Sports is an important investment for the human resource development of a society: PM Modi
Sports can be expanded to mean S for Skill; P for Perseverance; O for Optimism; R for Resilience; T for Tenacity; S for Stamina: PM
We have no dearth of talent. But we need to provide right kind of opportunity & create an ecosystem to nurture the talent: PM
Women in our country have made us proud by their achievements in all fields- more so in sports: PM Modi
A strong sporting culture can help the growth of a sporting economy: PM Modi

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിനെത്തിയ എല്ലാ കായിക പ്രേമികള്‍ക്കും അഭിനന്ദനങ്ങള്‍.

ഈ ട്രാക്ക് ഉഷ സ്‌കൂളിന്റെ വികസനത്തില്‍ നാഴികക്കല്ലാണെന്നു മാത്രമല്ല, പരിശീലനം തേടിയെത്തുന്നവര്‍ക്കു മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കുന്നതു കൂടിയാണ്. നമ്മുടെ സ്വന്തം പയ്യോളി എക്‌സ്പ്രസും ‘ഉഡാന്‍ പരി’യും ‘ഗോള്‍ഡണ്‍ ഗേളും’ ആയ പി.ടി.ഉഷാ ജി ഈ സ്‌കൂള്‍ വികസിപ്പിക്കുന്നതിനായി നടത്തുന്ന പ്രയത്‌നങ്ങള്‍ക്കുള്ള കടപ്പാട് അറിയിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുകയാണ്.

ഇന്ത്യയുടെ കായികരംഗത്തിനു പി.ടി.ഉഷ പ്രഭ ചൊരിയുന്നു.

ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് അവര്‍ ഒളിംപിക്‌സ് ഫൈനലിലെത്തിയത്. മെഡല്‍ നഷ്ടമായതാകട്ടെ വളരെ ചെറിയ വ്യത്യാസത്തിനാണു താനും.

ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തില്‍ അവരുടേതിനു തുല്യമായ ട്രാക്ക് റെക്കോഡ് ഉള്ളവര്‍ നന്നേ ചുരുക്കമാണ്.

ഉഷാ ജീ, താങ്കള്‍ രാജ്യത്തിന്റെ അഭിമാനമാണ്. കായികരംഗവുമായുള്ള ബന്ധം ഉഷാ ജി തുടരുന്നു എന്നതാണു കൂടുതല്‍ പ്രധാനം. വ്യക്തിപരമായി താല്‍പര്യമെടുത്ത് ലക്ഷ്യബോധത്തോടെ അവര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഉല്‍പന്നങ്ങളാണ് രാജ്യാന്തര തലത്തില്‍ സാന്നിധ്യമറിയിച്ച ടിന്റു ലൂക്കയും ജിസ്‌ന മാത്യുവും പോലുള്ള കായിക താരങ്ങള്‍.

ലഭ്യമായ പരിമിതമായ സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗപ്പെടുത്തി ഉഷാ ജിയെപ്പോലെ ഉഷ സ്‌കൂളും എല്ലാ അവസരവും സാധ്യതകളാക്കി മാറ്റുകയാണ്.

ഒട്ടേറെ തടസ്സങ്ങളാല്‍ വൈകിയ പദ്ധതി പൂര്‍ത്തിയാക്കിയതിന് കായിക യുവജനകാര്യ മന്ത്രാലയത്തെയും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെയും സി.പി.ഡബ്ല്യു.ഡിയെയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്.

ഒരിക്കലും സംഭവിക്കാതിരിക്കുന്നതിലും ഭേദം വൈകിയെങ്കിലും നടക്കുന്നതാണല്ലോ. നമ്മുടെ ഗവണ്‍മെന്റ് ഏറ്റവും മുന്‍ഗണന നല്‍കുന്ന ഒരു കാര്യം പദ്ധതികള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നതിനായി വേഗത്തിലുള്ള പ്രവര്‍ത്തനവും പൂര്‍ത്തീകരണവുമാണ്.

