PM Narendra Modi addresses the National Youth Day in Greater Noida via video conferencing
Our ISRO scientists have made us proud yet again, ISRO today created a century in satellite launching: PM
Our strides in space will help our citizens & enhance our development journey, says PM Modi
People say today's youth don't have patience, in a way this factor becomes a reason behind their innovation: PM
I had called for organising mock parliaments in our districts, such mock parliaments will further the spirit of discussion among our youth, says the PM

നമ്മുടെ ശാസ്ത്രജ്ഞര്‍ കൈവരിച്ച സുപ്രധാന നേട്ടത്തിന്റെ പേരില്‍ എന്റെ എല്ലാ സഹപൗരന്മാരെയും ആദ്യം തന്നെ ഞാന്‍ അഭിനന്ദിക്കട്ടെ. അല്പ സമയം മുമ്പാണ് ഐഎസ് ആര്‍ ഒ പിഎസ്എല്‍വി – സി 40 വിജയകരമായി വിക്ഷേപിച്ചത്.

കാര്‍ട്ടോസാറ്റ് 2 പരമ്പരയില്‍ പെട്ടതുള്‍പ്പെടെ 31 ഉപഗ്രഹങ്ങളെ ബഹിരാകാശത്തിലേയ്ക്ക് പിഎസ്എല്‍വി ഇതിനോടകം വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 28 ഉപഗ്രഹങ്ങളും വിദേശ നിര്‍മ്മിതങ്ങളാണ്. എന്നാല്‍ ഇന്ന് ഐഎസ് ആര്‍ഒ ഒരു റിക്കാര്‍ഡു കൂടി സൃഷ്ടിച്ചിരിക്കുന്നു. ഉപഗ്രഹ വിക്ഷേപണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഐഎസ് ആര്‍ഒ യുടെ ഈ വിജയം രാജ്യത്തെ കൃഷിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ശാസ്ത്ര സമൂഹത്തിനും സഹായകമായ അടിസ്ഥാന വിവരങ്ങളാണ് ലഭ്യമാക്കുന്നത്. ആധുനിക ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ള്ള പ്രയാണത്തില്‍ ഈ വിജയം നമുക്ക് കരുത്ത് പകരും. രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചതിന് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ മഹത്തായ സംഭാവന നല്കിയതിന് ഒരിക്കല്‍ കൂടി ഐഎസ് ആര്‍ഒ.യ്ക്കും അവിടുത്തെ എല്ലാ ശാസ്ത്രജ്ഞര്‍ക്കും ഞാന്‍ ശുഭാശംസകള്‍ നേരുന്നു.

ഈ പുതുവര്‍ഷാരംഭത്തില്‍, വിവേകാനന്ദന്റെ ജന്മ വാര്‍ഷികത്തില്‍, ദേശീയ യുവജന ദിനത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ അമൂല്യമായ ഉപഹാരമാണ് നമ്മുടെ രാജ്യത്തിനു സമ്മാനിച്ചിരിക്കുന്നത്.

സ്‌നേഹിതരെ, വാസ്തവത്തില്‍ നിങ്ങളോടു നേരിട്ടു സംസാരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

ഗ്രേറ്റര്‍ നൊയിഡയില്‍ സമ്മേളിച്ചിരിക്കുന്ന ഈ മിനി ഇന്ത്യ പ്രതിനിധീകരിക്കുന്നത് ഏക ഭാരതത്തെയും ശ്രേഷ്ഠ ഭാരതത്തെയു(ഒരിന്ത്യയെയും ഉത്കൃഷ്ഠ ഇന്ത്യയെയും)മാണ്. ഇന്ത്യയുടെ ഈ ചെറുപതിപ്പ് ഉള്‍ക്കൊള്ളുന്ന ഈ സദസിനോട് നേരിട്ടു സംവദിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.
പക്ഷെ, മറ്റു ചില തിരക്കുകള്‍ മൂലം നിങ്ങളുമായി ഈ സാങ്കേതിക വിദ്യയിലൂടെ ബന്ധപ്പെടുകയാണ്. എനിക്ക് നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്ത ഇത്തരം പരിപാടികളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതായത് അവിടെ എന്തൊക്കെയാണ് നടക്കുന്നത്, ഏതൊക്കെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്, എന്താണ് അതിന്റെ അനന്തര ഫലം തുടങ്ങിയവ. അതുകൊണ്ട് നിങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കാനും ഞാന്‍ ശ്രമിക്കും.
സ്‌നേഹിതരെ, ദേശീയ യുവജനോത്സവം ഇന്ന് ആരംഭിക്കുകയാണ്. നാഷണല്‍ യൂത്ത് അവാര്‍ഡിന് അര്‍ഹരായ എല്ലാ യുവാക്കളെയും സ്ഥാപനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു, അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.
അടുത്ത നാലു ദിവസങ്ങളിലായി നിരവധി പരിപാടികള്‍ അവിടെ സംഘടിപ്പിക്കാന്‍ പോകുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ദേശീയ യുവജന പാര്‍ലമെന്റും അവിടെ സംഘടിപ്പിക്കുന്നുണ്ട്. ഇക്കുറി മന്‍ കി ബാത് പരിപാടിയില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഒരോ മോക്ക് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. ആ പരമ്പരയില്‍ ഒന്നായിരിക്കും ഇത്. 
