സൗദി അറേബ്യയിലെ ഊര്‍ജ്ജ മന്ത്രി
കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി
അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം സെക്രട്ടറി
ബഹുമാന്യരായ പ്രതിനിധികളേ
മഹതികളേ, മഹാന്‍മാരേ
ഇന്ത്യയിലേക്ക് സ്വാഗതം.
പതിനാറാമത് അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം മന്ത്രിതല യോഗത്തിലേക്ക് സ്വാഗതം.
ഊര്‍ജ്ജ ഉല്‍പ്പാദക, ഉപഭോഗ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇത്രയധികം ഊര്‍ജ്ജവകുപ്പ് മന്ത്രിമാര്‍, അന്താരാഷ്ട്ര സംഘടനാ തലവന്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ എന്നിവരെ ഈ ഫോറത്തില്‍ കാണാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
ആഗോള ഊര്‍ജ്ജത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിങ്ങള്‍ ഇന്ന് ഒന്നിക്കവേ, ഊര്‍ജ്ജ വിതരണത്തിലും ഉപഭോഗത്തിലും മഹത്തായ ഒരു പരിവര്‍ത്തനത്തിനും ലോകം സാക്ഷ്യം വഹിക്കുകയാണ്.
- ഉപഭോഗ വളര്‍ച്ച സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയില്‍ (ഒ.ഇ.സി.ഡി) ഉള്‍പ്പെടാത്ത രാജ്യങ്ങളിലേക്ക് മാറിയിരിക്കുന്നു- പശ്ചിമേഷ്യ, ആഫ്രിക്ക, വികസ്വര ഏഷ്യ എന്നിവിടങ്ങളിലേക്ക്.
- മറ്റു ഊര്‍ജ്ജ സ്രോതസ്സുകളെ അപേക്ഷിച്ച് സൗരോര്‍ജ്ജം ചെലവു കുറഞ്ഞതായി. ഇത് വിതരണ മാതൃക മാറ്റിക്കൊണ്ടിരിക്കുകയാണ്.
- അന്താരാഷ്ട്രതലത്തില്‍ ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും പ്രകൃതി വാതകത്തിന്റെയും ലഭ്യതയിലുണ്ടായ വര്‍ദ്ധന പ്രാഥമിക ഊര്‍ജ്ജ ശേഖരത്തിന് മുതല്‍ക്കൂട്ടായി.
- അമേരിക്ക അടുത്തു തന്നെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരാവും. ഇതു വഴി അടുത്ത കുറച്ചു ദശാബ്ദങ്ങളില്‍ അധികമായി ആവശ്യമുള്ള എണ്ണ ലഭ്യത നിറവേറ്റാനാവും.
- പ്രാഥമിക ഊര്‍ജ്ജമെന്ന നിലയ്ക്ക് കല്‍ക്കരിയുടെ ഉപയോഗം ആദ്യം ഒ.ഇ.സി.ഡി രാജ്യങ്ങളിലും പിന്നീട്, വികസ്വര രാജ്യങ്ങളിലും പ്രചാരത്തിലില്ലാതാവും.
- ഇലക്ട്രിക് വാഹനങ്ങളുടെ വരവോടെ ഗതാഗത മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകും.
- പാരീസ് ഉടമ്പടിയില്‍ അധിഷ്ഠിതമായ കാലാവസ്ഥാ വ്യതിയാന അജണ്ടയ്ക്ക് ലോകം പ്രതിജ്ഞാബദ്ധമാണ്. സമ്പദ് ഘടനകളുടെ ഊര്‍ജ്ജ തീവ്രതയുടെ ഊന്നല്‍ ഹരിതോര്‍ജ്ജത്തിലേക്കും ഊര്‍ജ്ജക്ഷമതയിലേക്കും മാറും.