2011ല്‍ ഈ പദ്ധതിക്ക് അനുമതി നല്‍കിയെങ്കിലും സിന്തറ്റിക് ട്രാക്കിനുള്ള വര്‍ക്ക് ഓഡര്‍ നല്‍കിയത് 2015ല്‍ മാത്രമാണ്. ട്രാക്ക് പൂര്‍ണമായും പര്‍ ട്രാക്കാണെന്നാണ് എനിക്കു ലഭിച്ച വിവരം.

അപകടസാധ്യത പരമാവധി കുറച്ചുകൊണ്ട് രാജ്യാന്തര നിലവാരത്തിലാണ് ഇതു രൂപകല്‍പന ചെയ്തിട്ടുള്ളത്.

കായിക വിനോദങ്ങള്‍ ഒരു സമൂഹത്തിന്റെ മനുഷ്യവിഭവ വികസനവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു.

ശാരീരിക ആരോഗ്യം പകരുന്നതിനപ്പുറം കായിക വിനോദങ്ങള്‍ വ്യക്തിത്വം മെച്ചപ്പെടുത്തുകയും സമഗ്ര വ്യക്തിത്വ വികാസം സാധ്യമാക്കുകയും ചെയ്യുന്നു. അത് അച്ചടക്കവും കഠിനപ്രയത്‌നത്തിനുള്ള പ്രേരണയും പകരുന്നു.

അവ ജീവിത പാഠങ്ങള്‍ പകര്‍ന്നുതരികയും ചിന്താപദ്ധതിക്കു കരുത്തു പകരുകയും ചെയ്യുന്നു. കായികരംഗം ഒരു വലിയ അധ്യാപകനാണ്. കായിക രംഗത്തുനിന്ന് ഒരാള്‍ക്കു പഠിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം സമചിത്തതയാണ്. ജീവിതത്തില്‍ വിജയത്തെയും പരാജയത്തെയും നേരിടാന്‍ സാധിക്കുന്നു.

വിജയിക്കുമ്പോള്‍ വിനയാന്വിതരായിത്തീരാനും പരാജയത്തില്‍ തളരാതിരിക്കാനും നാം പഠിക്കുന്നു. പരാജയം അവസാനമല്ല, ഉണര്‍ന്നെഴുന്നേല്‍ക്കാനും ലക്ഷ്യം നേടാനുമുള്ള തുടക്കം മാത്രമാണ്.

സ്‌പോര്‍ട്‌സ് സംഘബോധത്തെ ഉണര്‍ത്തുന്നു. അതു സുതാര്യത സൃഷ്ടിക്കുകയും മറ്റുള്ളവരെ അംഗീകരിക്കാന്‍ കെല്‍പുള്ളവരാക്കി നമ്മെ മാറ്റുകയും ചെയ്യുന്നു. യുവാക്കളുടെ ജീവിതത്തിന്റെ ഭാഗമായി കായികവിനോദത്തെ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം സ്‌പോര്‍ട്‌സെന്നാല്‍ എസ്-സ്‌കില്‍ (നൈപുണ്യം), പി- പര്‍സിവെറന്‍സ് (പരിശ്രമം), ഒ-ഒപ്റ്റിമിസം (പ്രതീക്ഷ), ആര്‍-റീസൈലന്‍സ് (പിന്‍വാങ്ങല്‍), ടി-ടെനസിറ്റി (നിര്‍ബന്ധബുദ്ധി), എസ്-സ്റ്റാമിന (ഓജസ്സ്) എന്നാണ് അര്‍ഥം.

സ്‌പോര്‍ട്‌സ് കളിക്കളത്തിലും പുറത്തും ഗുണകരമായ കായികക്ഷമതയുടെ വികാരം വളര്‍ത്തുന്നു.

അതുകൊണ്ടാണു സാധാരണയായി ഞാന്‍ പറയാറ്, കളിക്കുന്നവര്‍ ശോഭിക്കുമെന്ന്.

പരസ്പര ബന്ധിതവും പരസ്പരാശ്രിതത്വത്തില്‍ കഴിയുന്നതുമായ ഇന്നത്തെ ലോകത്തില്‍ ഒരു രാജ്യത്ത് കായികരംഗത്തും മറ്റുമുള്ള നേട്ടങ്ങള്‍ പ്രധാനമാണ്. സാമ്പത്തികവും സൈനികവുമായ ശേഷി പോലെ പ്രധാനമാണിത്.