നവ ഭാരതത്തെ കുറിച്ച് ഗാഢമായി ചിന്തിക്കാനും അതിനായി പ്രതിജ്ഞയെടുക്കാനുമുള്ള ഏറ്റവും ശ്രേഷ്ഠമായ അവസരമാണിത്. ഇത് 22-ാമത് ഉത്സവമാണ്. ഇന്നു നിങ്ങള്‍ ഈ വിഷയത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുമെന്ന് ഞാന്‍ കരുതുന്നു. 25-ാമത് ദേശീയ യുവജനോത്സവം ആഘോഷിക്കുമ്പോള്‍ അതിന്റെ രൂപരേഖ എന്തായിരിക്കണം എന്നും നിങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യണം. അതിന് എന്തെല്ലാം പ്രതിജ്ഞകള്‍ സ്വീകരിക്കണം? അതിനുള്ള രൂപരേഖ തയാറാക്കിയാല്‍ നാം എവിടെ എത്തും?
അതുപോലെ 2022 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ അന്ന് എങ്ങിനെ യുവജനോത്സവം കൊണ്ടാടണം എന്നും നിങ്ങള്‍ ചര്‍ച്ച ചെയ്യണം. ഈ നാലു ദിവസങ്ങളില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ശിഷ്ട ജീവിതത്തിന് പുതിയ ദിശാബോധം പകരാന്‍ പര്യാപ്തമാകുമെന്നു എനിക്കു പ്രതീക്ഷയുണ്ട്.
എന്റെ യുവ സുഹൃത്തുക്കളെ, ഇപ്രാവശ്യത്തെ യുവജനോത്സവത്തിന്റെ പ്രമേയം പ്രതിജ്ഞയിലൂടെ വിജയം നേടുക എന്നതാണല്ലോ. കഴിഞ്ഞ ആറേഴ് മാസമായി നിങ്ങള്‍ ഈ വാക്കുകള്‍ പല തവണ കേട്ടിരിക്കും. സങ്കല്പത്തിലൂടെ സിദ്ധി( പ്രതിജ്ഞയിലൂടെ വിജയം) അത് എന്താണ്?
അത് നിങ്ങള്‍ക്കു മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ആപ്ലിക്കേഷനല്ല. അതുകൊണ്ടാണ് ഇന്ന് നിങ്ങളുമായി പ്രതിജ്ഞയെ കുറിച്ചും അതിന്റെ സാക്ഷാത്ക്കാരത്തെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നത്.
എന്താണ് പ്രതിജ്ഞ? എന്താണ് നാം നേടേണ്ടത്?
സുഹൃത്തുക്കളെ 2022 ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും. നിങ്ങള്‍ക്ക് സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പുസ്തകങ്ങളില്‍ നിന്നു ലഭിച്ച അറിവേയുള്ളു. എനിക്കു പോലും സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വായിച്ചും കേട്ടും ലഭിച്ച അറിവേയുള്ളു. നമുക്കു തമ്മില്‍ പ്രായത്തില്‍ വ്യത്യാസം ഉണ്ടാവാം. പക്ഷെ ഇക്കാര്യത്തില്‍ ഞാനും നിങ്ങളും ഒരുപോലെയാണ്.
എന്റെ യുവ സുഹൃത്തുക്കളെ, നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ബ്രിട്ടീഷ് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായപ്പോഴും, ഇരുണ്ട ജയിലറകളില്‍ നരകയാതനകള്‍ അനുഭവിച്ചപ്പോഴും ഇന്ത്യയെ കുറിച്ച് നമ്മുടെ സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക നമ്മുടെ ചുമതലയാണ്. അവരുടെ ആ സ്വ്പനങ്ങള്‍, ആ സങ്കല്പങ്ങള്‍ ഭാവനയില്‍ കാണുമ്പോള്‍ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രതിജ്ഞയെടുക്കാന്‍ നമുക്കു സാധിക്കും. ഈ നവ ഭാരതം എന്തു തരത്തിലുള്ളതാവണം. അഥവ ആയിരിക്കണം? ഇന്നു ഈ പരിപാടിയില്‍ പങ്കെടുത്ത ശേഷം, രാത്രി നിങ്ങള്‍ ഉറങ്ങാന്‍ പോകും മുമ്പായി നിങ്ങള്‍ അതിനെ കുറിച്ച് ചിന്തിക്കണം. 
നിങ്ങള്‍ക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്ന് ആലോചിക്കണം.
