ഇവിടെ ഈ ഗിഫ്റ്റ് സിറ്റിയില്‍ ഇന്ത്യയുടെ ആദ്യത്തെ അന്തര്‍ദ്ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ഇന്ത്യ ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഉദ്ഘാടനത്തിനായി നിങ്ങളോടൊപ്പം ഒത്തുകൂടാനായതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഇന്ത്യയുടെ സാമ്പത്തികരംഗത്ത് ചരിത്ര പ്രധാനമായ ഒരു ചുവടുവയ്പ്പായിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ 2007ലാണ് ഈ പദ്ധതിയുടെ തുടക്കം കുറിച്ചത്. ഇന്ത്യയ്ക്ക് മാത്രമല്ല, വിരവസാങ്കേതിക വിദ്യ, സാമ്പത്തികമേഖലകളില്‍ ലോകനിലവാരമുള്ള സേവനങ്ങള്‍ ആഗോളതലത്തില്‍ തന്നെ സംഭാവനചെയ്യുകയെന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
എക്കാലത്തും ഞാന്‍ ഏത് രാജ്യങ്ങളില്‍ പോയാലും അത് മുമ്പായാലും ഇപ്പോഴായാലും എപ്പോഴായാലും അവിടങ്ങളിലുള്ള പ്രമുഖരായ പല സാമ്പത്തിക ബുദ്ധികേന്ദ്രങ്ങളുമായി കൂടിക്കാഴ്ച നടത്താറുണ്ട്. ന്യൂയോര്‍ക്ക്, ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ്‌കോംഗ്, അബുദാബി തുടങ്ങി ഏത് രാജ്യത്തായാലും അവരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണെന്നതാണ് സത്യം.
സാമ്പത്തികരംഗത്ത് അവരുടെ അറിവുകളും ദത്തെടുത്ത രാജ്യങ്ങള്‍ക്ക് അവര്‍ നല്‍കിയ സംഭാവാനകളും എന്നില്‍ വലിയ മതിപ്പുളവാക്കിയിട്ടുണ്ട്.
ഈ ബുദ്ധിവൈഭവങ്ങളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടു വരുന്നതിനെക്കുറിച്ചും അതോടൊപ്പം ലോക സാമ്പത്തി മേഖലയ്ക്കാകെ ഇവരുടെ നായകത്വം ലഭ്യമാക്കുന്നതിനെക്കുറിച്ചും ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.
ഗണിതശാസ്ത്രരംഗത്തെ ഇന്ത്യന്‍ പാരമ്പര്യം വളരെ ദൈര്‍ഘ്യമേറിയതും കാലപ്പഴക്കമുള്ളതുമാണ്. ‘പൂജ്യം’ ‘ദശാംശം’ എന്നീ സങ്കേതങ്ങള്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ കണ്ടെത്തിയതാണ്. ഇന്ന് വിവരസാങ്കേതിക, സാമ്പത്തിക മേഖലകളില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആകസ്മികതയല്ല, ഈ രണ്ടു അറിവിന്റെ ശാഖകളിലും ‘പൂജ്യ’ത്തിന് നിര്‍ണ്ണായകമായ പങ്കുണ്ടെന്നത് വസ്തുതയാണ്.
ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്യുന്നത്. ശാസ്ത്രം പലമടങ്ങ് പുരോഗതി നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തും വിദേശത്തും ലോകനിലവാരത്തിലുള്ള നിരവധി ഇന്ത്യന്‍ പ്രതിഭകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യയില്‍ ഇന്ത്യയ്ക്ക് ഇന്ന് ഒരു ലോകനായകന്റെ വേഷമാണുള്ളത്. സാമ്പത്തികമേഖല സാങ്കേതികത്വവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. സാമ്പത്തികരംഗവും സാങ്കേതികവിദ്യയും സമന്വയിക്കുന്ന ചിലപ്പോഴൊക്കെ നാം ‘ഫിന്‍ടെക്’ എന്ന് വിളിക്കുന്ന ആ മേഖലയ്ക്ക് ഇന്ത്യയുടെ ഭാവി വികസനത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.