വിവിധ കായിക ഇനങ്ങള്‍ക്കും താരങ്ങള്‍ക്കും ആഗോളതലത്തിലുള്ള പ്രചാരവും ആരാധകരുടെ എണ്ണവും കണക്കിലെടുക്കുമ്പോള്‍ കായിക ഇനങ്ങളിലൂടെ തന്നെ ഒരു രാജ്യത്തിന് ലോകത്തില്‍ സ്ഥാനം നേടിയെടുക്കാന്‍ സാധിക്കുമെന്നു വ്യക്തമാകും.

നേട്ടങ്ങളുണ്ടാക്കുന്ന കായിക താരങ്ങള്‍ ലോകത്തിനു തന്നെ പ്രചോദനം പകരുന്നു. അവരുടെ വിജയവും പോരാട്ടവും യുവാക്കള്‍ക്ക് ആവേശമേകുന്നു. ഒളിംപിക്‌സോ ലോകകപ്പോ പോലുള്ള എത് രാജ്യാന്തര മല്‍സരങ്ങളിലും മറ്റു രാജ്യങ്ങള്‍ക്കുണ്ടാകുന്ന ചെറു വിജയങ്ങള്‍ പോലും ലോകത്തെ ഒന്നാകെ ആഹ്ലാദിപ്പിക്കുന്നു.

ഇതാണ് എകോപിപ്പിക്കാനുള്ള സ്‌പോര്‍ട്‌സിന്റെ കരുത്ത്. സ്‌പോര്‍ട്‌സിനും സംസ്‌കാരത്തിനും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയിലെ ഒരു കളിക്കാരന്‍ പോലും ലോകത്തിന്റെ സങ്കല്‍പത്തിനു പാത്രമാകുന്നു. അവന്റെ അഥവാ അവളുടെ പ്രകടനം ഏകീകരിക്കുന്ന ശക്തിയായി മാറുന്നു. അവന്‍ അഥവാ അവള്‍ മത്സരിക്കുമ്പോള്‍ എല്ലാവരും പ്രാര്‍ഥിക്കുന്നു.

കായിത താരങ്ങളുടെ പ്രശസ്തി അവരുടെ ജീവിതകാലത്തിനുശേഷവും നിലനില്‍ക്കുന്നു. കാലങ്ങളായി അറിവു തേടിയുള്ള അന്വേഷണമെന്ന പോലെ, സ്‌പോര്‍ട്‌സും ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്.

അസ്ത്രവിദ്യ, വാള്‍പ്പയറ്റ്, ഗുസ്തി, മാല്‍ഖംബ്, വഞ്ചി തുഴയല്‍ തുടങ്ങിയ കായിക മത്സരങ്ങള്‍ കാലങ്ങളായി നിലനിന്നുപോരുന്നു.

കേരളത്തിലാകട്ടെ, കുട്ടിയുംകോലും, കളരി തുടങ്ങിയ കായിക മല്‍സരങ്ങള്‍ക്കു പ്രചാരമുണ്ട്.

ചെളിയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് എത്രമാത്രം പ്രചാരമുള്ളതാണെന്നും എനിക്കറിയാം. മണിപ്പൂരില്‍നിന്നുള്ള സാഗള്‍ കാങ്‌ജെയെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാമെന്ന് എനിക്ക് ഉറപ്പാണ്. പോളോയേക്കാള്‍ പഴക്കമേറിയതാണ് ഇതെന്നും സമൂഹത്തില്‍ വലിയ വിഭാഗം പേര്‍ ഇതു കളിച്ചിരുന്നുവെന്നും അറിയുന്നു.

പരമ്പരാഗത കളികളുടെ പ്രചാരം നഷ്ടപ്പെടുന്നില്ലെന്നു നമുക്ക് ഉറപ്പുവരുത്തണം. തദ്ദേശീയമായ കളികള്‍ നമ്മുടെ ജീവിതത്തില്‍നിന്ന് ഉരുത്തിരുഞ്ഞവയാണ് എന്നതിനാല്‍ അവയും പ്രോത്സാഹിപ്പിക്കപ്പെടണം.