തെറ്റാണ് എന്നും മാറ്റിയേ തീരൂ എന്നും നിങ്ങള്‍ എപ്പോഴും ചിന്തിക്കുന്ന കാര്യം എന്താണ്. നിങ്ങള്‍ ഇങ്ങോട്ടേയ്ക്ക് ട്രെയിനില്‍ വരുമ്പോള്‍, അല്ലെങ്കില്‍ നിങ്ങള്‍ സ്‌കൂളിലോ കോളജിലോ, വീട്ടിലോ, നിങ്ങളുടെ നാട്ടിലോ ആയിരുന്നപ്പോള്‍ ഇതു ശരിയല്ല എന്നും ഇതു മാറണം എന്നും നിങ്ങള്‍ ചിന്തിച്ചിട്ടില്ലേ. ആ വിഷയത്തെ കുറിച്ചു വേണം ഈ രാത്രി ആലോചിക്കാന്‍. നിങ്ങളുടെ ശ്രദ്ധയില്‍ വരികയും പക്ഷെ മാഞ്ഞു പോവുകയും ചെയ്ത വിഷയങ്ങളെ കുറിച്ച് ആലോചിക്കണം. നിങ്ങള്‍ വിവേകാന്ദജിയെ ഓര്‍ിക്കുക. എന്നാല്‍ എനിക്ക് വളരെ ആത്മവിശ്വാസത്തോടെ ഇതു നിങ്ങളോടു പറയാന്‍ സാധിക്കും. നിങ്ങളെ വേദനിപ്പിച്ച അനുഭവം, അത് മാറ്റുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവും. അതിനെ ഈ രാത്രിയിലെ ചിന്തയുമായി ബന്ധിപ്പിക്കുക. അപ്പോള്‍ അത് നിങ്ങളുടെ ഉദാത്തമായ പ്രതിജ്ഞയാകും. ജനുവരി 12 ന്റെ ഈ രാത്രി, ആ വിഷയങ്ങള്‍ നിങ്ങളുടെ പ്രതിജ്ഞകളാകും. ആ പ്രതിജ്ഞ മറ്റുള്ളവരുമായി നിങ്ങള്‍ക്കു പങ്കു വയ്ക്കാനുള്ളതല്ല, അതിനു വലിയ പ്രചാരണമൊന്നും നല്കുന്നുമില്ല. അതു നിങ്ങളുടെ മാത്രം ശ്രേഷ്ഠമായ പ്രതിജ്ഞയാണ്. നാളത്തെ പ്രഭാതത്തില്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കേണ്ടത് അവിടെ നിന്നാണ്. 

സുഹൃത്തുക്കളെ നിങ്ങള്‍ സമ്മേളിച്ചിരിക്കുന്ന ഈ സര്‍വകലാശാല കാമ്പസ് ഗൗതമ ബുദ്ധന്റെ പേരിലുള്ളതാണ്.
നിങ്ങള്‍ ഇപ്പോഴുള്ള ഈ നഗരം , ഗ്രേറ്റര്‍ നോയിഡയും ഗൗതമ ബുദ്ധ നഗര്‍ ആണ്. അതുകൊണ്ട് ഗൗതമ ബുദ്ധനുമായി ബന്ധപ്പെട്ട ഒരു ചെറിയ സംഭവം നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കാം. വലുതൊന്നുമല്ല, ചെറിയ സംഭവമാണ്.
ഒരിക്കല്‍ ഒരു ശിഷ്യന്‍ ബുദ്ധഭഗവാനോട് ചോദിച്ചു, അദ്ദേഹത്തിന്റെ എല്ലാ ശിഷ്യന്മാരും നിര്‍വാണം പ്രാപിക്കുമോ എന്ന്. ബുദ്ധഭഗവാന്‍ മറുപടി പറഞ്ഞു: ഇല്ല, കുറച്ചു പേര്‍ മാത്രം. ചിലര്‍ രക്ഷ പ്രാപിക്കില്ല. അത് എന്തുകൊണ്ടാണ് എന്ന് ആ ശിഷ്യന്‍ വീണ്ടും ചോദിച്ചു. ഭഗവാന്‍ പറഞ്ഞു. എന്റെ പഠനങ്ങളെ കൃത്യമായി മനസിലാക്കിയിട്ടുള്ളവര്‍ക്കു മാത്രമെ നിത്യ രക്ഷ പ്രാപിക്കാന്‍ സാധിക്കുകയുള്ളു. ബാക്കിയുള്ളവര്‍ അലഞ്ഞു തിരിയും. സുഹൃത്തുക്കളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരേ ഗുരുവില്‍ നിന്ന് ഒരേ അറിവാണ് ലഭിക്കുന്നത്. പക്ഷെ നിങ്ങള്‍ അതിനെ എങ്ങിനെയാണ് ഉള്‍ക്കൊള്ളുന്നത്. എന്തു പ്രതിജ്ഞകളാണ് നിങ്ങള്‍ സ്വയം സ്വീകരിക്കുന്നത്. അതനുസരിച്ചാവും നിങ്ങളുടെ വിജയവും പരാജയവും.
നോക്കൂ, പാണ്ഡവരുടെയും കൗരവരുടെയും ഗുരു ഒരാളായിരുന്നു.