കഴിഞ്ഞ മാസം ഒരു ഏജന്‍സി തയാറാക്കിയ ഊര്‍ജ്ജപ്രവചനത്തിലൂടെ ഞാന്‍ കടന്നു പോയി. അതനുസരിച്ച് ഇന്ത്യയായിരിക്കും അടുത്ത 25 വര്‍ഷത്തേക്ക് ആഗോള ഊര്‍ജ്ജ ആവശ്യകതയുടെ മുഖ്യ കേന്ദ്രം. അടുത്ത 25 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ഇന്ത്യയുടെ ഊര്‍ജ്ജ ഉപഭോഗം 4.2 % വര്‍ദ്ധിക്കും. ഇത് പ്രധാന ലോക സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും വേഗത്തിലുള്ളതാണ്. 2040 ഓടെ എണ്ണയ്ക്കുള്ള ആവശ്യകത ഇപ്പോഴുള്ളതിന്റെ മൂന്നു മടങ്ങാവുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 2030 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിലവിലെ 3 ദശലക്ഷത്തില്‍നിന്ന് 320 ദശലക്ഷം ആയി ഉയരും.
ഊര്‍ജ്ജാധിക്യമുള്ള ഒരു കാലഘട്ടത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. പക്ഷേ 1.2 ശതകോടി ജനങ്ങള്‍ക്ക് ഇപ്പോഴും വൈദ്യുതി പ്രാപ്യമായിട്ടില്ല. ശുദ്ധമായ പാചക ഇന്ധനം ഇതിലേറെപ്പേര്‍ക്ക് ലഭിക്കുന്നില്ല. ദുരിതമനുഭവിക്കുന്ന വിഭാഗങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് നാം ഉറപ്പാക്കണം.
ശുദ്ധവും താങ്ങാവുന്ന നിരക്കിലുമുള്ള സുസ്ഥിരവും നീതിയുക്തമായവുമായ ഊര്‍ജ്ജ വിതരണം എല്ലാവര്‍ക്കും പ്രാപ്യമാകണം.
ഹൈഡ്രോകാര്‍ബണ്‍ മേഖലയെക്കുറിച്ചുള്ള എന്റെ ചില ചിന്തകളും ഊര്‍ജ്ജ സുരക്ഷ കൈവരിക്കാനുള്ള പരിശ്രമങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്.
എണ്ണയും വാതകവും വ്യാപാരം ചെയ്യപ്പെടുന്ന ചരക്കുകളാണ.് അതേസമയം അത് അവശ്യവസ്തുക്കളുമാണ്.സാധാരണക്കാരന്റെ അടുക്കളക്കായാലും ഒരു വിമാനത്തിനായാലും ഊര്‍ജ്ജം അത്യാവശ്യമാണ്.
വിലകള്‍ മാറി മറയുന്നത് ലോകം ഏറെ കണ്ടിരിക്കുന്നു.
ഉപഭോക്താക്കളുടെയും ഉല്‍പ്പാദകരുടെയും താല്‍പര്യം സംരക്ഷിക്കുന്ന ഉത്തരവാദ വിലനിര്‍ണ്ണയത്തിലേക്ക് നമുക്ക് മാറേണ്ടതുണ്ട്. എണ്ണയ്ക്കും വാതകത്തിനും സുതാര്യവും അയവുള്ളതുമായ വിപണിയിലേക്കും നാം നീങ്ങണം. എങ്കില്‍ മാത്രമേ മനുഷ്യകുലത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നല്ല രീതിയില്‍ നിറവേറ്റാന്‍ നമുക്ക് സാധിക്കൂ.
ലോകം ഒരുമിച്ച് വളരണമെങ്കില്‍ ഉല്‍പ്പാദകരും ഉപഭോക്താക്കളും തമ്മില്‍ പരസ്പരം പിന്തുണയ്ക്കുന്ന ബന്ധമുണ്ടാകണം. മറ്റു സമ്പദ് വ്യവസ്ഥകള്‍ വേഗത്തിലും ക്രമത്തിനും വളരേണ്ടത് ഉല്‍പ്പാദകര്‍ക്കും ഏറെ താല്‍പര്യമുള്ള കാര്യമാണ്. ഇത് അവര്‍ക്ക് വളരുന്ന വിപണി ഉറപ്പു നല്‍കും.
വില കൃത്രിമമായി മാറ്റിമറിക്കുന്നത് സ്വയം തോല്‍പ്പിക്കലാണ്. ചരിത്രം അത് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലും വികസനം തീരെയെത്താത്ത രാജ്യങ്ങളിലും പിരമിഡിന്റെ താഴേതട്ടിലുള്ളവര്‍ക്ക് അത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
ആഗോള രംഗത്തെ അനിശ്ചിതത്വം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യക്കും ഊര്‍ജ്ജ സുരക്ഷ ആവശ്യമാണ്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചുള്ള എന്റ കാഴ്ചപ്പാടിന് നാലു തൂണുകളാണുള്ളത്. – ഊര്‍ജ്ജം ലഭ്യത, ഊര്‍ജ്ജക്ഷമത, ഊര്‍ജ്ജ സുസ്ഥിരത, ഊര്‍ജ്ജ സുരക്ഷ എന്നിവയാണവ.
