റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അധ്യക്ഷതയില്‍ വിര്‍ച്വലായി നടന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നയിച്ചു. ഉച്ചകോടിയുടെ പ്രമേയം 'ആഗോള സ്ഥിരത, പങ്കാളിത്ത സുരക്ഷ, നൂതന മാതൃകയിലുള്ള വളര്‍ച്ച' എന്നതാണ്. ഉച്ചകോടിയില്‍ ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ, ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവര്‍ പങ്കെടുത്തു.
കോവിഡ്- 19 മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് റഷ്യയുടെ അധ്യക്ഷതയില്‍ ബ്രിക്‌സ് നേടിയ ഊര്‍ജത്തിനു പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് പുടിനെ അഭിനന്ദിച്ചു. ഭീകരവാദത്തിനെതിരെ പോരാടുന്നതിലും ആഗോള സമ്പദ് വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കുന്നതിലും ബ്രിക്‌സ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ത്തമാനകാലത്തു പ്രസക്തി നിലനിര്‍ത്തുന്നതിനായി ഐക്യരാഷ്ട്ര സംഘടന നവീകരിക്കണമെന്നും വിശേഷിച്ച് സുരക്ഷാ കൗണ്‍സിലും ഡബ്ല്യു.ടി.ഒയും ഐ.എം.എഫും ഡബ്ല്യു.എച്ച്.ഒയും പോലുള്ള രാജ്യാന്തര സംഘടനകള്‍ നവീകരിക്കണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ്-19 മഹാവ്യാധിയെ നേരിടുന്നതിനായി സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം, ഇന്ത്യ 150ലേറെ രാജ്യങ്ങള്‍ക്ക് അടിയന്തരമായി ആവശ്യമുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കിയതായി വ്യക്തമാക്കി. 2021ല്‍ ഇന്ത്യ അധ്യക്ഷ പദം അലങ്കരിക്കുമ്പോള്‍ പാരമ്പര്യ വൈദ്യം, ഡിജിറ്റല്‍ ആരോഗ്യം, ജനങ്ങള്‍ക്കിടയിലുള്ള ബന്ധം, സാംസ്‌കാരിക കൈമാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഏകോപിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നു വ്യക്തമാക്കി.
ഉച്ചകോടിയുടെ സമാനപനത്തിന്റെ ഭാഗമായി ബ്രിക്‌സ് നേതാക്കള്‍ 'മോസ്‌കോ പ്രസ്താവന' അംഗീകരിച്ചു.