ശൗര്യത്തിന്റെയും രാഷ്ട്രത്തിനായുള്ള സമര്‍പ്പണത്തിന്റെയും പ്രചോദനാത്മകമായ വീരഗാഥയാണ് ഓരോ ഇന്ത്യക്കാരനും ഇന്ന് ഓര്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തെ കാത്തുസൂക്ഷിക്കുന്നതിനായുള്ള പ്രതിരോധത്തില്‍ കര്‍ഗില്‍ മലഞ്ചെരിവുകളില്‍ രക്തസാക്ഷിത്വം വരിച്ചവര്‍ക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രത്തോടുള്ള കടമ നിര്‍വഹിച്ച ജമ്മു കശ്മീര്‍ ജനതയെ അദ്ദേഹം അഭിനന്ദിച്ചു. 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് കാര്‍ഗില്‍ മലനിരകളില്‍ നേടിയെടുത്ത വിജയം തലമുറകളോളം നമുക്കു പ്രചോദനമായി തുടരുമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
ഇന്ത്യയുടെ മക്കളുടെ ധീരതയുടെയും ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെയും ഇന്ത്യയുടെ ശേഷിയുടെയും ഉള്‍ക്കരുത്തിന്റെയും വിജയമായി കാര്‍ഗില്‍ വിജയത്തെ അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ അന്തസ്സിന്റെയും അച്ചടക്കത്തിന്റെയും, ഒപ്പം ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷകളുടെയും കൂറിന്റെയും വിജയംകൂടിയാണ് അതെന്നു പ്രധാനമന്ത്ര കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റുകള്‍ മാത്രമല്ല, രാജ്യമൊന്നാകെയാണു യുദ്ധങ്ങളില്‍ പൊരുതുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. വരുംതലമുറകള്‍ക്കായി എല്ലാം ത്യജിക്കുകയാണു സൈനികര്‍ ചെയ്യുന്നതെന്നു ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. സൈനികര്‍ പിന്‍തുടരുന്ന ഈ ശൈലി ഓരോ ഭാരതീയനും അഭിമാനമേകുന്നു എന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ അധികാരമേറ്റ് ഏതാനും മാസങ്ങള്‍ക്കകം താന്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചിരുന്നുവെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് കാര്‍ഗില്‍ യുദ്ധം നടക്കുമ്പോഴും താന്‍ അവിടം സന്ദര്‍ശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഗിലിലെ സൈനികരുടെ ശൗര്യത്തെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി, അന്നു രാജ്യമൊന്നടങ്കം സൈനികര്‍ക്കൊപ്പം നിന്നിരുന്നുവെന്നും ചൂണ്ടിക്കാട്ടി. യുവാക്കള്‍ സൈനികര്‍ക്കു രക്തം നല്‍കാന്‍ തയ്യാറായി; കുട്ടികളാകട്ടെ തങ്ങളുടെ പോക്കറ്റ് മണി പോലും സൈനികര്‍ക്കു സംഭാവന ചെയ്തു.
നമ്മുടെ സൈനികര്‍ ജീവിച്ചിരിക്കുവോളം അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കാത്തപക്ഷം മാതൃരാജ്യത്തോടുള്ള കടമ നിറവേറ്റുന്നതില്‍ നാം പരാജയപ്പെടുന്നു എന്നാണു മനസ്സിലാക്കേണ്ടതെന്ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ജി പ്രസ്താവിച്ചിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി പല തീരുമാനങ്ങളും കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടിരുന്നു എന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഒരു റാങ്ക്-ഒരു പെന്‍ഷന്‍ നടപ്പാക്കിയത്, രക്തസാക്ഷികളുടെ ആശ്രിതര്‍ക്കുള്ള സ്‌കോളര്‍ഷിപ് തുക ഉയര്‍ത്തിയത്, ദേശീയ യുദ്ധ സ്മാരക നിര്‍മാണം എന്നീ തീരുമാനങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.
