പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. മുംബൈ-സോലാപുർ വന്ദേ ഭാരത്, മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് എന്നീ ട്രെയിനുകളാണു ഫ്ലാഗ് ഓഫ് ചെയ്തത്. മുംബൈയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനുമായി സാന്താക്രൂസ് ചെമ്പൂർ ലിങ്ക് റോഡ്, കുരാർ അടിപ്പാത പദ്ധതി എന്നീ രണ്ടു റോഡ് പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിന്റെ പതിനെട്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തിയ പ്രധാനമന്ത്രി മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിൻ പരിശോധിച്ചു. ട്രെയിൻ ജീവനക്കാരുമായും കോച്ചിനുള്ളിലെ കുട്ടികളുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ഇന്ത്യയിലെ റെയിൽവേയെയും മഹാരാഷ്ട്രയിലെ നൂതന സമ്പർക്കസൗകര്യങ്ങളെയും സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ ദിനമാണെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. കാരണം, ഇതാദ്യമായാണ് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഒരേ ദിവസം ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഈ വന്ദേ ഭാരത് ട്രെയിനുകൾ മുംബൈ, പുണെ തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളെ വിശ്വാസ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുമെന്നും അതുവഴി കോളേജ്, ഓഫീസ്, വ്യവസായം, തീർത്ഥാടനം, കാർഷിക ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷിർദി, നാസിക്, ത്ര്യംബകേശ്വർ, പഞ്ചവടി തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്രകൾ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എളുപ്പമാക്കുമെന്നും ഇത് വിനോദസഞ്ചാരത്തിനും തീർഥാടനത്തിനും ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. “പണ്ഢർപുർ, സോലാപുർ, അക്കൽകോട്ട്, തുൾജാപുർ തീർഥാടനങ്ങളും സോലാപുർ വന്ദേ ഭാരത് എക്സ്‌പ്രസ് വഴി കൂടുതൽ പ്രാപ്യമാകും”- അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യയുടെ മഹത്തായ ചിത്രമാണ് വന്ദേ ഭാരത് ട്രെയിൻ എന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇത് ഇന്ത്യയുടെ വേഗതയുടെയും തോതിന്റെയും പ്രതിഫലനമാണ്." രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 108 ജില്ലകളെ ബന്ധിപ്പിച്ച് ഇതുവരെ 10 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് ആരംഭിച്ചതായി വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിച്ചതിന്റെ വേഗതയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ജീവിത സൗകര്യം മെച്ചപ്പെടുത്തുന്ന നിരവധി പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. എലിവേറ്റഡ് റോഡ് കിഴക്കും പടിഞ്ഞാറും സബർബൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്നും അടിപ്പാത പ്രാധാന്യമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ പൊതുഗതാഗതം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ആവർത്തിച്ചു. കാരണം അത് പൗരന്മാരുടെ ജീവിതം വലിയ തോതിൽ സുഗമമാക്കും. ആധുനിക ട്രെയിനുകൾ ആരംഭിക്കുന്നതിനും മെട്രോയുടെ വിപുലീകരണത്തിനും പുതിയ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും പിന്നിൽ ഈ ചിന്തയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ഇതാദ്യമായി 10 ലക്ഷം കോടി രൂപ നീക്കിവച്ച ബജറ്റ് ഈ ചിന്തയ്ക്ക കരുത്തേകുന്നു. ഇതിൽ റെയിൽവേയുടെ വിഹിതം 2.5 ലക്ഷം കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയ്ക്കുള്ള റെയിൽവേ ബജറ്റും അഭൂതപൂർവമായ വർധനയ്ക്കു സാക്ഷ്യം വഹിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ ശ്രമങ്ങളോടെ മഹാരാഷ്ട്രയിലെ സമ്പർക്കസൗകര്യങ്ങൾ അതിവേഗം മുന്നോട്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
“ഈ ബജറ്റിൽ മധ്യവർഗത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്”, ശമ്പളക്കാരുടെയും വ്യവസായങ്ങൾ നടത്തുന്നവരുടെയും ആവശ്യങ്ങൾ ഈ വർഷത്തെ ബജറ്റിൽ അഭിസംബോധന ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പ് 2 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് നികുതി ചുമത്തിയിരുന്നെങ്കിലും, ഈ വർഷത്തെ ബജറ്റിൽ അത് ആദ്യം 5 ലക്ഷം രൂപയായും ഇപ്പോൾ 7 ലക്ഷം രൂപയായും വർധിപ്പിച്ചത് ഇപ്പോഴത്തെ ഗവണ്മെന്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "യുപിഎ ഗവണ്മെന്റിന്റെ കാലത്ത് 20 ശതമാനം നികുതി അടച്ചവർ ഇന്ന് പൂജ്യം നികുതിയാണ് നൽകുന്നത്" - പ്രധാനമന്ത്രി പറഞ്ഞു. പുതിയ തൊഴിലവസരങ്ങളുള്ളവർക്ക് ഇപ്പോൾ കൂടുതൽ സമ്പാദിക്കാൻ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഏവരുടെയും വികസനം കൂട്ടായ പരിശ്രമം’ എന്ന ആശയം പ്രോത്സാഹിപ്പിക്കുന്ന ഈ ബജറ്റ് ഓരോ കുടുംബത്തിനും കരുത്തു പകരുമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്.
