പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ലക്‌നൗവിലെ കൃഷി കുംഭിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.
പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും, കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കര്‍ഷകരുടെ ഈ സമ്മേളനം വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് കൈക്കൊണ്ട ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ മുന്നോട്ട് നയിക്കുന്നവരാണ് കര്‍ഷകരെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. വിത്ത്, വളം മുതലായവയുടെ വിലകുറയ്ക്കാനും കൃഷിക്കാരുടെ ലാഭം വര്‍ദ്ധിപ്പിക്കാനും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടു വരുന്ന നിരവധി നടപടികള്‍ ഇത്തരത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. സമീപ ഭാവിയില്‍ തന്നെ വന്‍തോതില്‍ സൗരോര്‍ജ്ജ പമ്പുകള്‍ രാജ്യത്തെമ്പാടുമുള്ള കൃഷി ഇടങ്ങളില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തിന്റെ പ്രയോജനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ശ്രമിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വാരാണസിയില്‍ സ്ഥാപിക്കാന്‍ പോകുന്ന നെല്ല് ഗവേഷണ കേന്ദ്രം ഈ ദിശയിലുള്ള ചുവട് വയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷികവൃത്തിയില്‍ മൂല്യവര്‍ദ്ധനയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഭക്ഷസംസ്‌ക്കരണ മേഖലയില്‍ കൈക്കൊണ്ട് വരുന്ന നടപടികള്‍ അദ്ദേഹം പരാമര്‍ശിച്ചു. ഹരിത വിപ്ലവത്തിന് ശേഷം പാല്‍ ഉല്‍പ്പാദനം, തേന്‍ ഉല്‍പ്പാദനം, കോഴി, മത്സ്യം വളര്‍ത്തല്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ജല വിഭവങ്ങളുടെ നീതി പൂര്‍വ്വകമായ വിനിയോഗം, സംഭരണത്തിന് മികച്ച സാങ്കേതികവിദ്യ, കൃഷിയില്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം മുതലായ വിഷയങ്ങളെക്കുറിച്ച് കൃഷി കുംഭില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിളകളുടെ കച്ചിക്കുറ്റി കത്തിച്ച് കളയുന്നത് ഒഴിവാക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ ഉരിത്തിരിയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.