ബഹുമാന്യരായ സന്ദര്‍ശകരേ,
സുഹൃത്തുക്കളേ
കാലൈ വണക്കം
നമസ്‌ക്കാരം
എല്ലാവര്‍ക്കും ഒരു നല്ല പ്രഭാതം ആശംസിക്കുന്നു
ഇത് ഡിഫ് എക്‌സ്‌പോയുടെ പത്താമത്തെ പതിപ്പാണ്.
നിങ്ങളില്‍ പലരും ഈ പരിപാടിയില്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ടാകും. ചിലരെങ്കിലും ആരംഭം മുതല്‍ ഇതില്‍ പങ്കെടുക്കുന്നവരാണ്.
പക്ഷേ, ഡിഫ് എക്‌സ്‌പോയില്‍ ഞാന്‍ ആദ്യമായാണ്. തമിഴ് നാടെന്ന മഹത്തായ സംസ്ഥാനത്തിലെ ചരിത്ര മേഖലയായ കാഞ്ചീപുരത്ത് ഇത്ര ഔത്സുക്യമുള്ള ജനക്കൂട്ടത്തെ കാണാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനും വികാരഭരിതനുമാണ്.
വാണിജ്യത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഇന്ത്യയുടെ ചരിത്രപരമായ സാംസ്‌കാരിക ബന്ധങ്ങള്‍ സ്ഥാപിച്ച മഹാന്‍മാരായ ചോളന്‍മാരുടെ നാട്ടിലെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ ഉജ്ജ്വലമായ സമുദ്ര പാരമ്പര്യത്തിന്റെ നാടാണിത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ നാട്ടില്‍ നിന്നാണ് ഇന്ത്യ പൗരസ്ത്യ ദേശങ്ങളിലേക്ക് നോക്കിയതും കിഴക്കുനോക്കി പ്രവര്‍ത്തിച്ചതും.
സുഹൃത്തുക്കളേ,
ഇവിടെ സന്നിഹിതരായിരിക്കുന്ന 150 വിദേശ കമ്പനികളുടെ കൂടെ 500 ല്‍ ലധികം ഇന്ത്യന്‍ കമ്പനികളെയും കാണുന്നത് വിസ്മയകരമാണ്.
50 ല്‍ കൂടുതല്‍ രാജ്യങ്ങള്‍ അവരുടെ ഔദ്യോഗിക പ്രതിനിധികളെ അയച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതു മാത്രമല്ല, ഇതാദ്യമായി ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ കഴിവുകള്‍ ലോകത്തിനു മുമ്പാകെ ഇത്ര വിപുലമായ രീതിയില്‍ സമര്‍പ്പിക്കുന്ന വേദിയുമാണ്.
ലോകത്തെമ്പാടുമുള്ള സായുധ സേനകള്‍ക്ക് വിതരണ ശൃംഖലകളുടെ പ്രാധാന്യം അറിയാം. യുദ്ധരംഗത്ത് മാത്രമല്ല, പ്രതിരോധ ഉല്‍പ്പാദന സംരംഭങ്ങളുടെ ഫാക്ടറികളിലും തന്ത്രപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്.
ഇന്ന് പരസ്പര ബന്ധിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വിതരണ കണ്ണികളുടെ കാര്യക്ഷമത ഏതൊരു ഉല്‍പ്പാദന സംരംഭത്തിന്റെയും പ്രധാനഘടകമാണ്. അതു കൊണ്ടുതന്നെ ഇന്ത്യയില്‍ നിര്‍മ്മിക്കുക, ഇന്ത്യക്കുവേണ്ടി നിര്‍മ്മിക്കുക, ലോകത്തിന് ഇന്ത്യയില്‍ നിന്ന് വിതരണം ചെയ്യുക എന്ന തന്ത്രപരമായ ആനിവാര്യതയ്ക്ക് മുമ്പെന്നത്തെക്കാളും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യ ആരുടേയും പ്രദേശങ്ങള്‍ക്കായി ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രം കാണിക്കുന്നു. യുദ്ധങ്ങളിലൂടെ രാജ്യങ്ങള്‍ വിജയിക്കുന്നതിനേക്കാള്‍ ഹൃദയങ്ങള്‍ കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഈ നാട്ടില്‍ നിന്നാണ് വേദങ്ങളുടെ കാലഘട്ടം മുതല്‍ സമാധാധത്തിന്റെയും സാര്‍വലൗകിക സാഹോദര്യത്തിന്റെയും സന്ദേശം പുറത്തേക്ക് വന്നത്.