രണ്ടു കൂട്ടര്‍ക്കും ലഭിച്ചത് ഒരേ വിദ്യാഭ്യാസമാണ്. പക്ഷെ അവരുടെ വ്യക്തിത്വങ്ങളും പ്രവര്‍ത്തനങ്ങളും എത്രയോ വ്യത്യസ്തമായിരുന്നു? അതിനു കാരണം പാണ്ഡവരുടെയും കൗരവരുടെയും മൂല്യങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നതാണ്. നിങ്ങളുടെ ജീവിത യാത്രയില്‍ എത്രയോ ആളുകളെ നിങ്ങള്‍ കണ്ടു മുട്ടുന്നു. പക്ഷെ അറിവു നേടിയ ശേഷം ഏതു വഴിയിലൂടെ പോകണം, എന്തു പ്രതിജ്ഞകള്‍ സ്വീകരിക്കണം എന്നു തീരുമാനിക്കുന്നത് നിങ്ങളാണ്. ഇതാണ് ഗൗതമ ബുദ്ധന്റെ ദര്‍ശനങ്ങളുടെ പൊരുള്‍. ആപാ ദീപോ ഭവ. നിങ്ങള്‍ നിങ്ങളുടെ ദീപമാവുക.നിങ്ങളുടെ പ്രകാശമാവുക. നിങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാന്‍ മറ്റാരും ഉണ്ടാവില്ല. നിങ്ങളെ ഓര്‍മ്മിപ്പിക്കാനും ആരും ഉണ്ടാവില്ല. നിങ്ങള്‍ എന്തു ചെയ്യണമോ അത് നിങ്ങള്‍ തന്നെ ചെയ്യണം.
സഹോദരീ സഹോദരന്മാരെ, കടന്നു പോയവയെ കുറിച്ച് ആകുലപ്പെടാതെ ഭാവി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവരാണ് യുവാക്കള്‍ എന്ന് സ്വാമി വിവേകാനന്ദന്‍ പറയുമായിരുന്നു.നിങ്ങളെ പോലുള്ള ചെറുപ്പക്കാര്‍ ഇന്ന് എന്തു ചെയ്യുന്നുവോ, അതാണ് ഈ രാജ്യത്തിന്റെ ഭാവി ദിശ നിര്‍ണയിക്കുക. അതിനാല്‍ ഇന്നു നിങ്ങള്‍ സ്വീകരിക്കുന്ന പ്രതിജ്ഞ അവയുടെ സാക്ഷാത്ക്കാരം ഈ രാജ്യത്തെ വിജയത്തിലേയ്ക്കു നയിക്കും.

ഉത്തര്‍പ്രദേശില്‍ പ്രശസ്തനായ ഒരു ഗാന രചയിതാവുണ്ടായിരുന്നു. അനേകം സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹമാണ് ശ്രീമാന്‍ മജ്‌റു സുല്‍ത്താന്‍പുരി. അദ്ദേഹത്തിന്റെ ഒരു ഗാനം തുടങ്ങുന്നത് ഇപ്രകാരമാണ്, എന്റെ ലക്ഷ്യത്തിലേയ്ക്ക് ഞാന്‍ തനിയെയാണ് യാത്ര തുടങ്ങിയത്, പക്ഷെ യാത്രയിലുടനീളം ആളുകള്‍ എനിക്കൊപ്പം ചേര്‍ന്നു. ഇപ്പോള്‍ ഇത് ഒരു സാര്‍ഥവാഹക സംഘമായി മാറി. 
സുഹൃത്തുക്കളെ, കാലപ്രവാഹത്തിന്റെ തീരത്തുനിന്ന് ഒരിക്കല്‍ എല്ലാവരും തനിയെ യാത്ര പുറപ്പെടേണ്ടവരാണ്.
എന്നാല്‍ നിങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം ഉണ്ടെങ്കില്‍, കാഴ്ച്ചപ്പാട് ഉണ്ടെങ്കില്‍, നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ തീര്‍ച്ചയായും ആളുകള്‍ തനിയെ നിങ്ങള്‍ക്കൊപ്പം ചേരും. ഇന്ന് നിങ്ങളെ കുറിച്ച് എനിക്കുള്ള പ്രതീക്ഷ അതാണ്. ആദ്യചുവടു വയ്ക്കുന്നതിനു മുമ്പ് നിങ്ങള്‍ ഒരിക്കലും പതറരുത്. ഒരു വലിയ പ്രതിജ്ഞെടുത്ത് പുതിയ തുടക്കം നടത്തുന്നതിനു മുമ്പ് നിങ്ങള്‍ ചഞ്ചല ചിത്തരാകരുത്. പ്രതിജ്ഞെയെടുക്കുക, മുന്നോട്ട് പോകുക. അത്രമാത്രം.
നിങ്ങളുടെ ഈ യാത്രയില്‍ ഈ ഗവണ്‍മെന്റും ഈ രാജ്യവും മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്.
സ്വന്തമായി എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന, സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന യുവാക്കള്‍ക്ക് എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്ന് ഞാന്‍ ഉറപ്പു നല്കുന്നു.
യാത്ര തുടങ്ങുമ്പോള്‍ അവര്‍ ബാങ്ക് ഗാരന്റിയെ കുറിച്ചോ, നികുതി ഭാരത്തെ കുറിച്ചോ, അതിനു വേണ്ടി വരുന്ന കടലാസു പണികളെ കുറിച്ചോ വിഷമിക്കേണ്ടതില്ല.