കളിക്കാന്‍ ജനങ്ങള്‍ സ്വമേധയാ തയ്യാറാകുന്നു എന്നു മാത്രമല്ല, കളികള്‍ വ്യക്തിത്വത്തെയും ആത്മബോധത്തെയും ഗുണകരമായി സ്വാധീനിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ലോകമാകെ യോഗയെക്കുറിച്ചു താല്‍പര്യം ജനിച്ചിരിക്കുന്നു. ശാരീരിക ക്ഷമതയ്ക്കും സൗഖ്യത്തിനും സമ്മര്‍ദത്തെ അതിജീവിക്കുന്നതിനും യോഗ അനുയോജ്യമാണെന്നു കരുതിത്തുടങ്ങി. നമ്മുടെ കായിക താരങ്ങളും യോഗ നിത്യജീവിതത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമാക്കണം. ഇതു ശ്രദ്ധേയമായ ഫലമുണ്ടാക്കും.

യോഗയുടെ നാടെന്ന നിലയില്‍ യോഗ ലോകമാകെ പ്രചാരമുള്ളതാക്കി മാറ്റേണ്ടതു നമ്മുടെ ചുമതലയാണ്. യോഗ പ്രശസ്തമായതുപോലെ നമ്മുടെ പരമ്പരാഗത കായിക മത്സരങ്ങളും ആഗോള പ്രശസ്തിയുള്ളവയാക്കി മാറ്റാന്‍ വഴികള്‍ തേടണം.

കബഡി പോലുള്ള കളികള്‍ അടുത്തിടെ രാജ്യാന്തര മത്സരങ്ങളില്‍ ഉള്‍പ്പെടുത്തപ്പെടുന്നതു നിങ്ങള്‍ കണ്ടുകാണും. ഇക്കാര്യത്തില്‍ ഗവണ്‍മെന്റുകള്‍ക്കെന്നപോലെ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും മറ്റും നിര്‍ണായക പങ്കുണ്ട്.

നമ്മുടെ രാജ്യം നൂറോളം ഭാഷകളും 1600ലേറെ നാടോടിഭാഷകളും വ്യത്യസ്തമായ ഭക്ഷണരീതികളും വസ്ത്രങ്ങളും ആഘോഷങ്ങളുംകൊണ്ട് ധനികവും വൈജാത്യം നിറഞ്ഞതുമായ സംസ്‌കാരമുള്ള പ്രദേശമാണ്. നമ്മെ ഒന്നിപ്പിക്കുന്നതില്‍ സ്‌പോര്‍ട്‌സ് ശ്രദ്ധേയമായ പങ്കു വഹിക്കുന്നു.

തുടര്‍ച്ചയായ ഇടപഴകല്‍, മത്സരങ്ങള്‍ക്കായുള്ള യാത്രകള്‍, കളികള്‍, പരിശീലനം തുടങ്ങിയവ രാജ്യത്തിലെ മറ്റു മേഖലകളിലെ സംസ്‌കാരവും പാരമ്പര്യവും മനസ്സിലാക്കാന്‍ അവസരം തരുന്നു.

ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചിന്ത ദൃഢപ്പെടുത്തുന്നതിനും അതുവഴി ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുന്നു.

നമുക്കു പ്രതിഭയ്ക്കു കുറവില്ല. എന്നാല്‍, ശരിയായ അവസരങ്ങള്‍ ലഭ്യമാക്കുകയും പ്രതിഭയെ പ്രോത്സാഹിപ്പിക്കാനുള്ള പരിതസ്ഥിതി സൃഷ്ടിക്കുകയും വേണം. ഖേലോ ഇന്ത്യ എന്ന പദ്ധതിക്കു നാം തുടക്കമിട്ടു. ഈ പദ്ധതി പ്രകാരം സ്‌കൂള്‍, കോളജ് തലം മുതല്‍ ദേശീയതലം വരെ വിവിധ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കും. പ്രതിഭയെ കണ്ടെത്തുന്നതിനും അതു വളര്‍ത്തിയെടുക്കുന്നതിനു പിന്തുണ നല്‍കുന്നതിനും ആയിരിക്കും ഊന്നല്‍. ഖേലോ ഇന്ത്യ പ്രകാരം അടിസ്ഥാന സൗകര്യ വികസനവും നടത്തും. നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ അവരുടെ നേട്ടങ്ങളാല്‍ നമ്മില്‍ അഭിമാനം വളര്‍ത്തുന്നു. ഇതു കായിക മേഖലയില്‍ വളരെയധികം പ്രകടമാണ്.

