സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. അഭിനന്ദിക്കാനും വിലയിരുത്താനും ആത്മപരിശോധന നടത്താനും ഉള്ള അവസരമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉള്ളവരെ പ്രചോദിപ്പിക്കാനുള്ള ചുവടാണ് പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെന്നു വിശദീകരിച്ച അദ്ദേഹം, അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ സൂചകങ്ങള്‍കൂടി ആണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
അവാര്‍ഡ് നല്‍കപ്പെട്ട പദ്ധതികളായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന, ദീനദയാല്‍ ഉപാധ്യായ കൗശല്യ യോജന, പ്രധാനമന്ത്രി ആവാസ് യോജന, ഡിജിറ്റല്‍ പണമിടപാട് എന്നിവ മുന്‍ഗണന കല്‍പിക്കപ്പെടുന്ന പദ്ധതികളാണെന്നും ഇവ പുതിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന പദ്ധതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെക്കുറിച്ചും വളര്‍ച്ച കാംക്ഷിക്കുന്ന ജില്ലകളിലെ പദ്ധതികളെക്കുറിച്ചുമായി ഇന്നു പ്രകാശിപ്പിക്കപ്പെട്ട രണ്ടു പുസ്തകങ്ങളെപ്പറ്റി ശ്രീ. നരേന്ദ്ര മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
വളര്‍ച്ച കാംക്ഷിക്കുന്ന ജില്ലകളെക്കുറിച്ചു വിശദീകരിക്കവേ, മുഴുവന്‍ സംസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ ചാലകശക്തികളാകാന്‍ ഈ 115 ജില്ലകള്‍ക്കു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തില്‍ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നുവെന്നത് നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ സൃഷ്ടിക്കുന്നതിനു പ്രേരകമായിത്തീരണമെന്ന് അദ്ദേഹം പറഞ്ഞു.
ഭരണം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യ ഉള്‍പ്പെടെ എല്ലാ സങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്താകമാനം സാങ്കേതിക വിദ്യയില്‍ ഉണ്ടാകുന്ന മാറ്റത്തിനൊപ്പം നില്‍ക്കാന്‍ സിവില്‍ സര്‍വീസ് മേഖലയില്‍ ഉള്ളവര്‍ക്കു സാധിക്കണമെന്നതു പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെയധികം കഴിവുകള്‍ ഉള്ളവരാണു സിവില്‍ സര്‍വീസ് മേഖലയില്‍ ഉള്ളതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരം കഴിവുകള്‍ രാഷ്ട്രത്തിന്റെ നേട്ടത്തിനായി വളരെയധികം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ഓര്‍മിപ്പിച്ചു.