ഈ രാജ്യത്തെ യുവാക്കള്‍ തൊഴില്‍ സ്രഷ്ടാക്കളാകണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവര്‍ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തണം. അതിനാണ് ഈ ദിശയില്‍ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പ്രധാനമന്ത്രി മുദ്ര യോജനയുടെ കീഴില്‍ 10 കോടി ആള്‍ക്കാര്‍ക്കാണ് ഈ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്.പത്തു കോടിയെന്നത് വലിയ സംഖ്യയാണ്. ഒരു ജാമ്യവും ഇല്ലാതെ നാലു ലക്ഷം കോടി രുപ വരെയാണ് ഇവര്‍ക്കു വായ്പ നല്കിയിരിക്കുന്നത്. ഒരു ഉറപ്പുമില്ലാതെയാണ് ഈ നാലു ലക്ഷം കോടി രൂപയുടെ വായ്പ നല്കിയിരിക്കുന്നത്. എങ്ങനെ തിരിച്ചടയ്ക്കുമെന്നു പോലും ചോദിക്കാതെ വായ്പ നല്കിയിരിക്കുകയാണ്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഈ ആളുകള്‍ അവരുടെതായ ചെറിയ വ്യവസായങ്ങള്‍ തുടങ്ങിയിരിക്കുന്നു. അവര്‍ അവരുടെ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിക്കുകയാണ്. ഈ ആളുകള്‍ ഈ ചെറിയ, ഇടത്തരം സംരംഭകര്‍ ഇപ്പോള്‍ തൊഴില്‍ ദാതാക്കളായി മാറിയിരിക്കുന്നു.

സഹോദരീ സഹോദരന്മാരെ, ഗവണ്‍മെന്റിന്റെ ഈ ജനകീയ പദ്ധതിയുടെ അടിസ്ഥാനം ഒന്നു മാത്രം. നിങ്ങളിലുള്ള വിശ്വാസം. ഈ രാജ്യത്തെ യുവാക്കളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം. ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, ഈ രാജ്യത്തെ യുവാക്കള്‍ ഒന്നു തീരുമാനിച്ചാല്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.ഇത്തരത്തില്‍ ഊര്‍ജ്ജസ്വലരായ യുവാക്കള്‍ ഈ രാജ്യത്തിന്റെ ഒരോ മുക്കിലും മൂലയിലും ഉണ്ട്. ചിലര്‍ മലമുകളില്‍ നിന്നുവരുന്ന വെള്ളച്ചാട്ടത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നു. മറ്റു ചിലര്‍ മാലിന്യങ്ങളില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വേറെ ചിലര്‍ പാഴ് വസ്തുക്കളില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ ഉണ്ടാക്കുന്നു. ചിലര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നാട്ടിന്‍പുറങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കുറെ പേര്‍ സ്വന്തം കൃഷിയിടങ്ങളില്‍ തന്നെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. ഇങ്ങനെ നോക്കിയാല്‍ കോടിക്കണക്കിനു യുവാക്കളാണ് രാപകല്‍ രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 
ശരിയായ ദിശയില്‍ മുന്നേറാനുള്ള വിവേകവും ധൈര്യവും നിങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഗവണ്‍മെന്റ് നിങ്ങളുടെ കരങ്ങള്‍ ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് കുറച്ച് പിന്തുണ നല്കിയാല്‍ മതി പിന്നെ സ്വയം മുന്നോട്ടു പോകാന്‍ നിങ്ങള്‍ക്കു സാധിക്കും.
സുഹൃത്തുക്കളെ ആധുനിക കാലത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കാന്‍ ഈ ഗവണ്‍മെന്റ് ശ്രദ്ധിക്കുന്നുണ്ട്. നൈപുണ്യ വികസനത്തില്‍ ഇതാദ്യമായാണ് ഒരു ഗവണ്‍മെന്റ് ഇത്രയധികം പ്രാധാന്യം നല്കുന്നത്. നൈപുണ്യവും വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം എന്ത് എന്നു ചോദിച്ചാല്‍ പണ്ടൊക്കെ ആളുകള്‍ നിശ്ബ്ദരായിരുന്നു.
സഹോദരീ സഹോദരന്മാരെ, എന്താണ് വിമാനം, എങ്ങിനെ അതു പറപ്പിക്കണം എന്നു പുസ്തകത്തില്‍ നിന്നു വായിച്ചു മനസിലാക്കുന്നത് വിദ്യാഭ്യാസം. യഥാര്‍ത്ഥ ജീവിതത്തില്‍ വിമാനം പറത്തുന്നത് നൈപുണ്യം. ഒരാള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും നൈപുണ്യം ഇല്ലെങ്കില്‍ ജോലി ലഭിക്കുക പ്രയാസമാണ്. അതുകൊണ്ടാണ് നാം നൈപുണ്യ വികസനത്തിനു പ്രാധാന്യം നല്കി മുന്നോട്ടു പോകുന്നത്. വിദ്യാഭ്യാസത്തിനുപരി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം ലഭിക്കുന്നു എന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.
സ്‌കില്‍ ഇന്ത്യ മിഷനു കീഴില്‍ കോടിക്കണക്കിനു യുവാക്കള്‍ക്കാണ് പരിശീലനം ലഭ്യമാക്കിയിരിക്കുന്നത്. ഈ ഗവണ്‍മെന്റ് രാജ്യമെമ്പാടും പ്രധാന മന്ത്രിയുടെ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു വരികയാണ്. ഇന്ത്യാ ഇന്റര്‍ നാഷണല്‍ സ്‌കില്‍ സെന്ററുകളും സ്ഥാപിക്കുന്നുണ്ട്. ബഹുവിധ നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു. 