ഈ മണ്ണില്‍നിന്നാണ് ബുദ്ധ മതത്തിന്റെ വെളിച്ചം ലോകത്ത് പടര്‍ന്നത്. അശോകന്റെ കാലത്തും അതിനു വളരെ മുമ്പും മാനവികതയുടെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് കരുത്ത് പ്രയോഗിക്കുന്നതില്‍ ഇന്ത്യ വിശ്വസിച്ചിരുന്നു.
ആധുനിക കാലഘട്ടത്തില്‍, 130,000 ഇന്ത്യന്‍ പട്ടാളക്കാര്‍ ലോക മഹായുദ്ധങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തങ്ങളുടെ ജീവന്‍ ത്യജിച്ചു. ഇന്ത്യ ഒരു പ്രദേശവും വെട്ടിപ്പിടിച്ചില്ല. സമാധാനം പുനസ്ഥാപിക്കാനും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുമാണ് ഇന്ത്യന്‍ സൈനികര്‍ പൊരുതിയത്.
സ്വതന്ത്ര ഇന്ത്യ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ഏറ്റവും കൂടുതല്‍ ഐക്യരാഷ്ട്ര സമാധാനപാലകരെ അയച്ചിട്ടുണ്ട്.
അതേസമയം തന്നെ സ്വന്തം പൗരന്‍മാരെ സംരക്ഷിക്കുക എന്നത് ഒരു രാജ്യത്തിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാനായ ചിന്തകനും തന്ത്രജ്‌നുമായ ചാണക്യന്‍ അര്‍്ത്ഥശാസ്ത്രം എഴുതി. രാജാവ്, അല്ലെങ്കില്‍ ഭരണാധികാരി ജനങ്ങളെ നിര്‍ബന്ധമായും സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തേക്കാള്‍ നല്ലത് സമാധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകള്‍ക്ക് ഈ ചിന്തകളാണ് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നത്. സമാധാനത്തോടുള്ള നമ്മുടെ പ്രതിബദ്ധത നമ്മുടെ ജനങ്ങളെയും നമ്മുടെ ഭൂപ്രദേശത്തേയും സംരക്ഷിക്കുന്നതു പോലെതന്നെ കരുത്തുറ്റതാണ്. ഇതിനായി തന്ത്രപ്രധാനവും സ്വതന്ത്രവുമായ പ്രതിരോധ വ്യവസായ സമുച്ചയം (ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകള്‍) സ്ഥാപിച്ച് സായുധ സേനകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ എല്ലാ നടപടികള്‍ സ്വീകരിക്കാനും നാം തയ്യാറാണ്.
സുഹൃത്തുക്കളേ,
പ്രതിരോധ വ്യവസായ സമുച്ചയം നിര്‍മ്മിക്കുക എന്നത് ലളിതമല്ല എന്ന് നമുക്ക് ബോധ്യമുണ്ട്. ഒരു പാടു കാര്യങ്ങള്‍ ഇതിനായി ചെയ്യേണ്ടതുണ്ടെന്ന് നമുക്കറിയാം. പ്രഹേളികയുടെ ഒരുപാടു ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. പ്രതിരോധ നിര്‍മ്മാണ മേഖല ഗവണ്‍മെന്റിന്റെ പങ്കാളിത്തം കൊണ്ട് സവിശേഷമാണ്. ഉല്‍പ്പാദകന് ലൈസന്‍സ് നല്‍കാന്‍ ഗവണ്‍മെന്റ് വേണം. ഇന്ത്യയിലെ ഏക ഉപഭോക്താവ് ഏറെക്കുറെ ഗവണ്‍മെന്റ് തന്നെയായതിനാല്‍ ഗവണ്‍മെന്റ് ഇത് സംബന്ധിച്ച ഓര്‍ഡറും നല്‍കണം.
കയറ്റുമതിക്ക് അനുമതി നല്‍കണമെങ്കിലും നിങ്ങള്‍ക്ക് ഗവണ്‍മെന്റ് വേണം.
അതുകൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷമായി ഞങ്ങള്‍ ഒരു എളിയ തുടക്കമിട്ടിട്ടുണ്ട്.
പ്രതിരോധ ഉല്‍പ്പാദന ലൈസന്‍സുകള്‍, ഡിഫന്‍സ് ഓഫ്‌സെറ്റുകള്‍, പ്രതിരോധ കയറ്റുമതി അനുമതികള്‍, പ്രതിരോധ നിര്‍മ്മാണരംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം, പ്രതിരോധ സംഭരണം പരിഷ്‌കരിക്കല്‍- എന്നിവയിലെല്ലാം നിരവധി ചുവടുവെപ്പുകളാണ് നാം എടുത്തിട്ടുള്ളത്.
