പ്രയാഗ് രാജില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത 188 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് ആശംസകള്‍ നേരുന്നതിനായി സാംസ്‌കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സില്‍ (ഐ.സി.സി.ആര്‍.) ഡെല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചു.
188 പ്രതിനിധികളുടെ ചരിത്രപരമായ ഗ്രൂപ്പ് ഫോട്ടോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരും ചേര്‍ന്നു.
പ്രയാഗ്‌രാജില്‍ നടന്ന കുംഭമേളയില്‍നിന്നു മടങ്ങിയ പ്രതിനിധികളെ കാണാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്നു ചടങ്ങിനെ അഭിസംബോധന ചെയ്തുതൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
കുംഭമേള നേരിട്ടുംകാണുംവരെ ഒരാള്‍ക്ക് അതിന്റെ മഹത്തായ പാരമ്പര്യം പൂര്‍ണമായി തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഈ പാരമ്പര്യം തടസ്സമില്ലാതെ നിലനിന്നുവരികയാണെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
ആധ്യാത്മികതയ്ക്കു തുല്യം സാമൂഹിക പരിവര്‍ത്തനവും ഉള്‍പ്പെട്ടതാണ് കുംഭമേളയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കാനും പുരോഗതി വിലയിരുത്താനുമുള്ള ആധ്യാത്മിക നേതാക്കളുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ചര്‍ച്ചകള്‍ക്കായുള്ള വേദിയാണു കുംഭമേളയെന്ന് അദ്ദേഹം വിശദീകരിച്ചു.
ആധുനികതയെ സാങ്കേതിക വിദ്യയുമായും വിശ്വാസവുമായും ആത്മീയതയുമായും സാംസ്‌കാരിക ബോധവുമായും ഇണക്കിച്ചേര്‍ക്കാനാണ് കുംഭമേളയില്‍ ശ്രമിച്ചുവരുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്താല്‍ ഇന്ത്യ ആധുനികതയ്ക്കും സമ്പന്നമായ പാരമ്പര്യത്തിനും ഓര്‍ക്കപ്പെടുമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികളോടു നന്ദി പറഞ്ഞ പ്രധാനമന്ത്രി, അത്തരക്കാരുടെ പങ്കാളിത്തം കുംഭമേളയുടെ വിജയത്തില്‍ നിര്‍ണായകമാണെന്നു വ്യക്തമാക്കി.
ഇന്ത്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിനെ ‘ജനാധിപത്യത്തിന്റെ കുംഭമേള’യെന്ന് അദ്ദേഹം വിശദീകരിച്ചു. കുംഭമേളയെന്ന പോലെ വലിപ്പത്താലും നിഷ്പക്ഷതയാലും ലോകത്തിന് പ്രോല്‍സാഹനം നല്‍കാന്‍ സാധിക്കുംവിധം മഹത്തരമാണ് ഇന്ത്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പു നടത്തിപ്പു കാണാന്‍ ലോകത്താകമാനമുള്ള ജനങ്ങള്‍ എത്തിച്ചേരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.