നാം പെണ്‍മക്കളെ പ്രോത്സാഹിപ്പിക്കുകയും സ്‌പോര്‍ട്‌സിലെ അവസരങ്ങള്‍ അവര്‍ക്കു ലഭ്യമാക്കുകയും വേണം. കഴിഞ്ഞ പാരാലിംപിക്‌സില്‍ നമ്മുടെ കളിക്കാര്‍ ഇതുവരെ നടത്തിയതിലുംവെച്ച് ഏറ്റവും മികച്ച പ്രകടനമാണു നടത്തിയതെന്നത് ആഹ്ലാദിപ്പിക്കുന്നു.

കായിക നേട്ടങ്ങള്‍ക്കുപരി, പാരാലിംപിക്‌സും അവിടെ അവര്‍ കാഴ്ചവെച്ച പ്രകടനങ്ങളും ദിവ്യാംഗരായ സഹോദരീ സഹോദരന്മാരോടു നമുക്കുള്ള കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിച്ചു. മെഡല്‍ സമ്മാനിച്ച അവസരത്തില്‍ ദീപ മാലിക് പറഞ്ഞ വാക്കുകള്‍ ഞാന്‍ ഒരിക്കലും മറക്കില്ല.

അവര്‍ പറഞ്ഞു: ‘ഈ മെഡലിലൂടെ സത്യത്തില്‍ ഞാന്‍ അംഗപരിമിതിയെത്തന്നെ തോല്‍പിച്ചിരിക്കുന്നു.’

ഈ പരാമര്‍ശത്തിന് ഏറെ കരുത്തുണ്ട്. സ്‌പോര്‍ട്‌സിനു ബഹുജന അടിത്തറ സൃഷ്ടിക്കുന്നതിനായി നമുക്കു തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്തണം.

മുന്‍കാലങ്ങളില്‍ സ്‌പോര്‍ട്‌സ് മുഴുവന്‍സമയ പ്രവര്‍ത്തനമായി കണ്ടിരുന്നില്ല. ഈ സ്ഥിതിക്കു മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഫലം വൈകാതെ കളിക്കളങ്ങളില്‍ പ്രതിഫലിച്ചുതുടങ്ങും. കരുത്തുറ്റ ഒരു സ്‌പോര്‍ട്‌സ് സംസ്‌കാരത്തിന് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെത്തന്നെ സ്വാധീനിക്കാന്‍ സാധിക്കും.

ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേറെ നേട്ടങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്കു പകരാന്‍ സമ്പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് വ്യവസ്ഥിതിക്കു സാധിക്കും. പ്രൊഫഷണല്‍ ലീഗുകള്‍, കായിക ഉപകരണങ്ങള്‍, കായികശാസ്ത്രം, മരുന്ന്, വസ്ത്രങ്ങള്‍, പോഷകാഹാരം, നൈപുണ്യവികസനം, കായിക മാനേജ്‌മെന്റ് തുടങ്ങി പല മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സ്‌പോര്‍ട്‌സ് സഹായകമാണ്.

വളരെയധികം ഉപഭോക്താക്കളുള്ളതും ശതകോടി ഡോളര്‍ മൂല്യം വരുന്നതുമായ ആഗോള വ്യവസായം കൂടിയാണു സ്‌പോര്‍ട്‌സ്. ആഗോള സ്‌പോര്‍ട്‌സ് വ്യവസായത്തിന്റെ മൂല്യം ആറു ലക്ഷം കോടി യു.എസ്. ഡോളര്‍ വരുമെന്നാണു കണക്ക്. അതേസമയം, ഇന്ത്യയിലാകട്ടെ ആകെ സ്‌പോര്‍ട്‌സ് രംഗത്തിന്റെ മൂല്യം 200 കോടി യു.എസ്. ഡോളറാണ്.