മേല്‍പ്പറഞ്ഞ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍, നടപടികള്‍ എന്നിവ വ്യവസായ സൗഹൃദവും സുതാര്യവും പ്രവചിക്കാവുന്നതും ഫലത്തില്‍ ശ്രദ്ധയൂന്നുന്നതും ആക്കിയിട്ടുണ്ട്. ലൈസന്‍സുകള്‍ നല്‍കുന്നിനുള്ള പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ പട്ടിക പരിഷ്‌കരിച്ചിട്ടുണ്ട്. വ്യവസായത്തില്‍ പ്രവേശിക്കുന്നതിനുള്ള, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള തടസ്സം നീക്കുന്നതിന് നിരവധി ഘടകഭാഗങ്ങള്‍, പാര്‍ട്‌സുകള്‍, ഉപഘടകങ്ങള്‍, പരീക്ഷണ ഉപകരണങ്ങള്‍, ഉല്‍പ്പാദന ഉപകരണങ്ങള്‍ എന്നിവ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വ്യാവസായിക ലൈസന്‍സിന്റെ പ്രാരംഭ കാലാവധി 3 വര്‍ഷത്തില്‍ നിന്ന് 15 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. ഇത് മൂന്ന് വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്.
നേരത്തേ ഒപ്പുവച്ച കരാറുകളില്‍ പോലും പങ്കാളികളെയും ഘടകങ്ങളെയും മാറ്റാന്‍ അനുമതി നല്‍കും വിധത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അയവുള്ളതാക്കി. വിദേശ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് കരാര്‍ ഒപ്പിടുന്ന വേളയില്‍ തങ്ങളുടെ ഇന്ത്യന്‍ പങ്കാളിയെക്കുറിച്ചും ഉല്‍പ്പന്നത്തെക്കുറിച്ചും സൂചിപ്പിക്കണമെന്ന നിബന്ധന ഇപ്പോഴില്ല.
കയറ്റുമതിക്കുള്ള അനുമതി നല്‍കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. അവ പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.
തന്ത്രപ്രധാനമല്ലാത്ത സൈനിക ഉപകരണങ്ങളുടെ ഘടകങ്ങളും ഭാഗങ്ങളും കയറ്റുമതി ചെയ്യുന്നതിന് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഒപ്പിട്ട യൂസര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ എടുത്ത് കളഞ്ഞു.
പ്രതിരോധ വ്യവസായ രംഗം 2001 വരെ സ്വകാര്യ മേഖലയ്ക്ക് അപ്രാപ്യമായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഗവണ്‍മെന്റാണ് ഈ രംഗത്തെ സ്വകാര്യ പങ്കാളിത്തത്തിനായി ആദ്യമായി തുറന്ന് കൊടുത്തത്.
ഞങ്ങള്‍ ഒരു പടികൂടി മുന്നോട്ട് പോയി നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. സ്വമേധയാ ഉള്ള മാര്‍ഗ്ഗം വഴി വരുന്ന വിദേശ നിക്ഷേപത്തിന്റെ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായും, ഓരോ നിക്ഷേപ നിര്‍ദ്ദേശത്തിന്റെയും അടിസ്ഥാനത്തില്‍ വേണമെങ്കില്‍ 100 ശതമാനം വരെയും ഉയര്‍ത്തിയിട്ടുണ്ട്.
സൈനിക ആവശ്യങ്ങള്‍ക്കുള്ള സംഭരണ പ്രക്രിയയും പുതുക്കി. ആഭ്യന്തര പ്രതിരോധ വ്യവസായത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഉതകുന്ന നിരവധി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതുക്കിയിട്ടുള്ളത്.
നേരത്തെ ആയുധ നിര്‍മ്മാണ ഫാക്ടറികള്‍ മാത്രം ഉല്‍പ്പാദിപ്പിച്ചിരുന്ന ചില ഇനങ്ങളുടെ നിര്‍മ്മാണ രംഗത്ത് ഇപ്പോള്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഇടംപിടിക്കാന്‍ കഴിഞ്ഞു.
പ്രതിരോധ മേഖലയില്‍ സൂക്ഷ്മ, ചെറുകിട സംരംഭങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് 2012 ല്‍ വിജ്ഞാപനം ചെയ്ത പൊതു സംഭരണ നയം 2015 ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കി.