മഹാരാഷ്ട്ര ഗവർണർ ശ്രീ ഭഗത് സിങ് കോഷിയാരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിൻഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര സൂക്ഷ്മ - ചെറുകിട- ഇടത്തരം സംരഭ മന്ത്രി ശ്രീ നാരായൺ റാണെ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ രാംദാസ് അത്താവലെ, ശ്രീ കപിൽ മൊരേശ്വർ പാട്ടീൽ, മഹാരാഷ്ട്ര മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം :
മുംബൈ-സോലാപുര്‍ വന്ദേ ഭാരത് ട്രെയിനും മുംബൈ-സായിനഗര്‍ ഷിർദി വന്ദേ ഭാരത് ട്രെയിനുമാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത രണ്ട് ട്രെയിനുകള്‍. നവ ഇന്ത്യയ്ക്ക് മികച്ചതും കാര്യക്ഷമവും യാത്രാ സൗഹൃദവുമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
രാജ്യത്തെ ഒന്‍പതാമത്തെ വന്ദേ ഭാരത് ട്രെയിനാണ് മുംബൈ-സോലാപുര്‍ വന്ദേ ഭാരത് ട്രെയിന്‍. ഈ പുതിയ ലോകോത്തര ട്രെയിന്‍ മുംബൈയും സോലാപുരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും. കൂടാതെ സോലാപുരിലെ സിദ്ധേശ്വര്‍, അക്കല്‍കോട്ട്, തുള്‍ജാപുര്‍, സോലാപുരിനടുത്തുള്ള പണ്ഢർപുര്‍, പുണെയ്ക്കടുത്തുള്ള ആളന്ദി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കും.
മുംബൈ-സായിനഗര്‍ ഷിര്‍ദ്ദി വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തെ പത്താമത്തെ വന്ദേ ഭാരത് ട്രെയിനാണ്. ഇത് മഹാരാഷ്ട്രയിലെ നാസിക്, ത്ര്യംബകേശ്വര്‍, സായിനഗര്‍ ഷിർദി, ശനി ശിംഗ്ണാപുർ തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും.
മുംബൈയിലെ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനുമായി സാന്താക്രൂസ് ചെമ്പൂര്‍ ലിങ്ക് റോഡും (എസ്‌സിഎല്‍ആര്‍) കുരാര്‍ അടിപ്പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കുർള മുതൽ വക്കോല വരെയും, എംടിഎൻഎൽ ജങ്ഷൻ, ബികെസി മുതൽ കുർളയിലെ എൽബിഎസ് ഫ്ലൈ ഓവർ വരെയും പുതുതായി നിർമിച്ച എലവേറ്റഡ് ഇടനാഴി നഗരത്തിന് ആവശ്യമായ കിഴക്ക് - പടിഞ്ഞാറ് സമ്പർക്കസൗകര്യം വർധിപ്പിക്കും. ഈ ശാഖകള്‍ പടിഞ്ഞാറൻ അതിവേഗ പാതയെ കിഴക്കൻ അതിവേഗ പാതയുമായി ബന്ധിപ്പിക്കുകയും അതുവഴി കിഴക്കന്‍, പടിഞ്ഞാറന്‍ നഗരപ്രാന്തപ്രദേശങ്ങളെ കാര്യക്ഷമമായി ബന്ധിപ്പിക്കുകയും ചെയ്യും. പടിഞ്ഞാറൻ അതിവേഗ പാതയിലെ (ഡബ്ല്യുഇഎച്ച്) ഗതാഗതം സുഗമമാക്കുന്നതിനും ഡബ്ല്യുഇഎച്ചുമായി മാലാഡിനെയും കുരാര്‍ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നതിനും കുരാര്‍ അടിപാത നിര്‍ണായകമാണ്. ഡബ്ല്യുഇഎച്ചിലെ കനത്ത ഗതാഗതത്തില്‍പ്പെടാതെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ റോഡ് മുറിച്ചുകടക്കാനും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനും ഇതിലൂടെ സാധിക്കും.
आज का दिन भारतीय रेल के लिए, विशेष रूप से मुंबई और महाराष्ट्र की आधुनिक कनेक्टिविटी के लिए बहुत बड़ा है। pic.twitter.com/s4h9FnUvcW
— PMO India (@PMOIndia) February 10, 2023
Vande Bharat trains are a reflection of India's speed and scale. pic.twitter.com/hoNc6WDu2l
— PMO India (@PMOIndia) February 10, 2023
आज देश में आधुनिक ट्रेनें चलाई जा रही हैं, मेट्रो का विस्तार हो रहा है, नए-नए एयरपोर्ट्स और पोर्ट्स बनाए जा रहे हैं। pic.twitter.com/58e4HvqwIk
— PMO India (@PMOIndia) February 10, 2023
इस बार के बजट में मध्यम वर्ग को मजबूती दी गई है। pic.twitter.com/Cs2Wbg8JjF
— PMO India (@PMOIndia) February 10, 2023