“‘ആസാദി കാ അമൃത് മഹോത്സവി’ൽ ഇന്ത്യയുടെ ഗോത്ര പൈതൃകത്തിന്റെ മഹത്തായ ചിത്രമാണ് ആദി മഹോത്സവം അവതരിപ്പിക്കുന്നത്”
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന സന്ദേശവുമായി മുന്നേറുകയാണ്”
“ഗോത്ര സമൂഹത്തിന്റെ ക്ഷേമം എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ബന്ധത്തിന്റെയും വികാരങ്ങളുടെയും കാര്യമാണ്”
“ഞാൻ ഗോത്ര പാരമ്പര്യങ്ങളെ അടുത്തു കാണുകയും അവയ്ക്കൊപ്പം ജീവിക്കുകയും അവയിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കുകയും ചെയ്തിട്ടുണ്ട്”
“മഹത്തായ ഗോത്രപാരമ്പര്യത്തിൽ അഭൂതപൂർവമായ അഭിമാനത്തോടെയാണു രാജ്യം മുന്നേറുന്നത്”
“രാജ്യത്തിന്റെ ഏതു കോണിലുമുള്ള ഗിരിവർഗ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് എന്റെ മുൻഗണന”
“രാജ്യം പുതിയ ഉയരങ്ങളിലേക്കു കുതിച്ചുയരുകയാണ്; കാരണം, നിരാലംബരുടെ വികസനത്തിനു ഗവണ്മെന്റ് മുൻഗണനയേകുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് ദേശീയ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്ര വർഗ ഉത്സവമായ ആദി മഹോത്സവം ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ആദി മഹോത്സവം. ഇത് ഗോത്ര സംസ്കാരം, കരകൗശലവസ്തുക്കൾ, പാചകരീതി, വാണിജ്യം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയുടെ സത്ത ആഘോഷമാക്കുന്നു. ഗിരി‌വർഗ കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗിരിവർഗ സഹകരണ വിപണന വികസന  ഫെഡറേഷൻ ലിമിറ്റഡിന്റെ (ട്രൈഫെഡ്) വാർഷിക സംരംഭമാണിത്.