വളരെ പ്രോത്സാഹനജനകമായ ഫലങ്ങളാണ് തുടക്കത്തില്‍ തന്നെ നാം കണ്ടത്. 2014 മേയില്‍ മൊത്തം പ്രതിരോധ ലൈസന്‍സുകളുടെ എണ്ണം 215 ആയിരുന്നു. 4 വര്‍ഷം കൊണ്ട് ഞങ്ങള്‍ കൂടുതല്‍ സുതാര്യമായ പ്രക്രിയയിലൂടെ 144 ലൈസന്‍സുകള്‍ കൂടി വിതരണം ചെയ്തു.
2014 മേയില്‍ 577 ദശലക്ഷം ഡോളറിനുള്ള മൊത്തം 118 പ്രതിരോധ കയറ്റുമതിക്കുള്ള അനുവാദമാണ് നല്‍കിയത്. 4 വര്‍ഷത്തിനുള്ളില്‍ മൊത്തം 1.3 ശതകോടി ഡോളറിനുമേല്‍ 794 കയറ്റുമതി അനുമതികള്‍ കൂടി നല്‍കി. 2007 മുതല്‍ 2011 വരെ ലക്ഷ്യമിട്ടിരുന്ന 1.24 ശതകോടി ഡോളറിന്റെ സ്ഥാനത്ത് 0.79 ശതകോടി ഡോളറിന്റെ കരാറാണ് യാഥാര്‍ത്ഥ്യമായത്. നേട്ടം 63 ശതമാനം മാത്രമായിരുന്നു.
2014 മുതല്‍ 2017 വരെ ലക്ഷ്യമിട്ടിരുന്ന 1.79 ശതകോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. ഇത് 80 ശതമാനത്തോടടുത്ത നേട്ടമാണ്. 2014-15 ല്‍ പ്രതിരോധ പൊതുമേഖലാ സംരംഭങ്ങളുടെയും, ആയുധ നിര്‍മ്മാണ ഫാക്ടറികളുടെയും സൂക്ഷ്മ, ചെറുകിട സംരംഭങ്ങളില്‍ നിന്നുള്ള സംഭരണം 3300 കോടി രൂപയായിരുന്നത് 2016-17 ല്‍ 4,250 കോടി രൂപയായി. 30 ശതമാനത്തോടടുത്ത വര്‍ദ്ധനയാണിത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിരോധ ഉല്‍പ്പാദന രംഗത്ത് ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന 200 ശതമാനം കണ്ട് വര്‍ദ്ധിച്ചുവെന്നതില്‍ സന്തോഷമുണ്ട്. അവ കൂടുതലും ആഗോള വിതരണ ശൃംഖലയുടെ ഭാഗമായി കഴിഞ്ഞു.
പ്രതിരോധ മൂലധന ചെലവില്‍ സംഭരണത്തിന് ഓര്‍ഡര്‍ നല്‍കിയ ഇന്ത്യന്‍ സംരംഭങ്ങളുടെ പങ്കാളിത്തം 2011-14 ല്‍ ഏകദേശം 50 ശതമാനമായിരുന്നത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 60 ശതമാനത്തിലേറെയായി. വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ മെച്ചപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളേ,
ഇതൊക്കെയാണെങ്കിലും നമുക്ക് ഏറെ മുന്നോട്ട് പോകാനുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധവുമാണ്.
പൊതുമേഖലയ്ക്കും, സ്വകാര്യ മേഖലയ്ക്കും, വിദേശ കമ്പനികള്‍ക്കും ഇടമുള്ള ഒരു പ്രതിരോധ വ്യവസായ സമുച്ചയം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്.
രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികള്‍ – ഒന്ന് ഇവിടെ തമിഴ് നാട്ടിലും മറ്റൊന്ന് ഉത്തര്‍ പ്രദേശിലും സ്ഥാപിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ മേഖലയില്‍ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഇവ വിനിയോഗിക്കും.
