പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജയും, ത്രിപുര മുഖ്യമന്ത്രി ശ്രീ. വിപ്ലബ് കുമാര്‍ ദേവും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബംഗ്ലാദേശിലെ മൂന്നു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഡെല്‍ഹിയില്‍നിന്നു വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും ധാക്കയില്‍നിന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
നിലവിലുള്ള ഭെരമാര (ബംഗ്ലാദേശ്)- ബഹ്രാംപൂര്‍ (ഇന്ത്യ) ഇന്റര്‍കണക്ഷന്‍ വഴി ഇന്ത്യയില്‍നിന്നു ബംഗ്ലാദേശിലേക്ക് 500 മെഗാവാട്ട് അധികവൈദ്യുതി, അഖോറ-അഗര്‍ത്തല റെയില്‍ബന്ധം, ബംഗ്ലാദേശ് റെയില്‍വേയുടെ കുലോറ-ഷഹ്ബാസ്പൂര്‍ ഭാഗം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ബിംസ്റ്റെക് യോഗത്തിനായി പോയപ്പോള്‍ കാഠ്മണ്ഡുവില്‍വെച്ചും ശാന്തിനികേതനില്‍വെച്ചും കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടെ ലണ്ടനില്‍വെച്ചും ഉള്‍പ്പെടെ അടുത്തിടെ പലതവണ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നു വെളിപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗത്തിനു തുടക്കമിട്ടത്.
അയല്‍രാഷ്ട്രങ്ങളുടെ നേതാക്കള്‍ തമ്മില്‍ പെരുമാറ്റച്ചട്ടങ്ങളില്‍ കുരുങ്ങാത്ത വിധം ഇടയ്ക്കിടെ കൂടിക്കാഴ്ചകള്‍ നടത്തുന്ന അടുത്ത ബന്ധമുണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താനും ബംഗ്ലാദേശ് പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പത്തില്‍ അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയുണ്ടെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.
1965 മുമ്പുണ്ടായിരുന്നവിധം കണക്ടിവിറ്റി പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രധാനമന്ത്രി ഷെയ്ഖ് സഹീനയുടെ കാഴ്ചപ്പാട് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ ലക്ഷ്യം നേടുന്നതിനായുള്ള ശ്രമങ്ങള്‍ ഏതാനും വര്‍ഷങ്ങളായി അതിവേഗം പുരോഗമിക്കുന്നു എന്നതു സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നാം തമ്മിലുള്ള വൈദ്യുതി പങ്കുവെക്കല്‍ മെച്ചപ്പെട്ടുവെന്നും റെയില്‍വേ കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനായി രണ്ടു പദ്ധതികള്‍ക്കു തുടക്കമിട്ടുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2015ല്‍ താന്‍ നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ആ രാജ്യത്തിന് 500 മെഗാവാട്ട് വൈദ്യുതി കൂടുതലായി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ബന്ധപ്പെടുത്തുന്ന പ്രസരണ ലൈന്‍ വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നതെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, പ്രസ്തുത ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കിയതിനു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടു നന്ദി പറഞ്ഞു. ഈ ലൈന്‍ പൂര്‍ത്തിയായതോടെ ബംഗ്ലാദേശിന് ഇന്ത്യ നല്‍കുന്ന വൈദ്യുതിയുടെ അളവ് 1.16 ജിഗാവാട്‌സായി ഉയര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മെഗാവാട്ടില്‍നിന്നു ജിഗാവാട്ടിലേക്കുള്ള ഈ യാത്ര ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ സുവര്‍ണകാലഘട്ടത്തെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഖോറ-അഗര്‍ത്തല റെയില്‍പ്പാത നിര്‍മാണം പൂര്‍ത്തിയാക്കുകവഴി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു വഴികൂടി യാഥാര്‍ഥ്യമായിരിക്കുകയാണെന്നും അദ്ദഹം വ്യക്തമാക്കി. പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കിയതിനു ത്രിപുര മുഖ്യമന്ത്രി ശ്രീ. വിപ്ലബ് കുമാര്‍ ദേവിനെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
2021 ആകുമ്പോഴേക്കും മധ്യവര്‍ഗ വരുമാനമുള്ള രാഷ്ട്രമായും 2041 ആകുമ്പോഴേക്കും വികസിത രാഷ്ട്രമായും ബംഗ്ലാദേശിനെ മാറ്റിയെടുക്കാനുള്ള പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വികസന സ്വപ്നത്തെ ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും നമ്മുടെ വികസനത്തെയും അഭിവൃദ്ധിയെയും പുതിയ ഉയരങ്ങളിലേക്കു നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.