ഇതാദ്യമായി യുവാക്കള്‍ക്ക് അപ്രന്റിസ്ഷിപ്പ് നല്കുന്ന കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന നടപടി രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സ്റ്റൈപ്പന്റു തുക കമ്പനികള്‍ക്ക് ഗവണ്‍മെന്റ് മടക്കി നല്കും.
നാഷണല്‍ അപ്രന്റിഷിപ്പ് പദ്ധതിയില്‍ ഏഴു ലക്ഷം യുവാക്കള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം യുവാക്കള്‍ക്കെങ്കിലും അപ്രന്റിസ്ഷിപ്പ് നല്കണം എന്നാണ് ഗവണ്‍മെന്റ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയുടെ യുവജന പദ്ധതിയുടെ കീഴില്‍ രാജ്യത്തെ മൂവായിരം സ്ഥാപനങ്ങളില്‍ യുവാക്കള്‍ക്കു പരിശീലനം നല്കുന്ന ജോലി ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്തിനും വ്യവസായങ്ങള്‍ക്കും ആവശ്യമുള്ളത്ര യുവാക്കള്‍ക്ക് പരിശീലനം നല്കുന്നതിനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. വിദേശരാജ്യങ്ങളിലെ ആവശ്യം കൂടി മുന്നില്‍ കണ്ടാണ് ഈ നൈപുണ്യ പരിശീലന പരിപാടി നടപ്പാക്കുന്നത്.
സുഹൃത്തുക്കളെ, ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമാണ്. രാജ്യത്തെ യുവാക്കളുടെ ശക്തിയിലും, ഊര്‍ജ്ജത്തിലും എനിക്കു പൂര്‍ണ വിശ്വാസമാണ്. ഈ രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ കുടികൊള്ളുന്നത് ഇവിടുത്തെ യുവാക്കളുടെ ഹൃദയങ്ങളിലാണ്.
അതുകൊണ്ടാണ് നാം നമ്മുടെ ശ്രദ്ധ അവിടെയ്ക്കു തിരിച്ചിരിക്കുന്നത്.
സുഹൃത്തുക്കളെ, യുവാക്കള്‍ അക്ഷമരാണ് എന്ന് ചിലര്‍ പറയാറുണ്ട്. 
പക്ഷെ ഞാന്‍ പറയുന്നു ഇതാണ് യുവ തലമുറയെ പുതുമകളിലേയ്ക്കു നയിക്കുന്നത്.
ജീവിതത്തില്‍ ക്ഷമ വേണം. . എന്നാല്‍ പുത്തന്‍ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്തവന് ഇത്തരത്തിലുള്ള ക്ഷമകൊണ്ട് പ്രയോജനമില്ല. അവന്റെ ജീവിതം നിശ്ചലമാണ്. അക്ഷമരായതുകൊണ്ടാണ് ഇന്നത്തെ യുവാക്കള്‍ വളരെ വേഗത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു, ഫലം ഉണ്ടാക്കുന്നു. നിങ്ങളുടെ കണ്ടു പിടുത്തങ്ങള്‍ അവ ശുചിത്വ ഭാരത് ദൗത്യം ആയാലും, ബേട്ടി ബചാവോ, ബോട്ടി പഠാവോ പദ്ധതി ആയാലും, മാലിന്യത്തില്‍ നിന്നു സമ്പത്ത് ആയാലും എല്ലാം സമൂഹത്തിന്റെ ആശങ്കകളുമായി ബന്ധപ്പെട്ടതാണ്. 
നിങ്ങളെ ചൂഴ്ന്നു നില്ക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഏറ്റവുമധികം മനസിലാക്കുന്നത് മറ്റാരെക്കാളും നിങ്ങള്‍ തന്നെയാണ്. പുതുമയോട് ആഭിമുഖ്യമുള്ള യുവാക്കളുടെ മനസുകളുടെ ഈ ശേഷിയാണ് അടല്‍ ഇന്നവേഷന്‍ മിഷന്‍ ആരംഭിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചത്. രാജ്യത്തെ കോളജുകളിലും സ്‌കൂളുകളിലും ഇത്തരം പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ആവാസ വ്യവസ്ഥ സൃഷ്ടിക്കാന്‍ ഊന്നല്‍ നല്കിവരുന്നു. വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും അവരുടെ ക്രിയാത്മകതയ്ക്ക് ശരിയായ ദിശാബോധം നല്കാനും രാജ്യത്തുടനീളം 2500 അടല്‍ ടിങ്കറിംങ് ലാബുകള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഉത്പാദനം, ഗതാഗതം, ഊര്‍ജ്ജം, കൃഷി, കുടിവെള്ളം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങളെ പ്രോത്‌സാഹിപ്പിക്കാന്‍ അടല്‍ ഇങ്കുബേഷന്‍ കേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ നിന്ന് സാങ്കേതിക ഉപദേശവും സാമ്പത്തിക സഹായവും ലഭിക്കും.