ഈ ഇടനാഴികള്‍ രാജ്യത്തെ പ്രതിരോധ വ്യവസായ അടിത്തറയുടെ വളര്‍ച്ചയുടെയും, സാമ്പത്തിക വികസത്തിന്റെയും യന്ത്രങ്ങളാകും. പ്രതിരോധ ഉല്‍പ്പാദന രംഗത്തെ നിക്ഷേപകരെ സഹായിക്കാനും അവര്‍ക്ക് കൈത്താങ്ങേകാനുമായി ഒരു പ്രതിരോധ നിക്ഷേപക സെല്ലിന് രൂപം കൊടുത്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
സാങ്കേതികവിദ്യ, നവീന ആശയങ്ങള്‍, ഗവേഷണ വികസനം എന്നിവയ്ക്കുള്ള ഗവണ്‍മെന്റ് പിന്‍തുണ പ്രതിരോധ മേഖലയ്ക്ക് അനിവാര്യമാണ്.
സാങ്കേതികവിദ്യാ വികസനത്തിനും, പങ്കാളിത്തത്തിനും, നിര്‍മ്മാണത്തിനും വ്യവസായ മേഖലയെ സഹായിക്കുന്നതിന്, സാങ്കേതിക വിദ്യയുടെയും ശേഷിയുടെയും കാഴ്ചപ്പാടില്‍ ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.
അടുത്തകാലത്തായി മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, അടല്‍ ഇന്നവേഷന്‍ മിഷന്‍ മുതലായ സംരംഭങ്ങള്‍ വഴി ഇന്ത്യന്‍ വാണിജ്യ രംഗത്ത് നവീന ആശയങ്ങളും, സംരംഭകത്വവും പ്രോത്സാഹിപ്പിച്ച് വരികയാണ്.
ഇന്ന് നാം ഇവിടെ ഇന്നവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രതിരോധ മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് രാജ്യത്തുടനീളം ഡിഫന്‍സ് ഇന്നവേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്.
പ്രതിരോധ രംഗത്ത്, പ്രത്യേകിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സ്വകാര്യ മൂലധനത്തെ പ്രോത്സാഹിപ്പിക്കും.
ഭാവിയില്‍ ഏതൊരു പ്രതിരോധ സേനയ്ക്കും തങ്ങളുടെ പ്രതിരോധ, പ്രത്യാക്രമണ ശേഷി നിര്‍ണ്ണയിക്കുന്നതിന് പ്രധാന ഘടകം പുതിയതും,വികസിച്ച് വരുന്നതുമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് മുതലായ സാങ്കേതികവിദ്യകളായിരിക്കും. വിവരസാങ്കേതിക വിദ്യാ രംഗത്തെ ഇന്ത്യയുടെ നേതൃപരമായ സ്ഥാനം ഈ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന് സഹായകമാകും.
മുന്‍ രാഷ്ട്രപതിയും, തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും മഹാനായ പുത്രനുമായ ഭാരത രത്‌നം ഡോ. എ.പി.ജെ. അബ്ദുള്‍ കലാം നമ്മെയെല്ലാം ആഹ്വാനം ചെയ്തത് : ‘സ്വപ്നം കാണൂ ! സ്വപ്നം കാണൂ ! സ്വപ്നം കാണൂ ! സ്വപ്നങ്ങളെ ചിന്തകളാക്കൂ, ചിന്തകള്‍ പ്രവൃത്തി പഥത്തിലെത്തിക്കൂ.’
പ്രതിരോധ നിര്‍മ്മാണ രംഗത്തെ പുതിയൊരു ക്രിയാത്മാക സംരംഭകത്വത്തിനുള്ള അവസരം വികസിപ്പിക്കുക നമ്മുടെ സ്വപ്നമാണ്. ഇതിനായി വരും ആഴ്ചകളില്‍ ഇന്ത്യയിലെയും, വിദേശത്തെയും കമ്പനികളുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി നമ്മുടെ പ്രതിരോധ, ഉല്‍പ്പാദന, നയം സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. നമ്മുടെ ലക്ഷ്യം കേവലം ചര്‍ച്ച ചെയ്യല്‍ മാത്രമല്ല. മറിച്ച് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുക കൂടിയാണ്. പ്രഭാഷണം നടത്തുകയല്ല കേള്‍ക്കാനാണ് ഞങ്ങള്‍ക്ക് ആഗ്രഹം. ഞങ്ങളുടെ ലക്ഷ്യം കേവലം അറ്റകുറ്റം തീര്‍ക്കലല്ല, മറിച്ച് പരിവര്‍ത്തനമാണ്.
സുഹൃത്തുക്കളേ,
നമുക്ക് വേഗത്തില്‍ നീങ്ങണം. പക്ഷേ കുറുക്ക് വഴികളെടുക്കാന്‍ താല്‍പ്പര്യമില്ല.
