വാരണാസിയില്‍ 3,350 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആരോഗ്യം, ശുചിത്വം, സ്മാര്‍ട് സിറ്റി, കണക്റ്റിവിറ്റി, വൈദ്യുതി, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇവ. യു.പി. ഗവര്‍ണര്‍ ശ്രീ. രാം നായിക്, യു.പി. മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ്, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രാരംഭമായി, പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വാരണാസി സ്വദേശിയായ പരേതനായ ശ്രീ. രമേഷ് യാദവിനു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.
വാരണാസിക്കു സമീപം ആവുരെ ഗ്രാമത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ, വികസനത്തിന് ഊര്‍ജം പകരാനായി തന്റെ ഗവണ്‍മെന്റ് രണ്ടു ദിശയിലാണു പ്രവര്‍ത്തിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ ആദ്യത്തേത് ഹൈവേകള്‍, റെയില്‍വേ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം ഒരുക്കലുമായി ബന്ധപ്പെട്ടതാണെങ്കില്‍, രണ്ടാമത്തേതു വികസനത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തലാണ്. ഇതിനു് ഉതകുന്ന ഒട്ടേറെ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെക്കുറിച്ചു പരാമര്‍ശിക്കവേ, നവ ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി വാരണാസിയെ മാറ്റിയെടുക്കാനുള്ള യത്‌നമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. വാരണാസിയില്‍ ഡി.എല്‍.ഡബ്ല്യുവില്‍ ഇന്നു തീവണ്ടി എന്‍ജിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യപ്പെട്ടത് ഓര്‍മിപ്പിച്ച അദ്ദേഹം, ഈ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഇന്ത്യന്‍ റെയില്‍വെയുടെ ശേഷിയും വേഗവും വര്‍ധിപ്പിക്കുന്നതിനു സഹായിക്കുമെന്നു വ്യക്തമാക്കി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ റെയില്‍വേയെ പരിഷ്‌കരിക്കാന്‍ പല നടപടികളും കൈക്കൊണ്ടിരുന്നു എന്നും ഇന്ത്യയുടെ പ്രഥമ അര്‍ധ അതിവേഗ തീവണ്ടിയായ ഡെല്‍ഹി-വാരണാസി വന്ദേ ഭാരത് എക്‌സ്പ്രസ് ഈ ദിശയിലുള്ള ഒരു ചുവടാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ പദ്ധതികള്‍ യാത്ര സുഗമമാക്കുക മാത്രമല്ല, വാരണാസിയിലും പൂര്‍വാഞ്ചലിലും സമീപ പ്രദേശങ്ങളിലുമൊക്കെ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കു പ്രധാനമന്ത്രി സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു. ഐ.ഐ.ടി. ബി.എച്ച്.യുവിന്റെ നൂറു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സ്മരണാര്‍ഥമുള്ള തപാല്‍ സ്റ്റാംപിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ബി.എച്ച്.യു. ക്യാന്‍സര്‍ സെന്ററും ഭാഭ ക്യാന്‍സര്‍ ആശുപത്രിയും ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, തൊട്ടടുത്തുള്ള മറ്റു സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ രോഗികള്‍ക്കു മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആയുഷ്മാന്‍ ഭാരതിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഉത്തര്‍പ്രദേശില്‍ 38,000 പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നു ശ്രീ. നരേന്ദ്ര മോദി വിശദീകരിച്ചു.
കിസാന്‍ സമ്മാന്‍ നിധി യോജനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇത് യു.പിയിലെ 2.25 കോടിയോളം ദരിദ്ര കര്‍ഷകര്‍ക്കു ഗുണകരമാകും.
പശു ജനുസ്സുകളുടെ സംരംക്ഷണത്തിനും വികസനത്തിനും ആയുള്ള പദ്ധതിയായ രാഷ്ട്രീയ കാമധേനു ആയോഗിനെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
വാരണാസിയില്‍ തറക്കല്ലിടപ്പെട്ട പദ്ധതികളെല്ലാം നിര്‍ദിഷ്ട സമയത്തിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.
തുടര്‍ന്നു ദിവ്യാംഗജ്ഞര്‍ക്കുള്ള സഹായോപാധികള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.
അദ്ദേഹം ഛത്രപതി ശിവജി മഹാരാജ് ജയന്തി ആശംസകള്‍ നേര്‍ന്നു.