കശ്മീരിന്റെ കാര്യത്തില്‍ പല തവണ വഞ്ചിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചുവെന്നും 1999ലെ അവരുടെ ശ്രമവും വിജയിക്കാതെ നോക്കാന്‍ നമുക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശത്രുവിന്റെ വായ അടപ്പിക്കുംവിധം ശക്തമായി പാക്കിസ്ഥാനോടു പ്രതികരിക്കാനുള്ള ദൃഢനിശ്ചയം അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിക്ക് ഉണ്ടായിരുന്നുവെന്നു ശ്രീ. മോദി പറഞ്ഞു. ലോകസമാധാനത്തിനായി വാജ്‌പേയി ഗവണ്‍മെന്റ് നേരത്തേ തന്നെ നിലകൊണ്ടിരുന്നതിനാല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാടു വ്യക്തമായി ഉള്‍ക്കൊള്ളാന്‍ മറ്റു രാഷ്ട്രങ്ങള്‍ക്കു സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തില്‍ ഒരിക്കലും ഇന്ത്യ കടന്നാക്രമണം നടത്തിയിട്ടില്ലെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ലോകത്താകമാനം ഇന്ത്യന്‍ സൈന്യത്തെ കാണുന്നതു മാനവികതയെയും സമാധാനത്തെയും സംരക്ഷിച്ചുനിര്‍ത്തുന്ന ശക്തിയായാണ്. ഇന്ത്യന്‍ സൈനികര്‍ ഇസ്രായേലിലെ ഹൈഫ മോചിപ്പിച്ചതും ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്കു ഫ്രാന്‍സില്‍ സ്മാരകം നിര്‍മിച്ചതും ഉദാഹരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകഹമായുദ്ധങ്ങളില്‍ ഒരു ലക്ഷത്തിലേറെ ഇന്ത്യന്‍ സൈനികര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടുവെന്നും യൂ.എന്‍. സമാധാന സേനകളില്‍പ്പോലും ഏറ്റവും കൂടുതല്‍ രക്തസാക്ഷിത്വം വരിച്ചിട്ടുള്ളത് ഇന്ത്യന്‍ സൈനികരാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനു സൈന്യം പ്രദര്‍ശിപ്പിച്ചുവരാറുള്ള സമര്‍പ്പണ മനോഭാവത്തെയും സേവന സന്നദ്ധതയെയും കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ഭീകവാദവും നിഴല്‍യുദ്ധവും ലോകത്തിനാകെ ഇന്നു ഭീഷണിയായി മാറിയിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തില്‍ തോല്‍പിക്കപ്പെടുന്നവര്‍ രാഷ്ട്രീയനേട്ടം മുന്നില്‍ക്കണ്ട് നിഴല്‍യുദ്ധത്തില്‍ ഏര്‍പ്പെടുകയും ഭീകരവാദത്തെ പിന്‍തുണയ്ക്കുകയും ചെയ്തുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവികതയില്‍ വിശ്വസിക്കുന്നവരെല്ലാം ചെയ്യേണ്ടതു സൈന്യത്തെ പിന്‍തുണയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബഹിരാകാശത്തും സൈബര്‍ ലോകത്തിലും വരെ സംഘര്‍ഷം പടര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സൈന്യങ്ങളെ ആധുന്കീകരിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ആരുടെ മുന്നിലും തല കുനിക്കില്ലെന്നും ഒരു അപര്യാപ്തതയും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അരിഹന്തിലൂടെ ഇന്ത്യ സാധ്യമാക്കിയ ആണവത്രയവും ആന്റി-സാറ്റലൈറ്റ് ടെസ്റ്റായ എ-സാറ്റ് പരീക്ഷണവും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സൈന്യത്തെ അതിവേഗം ആധുനികവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണെന്നും 'മെയ്ക്ക് ഇന്‍ ഇന്ത്യ'യിലൂടെ പ്രതിരോധ മേഖലയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളും യോജിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
അതിര്‍ത്തിപ്രദേശങ്ങളില്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തിവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. അതിര്‍ത്തിപ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനും അത്തരം പ്രദേശങ്ങളില്‍ കഴിയുന്നവരുടെ ക്ഷേമത്തിനുമായി കൈക്കൊണ്ടുവരുന്ന നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
1947ല്‍ സ്വാതന്ത്ര്യം നേടിയതു രാജ്യമൊന്നാകെ ആണെന്നും 1950ല്‍ ഭരണഘടന തയ്യാറാക്കപ്പെട്ടതു രാജ്യത്തിനാകെ വേണ്ടിയാണെന്നും കാര്‍ഗിലിലെ മഞ്ഞുമലകളില്‍ 500 ധീരരായ സൈനികര്‍ ജീവന്‍ ഉപേക്ഷിച്ചതു രാജ്യത്തിനൊന്നാകെ വേണ്ടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഈ ജീവത്യാഗങ്ങള്‍ വൃഥാവിലാകാതിരിക്കുന്നതിനും രക്തസാക്ഷികളുടെ ത്യാഗത്തില്‍നിന്ന് പ്രചോദിതരാകാനും അവരുടെ സ്വപ്‌നങ്ങളിലെ ഇന്ത്യ പടുത്തുയര്‍ത്തുന്നതിനും ഉള്ള ദൃഢനിശ്ചയം എല്ലാവരിലും ഉണ്ടാവണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.