എന്നിരിക്കിലും സ്‌പോര്‍ട്‌സ് രംഗത്ത് ഇന്ത്യക്കുള്ള സാധ്യത ഏറെയാണ്. സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ക്രിക്കറ്റ് ചാംപ്യന്‍സ് ട്രോഫി എത്ര ഉത്സാഹത്തോടെ കാണുന്നുവോ അതേ ഉത്സാഹത്തോടെ ഇ.പി.എല്‍. ഫുട്‌ബോളും എന്‍.ബി.എ. ബാസ്‌കറ്റ് ബോളും എഫ് വണ്‍ കാറോട്ടമത്സരവും നമ്മുടെ യുവാക്കള്‍ കാണുന്നു.

കബഡി പോലുള്ള കളികളോടും അവര്‍ക്കു താല്‍പര്യം വര്‍ധിച്ചുവരുന്നുണ്ട്. നമ്മുടെ കളിക്കളങ്ങളും സ്‌റ്റേഡിയങ്ങളും പരമാവധി ഉപയോഗിക്കപ്പെടും. അവധിദിനങ്ങള്‍ കളിക്കുന്നതിനുവേണ്ടി കൂടി മാറ്റിവെക്കപ്പെടണം. സ്‌കൂള്‍, കോളജ് ഗ്രൗണ്ടുകളും സ്‌റ്റേഡിയങ്ങളും ഉപയോഗപ്പെടുത്തണം.

പ്രസംഗം അവസാനിപ്പിക്കുംമുന്‍പ് സ്‌പോര്‍ട്‌സ്, ഗെയിംസ് രംഗങ്ങളില്‍ കേരളം നല്‍കുന്ന സംഭാവനകളെ അഭിനന്ദിക്കേണ്ടതുണ്ട്. ഇന്ത്യക്കുവേണ്ടി കളിച്ച ഓരോ കളിക്കാരനെയും ഞാന്‍ അഭിനന്ദിക്കുന്നു. നേട്ടത്തിനായി അധ്വാനിക്കുന്ന ഓരോ കായികതാരത്തിന്റെയും ദൃഢനിശ്ചയത്തെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

ഉഷ സ്‌കൂളിനു ശോഭനമായ ഭാവി ആശംസിക്കുകയും പുതിയ സിന്തറ്റിക് ട്രാക്ക് പുതിയ ഉയരങ്ങള്‍ താണ്ടാന്‍ അവര്‍ക്കു സഹായകമാകുമെന്നു പ്രത്യാശിക്കുകയും ചെയ്യുന്നു. ടോക്കിയോ ഒളിംപിക്‌സ് 2020 ഉള്‍പ്പെടെയുള്ള രാജ്യാന്തര സ്‌പോര്‍ട്‌സ് മേളകളിലേക്കുള്ള നമ്മുടെ തയ്യാറെടുപ്പുകള്‍ക്ക് ഏറെ സംഭാവനകള്‍ ചെയ്യാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

2022ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും സ്‌പോര്‍ട്‌സ് രംഗത്തു യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്ന ഒരു കൂട്ടം ലക്ഷ്യങ്ങള്‍ നിശ്ചയിക്കണമെന്നും അവ യാഥാര്‍ഥ്യമാക്കാന്‍ പ്രതിജ്ഞയെടുക്കണമെന്നും കായികരംഗത്തുള്ളവരോടു ഞാന്‍ ആഹ്വാനം ചെയ്യുന്നു.

ഒളിംപിക്‌സിലും ലോക മത്സരങ്ങളിലും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ചാംപ്യന്‍മാരെ സൃഷ്ടിക്കാന്‍ ഉഷ സ്‌കൂളിനു സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അത്‌ലറ്റിക്‌സില്‍ നേട്ടം കൈവരിക്കാനായി ഇന്ത്യാ ഗവണ്‍മെന്റ് നിങ്ങള്‍ക്കു സമ്പൂര്‍ണ പിന്തുണ ലഭ്യമാക്കുകയും പരമാവധി സഹായങ്ങള്‍ തരികയും ചെയ്യും.

നന്ദി.

വളരെയധികം നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Biz Activity Surges To 3-month High In Nov: Report

Media Coverage

India’s Biz Activity Surges To 3-month High In Nov: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.