സാമ്പത്തികരംഗത്ത് ഇന്ത്യയെ എങ്ങനെ ലോക നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നതിനെക്കുറിച്ച് ഞാന്‍ വിദഗ്ധരുമായി നിരന്തരം ചര്‍ച്ച നടത്താറുണ്ട്. അതിന് ഏറ്റവും ആധുനികവും മികച്ചതുമായ സംവിധാനങ്ങള്‍ അനിവാര്യമാണ്. ലോകത്തെ എല്ലാ വിപണികളുമായി ദ്രുതഗതിയില്‍ ഇടപാടുകള്‍ നടത്താനുള്ള സംവിധാനങ്ങളാണ് നമുക്ക് അതിന് വേണ്ടത്. ഈ ആശയത്തില്‍ നിന്നാണ് ഗിഫ്റ്റ് സിറ്റി ജന്മംകൊള്ളുന്നത്. ഇന്ത്യയിലെ ലോകോത്തര പ്രതിഭകള്‍ക്ക് സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ആഗോളനിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. ഈ എക്‌സ്‌ചേഞ്ച് ഉദ്ഘാടനം ചെയ്യുന്നതോടെ ഇന്ന് ആ ലക്ഷ്യത്തിലേക്ക് സുപ്രധാനവും ചരിത്രപരവുമായ ഒരു ചുവടുവയ്പ്പ് നടത്തുകയാണ്.
2013 ജൂണില്‍ ഒരു പുസ്തക പ്രകാശനത്തിനായി ഞാന്‍ ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സന്ദര്‍ശിച്ചിരുന്നു. ലോകനിലവാരത്തിലുള്ള ഒരു അന്തര്‍ദ്ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിക്കാന്‍ അന്ന് ഞാന്‍ ബി.എസ്.ഇ യോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ ചടുലമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2015-ല്‍ അതിനുള്ള ധാരണാപത്രം ഗുജറാത്ത് സര്‍ക്കാരുമായി ഒപ്പിട്ടു. ഇന്ന് ആ അന്തര്‍ദ്ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉദ്ഘാടനം ചെയ്യാനായി ഇവിടെ എത്താനായതില്‍ ഞാന്‍ അതീവ സന്തുഷ്ടവാനുമാണ്. ഇരുപത്തിയൊന്നാം നുറ്റാണ്ടിന് വേണ്ട അടിസ്ഥാനസൗകര്യ വികസനരംഗത്ത് ഗുജറാത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ പ്രധാനപ്പെട്ട ഒരു നാഴികകല്ലാണിത്.
ആദ്യഘട്ടത്തില്‍ ഈ എക്‌സ്‌ചേഞ്ച് വഴി ഓഹരികള്‍, ചരക്കുകള്‍, കറന്‍സികള്‍, പലിശ നിര്‍ണ്ണയ ഉല്‍പ്പന്നങ്ങള്‍ എന്നിവയായിരിക്കും വിപണനം ചെയ്യുക. പിന്നീട് ഇന്ത്യയിലേയും വിദേശത്തേയും കമ്പനികളുടെ ഓഹരികളും ഇവ വഴി വിനിമയം ചെയ്യപ്പെടും. ഇതിന് പുറമെ മസാല ബോണ്ടുകളും ഇവിടെ ലഭിക്കുമെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ പല കമ്പനികള്‍ക്കും വേണ്ടത്ര ഫണ്ട് ഈ സുപ്രധാനമായ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രത്തില്‍ നിന്ന് കണ്ടെത്താനും കഴിയും. ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ എക്‌സ്‌ചേഞ്ചിലൂടെ വ്യവഹാര നിര്‍മ്മാര്‍ജ്ജന, വിപണന മേഖലകളിലെ കൈമാറ്റങ്ങള്‍ ലോകത്തെവിടെയായാലും ഏറ്റവും വേഗത്തില്‍ തന്നെ ചെയ്യാന്‍ കഴിയും. ഇന്ത്യയും പശ്ചിമ-പൂര്‍വ്വ രാജ്യങ്ങളും തമ്മിലുള്ള സമയ വ്യത്യാസം വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ രാപകല്‍ വ്യത്യാസമില്ലാതെ ഈ എക്‌സ്‌ചേഞ്ചിന് ലോകത്തിനാകമാനം സാമ്പത്തികസേവനങ്ങള്‍ നല്‍കാന്‍ സുഗമമായി കഴിയും. ജപ്പാനിലെ വിപണികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന സമയം മുതല്‍ യു.എസിലെ വിപണികള്‍ അടയ്ക്കുന്നതുവരെയുള്ള 22 മണിക്കൂറും ഈ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുമെന്നാണ് എനിക്ക് ലഭിച്ചിട്ടുള്ള വിവരം. വ്യത്യസ്ത സമയക്രമമുള്ള മേഖലകള്‍ തമ്മിലുള്ള സേവനത്തില്‍ ഈ എക്‌സ്‌ചേഞ്ച് പുതിയ ഗുണനിലവാരങ്ങള്‍ നിശ്ചയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഒരു തര്‍ക്കവുമില്ല.
