നമസ്‌തേ- സിംഗപ്പൂര്‍
ശുഭസായാഹ്നം.
വ്യവസായ പ്രമുഖരേ,
എന്റെ സിംഗപ്പൂര്‍ സുഹൃത്തുക്കളേ,
സിംഗപ്പൂരില്‍ വസിക്കുന്ന ഇന്ത്യക്കാരേ,
നിങ്ങള്‍ക്കെല്ലാവര്‍ക്കും നമസ്‌കാരം.
ഇന്ന്, ഈ മനോഹരമായ കൂടിച്ചേരലില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ബന്ധത്തിന്റെ മനോഹാരിതയാണ് നാം കാണുന്നത്. ഇത് നമ്മുടെ പൈതൃകമാണ്; നമ്മുടെ ജനതയും നമ്മുടെ കാലത്തിന്റെ മഹത്തായ പങ്കാളിത്തവും. ഇത് കുലീനതയും ഗാംഭീര്യവും രണ്ട് സിംഹങ്ങളുടെ ഗര്‍ജ്ജനവുമാണ്. സിംഗപ്പൂരിലേക്കുള്ള മടക്കം എപ്പോഴും ആഹ്ലാദകരമാണ്. ഒരിക്കലും വറ്റാത്ത പ്രചോദനത്തിന്റെ നഗരമാണിത്. സിംഗപ്പൂര്‍ ഒരു കൊച്ചുനഗരമായിരിക്കാം. പക്ഷേ, അതിനുള്ളത് വിശ്വചക്രവാളങ്ങളാണ്. ഒരു രാഷ്ട്രത്തിന്റെ നേട്ടങ്ങളുടെ അളവുകോലിനും ലോകത്തിനു മുന്നില്‍ അതിന്റെ ശബ്ദം കേള്‍പ്പിക്കുന്നതിനും വലിപ്പച്ചെറുപ്പം ഒരു തടസമല്ല എന്നാണ് ഈ മഹത്തായ രാഷ്ട്രം കാണിച്ചുതരുന്നത്.
പക്ഷേ, സിംഗപ്പൂരിന്റെ വിജയം അതിന്റെ ബഹുസംസ്‌കൃത സമൂഹത്തിലും അതിന്റെ വൈവിധ്യത്തിലും പരന്നു കിടക്കുന്നു. സിംഗപ്പൂരിന്റെ വേറിട്ടതും സവിശേഷവുമായ വ്യക്തിത്വത്തിലും അതുണ്ട്. ഈ മനോഹരമായ ഈ നാനാത്വത്തില്‍ പുരാതനമായ ഒരു ധാരയുണ്ട്, ഇന്ത്യയെയും സിംഗപ്പൂരിനെയും ബന്ധിപ്പിക്കുന്ന മനോഹരമായൊരു നൂലുണ്ട്.
സുഹൃത്തുക്കളേ,
ദക്ഷിണ പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേരുകള്‍ സിംഗപ്പൂരിലൂടെയാണ് കടന്നുപോകുന്നത്. മാനവിക കണ്ണി ആഴത്തിലുള്ളതും പൊട്ടാത്തതുമാണ്. അത് സിംഗപ്പൂരിലെ ഇന്ത്യക്കാരിലാണ് കുടികൊള്ളുന്നത്. ഈ സായാഹാനം നിങ്ങളുടെ സാന്നിധ്യംകൊണ്ട് ധന്യമായിരിക്കുന്നു; നിങ്ങളുടെ ഊര്‍ജ്ജംകൊണ്ട്; നിങ്ങളുടെ കഴിവുകൊണ്ടും നേട്ടങ്ങള്‍ കൊണ്ടും.
നിങ്ങള്‍ക്കിവിടെ എത്താനായത് ചരിത്രപരമായ ആകസ്മികത കൊണ്ടോ ആഗോളവല്‍ക്കരണത്തിന്റെ അവസരങ്ങള്‍കൊണ്ടോ ആണ്. നിങ്ങളുടെ പൂര്‍വ്വികര്‍ തലമുറകള്‍ക്കു മുമ്പ് ഇവിടെ എത്തിയതോ നിങ്ങള്‍ ഈ നൂറ്റാണ്ടില്‍ ഇവിടെ എത്തിയവരോ ആകാം. നിങ്ങളോരോരുത്തരും സിംഗപ്പൂരിന്റെ സവിശേഷതയുടെ ഭാഗമായി മാറി; അതിന്റെ പുരോഗതിയുടെയും.
തിരിച്ച് സിംഗപ്പൂര്‍ നിങ്ങളെ ആശ്ലേഷിച്ചു, നിങ്ങളുടെ യോഗ്യതയെ, നിങ്ങളുടെ കഠിനാധ്വാനത്തെ. ഇവിടെ സിംഗപ്പൂരില്‍ നിങ്ങള്‍ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ വൈവിധ്യത്തെയാണ്. നിങ്ങള്‍ക്ക് ഇന്ത്യയുടെ എല്ലാ ഉല്‍സവങ്ങളും ഒരൊറ്റ നഗരത്തില്‍ കാണണമെങ്കില്‍ ; അല്ലെങ്കില്‍ അത് ആഴ്ചകളോളം ആഘോഷിക്കണമെങ്കില്‍; സിംഗപ്പൂരാണ് അതിന് സന്ദര്‍ശിക്കേണ്ടത്.
