പശ്ചിമ ചരക്ക് ഇടനാഴിയിലെ 306 കിലോമീറ്റര്‍ നീളം വരുന്ന റെവാഡി - മഡര്‍ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഈ റൂട്ടില്‍ ഓടുന്ന ഇരുനില കണ്ടെയ്‌നര്‍ ട്രെയിനിനും അദ്ദേഹം പച്ചക്കൊടി കാട്ടി. രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാരായ ശ്രീ പീയുഷ് ഗോയല്‍, ശ്രീ ഗജേന്ദ്ര സിംഗദ് ഷെഖാവത്ത്, ശ്രീ അര്‍ജുന്‍ രാം മേഘ്‌വാള്‍, ശ്രീ കൈലാഷ് ചൗധരി, ശ്രീ റാവു ഇന്ദര്‍ജിത് സിംഗ്, ശ്രീ രത്തന്‍ ലാല്‍ കട്ടാരിയ, ശ്രീ കിഷന്‍ പാല്‍ ഗുര്‍ജര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
തദവസരത്തില്‍ സംസാരിക്കവെ, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്കരിക്കുന്നതിനുള്ള മഹായജ്ജത്തിന് ഇന്ന് ഗതിവേഗം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് നേരിട്ട് ആനുകൂല്യം കൈമാറല്‍, എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഏര്‍പ്പെടുത്തല്‍, രാജ്‌കോട്ട് എയിംസ്, സംബല്‍പൂര്‍ ഐഐഎം, ആറ് നഗരങ്ങളില്‍ ലൈറ്റ്ഹൗസ് പദ്ധതികള്‍, ദേശീയ ആണവ ടൈം സ്‌കെയില്‍, ദേശീയ പരിസ്ഥിതി ഗുണനിലവാര ലബോറട്ടറി, കൊച്ചി - മംഗലാപുരം വാതക പൈപ്പ് ലൈന്‍, നൂറാമത് കിസാന്‍ റെയില്‍, പശ്ചിമ ചരക്ക് ഇടനാഴിയുടെ ഒരു ഭാഗം തുടങ്ങി രാജ്യത്തെ ആധുനികവല്കരിക്കുന്നതിന് കഴിഞ്ഞ 12 ദിവസത്തിനിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഉദ്യമങ്ങളുടെ പട്ടിക അദ്ദേഹം നിരത്തി. കൊറോണ കാലത്തും രാജ്യത്തെ ആധുനികവല്കരിക്കുന്നതിന് നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശീയമായി ഉല്പാദിപ്പിക്കുന്ന കൊറോണ വാക്‌സിന് ഏതാനും ദിവസം മുമ്പ് അനുമതി നല്‍കിയത് ജനങ്ങളില്‍ പുതിയൊരു വിശ്വാസം ജനിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ചരക്ക് നീക്കത്തിന് മാത്രമായുള്ള ഇടനാഴിയെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഭാവ്പൂര്‍ - ന്യൂ ഖുര്‍ജ സെക്ഷന്‍ തുറന്നു കൊടുത്തതോടെ ചരക്ക് ട്രെയിനുകളുടെ ഈ മേഖലയിലെ ശരാശരി വേഗം മൂന്ന് മടങ്ങ് വര്‍ദ്ധിച്ചു. ഹരിയാനയിലെ ന്യൂ അതേലി മുതല്‍ രാജസ്ഥാനിലെ ന്യൂ കിഷന്‍ഗഞ്ച് വരെയുള്ള ആദ്യ ഡബിള്‍ സ്റ്റാക്ക്ഡ് കണ്ടെയ്‌നര്‍ ചരക്ക് ട്രെയിനിന് തുടക്കമിട്ടതോടെ ഈ നേട്ടം കൈവരിച്ച ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടി. ഈ അഭിമാനാര്‍ഹമായ നേട്ടത്തില്‍ എഞ്ചിനീയര്‍മാരെയും, അവരുടെ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ ചരക്ക് ഇടനാഴി രാജസ്ഥാനിലെ ഏവര്‍ക്കും, പ്രത്യേകിച്ച് കര്‍ഷകര്‍, സംരംഭകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് പുതിയ അവസരങ്ങളും, പുതിയ പ്രതീക്ഷകളും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ ആധുനിക ചരക്ക് ട്രെയിനുകള്‍ക്കുള്ള പാത മാത്രമല്ല, രാജ്യത്തിന്റെ ത്വരിത വികസനത്തിനുള്ള ഇടനാഴി കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പുതിയ വളര്‍ച്ചാ കേന്ദ്രങ്ങളുടെ വികസനത്തിനുള്ള അടിത്തറയാകും ഈ ഇടനാഴികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ഇതരഭാഗങ്ങളുടെ കരുത്ത് എങ്ങനെ വര്‍ദ്ധിപ്പിക്കാ മെന്ന് കിഴക്കന്‍ ചരക്ക് ഇടനാഴി തെളിയിച്ച് തുടങ്ങിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമ ചരക്ക് ഇടനാഴി ഹരിയാനയിലെയും, രാജസ്ഥാനി ലെയും കാര്‍ഷിക അനുബന്ധ ബിസിനസ്സുകള്‍ സുഗമമാക്കുന്ന തിനൊപ്പം മഹേന്ദ്രഗഢ്, ജയ്പൂര്‍, അജ്മീര്‍, സിക്കര്‍ തുടങ്ങിയ നഗരങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം പകരുകയും ചെയ്യും. ഈ സംസ്ഥാനങ്ങളിലെ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും, സംരംഭകര്‍ക്കും ദേശീയ അന്താരാഷ്ട്ര വിപണികള്‍ കുറഞ്ഞ ചെലവില്‍ പ്രാപ്യമാക്കും. ഗുജറാത്തിലെയും, മഹാരാഷ്ട്രയിലെയും തുറമുഖങ്ങള്‍ക്ക് വേഗത്തിലും ചെലവു കുറഞ്ഞതുമായ കണക്ടിവിറ്റി ഈ മേഖലയില്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ക്ക് ആക്കമേകും