ഊര്‍ജ്ജം പൊതുവിലും ഹൈഡ്രോകാര്‍ബണ്‍ പ്രത്യേകിച്ചും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ്. പാവങ്ങള്‍ക്ക് പ്രാപ്യമായതും താങ്ങാവുന്നതുമായ ഊര്‍ജ്ജമാണ് ഇന്ത്യക്കു വേണ്ടത്. ഊര്‍ജ്ജം ഉപയോഗിക്കുന്നതില്‍ കാര്യക്ഷമത അനിവാര്യമാണ്.
കോമ്മിറ്റി ഓഫ് നേഷന്‍സിലെ ഉത്തരവാദപ്പെട്ട ആഗോള അംഗമെന്ന നിലയില്‍ കാലാവസ്ഥാ വ്യതിയാനം ചെറുക്കല്‍, ബഹിര്‍ഗമനം കുറയ്ക്കല്‍, സുസ്ഥിരമായ ഭാവി ഉറപ്പു നല്‍കല്‍ എന്നിവയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ സമാരംഭം.
സുഹൃത്തുക്കളേ,
നിലവില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് ഘടനയാണ് ഇന്ത്യയുടേത്. അന്താരാഷ്ട്ര നാണയ നിധി, ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, തുടങ്ങിയ എല്ലാ പ്രമുഖ ഏജന്‍സികളും സമീപ ഭാവിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7 മുതല്‍ 8 ശതമാനം വരെ ഉയരുമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറഞ്ഞ പണപ്പെരുപ്പം, നന്നായി നിയന്ത്രിച്ച ധനകമ്മി, ഭദ്രമായ വിനിമയ നിരക്ക് എന്നിവയോടെ നമ്മുടെ ഗവണ്‍മെന്റിന് ഉയര്‍ന്ന ജി.ഡി.പി. വളര്‍ച്ച നേടാനായിട്ടുണ്ട്. ഈ ബൃഹത്തായ സാമ്പത്തിക ഭദ്രത ഒരേസമയം സമ്പദ്ഘടനയിലെ ഉപഭോഗത്തെയും നിക്ഷേപത്തേയും പ്രോത്സാഹിപ്പിക്കുന്നു.
ജനസംഖ്യയുടെ എണ്ണത്തിലെ നേട്ടം കൊണ്ടും ഇന്ത്യ അനുഗ്രഹീതമാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ കര്‍മ്മ ശേഷിയുള്ളവരുടെ ജനസംഖ്യയുടെ വിഹിതം ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കൂ സംരംഭത്തിലൂടെ നമ്മുടെ ഗവണ്‍മെന്റ് തദ്ദേശീയ നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഒപ്പം ടെക്‌സ്റ്റൈല്‍സ്, പ്രതിരോധം, എഞ്ചിനീയറിംഗ് തുടങ്ങിയ വ്യവസായങ്ങളില്‍ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും നല്‍കി വരുന്നു. ഇത് ഫലത്തില്‍ ഞങ്ങളുടെ ഊര്‍ജ്ജ ഉപഭോഗം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.
ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണ നയത്തിലൂടെ ഞങ്ങള്‍ ഈ മേഖലയിലെ നയങ്ങളെയും, നിയന്ത്രണങ്ങളെയും ഉടച്ച് വാര്‍ത്ത്, സുതാര്യതയും മത്സരക്ഷമതയും കൊണ്ട് വന്നു. ലേല മാനദണ്ഡം, വരുമാനം പങ്കുവയ്ക്കലിലേയ്ക്ക് മാറ്റി. ഇത് ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയ്ക്കാന്‍ സഹായിക്കും. നിലവിലെ ലേല നടപടികള്‍ അടുത്ത മാസം 2-ാം തീയതി വരെ ഉണ്ടാകും. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇന്ത്യയിലെ എണ്ണ പ്പാടങ്ങളില്‍ തങ്ങളുടെ താല്‍പര്യം ഉള്ളവയില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് പുതിയ നയം അവസരം നല്‍കുന്നു.
ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെയും പുതിയ നയം പ്രോത്സാഹിപ്പിക്കുന്നു.
അസംസ്‌കൃത എണ്ണവിലയിലെ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കത്തക്ക തരത്തില്‍ പെട്രോള്‍, ഡീസല്‍ വിപണനം പൂര്‍ണമായും ഉദാരവല്‍ക്കരിച്ചിരിക്കുകയാണ്. ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. ഉല്‍പ്പാദനം മുതല്‍ ചില്ലറ വില്‍പ്പന വരെ എണ്ണ, പ്രകൃതി വാതക രംഗത്തുടനീളം സ്വകാര്യ നിക്ഷേപത്തെ ഞങ്ങളുടെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നു.
ഊര്‍ജ്ജ ആസൂത്രണത്തില്‍ സംയോജിത സമീപനത്തിലാണ് ഞങ്ങളുടെ ഗവണ്‍മെന്റ് വിശ്വസിക്കുന്നത്. ഇന്ത്യയിലെ ഞങ്ങളുടെ ഊര്‍ജ്ജ അജണ്ട എന്നത് ഏവരെയും ഉള്‍ക്കൊള്ളുന്നതും, വിപണി അധിഷ്ടിതവും, കാലാവസ്ഥയ്ക്ക് അനുസൃതവുമാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന അജണ്ടയിലെ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട മൂന്ന് ഘടകങ്ങള്‍ കൈവരിക്കുന്നതില്‍ ഇത് സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അവ താഴെപ്പറയുന്നു:
- 2030 ഓടെ ആധുനിക ഊര്‍ജ്ജത്തിന്റെ സാര്‍വ്വത്രിക ലഭ്യത
- പാരീസ് ഉടമ്പടിക്ക് അനുസൃതമായി കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് അടിയന്തിര നടപടി
- വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍
സുഹൃത്തുക്കളേ,
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശുദ്ധമായ പാചക ഇന്ധനത്തിന്റെ ലഭ്യത വളരെ പ്രധാനപ്പെട്ടതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ത്രീകള്‍ക്കാണ് ഇതിന്റെ കൂടുതല്‍ പ്രയോജനവും ലഭിക്കുക. വിറകും, ചാണകവും മറ്റും ശേഖരിക്കുന്നതിലുള്ള കഷ്ടപ്പാടുകള്‍ കുറയ്ക്കുന്നതിന് പുറമേ, വീട്ടിനുള്ളിലെ മലിനീകരണവും അത് കുറയ്ക്കുന്നു. അധിക സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കൂടുതല്‍ സ്വയം വികസനത്തിനും ഇത് അവര്‍ക്ക് വര്‍ദ്ധിച്ച സമയം ലഭ്യമാക്കുന്നു.
ഇന്ത്യയില്‍ ഉജ്ജ്വല യോജനയിലൂടെ പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷനുകള്‍ ഞങ്ങള്‍ ലഭ്യമാക്കുന്നു. 80 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചകവാതക കണക്ഷനുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ 35 ദശലക്ഷം കണക്ഷനുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു.
യൂറോ 6 സ്റ്റാന്‍ഡേര്‍ഡിന് തുല്യമായ ബി.എസ് 6 ഇന്ധനങ്ങളിലേയ്ക്ക് 2020 ഏപ്രിലോടെ മാറാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. ഇതിനായി ഞങ്ങളുടെ എണ്ണ ശുദ്ധീകരണ ശാലകള്‍ ബൃഹത്തായ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ശുദ്ധ ഊര്‍ജ്ജം നല്‍കാനുള്ള ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇവിടെ ന്യൂ ഡല്‍ഹിയില്‍ ഈ മാസം മുതല്‍ ഞങ്ങള്‍ ബി.എസ്. 6 നിലവാരത്തിലുള്ള ഇന്ധനം നല്‍കിത്തുടങ്ങി.
പഴയ വാഹനങ്ങള്‍ക്ക് പകരം ഊര്‍ജ്ജ ക്ഷമതയുള്ള പുതിയ വാഹനങ്ങള്‍ നിലത്തിലിറക്കാനുള്ള നയത്തിനും ഞങ്ങള്‍ തുടക്കമിട്ടിട്ടുണ്ട്.