വേദിയിൽ എത്തിയ പ്രധാനമന്ത്രി ഭഗവാൻ ബിർസ മുണ്ഡയ്ക്ക് പുഷ്പാർച്ചന നടത്തുകയും  പ്രദർശനത്തിലെ സ്റ്റാളുകൾ സന്ദർശിക്കുകയും ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ, ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ രാജ്യത്തിന്റെ ഗോത്ര പാരമ്പര്യത്തിന്റെ മഹത്തായ ചിത്രമാണ് ആദി മഹോത്സവം അവതരിപ്പിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ അഭിമാനകരമായ നിശ്ചലദൃശ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി വിവിധ രുചികൾ, നിറങ്ങൾ, അലങ്കാരങ്ങൾ, പാരമ്പര്യങ്ങൾ, കല, കലാരൂപങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, സംഗീതം എന്നിവയ്ക്കു സാക്ഷ്യം വഹിക്കാനുള്ള അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. തോളോടു തോൾ ചേർന്നു നിൽക്കുന്ന ഇന്ത്യയുടെ വൈവിധ്യത്തിന്റെയും മഹത്വത്തിന്റെയും ചിത്രമാണ് ആദി മഹോത്സവമെന്ന് അദ്ദേഹം പറഞ്ഞു.  “ആദി മഹോത്സവം അനന്തമായ ആകാശം പോലെയാണ്. അവിടെ ഇന്ത്യയുടെ വൈവിധ്യത്തെ മഴവില്ലിലെ നിറങ്ങൾ പോലെ പ്രദർശിപ്പിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. മഴവില്ലിലെ നിറങ്ങൾ ഒത്തുചേരുന്നതിനോട് ഉപമിച്ച്, അനന്തമായ വൈവിധ്യങ്ങൾ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന ചരടിലേക്ക് ഇഴുകിച്ചേരുമ്പോഴാണു രാജ്യത്തിന്റെ മഹത്വം മുൻനിരയിൽ വരുന്നതെന്നും അപ്പോഴാണ് ഇന്ത്യ ലോകത്തിനാകെ മാർഗനിർദേശം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പൈതൃകത്തോടൊപ്പം വികസനം എന്ന ആശയത്തിന് ഊർജം പകരുന്നതോടൊപ്പം ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തിനു കരുത്തു പകരുന്നതാണ് ആദി മഹോത്സവമെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന സന്ദേശവുമായി മുന്നേറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദൂരമെന്നു കരുതിയിരുന്ന കാര്യങ്ങളിലേക്കു ഗവണ്മെന്റ് ഇപ്പോൾ സ്വന്തം നിലയ്ക്ക് എത്തിച്ചേരുകയും, ‌ഒറ്റപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ജനതയെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദി മഹോത്സവം പോലുള്ള പരിപാടികൾ രാജ്യത്തു പ്രസ്ഥാനമായി മാറിയെന്നും അതിൽ പലതിലും താൻ തന്നെ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഗിരിവർഗ സമൂഹത്തിന്റെ ക്ഷേമം എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ബന്ധത്തിന്റെയും വികാരങ്ങളുടെയും കാര്യമാണ്”- സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ ഗോത്ര സമൂഹങ്ങളുമായുള്ള അടുത്ത ബന്ധം അനുസ്മരിച്ചു പ്രധാനമന്ത്രി പറഞ്ഞു. “ഞാൻ നിങ്ങളുടെ പാരമ്പര്യങ്ങളെ അടുത്തറി‌യുകയും അവയ്ക്കൊപ്പം ജീവിക്കുകയും അവയിൽ നിന്നു പഠിക്കുകയും ചെയ്തിട്ടുണ്ട്”- ഉമർഗാം മുതൽ അംബാജി വരെയുള്ള ഗോത്രമേഖലയിൽ തന്റെ ജീവിതത്തിലെ സുപ്രധാന വർഷങ്ങൾ ചെലവഴിച്ചത് ഓർത്തുകൊണ്ടു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “ഗോത്ര വർഗ ജീവിതം രാജ്യത്തെയും അതിന്റെ പാരമ്പര്യങ്ങളെയും കുറിച്ച് എന്നെ വളരെയധികം പഠിപ്പിച്ചു” - പ്രധാനമന്ത്രി പറഞ്ഞു.

മഹത്തായ ഗോത്ര വർഗ പാരമ്പര്യത്തിൽ അഭൂതപൂർവമായ അഭിമാനത്തോടെയാണു രാജ്യം മുന്നേറുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദേശത്തെ വിശിഷ്ടാതിഥികൾക്കു താൻ നൽകുന്ന സമ്മാനങ്ങളിൽ ഗോത്രവർഗ ഉൽപ്പന്നങ്ങൾ അഭിമാനാർഹമായ സ്ഥാനം കണ്ടെത്തുന്നതായി അദ്ദേഹം അറിയിച്ചു. ആഗോള വേദികളിൽ ഇന്ത്യയുടെ പെരുമയുടെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമായാണ് ഇന്ത്യ ഗോത്ര പാരമ്പര്യത്തെ അവതരിപ്പിക്കുന്നത്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി ഗോത്രവർഗക്കാരുടെ ജീവിതരീതിയിലൂടെ ഇന്ത്യ അറിയിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ടു രാജ്യത്തെ ഗോത്രവർഗ സമൂഹത്തിന് ഏറെ പ്രചോദനം പകരാനും പഠിപ്പിക്കാനുമാകുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഗോത്ര വർഗ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗോത്ര വർഗ ഉൽപ്പന്നങ്ങൾ പരമാവധി വിപണിയിലെത്തണമെന്നും അവയുടെ സ്വീകാര്യതയും ആവശ്യകതയും വർധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുളയുടെ കാര്യത്തിലെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മുൻ ഗവണ്മെന്റ് മുളയുടെ വിളവെടുപ്പും ഉപയോഗവും നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ ഗവണ്മെന്റ് മുളയെ പുല്ലിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്തി നിരോധനം നിർത്തലാക്കിയെന്നു ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലായി 3000ലധികം വൻധൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി വൻധൻ ദൗത്യത്തെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി പറഞ്ഞു. 90 ചെറുകിട വന ഉൽപ്പന്നങ്ങൾ താങ്ങുവിലയുടെ പരിധിയിൽ കൊണ്ടുവന്നു. ഇത് 2014ലെ എണ്ണത്തേക്കാൾ 7 മടങ്ങു കൂടുതലാണ്. അതുപോലെ, രാജ്യത്തു വളർന്നു വരുന്ന സ്വയം സഹായ സംഘങ്ങളുടെ ശൃംഖല ഗോത്ര സമൂഹത്തിനു ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു പ്രവർത്തിക്കുന്ന 80 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളിലായി 1.25 കോടി ഗിരിവർഗ അംഗങ്ങളുണ്ട്.