സഹോദരീ സഹോദരന്മാരെ, രാജ്യത്തെ സ്റ്റാര്‍ട്ട് അപ് വിപ്ലവത്തിന് നാം ആരംഭിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി അടിസ്ഥാനമാവുകയാണ്. ഗവണ്‍മെന്റ് 10000 കോടി രൂപയുടെ ഒരു സ്റ്റാര്‍ട്ട് അപ് നിധി സ്വരൂപിച്ചു കഴിഞ്ഞു. പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വായ്പയും നികുതി ആനുകൂല്യങ്ങളും നല്കും. അവരുടെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് എടുക്കാന്‍ നിയമ സഹായവും ഗവണ്‍മെന്റ് വാഗ്ദാനം നല്കിയിരിക്കുന്നു. ഞാന്‍ നിങ്ങളോട് ഇതു പറയുന്നത് നിങ്ങള്‍ കോളജ് പഠനം പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ നിങ്ങള്‍ക്കു സഹായകമാകട്ടെ എന്നു കരുതിയാണ്. ഇന്ന് നിങ്ങള്‍ എന്തു തീരുമാനം എടുത്താലും അവയെല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ വിവരങ്ങള്‍ നിങ്ങളെ സഹായിക്കും. വിദ്യാഭ്യാസത്തിനു ശേഷം നിങ്ങളുടെ സ്വന്തം സ്റ്റാര്‍്ട്ട് അപ് കമ്പനി തുടങ്ങുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അപ്പോള്‍ നിങ്ങള്‍ക്ക് ഗവണ്‍മെന്റില്‍ നിന്നുള്ള ഈ സഹായം ലഭിക്കും.
സഹോദരീ സഹോദരന്മാരെ, ഈ ലോകത്ത് പുരോഗതിയും വളര്‍ച്ചയും നേടാന്‍ ആര്‍ക്കും സൗകര്യങ്ങള്‍ അത്യാവശ്യ ഘടകമല്ല. ഇന്ന് അനേകം രാജ്യങ്ങളില്‍ വിവിധ കമ്പനികളുടെ തലപ്പത്ത് പ്രസിഡന്റുമാരായും ചെയര്‍മാന്‍മാരായും സിഈഓ മാരായും ഇന്ത്യയില്‍നിന്നുള്ള യുവാക്കള്‍ ഉണ്ട്. ഈ കമ്പനികളുടെ വളര്‍ച്ചയില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചവരാണ് അവര്‍. അവര്‍ നേരിട്ട് ഈ പദവിയില്‍ എത്തിയവരല്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഈ ഉദ്യോഗം ലഭിച്ചവരുമല്ല. അവര്‍ കഠിനാധ്വാനം ചെയ്തു. അതിനായി ക്ലേശങ്ങള്‍ സഹിച്ചു.
അവര്‍ക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു.അവര്‍ വെല്ലുവിളികള്‍ ഏറ്റെടുത്തു, അവര്‍ രാപകല്‍ വിയര്‍പ്പൊഴുക്കി. അങ്ങിനെ അവിടെ എത്തി. 
ഇന്ത്യയിലെ യുവാക്കള്‍ക്ക് ആ കഴിവുണ്ട്. അവര്‍ എവിടെ എത്തിയാലും അവര്‍ക്കും രാജ്യത്തിനും വേണ്ടി കൈയടികള്‍ നേടും.
ഏതാനും ദിവസങ്ങള്‍ മുമ്പ് ആഞ്ചല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്കു വേണ്ടി സ്‌കീയിങ്ങില്‍ അന്താരാഷ്ട്ര മെഡല്‍ നേടിയത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. അതിനു ഏതാനും ദിവസം മുമ്പാണ് മാനുഷി ഛില്ലര്‍ രാജ്യത്തിനു വേണ്ടി കിരീടം നേടിയത്.
ലോകം ചുറ്റാന്‍ പായ്ക്കപ്പലില്‍ പുറപ്പെട്ടിരിക്കുന്ന നമ്മുടെ ആറു സഹോദരിമാരെ കുറിച്ച് നിങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിലുള്ളവര്‍ ദിനം പ്രതി അപ്‌ഡേറ്റുകള്‍ നല്കുന്നുണ്ടാവുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇത് വ്യത്യസ്തമായ ഒരു പര്യടനമാണ്. അവര്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. അവര്‍ എല്ലാവര്‍ക്കും പ്രചോദനം ആകണം.
കായിക മത്സരങ്ങളെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കണം എന്നു ഞാന്‍ നിങ്ങളെ അനുസ്മരിപ്പിക്കുന്നു.
രാജ്യവര്‍ധന്‍ജി ഇപ്പോള്‍ വേദിയിലുണ്ട്. വൈകി വന്ന ഒരു മന്ത്രിയാണ് അദ്ദേഹം എന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷ ആദ്യം അദ്ദേഹം ഒരു ഒളിമ്പ്യനായിരുന്നു. കഴിവു തെളിയിച്ച ഒരു ഷൂട്ടര്‍. അല്ലെങ്കില്‍ നമ്മുടെ യുവാവായ മുഖ്യമന്ത്രി ശ്രീമാന്‍ യോഗിജി തന്നെ ഒരു നല്ല കായിക താരമല്ലേ. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി നിരവധി സംസ്ഥാനങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. അദ്ദേഹം ട്വിറ്ററില്‍ എഴുതാറുണ്ട്. പല പ്രഗത്ഭരും അദ്ദേഹത്തിനു പിന്നിലാണിപ്പോള്‍. സ്‌പോര്‍ട്‌സ് ശരീരത്തിനും മനസിനും ഊര്‍ജ്ജവും അച്ചടക്കവും നല്കുന്ന ഒരു കലയാണ്.