ഗിഫ്റ്റ് സിറ്റിയിലെ അന്തര്‍ദ്ദേശിയ സാമ്പത്തിക സേവന കേന്ദ്രത്തി (ഐ.എഫ്.സി.എസ്)ന്റെ ഭാഗമാണ് ഈ എക്‌സ്‌ചേഞ്ച്. അന്തര്‍ദ്ദേശീയ സാമ്പത്തിക സേവന കേന്ദ്രം എന്ന സങ്കല്‍പ്പം വളരെ ലളിതവും അതേസമയം വളരെ ശക്തിമത്തുമാണ്. വിദേശ സാങ്കേതികവിദ്യയും അതിന്റെ ചട്ടക്കൂടുകളും രാജ്യത്തെ പ്രതിഭകള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. വിദേശത്തെ സാമ്പത്തിക കേന്ദ്രങ്ങളോടൊപ്പം നിലകൊള്ളാന്‍ ഇന്ത്യയിലെ സ്ഥാപനങ്ങളെ ഇത് പ്രാപ്തമാക്കും. ലോകത്തെ ഏത് അന്തര്‍ദ്ദേശീയ സാമ്പത്തിക കേന്ദ്രം നല്‍കുന്ന സംവിധാനങ്ങളും നിയന്ത്രണങ്ങളുമൊക്കെ ഗിഫ്റ്റ് സിറ്റിയിലെ ഈ ഐ.എഫ്.സി.എസിനും നല്‍കാന്‍ കഴിയും.
ഇത്രയും വലിയ ആഭ്യന്തര വിപണിയുള്ള ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് ഒരു വിദേശരാജ്യത്തേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്നത് അത്ര സുഗമമല്ല. ചെറിയ നഗരരാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്താനും കഴിയില്ല. അത്തരം നഗരരാജ്യങ്ങള്‍ക്ക് ചെറിയ പ്രാദേശിക വിപണിയും അതിനനുസൃതമായ നികുതി-നിയന്ത്രണ ഭരണ വ്യവസ്ഥകളുമാണുള്ളത്. എന്നാല്‍ വലിയ രാജ്യങ്ങള്‍ക്ക് അത്തരത്തില്‍ പ്രവര്‍ത്തിക്കാനാവില്ല. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് വിദേശാന്തരീക്ഷത്തിലുളള ഒരു സംവിധാനം ഒരുക്കുമ്പോള്‍ അത് നമ്മുടെ നിയന്ത്രണസംവിധാനങ്ങളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കേന്ദ്ര ധനകാര്യമന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി എന്നിവയൊക്കെ ഇതിനുള്ള പരിഹാരവും കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം രാജ്യത്തെ വിലനിയന്ത്രണത്തിന് പോലും നമ്മുടെ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് കാട്ടി നമ്മുടെ നാട്ടിലെ ഇത്തരം സ്ഥാപനങ്ങളെയും പല വ്യവഹാര കേന്ദ്രങ്ങളെയും വിദേശ രാജ്യങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. ഈ വിമര്‍ശങ്ങളെ ലഘൂകരിക്കാന്‍ ഗിഫ്റ്റ് സിറ്റിക്ക് കഴിയും. എന്നാല്‍ ഗിഫ്റ്റ് സിറ്റിയെക്കുറിച്ചുള്ള എന്റെ വീക്ഷണം അതിലും വലുതാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ കുറേ പ്രമുഖ വ്യവഹാരസ്ഥാപനങ്ങളുടെ വിലനിയന്ത്രണ സംവിധാനമായി ഇത് മാറണം. ചരക്കുകള്‍, കറന്‍സികള്‍, പലിശ നിര്‍ണ്ണയ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി മറ്റേത് വിഭാഗത്തിന്റെയും വില നിയന്ത്രിക്കാന്‍ കഴിവുണ്ടാകുന്ന സംവിധാനമായി ഇത് വിപുലീകരിക്കപ്പെടണം.