ഗോത്ര വർഗ യുവജനങ്ങൾക്കു ഗോത്രകലയും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത കരകൗശലത്തൊഴിലാളികൾക്കായി പിഎം വിശ്വകർമ യോജനയ്ക്കു തുടക്കം കുറിച്ചതായി ഈ വർഷത്തെ ബജറ്റ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. അതിലൂടെ നൈപുണ്യ വികസനത്തിനും അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള പിന്തുണക്കും പുറമെ സാമ്പത്തിക സഹായവും ലഭ്യമാകും.

“ഗിരിവർഗ കുട്ടികൾ, അവർ രാജ്യത്തിന്റെ ഏതു കോണിലായാലും അവരുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമാണു ഞാൻ മുൻഗണനയേകുന്നത്” - പ്രധാനമന്ത്രി പറഞ്ഞു. ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ എണ്ണം 2004-2014 കാലഘട്ടത്തിലെ 80ൽ നിന്ന് 2014 - 2022 കാലയളവിൽ 500 സ്കൂളുകൾ എന്ന നിലയിൽ 5 മടങ്ങു വർധിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തോളം കുട്ടികളെ പഠിപ്പിക്കുന്ന 400ലധികം സ്കൂളുകൾ ഇതിനകം പ്രവർത്തനം ആരംഭിച്ചു. ഈ വർഷത്തെ ബജറ്റിൽ ഈ സ്കൂളുകൾക്കായി 38,000 അധ്യാപകരെയും ജീവനക്കാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഗിരി‌വർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ഇരട്ടിയാക്കി.

ഭാഷാ പ്രശ്നം കാരണം ഗിരിവർഗ യുവാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, യുവാക്കൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാൻ കഴിയുന്ന പുതിയ വിദ്യാഭ്യാസ നയത്തിലേക്കു വെളിച്ചം വീശി. “നമ്മുടെ ഗോത്ര വർഗക്കാരായ കുട്ടികളും യുവാക്കളും സ്വന്തം ഭാഷയിൽ പഠിച്ചു മുന്നേറുന്ന കാര്യം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

അടിച്ചമർത്തപ്പെട്ടവരുടെ വികസനത്തിനു ഗവണ്മെന്റ് മുൻഗണന നൽകുന്നതിനാലാണു രാജ്യം പുതിയ ഉയരങ്ങളിലേക്കു കുതിക്കുന്നതെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. അവസാന സ്ഥാനത്തു നിൽക്കുന്ന വ്യക്തിക്കു രാജ്യം മുൻഗണന നൽകുമ്പോൾ പുരോഗതിയുടെ പാത താനേ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്യമി‌ടുന്ന ഭൂരിഭാഗം പ്രദേശങ്ങളും ഗിരിവർഗ ജനസംഖ്യ കൂടുതലുള്ള മേഖലകളാണെന്ന്, വികസനം കാംക്ഷിക്കുന്ന ജില്ലകൾക്കും ബ്ലോക്കുകൾക്കുമായുള്ള പദ്ധതി ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. “2014 നെ അപേക്ഷിച്ച് ഈ വർഷത്തെ ബജറ്റിൽ, പട്ടികവർഗക്കാർക്കായി അനുവദിച്ച ബജറ്റും 5 മടങ്ങു വർധിപ്പിച്ചിട്ടുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു. “ഒറ്റപ്പെടലും അവഗണനയും കാരണം വിഘടനവാദത്തിന്റെ കെണിയിൽ അകപ്പെട്ടിരുന്ന യുവാക്കൾ ഇപ്പോൾ ഇന്റർനെറ്റിലൂടെയും അടിസ്ഥാനസൗകര്യങ്ങളിലൂടെയും മുഖ്യധാരയുമായി ബന്ധപ്പെടുന്നു. ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്നതിന്റെ അലയൊലികളാണു രാജ്യത്തെ വിദൂര പ്രദേശങ്ങളിലെ ഓരോ പൗരനിലേക്കും എത്തിച്ചേരുന്നത്. ആദിയുടെയും ആധുനികതയുടെയും സംഗമത്തിന്റെ ശബ്ദമാണിത്. അതിൽ നവ ഇന്ത്യയുടെ ഉന്നത സൗധം നിലകൊള്ളും”.