ഭരണ നിര്‍വ്വഹണത്തിന്റെ മറ്റ് പല തലങ്ങളിലുമെന്ന പോലെ പ്രതിരോധ മുന്നൊരുക്കമെന്ന സുപ്രധാന വിഷയത്തിലും നയപരമായ സ്തംഭനം തടസ്സങ്ങള്‍ സൃഷ്ടിച്ച ഒരു കാലമുണ്ടായിരുന്നു.
അത്തരം അലസതയും, കഴിവ്‌കേടും ഒരു പക്ഷേ ഗൂഢലക്ഷ്യങ്ങളും നമ്മുടെ രാഷ്ട്രത്തിന് എത്രമാത്രം കോട്ടം വരുത്തുമെന്ന് നാം കണ്ടതാണ്.
ഇപ്പോള്‍ അത് ഇല്ല. ഇനിയുണ്ടാവുകയുമില്ല. ഒരിക്കലുമുണ്ടാകില്ല. മുന്‍ ഗവണ്‍മെന്റുകള്‍ വളരെ നാള്‍ മുമ്പ് കൈകാര്യം ചെയ്യേണ്ടിയിരുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പരിഹരിച്ച് വരികയാണ്.
നമ്മുടെ കരസേനയിലെ പട്ടാളക്കാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കുന്ന വിഷയം എത്ര വര്‍ഷമായി പരിഹാരം കാണാതെ കിടക്കുകയാണെന്ന് നിങ്ങള്‍ കണ്ടു കാണും. ഇന്ത്യയിലെ പ്രതിരോധ നിര്‍മ്മാണ മേഖലയ്ക്ക് ആക്കമേകുന്ന ഒരു കരാറിലൂടെ ആ പ്രക്രിയയ്ക്ക് ഞങ്ങള്‍ വിജയകരമായ പരിസമാപ്തി കുറിച്ചതും നിങ്ങള്‍ കണ്ട് കാണും.
യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ദൈര്‍ഘ്യമേറിയ പ്രക്രിയ ഒരു തീരുമാനവുമാകാതെ നീണ്ട് പോയത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും.
നമ്മുടെ ഉടനെയുള്ള നിര്‍ണ്ണായക ആവശ്യങ്ങള്‍ നേരിടുന്നതിന് ഞങ്ങള്‍ ധീരമായ തീരുമാനം എടുക്കുക മാത്രമല്ല, 110 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് തുടക്കമിടുകയും ചെയ്തു. പ്രകടമായ ഫലമില്ലാതെ ചര്‍ച്ചകള്‍ക്കായി മാത്രം 10 വര്‍ഷത്തോളം ചെലവിടാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. നമ്മുടെ പ്രതിരോധ സേനകള്‍ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിനും അതിനായി ആവശ്യമായ ആഭ്യന്തര നിര്‍മ്മാണ സാഹചര്യം സൃഷ്ടിക്കുന്നതിനും ഒരു ദൗത്യ ബോധത്തോടെ നിങ്ങളുമൊത്ത് ഞങ്ങള്‍ പ്രവര്‍ത്തിക്കും. നിങ്ങളുമായി കാര്യക്ഷമവും ഫലപ്രദവുമായ ഒരു പങ്കാളിത്തം തുടരുന്നതിന് സത്യസന്ധതയുടെയും, സംശുദ്ധിയുടെയും ഉന്നത മൂല്യങ്ങളായിരിക്കും ഞങ്ങളെ നയിക്കുക. ഈ പവിത്രമായ ഭൂമി ഐതിഹാസിക പ്രശസ്തി നേടിയ വിഖ്യാത തമിഴ് കവിയും, തത്വചിന്തകനുമായ തിരുവള്ളുവരെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു : ‘മണ്ണ് കുഴിച്ച് ചെല്ലുമ്പോള്‍ താഴെയുള്ള അരുവികളില്‍ നിങ്ങളെത്തും. നിങ്ങള്‍ കൂടുതല്‍ പഠിക്കുംതോറും വിവേകത്തിന്റെ അരുവികള്‍ കൂടുതല്‍ തടസമില്ലാതെ ഒഴുകും.’
സൈനിക, വ്യാവസായിക സംരംഭങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രൊഫഷണലുകള്‍ക്കും, വ്യവസായങ്ങള്‍ക്കും പുതിയ സംഗമവേദി കണ്ടെത്താന്‍ ഡിഫ് എക്‌സ്‌പോ അവസരമൊരുക്കുമെന്ന് എനിക്കുറപ്പുണ്ട്.
നന്ദി,
വളരെ വളരെയേറെ നന്ദി