അടുത്ത ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 30 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇതൊരു വലിയ കഠിനപ്രയത്‌നമാണ്. സേവനമേഖലയില്‍ നല്ല വേതനം ലഭിക്കുന്ന വിദഗ്ധ ജോലികളുള്‍പ്പെടെ ഈ തൊഴില്‍ വിപ്ലവത്തിന്റെ ഭാഗമായി മാറും. ഈ വെല്ലുവിളി നേരിടാന്‍ ഇന്ത്യന്‍ യുവത്വത്തിന് കഴിയുകയും ചെയ്യും. ആഗോളതലത്തില്‍ ഗിഫ്റ്റ് സിറ്റിയിലൂടെ തുറന്നുകിട്ടുന്ന സാദ്ധ്യതകള്‍ ഈ പ്രധാനപ്പെട്ട മേഖലയിലെ പങ്കാളിത്തത്തിന് അവര്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങളുമൊരുക്കും. പരിചയസമ്പന്നരും ആഗോള നിലവാരമുള്ളവരുമായ സാമ്പത്തികവിദഗ്ധരുടെ ഒരു കൂട്ടത്തെ സൃഷ്ടിക്കാന്‍ ഇന്ത്യയിലെ പ്രമുഖ കമ്പനികളോടും എക്‌സ്‌ചേഞ്ച് ആന്റ് റഗുലേറ്റേഴ്‌സിനോടും ഞാന്‍ ആവശ്യപ്പെടുകയാണ്. അതിലൂടെ ലോകത്തിനാകമാനം സേവനങ്ങള്‍ നല്‍കുന്നതിന് ഈ പുതിയ മഹത്ത് സ്ഥാപനത്തിന്റെ ഭാഗമായി മാറാനും അവര്‍ക്ക് കഴിയും. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഈ സിറ്റിക്ക് നിരവധി ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.
സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിന് ഞാന്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്. രാജ്യത്തെ സ്മാര്‍ട്ട് സിറ്റികളുടെ ആദ്യത്തേതാണ് ഗിഫ്റ്റ്‌സിറ്റി. ലോകത്തെ ഏറ്റവും മികച്ച സ്ഥാപനവുമായിപ്പോലും മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഗിഫ്റ്റ് സിറ്റിയുടെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് രാജ്യത്ത് ആരംഭിക്കാന്‍ പോകുന്ന 100 സ്മാര്‍ട്ട്‌സിറ്റികളും മനസിലാക്കണം. ഈ തലമുറയുടെ കാലത്തുതന്നെ ഇന്ത്യയ്ക്ക് ഒരു വികസിതരാജ്യമാകാന്‍ കഴിയുമെന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ സ്വപ്നത്തിലുള്ള ആ ഇന്ത്യയുടെ സൃഷ്ടിക്കായി പുതിയ നഗരങ്ങളും അനിവാര്യമാണ്.
-ആത്മവിശ്വാസമുള്ള ഒരു ഇന്ത്യ
-സമൃദ്ധമായ ഒരു ഇന്ത്യ
-എല്ലാം ഉള്‍ക്കൊള്ളുന്ന ഇന്ത്യ
-നമ്മുടെ ഇന്ത്യ.
ഇത്രയും പറഞ്ഞുകൊണ്ട് ഈ ഇന്റര്‍നാഷണല്‍ ഏക്‌സ്‌ചേഞ്ച് ഉദ്ഘാടനംചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു. ഗിഫ്റ്റ് സിറ്റിക്കും ഇന്ത്യാ ഇന്റര്‍നാഷണല്‍ ഏക്‌സ്‌ചേഞ്ചിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
നന്ദി
Delighted to be here at Gift City to inaugurate India’s first international stock exchange,that is the India International Exchange: PM
— PMO India (@PMOIndia) January 9, 2017
Indians are at the forefront of IT and finance, says PM @narendramodi. pic.twitter.com/5fjpOCeR2G
— PMO India (@PMOIndia) January 9, 2017
An important milestone for creating 21st century infrastructure: PM @narendramodi @VibrantGujarat #TransformingIndia pic.twitter.com/z8dpFtRGRW
— PMO India (@PMOIndia) January 9, 2017
India International Exchange will set new standards of quality of service and speed of transactions: PM @narendramodi pic.twitter.com/vahzh6GNU5
— PMO India (@PMOIndia) January 9, 2017
Combination of talent and technology....enabling Indian firms to compete on an equal footing with offshore financial centres. pic.twitter.com/ensTKBwang
— PMO India (@PMOIndia) January 9, 2017
New cities will be important in creating the new India of our dreams! pic.twitter.com/v5Cr9WX2j3
— PMO India (@PMOIndia) January 9, 2017