സമത്വത്തിനും ഐക്യത്തിനും മുൻഗണനയേകുന്ന  മാറ്റത്തിനു സാക്ഷ്യം വഹിക്കുകയാണു കഴിഞ്ഞ 8-9 വർഷത്തെ ഗോത്ര സമൂഹത്തിന്റെ യാത്രയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനു ശേഷം ഇതാദ്യമായാണു ഗോത്രവർഗത്തിലെ വനിതയുടെ കൈകളിൽ രാജ്യത്തിന്റെ നേതൃത്വം വരുന്നതെന്നും രാഷ്ട്രപതിയുടെ രൂപത്തിൽ ഇന്ത്യയുടെ പരമോന്നത പദവിയിൽ ഇതു രാജ്യത്തിന് അഭിമാനമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവർഗ ചരിത്രത്തിനു രാജ്യത്ത് ഇതാദ്യമായാണ് അർഹമായ അംഗീകാരം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഗോത്ര സമൂഹം നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ചരിത്രത്തിന്റെ താളുകളിൽ ത്യാഗത്തിന്റെയും വീര്യത്തിന്റെയും മഹത്തായ അധ്യായങ്ങൾ മൂടിവയ്ക്കാൻ പതിറ്റാണ്ടുകളായി നടത്തുന്ന പരോക്ഷമായ ശ്രമങ്ങളെ വിമർശിച്ചു. ഭൂതകാലത്തിലെ വിസ്മരിക്കപ്പെട്ട ഈ അധ്യായങ്ങൾ മുൻ നി‌രയിലേക്കു കൊണ്ടുവരാൻ രാഷ്ട്രം ഒടുവിൽ അമൃത മഹോത്സവത്തിൽ നടപടികൾ സ്വീകരിച്ചുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇതാദ്യമായി, ഭഗവാൻ ബിർസ മുണ്ഡയുടെ ജന്മദിനത്തിൽ രാജ്യം ജനജാതീയ ഗൗരവ് ദിവസം ആഘോഷിക്കാൻ തുടങ്ങി”. ഝാർഖണ്ഡിലെ റാഞ്ചിയിൽ ഭഗവാൻ ബിർസ മുണ്ഡയ്ക്കു സമർപ്പിച്ചിരിക്കുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്യാനുള്ള അവസരം അനുസ്മരിച്ച പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിൽ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ട മ്യൂസിയങ്ങൾ വരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ആദ്യമായാണ് ഇതു സംഭവിക്കുന്നതെങ്കിലും, അതിന്റെ പ്രതീതി വരും തലമുറകൾക്കു ദൃശ്യമാകുമെന്നും നൂറ്റാണ്ടുകളോളം രാജ്യത്തിനു പ്രചോദനവും ദിശാബോധവും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

