പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. കെ.പി.ഒലിയും ചേര്‍ന്ന് കാഠ്മണ്ഡുവിലെ പശുപതിനാഥ് ധര്‍മസ്ഥലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഓരോ തവണ സന്ദര്‍ശിക്കുമ്പോഴും കാഠ്മണ്ഡുവിലെ ജനങ്ങളുടെ സ്‌നേഹം അനുഭവപ്പെടുന്നുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിന് ഇന്ത്യയോടു പ്രത്യേക പ്രതിപത്തിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച കാര്യം പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ത്യയും നേപ്പാളുമായുള്ള ആധ്യാത്മികബന്ധം കാലത്തിനും ദൂരത്തിനും അതീതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരിക്കെ, ധര്‍മസ്ഥല ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ തനിക്കു സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിനപ്പുറം പശുപതിനാഥ്, മുക്തിനാഥ്, ജന്‍കിധാം ക്ഷേത്രങ്ങള്‍ നേപ്പാളിന്റെ നാനാത്വത്തില്‍ ഏകത്വത്തെ പ്രഖ്യാപിക്കുന്നതുകൂടി ആണെന്നു ശ്രീ. മോദി ഓര്‍മിപ്പിച്ചു. കാഠ്മണ്ഡു നഗരത്തില്‍ പ്രകടമാകുന്ന ഹിന്ദുയിസത്തിന്റെയും ബുദ്ധിസത്തിന്റെയും മൂല്യമേറിയ പാരമ്പര്യത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയും നേപ്പാളുമായി മെച്ചപ്പെട്ട ബന്ധം രൂപപ്പെടുന്നതില്‍ ബുദ്ധിസത്തിനുള്ള പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. ഇരു രാജ്യങ്ങളും തങ്ങളുടെ തിളക്കമാര്‍ന്ന പാരമ്പര്യത്തില്‍ അഭിമാനിക്കുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വികസനം ഉണ്ടാവുകയും സമൂഹത്തിലെ ദുര്‍ബലരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും നില മെച്ചപ്പെടുകയും വേണമെന്ന ആശയത്തിനു മുന്‍തൂക്കം നല്‍കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇന്ത്യ സാമ്പത്തിക വികസനത്തിന്റെ പുതിയ ഉയരങ്ങള്‍ താണ്ടുകയാണെന്നും 'എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികാസം' എന്ന വീക്ഷണം നേപ്പാള്‍ ജനതയെക്കൂടി ഉള്‍പ്പെടുത്തി ഉള്ളതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നേപ്പാളില്‍ രാഷ്ട്രീയസുസ്ഥിരത ഉണ്ടെന്നത് ഇന്ത്യയെ ആഹ്ലാദിപ്പിക്കുന്നുവെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. നേപ്പാളിന് എപ്പോഴും ഇന്ത്യയുടെ പിന്‍തുണ ഉണ്ടാകുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി.