപ്രദമായ ചര്‍ച്ചകള്‍ ഉണ്ടായി. സൈബര്‍ സുരക്ഷ, ഭീകരവാദത്തെ പ്രതിരോധിക്കല്‍, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ ഇന്ത്യയും റഷ്യയും സഹകരിക്കുമെന്നു നാം തീരുമാനിച്ചു. കടുവ സംരക്ഷണത്തെക്കുറിച്ച് അടുത്ത വര്‍ഷം ഉന്നതതല ഫോറം സംഘടിപ്പിക്കാന്‍ ഇന്ത്യയും റഷ്യയും തീരുമാനിച്ചിട്ടുണ്ട്.
ക്ഷണിച്ചതിനും ഹൃദ്യമായി സ്വീകരിച്ചതിനും എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനോട് ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുകയാണ്. അദ്ദേഹത്തോടും മറ്റു നായക സുഹൃത്തുക്കളോടുമൊപ്പം നാളെ കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ പ്രസിഡന്റ് പുടിന്‍ നടത്തുന്ന സന്ദര്‍ശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ഞാന്‍. 2020ല്‍ എസ്.സി.ഒയുടെയും ബ്രിക്‌സിന്റെയും അധ്യക്ഷസ്ഥാനത്തു റഷ്യ ആയിരിക്കും. ഈ സംഘടനകള്‍ പ്രസിഡന്റ് പുടിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വിജയം നേടുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യയും ഞാനും ഇതിന് എല്ലാവിധ പിന്‍തുണയും നല്‍കും.
വളരെ നന്ദി.
സ്പാസിബബല്‍ഷോയ്!
Honoured to be the first ever Indian PM to be coming to Vladivostok. I thank my friend, President Putin for inviting me here. I remember the Annual Summit of 2001, the first one held in Russia when Mr. Putin was President and I had come in Atal Ji’s delegation as Gujarat CM: PM
— PMO India (@PMOIndia) September 4, 2019
The power of India-Russia friendship has been leveraged for the mutual benefit of our citizens: PM @narendramodi
— PMO India (@PMOIndia) September 4, 2019
भारत में रूस के सहयोग से बन रहे Nuclear Plants के बढ़ते localization से इस क्षेत्र में भी हमारे बीच सही मायनों में भागेदारी विकसित हो रही है: PM @narendramodi
— PMO India (@PMOIndia) September 4, 2019
The India-Russia friendship is not restricted to their respective capital cities. We have put people at the core of this relationship: PM @narendramodi
— PMO India (@PMOIndia) September 4, 2019
A proposal has been made to have a full fledged maritime route that serves as a link between Chennai and Vladivostok: PM @narendramodi
— PMO India (@PMOIndia) September 4, 2019
We are adding new sectors to the already strong partnership between India and Russia: PM @narendramodi
— PMO India (@PMOIndia) September 4, 2019
We both are against outside influence in the internal matters of any nation.
— PMO India (@PMOIndia) September 4, 2019
हम दोनों ही किसी भी देश के आतंरिक मामलों में बाहरी दखल के खिलाफ हैं: PM @narendramodi during the press meet with President Putin