രാജ്യത്തെ 10.7 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി.
ന്യൂഡെല്‍ഹിയില്‍ ആരോഗ്യമന്ഥന്റെ സമാപനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആയുഷ്മാന്‍ഭാരത് പ്രധാന്‍മന്ത്രി-ജന്‍ ആരോഗ്യ യോജന പി.എം.-ജെ.എ.വൈയിലെ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന പി.എം.-ജെ.എ.വൈ. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച പ്രദര്‍ശനം അദ്ദേഹം കണ്ടു. ആയുഷ്മാന്‍ ഭാരത് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചാലഞ്ച് ഉദ്ഘാടനം ചെയ്ത അദ്ദേഹം, സ്മാരക സ്റ്റാംപ് പുറത്തിറക്കുകയും ചെയ്തു.
‘ആയുഷ്മാന്‍ ഭാരതിന്റെ ആദ്യ വര്‍ഷം ദൃഢപ്രതിജ്ഞയും സമര്‍പ്പണവും പരസ്പരമുള്ള പഠനവും ഉള്‍പ്പെട്ടതായിരുന്നു. നമ്മുടെ നിശ്ചയദാര്‍ഢ്യം നിമിത്തം ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതി നാം വിജയകരമായി നടത്തിവരികയാണ്.’
രാജ്യത്തെ ദരിദ്രര്‍ക്കും ഓരോ പൗരനും ചികില്‍സാ സംവിധാനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിജയത്തിനു പിന്നില്‍ സമര്‍പ്പണമുണ്ടെന്നും ഈ സമര്‍പ്പണം രാജ്യത്തെ ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും അര്‍ഹതപ്പെട്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗശമനമുണ്ടാകുമെന്ന പ്രതീക്ഷ രാജ്യത്തെ ലക്ഷക്കണക്കിനു ദരിദ്രരില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതു വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആരുടെയെങ്കിലും ഭൂസ്വത്തോ വീടോ ആഭരണങ്ങളോ വില്‍ക്കപ്പെടാതിരിക്കുകയോ പണയപ്പെടുത്താതിരിക്കുകയോ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആയുഷ്മാന്‍ ഇന്ത്യക്കു വന്‍ വിജയമാണ്.
തങ്ങളുടെ ജില്ലയ്‌ക്കോ സംസ്ഥാനത്തിനോ പുറത്തുനിന്നു മെച്ചപ്പെട്ട സേവനം നേടാന്‍ പി.എം.ജെ.എ.വൈയിലൂടെ 50,000 ദരിദ്രര്‍ക്കു സാധിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
നവ ഇന്ത്യയിലെ വിപ്‌ളവകരമായ നടപടികളിലൊന്നാണ് ആയുഷ്മാന്‍ ഭാരതെന്നും അതു സാധാരണ മനുഷ്യരുടെ ജീവിതം സംരക്ഷിക മാത്രമല്ല, രാജ്യത്തെ 130 കോടി ജനങ്ങളുടെ സമര്‍പ്പണത്തിന്റെയും കരുത്തിന്റെയും ചിഹ്നംകൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാകെയുള്ള സമാഹൃത പരിഹാരവും ആരോഗ്യപൂര്‍ണമായ ഇന്ത്യക്കായുള്ള സമഗ്ര പരിഹാരവുമാണ് ആയുഷ്മാന്‍ ഭാരതെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും ഓരോന്നായി പരിഹരിക്കുന്നതിനുപകരം ഒന്നായി പരിഹരിക്കുകയെന്ന ഗവണ്‍മെന്റിന്റെ ചിന്തയുടെ പ്രതിഫലനംകൂടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രോഗികള്‍ക്കു ഭേദപ്പെട്ട ചികില്‍സ ലഭ്യമാക്കുന്നു.
ആയുഷ്മാന്‍ ഭാരത് പി.എം.-ജെ.എ.വൈ. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പരിപാടിയാണ് ആരോഗ്യമന്ഥന്‍. ആരോഗ്യമന്ഥന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് പി.എം.-ജെ.എ.വൈ. നടപ്പാക്കുന്നതില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നേരിട്ട വെല്ലുവിളികളും തുടര്‍ന്നു നല്ല രീതിയില്‍ നടപ്പാക്കാനുള്ള വഴികളും ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കുക എന്നതാണ്.