തന്റെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ജമ്മു സന്ദര്‍ശിച്ചു. സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസനത്തെ ഉത്തേജിപ്പിക്കുന്ന ഒട്ടേറെ വികസനപദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ലെ, ജമ്മു, ശ്രീനഗര്‍ പ്രദേശങ്ങളാണു പ്രധാനമന്ത്രി ഇന്നു സന്ദര്‍ശിക്കുന്നത്.
ജമ്മു സാംബയിലെ വിജയ്പൂരില്‍ എ.ഐ.ഐ.എം.എസിന് തറക്കല്ലിടുക വഴി പ്രധാനമന്ത്രിയുടെ ജമ്മു സന്ദര്‍ശനം ശ്രദ്ധേയമായി. എ.ഐ.ഐ.എം.എസ്. യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്നും ഈ മേഖലയില്‍ ആരോഗ്യസംരക്ഷണ വിദഗ്ധര്‍ക്കുള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ 500 സീറ്റുകള്‍ കൂടി ഉടന്‍ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഥ്വയില്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ഉദ്ഘാടനം ചെയ്യവെ, 10% ഇ.ഡബ്ല്യു.എസ്. ക്വോട്ട ജമ്മുവിലെ യുവാക്കള്‍ക്ക് നേട്ടമാകുമെന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ജമ്മുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ വടക്കന്‍ മേഖലാ കേന്ദ്ര ക്യാമ്പസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. 2012-13 അക്കാദമിക് വര്‍ഷത്തില്‍ ജമ്മുവില്‍ ആരംഭിച്ച ക്യാമ്പസ് താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
ജമ്മുവിലെ കിഷ്ത്വാറില്‍ 624 മെഗാവാട്ടിന്റെ കിരു ജലവൈദ്യുതപദ്ധതിക്കും 880 മെഗാവാട്ടിന്റെ റാറ്റില്‍ ജലവൈദ്യുതപദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. മേഖലയിലെ പുതിയ ഊര്‍ജ പദ്ധതികള്‍ യുവാക്കള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗഭാഗ്യ പദ്ധതി പ്രകാരം ജമ്മുകശ്മീരിലെ 100% വീടുകളും വൈദ്യുതീകരിക്കപ്പെട്ടതായി അദ്ദേഹം പ്രഖ്യാപിച്ചു. കശ്മീര്‍ താഴ്‌വരയിലെ കശ്മീരി അഭയാര്‍ഥി തൊഴിലാളികള്‍ക്ക് ട്രാന്‍സിറ്റ് അക്കോമഡേഷന്‍ നിര്‍മിക്കുന്നതിനും പ്രധാനമന്ത്രി തറക്കല്ലിട്ടു അകറ്റപ്പെട്ട കാശ്മീരികളെ 3000 പോസ്റ്റുകളില്‍ നിയമിക്കാനുള്ള പ്രവര്‍ത്തനം മുന്നേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിറ്റുകള്‍ക്കു സ്വന്തം വീട് ഒഴിഞ്ഞുപോകേണ്ടിവന്ന സാഹചര്യം ഇന്ത്യ മറക്കില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അയല്‍ രാഷ്ട്രങ്ങളില്‍ ക്രൂശിക്കപ്പെടുന്നവര്‍ക്കൊപ്പം രാജ്യം നിലകൊള്ളണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ നദി സംരക്ഷണ പദ്ധതി (എന്‍.ആര്‍.സി.പി.) പ്രകാരം ദേവിക, താവി എന്നീ നദികളിലെ മലിനീകരണം കുറച്ചുകൊണ്ടുവരാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു ഈ പദ്ധതി 2021 മാര്‍ച്ചോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.
സൈനികരുടെ സുരക്ഷയ്ക്കായി അതിര്‍ത്തിപ്രദേശങ്ങളില്‍ 14000 ബങ്കറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്കു കേവലം 500 കോടി രൂപ നീക്കിവെക്കുക വഴി കബളിപ്പിക്കാനാണ് മുന്‍ ഗവണ്‍മെന്റ് ശ്രമിച്ചതെന്നും ഇപ്പോഴത്തെ ഗവണ്‍മെന്റ് 1500 കോടി രൂപ ഇതിനായി നീക്കിവെച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല ഭരണാധികാരിള്‍ക്ക് പ്രതികരണശേഷി ഉണ്ടായിരുന്നുവെങ്കില്‍ കര്‍ത്തപൂര്‍ സാഹിബ് ഇന്ത്യയുടെ ഭാഗമായിരുന്നേനെ എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ജമ്മു സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ വസ്തുത സജ്‌വാളില്‍ ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കുന്ന, 1640 മീറ്റര്‍ ദൈര്‍ഘ്യമുള്ളതും ഇരട്ട പാതയുടെ വീതിയുള്ളതുമായ പാലത്തിന് തറക്കല്ലിടപ്പെട്ടു എന്നതാണ്. ഇത് സജ്‌വാളിലെയും ഇന്ദ്രിപട്യാനിലെയും ജനങ്ങള്‍ക്ക് പുതിയൊരു പാത പ്രദാനം ചെയ്യുന്നതോടൊപ്പം ഇരു പ്രദേശങ്ങളും തമ്മിലുള്ള ദൂരം നിലവിലുള്ള 47 കിലോമീറ്ററില്‍നിന്ന് അഞ്ചു കിലോമീറ്ററായി ചുരുക്കുകയും ചെയ്യും. ജമ്മു കശ്മീരിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് നാല്‍പ്പതിനായിരം കോടി രൂപ അനുവദിച്ചതായി പ്രസംഗത്തിനിടെ പ്രധാനമന്ത്രി വെളിപ്പെടുത്തി.