ഇന്ന് സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി, എണ്ണ ഉല്‍പ്പാദനം എന്നിവയില്‍ നിക്ഷേപം നടത്തിയിട്ടുള്ള എണ്ണ കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങളിലും, സ്റ്റോറേജ് മേഖലകളിലും നിക്ഷേപം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.
സുഹൃത്തുക്കളെ,
നമുക്കൊക്കെ അറിയാവുന്നതുപോലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് പ്രോസസ്സ് ഓട്ടോമേഷന്‍, മെഷീന്‍ ലേണിംഗ്, പ്രഡിക്റ്റീവ് അനലിറ്റിക്‌സ്, ത്രീ ഡി പ്രിന്റിംഗ് മുതലായ നൂതന സാങ്കേതിക വിദ്യകളുടെയും പ്രക്രിയകളുടെയും അടിസ്ഥാനത്തില്‍ വ്യവസായങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനെ ഞങ്ങള്‍ ഉറ്റു നോക്കുകയാണ്.
നമ്മുടെ കമ്പനികളും അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുകയാണ്. ഇത് എണ്ണയുടെ ഉല്‍പ്പാദനം മുതല്‍ ചില്ലറ വിപണനം വരെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സുരക്ഷ വര്‍ദ്ധിപ്പിക്കുകയും, ചെലവ് ചുരുക്കുകയും, വിദൂര നിരീക്ഷണം സാധ്യമാക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തില്‍, ഊര്‍ജ്ജ മേഖലയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന, ആഗോള താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്ന, ഈ മേഖലയിലെ ഭാവി നിക്ഷേപത്തെയും, വിപണി സ്ഥിരതയെയും മാറിവരുന്ന നയങ്ങളും പുതിയ സാങ്കേതികവിദ്യകളും എങ്ങനെ സ്വാധീനിക്കുമെന്ന് ചര്‍ച്ച ചെയ്യുന്ന ഈ പരിപാടിക്ക് ആതിഥ്യമരുളാന്‍ കൃത്യമായ ഇടമാണ് ഇന്ത്യ ഒരുക്കുന്നത്.
സുഹൃത്തുക്കളേ,
അന്താരാഷ്ട്ര ഊര്‍ജ്ജ ഫോറം -16 ന്റെ പ്രമേയം “ആഗോള ഊര്‍ജ്ജ സുരക്ഷയുടെ ഭാവി” എന്നതാണ്. ഉല്‍പ്പാദകരും ഉപഭോക്താവും തമ്മിലുള്ള ബന്ധങ്ങളിലെ ആഗോള വ്യതിയാനങ്ങള്‍, ചെലവ് കുറഞ്ഞ ഊര്‍ജ്ജത്തിന്റെ സാര്‍വ്വദേശീയ ലഭ്യത, ഭാവിയിലെ ആവശ്യങ്ങള്‍ നേരിടുന്നതിന് എണ്ണ, വാതക രംഗത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ മുതലായ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഊര്‍ജ്ജ സുരക്ഷിതത്വം പരിപാലിക്കല്‍, പുതിയതും നിലവിലുള്ളതുമായ സാങ്കേതിവിദ്യകളുടെ സഹവര്‍ത്തിത്വം മുതലായവയും ചര്‍ച്ചയ്ക്ക് വരും. നമ്മുടെ കൂട്ടായ ഊര്‍ജ്ജ സുരക്ഷിതത്വത്തിന്റെ ഭാവിക്ക് വളരെ പ്രസക്തമാണ് ഈ വിഷയങ്ങളെല്ലാം.
ലോക പൗരന്‍മാര്‍ക്ക് ശുദ്ധമായതും, താങ്ങാവുന്ന വിലയ്ക്കുള്ളതും, നിലനില്‍ക്കുന്നതുമായ ഊര്‍ജ്ജം ലഭ്യമാക്കുന്നതില്‍ ഈ ഫോറത്തിലെ ചര്‍ച്ചകള്‍ ഏറെ പ്രയോജനപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
വിജയകരവും ഫലപ്രദവുമായ ഒരു മന്ത്രിതല സമ്മേളനത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസ നേരുന്നു.
നന്ദി.