കളിക്കളം നമ്മെ പരാജയത്തിന്റെ അര്‍ത്ഥം പഠിപ്പിക്കുന്നു. ലക്ഷ്യം നേടുന്നതിനായി കഠിനാധ്വാനം പരിശീലിപ്പിക്കുന്നു. ടീം സ്പിരിറ്റ് എന്താണെന്ന് നാം കളിക്കളത്തില്‍ നിന്നു ആദ്യമായി മനസിലാക്കുന്നു. ജയിച്ചാലും പരാജയപ്പെട്ടാലും കളിക്കളത്തില്‍ നിന്നു നേടുന്ന സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് നമ്മുടെ ജീവിതാവസാനം വരെ നമ്മില്‍ നിലനില്ക്കുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് കളിക്കുന്നവര്‍ നന്നായി വളരും.നിങ്ങള്‍ നന്നായി കളിക്കണം നന്നായി വളരണം.
അതോടൊപ്പം യോഗയും നിങ്ങള്‍ ജീവിതത്തിലുടനീളം അഭ്യസിക്കണം. യുവജനോത്സവത്തില്‍ നിങ്ങള്‍ ദിവസവും യോഗ ചെയ്യുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. യോഗയിലൂടെ നിങ്ങള്‍ക്കു ശാരീരികവും മാനസികവുമായി ശക്തി നേടാനാവും.
എന്റെ സുഹൃത്തുക്കളെ, മുന്നോട്ടു വരിക, മാനസികമായി വികസിക്കുക, വ്യക്തിത്വം വിശാലമാക്കുക.
ഈ യുവജനത്സവത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നിങ്ങളുടെ ഒപ്പമുള്ളവര്‍. അവരുമായി ഇടപഴകുക. അവരുമായി സംസാരിക്കുക. അവരെ മനസിലാക്കുക, അവരുടെ ഭാഷയെ, സംസ്‌കാരത്തെ, ആഹാര രീതികളെ, ജീവിതങ്ങളെ പഠിക്കുക.
ഈ യുവജനോത്സവത്തില്‍ നിന്നു നിങ്ങള്‍ നേടുന്ന സൗഹൃദങ്ങള്‍ നിങ്ങളെ വളര്‍ത്തും, അതു നിങ്ങളുടെ ശിഷ്ട ജീവിതത്തിലുടനീളം ബാക്കി നില്ക്കും. 
സുഹൃത്തുക്കളെ, ഏക ഭാരതം ശ്രേഷ്ഠ ഭാരതം ( ഒരിന്ത്യ മഹത്തായ ഇന്ത്യ) എന്ന പ്രതിജ്ഞ സാക്ഷാത്ക്കരിക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.
സുഹ്ൃത്തുക്കളെ, പൊതു ജീവിതത്തിലെ നമ്മുടെ വിജയ യാത്ര തുടങ്ങുന്നത് തോളോടു തോള്‍ ചേര്‍ന്നു നിന്നുകൊണ്ടാണ്, കാലടികള്‍ ഒന്നിച്ചു ചവിട്ടുക്കൊണ്ടാണ്. ഭാരതത്തിന്റെ ഭാവി നമ്മുടെ പരിശ്രമങ്ങളിലും കഠിനാധ്വാനത്തിലുമാണ് എന്ന് നമ്മുടെ ബഹുമാന്യനായ ശ്രീമാന്‍ അടല്‍ ബിഹാരി വാജ്‌പേയ്ജി പറയാറുണ്ട്.
എല്ലാവരും ഒന്നിച്ചു മുന്നേറുക, രാജ്യത്തെ യുവാക്കള്‍ മുഴുവന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കട്ടെ. പുതു ഇന്ത്യയുടെ നിര്‍മ്മാണം എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി 1.25 കോടി ജനങ്ങള്‍ ഒന്നിച്ച് അദ്വാനിക്കട്ടെ.
ഈ യുവജനോത്സവ വേളയില്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ ആശംസകള്‍. സ്വാമി വിവേകാനനന്ദനെ, ആ മഹാത്മാവിന്റെ ജന്മ വാര്‍ഷിക ദിനത്തില്‍, അദ്ദേഹം കാണിച്ചു തന്ന സാമൂഹ്യ ഐക്യത്തിന്റെ പാത, രാജ്യത്തിനു വേണ്ടി ജീവിക്കാനും മരിക്കാനുമുള്ള പാത, ഉച്ച നീചത്വങ്ങള്‍ ഇല്ലാത്ത പാത അനുസ്മരിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. അദ്ദേഹത്തില്‍ നിന്ന് ചൈതന്യം ഉള്‍ക്കൊണ്ട് ശക്തിയോടെ, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുക.
നന്ദി വളരെ നന്ദി
ജയ്ഹിന്ദ്‌

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi met with the Prime Minister of Dominica H.E. Mr. Roosevelt Skeritt on the sidelines of the 2nd India-CARICOM Summit in Georgetown, Guyana.

The leaders discussed exploring opportunities for cooperation in fields like climate resilience, digital transformation, education, healthcare, capacity building and yoga They also exchanged views on issues of the Global South and UN reform.