ആധുനിക അടിസ്ഥാന സൗകര്യ നിര്‍മ്മിതി ജീവിതത്തിലും, ബിസിനസ്സിലും പുതിയ സമ്പ്രദായങ്ങള്‍ കൊണ്ടുവരിക മാത്രമല്ല, സമ്പദ്ഘടനയുടെ നിരവധി വളര്‍ച്ചാ എഞ്ചിനുകളെ അവ ചലിപ്പിക്കും. നിര്‍മ്മാണ മേഖലയില്‍ മാത്രമല്ല, സിമന്റ്, ഉരുക്ക്, ഗതാഗതം എന്നീ രംഗങ്ങളിലും ഇടനാഴി തൊഴിലവസരം സൃഷ്ടിക്കും. സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒമ്പത് സംസ്ഥാനങ്ങളിലെ 133 റെയില്‍വേ സ്റ്റേഷനുകളിലായി ഇത് വ്യാപിച്ചു കിടക്കുന്നു. ഈ സ്റ്റേഷനുകളില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍, ചരക്ക് ടെര്‍മിനല്‍, കണ്ടെയ്‌നര്‍ ഡിപ്പോ, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, പാഴ്‌സല്‍ ഹബ് തുടങ്ങിയവ നിലവില്‍ വരും. ഇവയെല്ലാം കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍, വന്‍കിട നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഇന്ന് അടിസ്ഥാന സൗകര്യ വികസനം സമാന്തരമായ രണ്ട് പാതകളിലൂടെ നീങ്ങുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിഗത തലത്തിലും, രാജ്യത്തിന്റെ വളര്‍ച്ചാ എഞ്ചിന്‍ തലത്തിലും. വ്യക്തിഗത തലത്തില്‍ ഭവന നിര്‍മ്മാണം, ശുചീകരണം, വൈദ്യുതി, പാചക വാതകം, റോഡ്, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ വ്യക്തിഗത തലത്തിലുള്ളവയാണ്. അത്തരം പല പദ്ധതികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നു. മറ്റൊരു തരത്തില്‍ ഹൈവേ, റെയില്‍വേ, വ്യോമ - ജല പാതകള്‍ മള്‍ട്ടി മോഡല്‍ തുറമുഖ കണക്ടിവിറ്റി തുടങ്ങിയവയുടെ ത്വരിതഗതിയിലുള്ള നടപ്പാക്കല്‍ വ്യവസായികള്‍ക്കും, സംരംഭകര്‍ക്കും പ്രയോജനകരമായിട്ടുണ്ട്. ഇത് ഇന്ത്യയുടെ സകാരാത്മക പ്രതിച്ഛായ സൃഷ്ടിക്കുന്നു. വര്‍ദ്ധിച്ച വിദേശനാണയ ശേഖരത്തിലും ഇന്ത്യയിലുള്ള വിശ്വാസത്തിലും ഇത് പ്രതിഫലിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് നല്‍കിയ സാങ്കേതിക ധനകാര്യ സഹായത്തിന് പ്രധാനമന്ത്രി ജാപ്പനീസ് ജനതയെ നന്ദി അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്കരണത്തിന് വ്യക്തികളും, വ്യാവസായിക മേഖലയും, നിക്ഷേപവും തമ്മില്‍ ഏകോപനം വേണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുന്‍കാലങ്ങളില്‍ യാത്രക്കാര്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് ശുചിത്വം, സമയനിഷ്ഠ, മികച്ച സേവനം, ടിക്കറ്റിംഗ്, സുരക്ഷ, മറ്റ് സേവനങ്ങള്‍ എന്നീ മേഖലകളില്‍ നിര്‍ണ്ണായക ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റേഷനുകള്‍, കമ്പാര്‍ട്ട്‌മെന്റുകള്‍, ജൈവ ശുചിമുറികള്‍, ആധുനിക ടിക്കറ്റിംഗ് സമ്പ്രദായം, ഭക്ഷണ വിതരണം, തേജസ് അഥവാ വന്ദേ ഭാരത് എക്‌സ്പ്രസ്, തുടങ്ങിയ ആധുനിക ട്രെയിനുകള്‍, വിസ്റ്റാ ഡോം കോച്ചുകള്‍ തുടങ്ങിയവയുടെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി നിരത്തി. റെയില്‍ പാതകള്‍ ബ്രോഡ്‌ഗേജ് ആക്കുന്നതിനും വൈദ്യുതീകരിക്കുന്നതിനും ഉണ്ടായ അഭൂതപൂര്‍വ്വമായ നിക്ഷേപം റെയില്‍വേയുടെ സാധ്യതകളും വേഗവും വര്‍ദ്ധിപ്പിച്ചു. സെമി ഹൈസ്പീഡ് ട്രെയിനുകള്‍, റെയില്‍പാതയുടെ നിര്‍മ്മാണത്തിനു പയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യ മുതലായവയെ കുറിച്ച് പരാമര്‍ശിക്കവെ എല്ലാ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങള്‍ റെയില്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കപ്പെടുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു. കൊറോണക്കാലത്ത് റെയില്‍വേ കാഴ്ച വച്ച തിളക്കമാര്‍ന്ന പ്രകടനത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി കുടിയേറ്റ തൊഴിലാളികളെ തങ്ങളുടെ വീടുകളിലെത്തിക്കാന്‍ റെയില്‍വേ വഹിച്ച പങ്കിനെ ശ്ലാഘിച്ചു.