പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സൗരാഷ്ട്ര പട്ടേല്‍ സാംസ്‌ക്കാരിക സമാജത്തിന്റെ എട്ടാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഈ വര്‍ഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ നടക്കുന്നത്.
പ്രവാസി ഇന്ത്യാക്കാരുടെ പ്രത്യേകിച്ച് സൗരാഷ്ട്ര പട്ടേല്‍ സമൂഹത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് പ്രവാസി ഇന്ത്യാക്കാര്‍ എപ്പോഴും ഇന്ത്യയെ അഭിമാനഭരിതമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ശ്രമങ്ങളാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നതെന്ന് ഉറപ്പുവരുത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റിന്റെ ശുചിത്വ ഭാരതം പോലെയുള്ള വിവിധ പദ്ധതികളാണ് രാജ്യത്ത് വിനോദസഞ്ചാരം ഉത്തേജിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരോ വര്‍ഷവും കുറഞ്ഞത് അഞ്ച് വിദേശ കുടുംബങ്ങളെയെങ്കിലും ഭാരത ദര്‍ശനത്തിനായി ഇന്ത്യയിലേയ്ക്ക് വരാന്‍ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പ്രവാസി ഇന്ത്യാക്കാരോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ വിനോദ സഞ്ചാരവികസനത്തിന് വലിയ തോതില്‍ ഊര്‍ജ്ജം പകരുന്ന ഏക ഭാരതം, ശ്രേഷ്ട ഭരതം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഒരു പുതിയ പന്ഥാവ് ഒരുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്ന ശുചിത്വ ഭാരതത്തിന്റെ വിജയത്തിലേയ്ക്ക് പ്രവാസി ഇന്ത്യാക്കാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
മഹാത്മാ ഗന്ധിയുടെ 150-ാം ജന്മ വാര്‍ഷിക ആഘോഷത്തിന് ഒക്‌ടോബര്‍ രണ്ടിന് തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പേരില്‍ നര്‍മ്മദാ നദീ തീരത്ത് നിര്‍മ്മിക്കുന്ന അതി ബൃഹത്തായ ഏകതാ പ്രതിമ 2018 ഒക്‌ടോബര്‍ 31 ഓടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇത്.
ലോകത്തെ പ്രകാശമാനമായ ഒരു നക്ഷത്രമായിട്ടാണ് ഇന്ത്യ ഇന്ന് കാണപ്പെടുന്നതെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അതിവേഗ സാമ്പത്തിക വളര്‍ച്ചയും, സത്യസന്ധവും സുതാര്യവുമായ ഭരണ നിര്‍വ്വഹണവുമായിട്ടാണ് ഇന്ത്യ ഇന്ന് ബന്ധപ്പെട്ടിരിക്കുന്നത്. ജി.എസ്.റ്റി പോലുള്ള സംരംഭങ്ങളും അഴിമതിക്കെതിരെയുള്ള ശക്തമായ നടപടികളും സത്യസന്ധമായി ബിസിനസ്സ് ചെയ്യുന്നതില്‍ ജനങ്ങളെ സഹായിച്ചു. ഈ മുന്‍കൈകളുടെ ഫലമായി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ‘ബിസിനസ്സ് ചെയ്യല്‍ സുഗമമാക്കല്‍’ പട്ടികയില്‍ 42 -ാം സ്ഥാനത്തേയ്ക്ക് കുതിച്ച് കയറാനായി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു നവ ഇന്ത്യ സൃഷ്ടിക്കാനുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്ക്ക് പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി എന്‍.ആര്‍.ഐ. സമൂഹത്തെ ആഹ്വാനം ചെയ്തു.