പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു. സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടെ ഇതുവരെ എല്ലാ പങ്കാളികളുമായി നടത്തിയ വിശാലവും വിപുലവുമായ കൂടിക്കാഴ്ചളെക്കുറിച്ചും അവരില്‍ നിന്നും ലഭിച്ച വീക്ഷണങ്ങളേയും കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തി.
കോവിഡ് മൂലമുള്ള അനിശ്ചിതാവസ്ഥയുടെയും വിവിധ പങ്കാളികളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളും കണക്കിലെടുത്ത്, ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. കൃത്യമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സമയബന്ധിതമായി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ വസ്തുനിഷ്ഠതയോടെ സംഗ്രഹിക്കുന്നതിന് സി.ബി.എസ്.ഇ നടപടികള്‍ സ്വീകരിക്കന്നതിനും തീരുമാനിച്ചു.
വിദ്യാര്‍ത്ഥികളുടെ താല്‍പര്യപ്രകാരമാണ് പന്ത്രണ്ടാം ക്ലാസ് സ് സി.ബി.എസ്.ഇ പരീക്ഷയില്‍ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 അക്കാദമിക് കലണ്ടറിനെ ബാധിക്കുകയും ബോര്‍ഡ് പരീക്ഷകളുടെ പ്രശ്‌നം വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അദ്ധ്യാപകര്‍ എന്നിവരില്‍ വളരെയധികം ഉത്കണ്ഠ സൃഷ്ടിക്കുന്നുണ്ടെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തൊട്ടാകെ കോവിഡ് അവസ്ഥ ചലനാത്മകമായ സാഹചര്യമാണ് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗസംഖ്യ കുറഞ്ഞുവരുന്നുണ്ട്, ചില സംസ്ഥാനങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകളിലൂടെ ഫലപ്രദമായ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുമ്പോള്‍, ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും ലോക്ക്ഡൗണാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും സ്വാഭാവികമായും ആശങ്കാകുലരാകും. ഇത്തരം സമ്മര്‍ദ്ദകരമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്നത്തെ കാലത്തില്‍, അത്തരം പരീക്ഷകള്‍ നമ്മുടെ യുവാക്കളെ അപകടത്തിലാക്കാന്‍ കാരണമാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പങ്കാളികളും വിദ്യാര്‍ത്ഥികള്‍ക്കായി സംവേദനക്ഷമത കാണിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതിയുക്തമായും സമയബന്ധിതമായും കൃത്യമായി നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഫലങ്ങള്‍ തയ്യാറാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
വിശാലമായ കൂടിക്കാഴ്ച പ്രക്രിയയെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ പങ്കാളികളുമായും ആലോചിച്ച ശേഷം വിദ്യാര്‍ത്ഥി സൗഹാര്‍ദ്ദപരമായ തീരുമാനത്തിലെത്തിയതില്‍ അഭിനന്ദനവും രേഖപ്പെടുത്തി. ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ നല്‍കിയതിന് അദ്ദേഹം സംസ്ഥാനങ്ങള്‍ക്ക് നന്ദി അറിയിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പോലെ, ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എപ്പോള്‍ സാഹചര്യം അനുകുലമാകുമോ അപ്പോള്‍ അത്തരമൊരു അവസരം അവര്‍ക്ക് സി.ബി.എസ്.ഇ നല്‍കുന്നതിനും തീരുമാനിച്ചു,
ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2021 മേയ് 21ന് നേരത്തെ തന്നെ ഒരു ഉന്നതതല യോഗം ചേര്‍ന്നിരുന്നു, അതില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അതിനുശേഷം 2021 മേയ് 23ന് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗവും ചേര്‍ന്നു. അതില്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. സി.ബി.എസ്.ഇ പരീക്ഷകള്‍ നടത്തുന്നതിനുള്ള വിവിധ വശങ്ങളെക്കുറിച്ച് ആ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധ, ധനകാര്യ, വാണിജ്യ, വാര്‍ത്താവിതരണ പ്രക്ഷേപണ, പെട്രോളിയം, വനിതാ-ശിശു വികസന മന്ത്രാലയങ്ങളും, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, കാബിനറ്റ് സെക്രട്ടറി, സ്‌കൂള്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.