“നാം നമ്മുടെ ഭൂതകാലത്തെ സംരക്ഷിക്കണം. വർത്തമാനകാലത്തെ നമ്മുടെ കർത്തവ്യബോധം ഉയർത്തിപ്പിടിക്കണം. ഭാവിയിലേക്കുള്ള നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം” - ആദി മഹോത്സവം പോലുള്ള പരിപാടികൾ ഈ പ്രമേയം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള കരുത്തുറ്റ മാധ്യമമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ യജ്ഞം ബഹുജന പ്രസ്ഥാനമായി മാറണമെന്നു പറഞ്ഞ പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്ന ഈ വർഷത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, നാടൻ ധാന്യങ്ങൾ നൂറ്റാണ്ടുകളായി ഗോത്ര വർഗ ഭക്ഷണത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടി. ശ്രീ അന്നയുടെ രുചിയും മണവും ഇവിടത്തെ മേളയുടെ ഭക്ഷണ സ്റ്റാളുകളിൽ ഉണ്ടെന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ഗിരിവർഗ മേഖലകളിലെ ഭക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. കാരണം ഇതു ജനങ്ങളുടെ ആരോഗ്യത്തിനു മാത്രമല്ല, ഗിരിവർഗ കർഷകരുടെ വരുമാനം വർധിപ്പിക്കാനും സഹായിക്കും. കൂട്ടായ പരിശ്രമത്തിലൂടെ വികസിത ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.

കേന്ദ്ര ഗിരിവർഗകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ഡ, കേന്ദ്ര ഗിരിവർഗകാര്യ സഹമന്ത്രി ശ്രീമതി രേണുക് സിങ് സുരുത, ശ്രീ ബിശ്വേശ്വർ ടുഡു, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി ശ്രീ ഫഗ്ഗൻ സിങ് കുലസ്തെ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, ട്രൈഫെഡ് ചെയർമാൻ ശ്രീ രാംസിങ് രത്വ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തെ ഗോത്രവർഗക്കാരുടെ ക്ഷേമത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിലും രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും അവർ നൽകിയ സംഭാവനകളെ മാനിക്കുന്നതിലും പ്രധാനമന്ത്രി മുൻപന്തിയിലാണ്. ഗോത്രവർഗ സംസ്കാരം ദേശീയ വേദിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിലെ മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിൽ മെഗാ ദേശീയ ഗോത്രോത്സവമായ ‘ആദി മഹോത്സവ്’ ഉദ്ഘാടനം ചെയ്തു.

ഗോത്ര സംസ്കാരം, കരകൗശലവസ്തുക്കൾ, പാചകരീതി, വാണിജ്യം, പരമ്പരാഗത കല എന്നിവയുടെ സത്ത ആഘോഷിക്കുന്ന ആദി മഹോത്സവം, ഗിരിവർഗ കാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഗിരിവർഗ സഹകരണ വിപണന വികസന  ഫെഡറേഷൻ ലിമിറ്റഡിന്റെ (ട്രൈഫെഡ്) വാർഷിക സംരംഭമാണ്. ഈ വർഷം ഫെബ്രുവരി 16 മുതൽ 27 വരെ ഡൽഹിയിലെ മേജർ ധ്യാൻചന്ദ് ദേശീയ സ്റ്റേഡിയത്തിലാണ് ഇതു സംഘടിപ്പിക്കുന്നത്.

വേദിയിലെ 200ലധികം സ്റ്റാളുകളിലായി രാജ്യത്തുടനീളമുള്ള ഗോത്രവർഗക്കാരുടെ സമ്പന്നവും വൈവിധ്യപൂർണവുമായ പൈതൃകം പരിപാടി പ്രദർശിപ്പിക്കും. ആയിരത്തോളം ഗിര‌ിവർഗ കരകൗശല തൊഴിലാളികൾ മഹോത്സവത്തിൽ പങ്കെടുക്കും. കരകൗശലവസ്തുക്കൾ, കൈത്തറി, മൺപാത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ പതിവു ശ്രദ്ധാകേന്ദ്രങ്ങൾക്കൊപ്പം 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആഘോഷിക്കപ്പെടുന്നതിനാൽ, മഹോത്സവത്തിൽ ഗിരിവർഗക്കാർ നട്ടുവളര്‍ത്തിയ ശ്രീ അന്നയുടെ പ്രദർശനത്തിനു പ്രത്യേക ശ്രദ്ധ നൽകും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Space Sector: A Transformational Year Ahead in 2025

Media Coverage

India’s Space Sector: A Transformational Year Ahead in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India