അത് ഇന്ത്യയുടെ ഭക്ഷണ കാര്യത്തിലും ഇപ്പോള്‍ സത്യമായിരിക്കുന്നു! കൊച്ചിന്ത്യയില്‍ പ്രധാനമന്ത്രി ലീ എനിക്ക് ആഥിത്യമരുളിയ അത്താഴം ഞാന്‍ ഇപ്പോഴും ഓര്‍മിക്കുന്നു.
തമിഴ് ഇവിടെ ഒരു ഔദ്യോഗിക ഭാഷയാണ്. പക്ഷേ, പക്‌ഷേ, സ്‌കൂള്‍ കുട്ടികള്‍ക്ക് മറ്റ് അ്ഞ്ച് ഇന്ത്യന്‍ ഭാഷകളും പഠിക്കാന്‍ സാധിക്കും എന്നത് സിംഗപ്പൂരിന്റെ നന്മയ്ക്കു തെളിവാണ്. ഇന്ത്യയുടെ മികവുറ്റ സംസ്‌കാരത്താല്‍ നഗരം തുടിക്കുന്നു. സിംഗപ്പൂര്‍ ഗവണ്‍മെന്റിന് നല്‍കുന്ന പിന്തുണയ്ക്ക് കഴിവുറ്റ ഇന്ത്യന്‍ സമൂഹം കടപ്പെട്ടിരിക്കുന്നു.
പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങളില്‍ സമ്പൂര്‍ണ മല്‍സരം പോലും ഇവിടെ ഈ സിംഗപ്പൂരില്‍ നിങ്ങള്‍ തുടങ്ങിയിരിക്കുന്നു. അത് നിങ്ങളില്‍ യൗവനകാല സ്മരണകള്‍ ഉണര്‍ത്തുകയും ഖോഖോയും കബഡിയുമായി കുട്ടികളെ ബന്ധിപ്പിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു.
2017ല്‍ അന്താരാഷ്ട്ര യോഗാ ദിനം ഈ നഗരത്തിലെ 70 കേന്ദ്രങ്ങളില്‍ ആചരിച്ചു. ഓരോ പത്ത് ചതുരശ്ര കിലോമീറ്ററിലും ഒരു കേന്ദ്രം എന്ന നിലയിലായിരുന്നു അത്.
യോഗയുടെ കാര്യത്തില്‍ ലോകത്ത് മറ്റൊരു നഗരവും ഇത്രയധികം തീവ്രത പ്രകടമാക്കിയില്ല. ശ്രീരാമകൃഷ്ണ മിഷനും ശ്രീനാരായണ മിഷനും പോലുള്ള സ്ഥാപനങ്ങള്‍ ദശാബ്ദങ്ങളായി ഇവിടെയുണ്ട്. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയില്ലാതെ അവര്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള അടുപ്പത്തിന്റെ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു.
മഹാന്മാരായ ഇന്ത്യന്‍ ചിന്തകരായിരുന്ന സ്വാമി വിവേകാനന്ദനും കവി ഗുരുദേവ് രബീന്ദ്രനാഥ ടഗോറും സിംഗപ്പൂരിലൂടെയുള്ള യാത്രയില്‍ ഇ്ന്ത്യയെയും കിഴക്കിനെയും കൂട്ടി ഇണക്കുന്ന പൊതുവായ സ്വരലയം കണ്ടെത്തിയവരാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അണി ചേര്‍ന്നു നീങ്ങാന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ആഹ്വാനം ചെയ്തത് സിംഗപ്പൂരിന്റെ മണ്ണില്‍ നിന്നാണ്- ദില്ലിയേക്ക് മുന്നേറൂ എന്നത് ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചില്‍ അണയാത്ത ജ്വാലയായി.
1948ല്‍ മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ നിന്ന് ഒരു ഉള്‍ക്കടല്‍ അപ്പുറത്തുള്ള ക്ലിഫോഡ് കടല്‍പ്പാലത്തില്‍ നിന്നാണു നിക്ഷേപിച്ചത്. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ആ ചടങ്ങിനു സാക്ഷ്യം വഹിച്ചു. ചിതാഭസ്മ നിമജ്ജനവേളയില്‍ വിമാനത്തില്‍ നിന്ന് റോസാപ്പൂക്കള്‍ വിതറി. ആളുകള്‍ സമുദ്രത്തിലെ വെള്ളത്തില്‍ നിന്ന് ഓരോ കവിള്‍ കുടിച്ചു.
നമ്മുടെ ചരിത്രത്തിലെ ആ അവിസ്മരണീയ മുഹൂര്‍ത്തം അടയാളപ്പെടുത്തുന്ന ഫലകം മറ്റന്നാള്‍ ഞാന്‍ അനാഛാദനം ചെയ്യുകയാണ്. കാലത്തെ മറികടക്കുന്നതും ലോകോത്തരവുമായ മഹാത്മാ ഗാന്ധിയുടെ മൂല്യങ്ങളെയാണ് ഈ മുഹൂര്‍ത്തം അടിവരയിടുന്നത്.
സുഹൃത്തുക്കളേ,
ഈ അനിതരസാധാരണമായ പൈതൃകത്തിന്റെ അടിത്തറകളില്‍ , അതായത് നമ്മുടെ മാനവിക കണ്ണികളുടെ സമ്പത്തും നമ്മുടെ പങ്കുവയ്ക്കപ്പെട്ട മൂല്യങ്ങളുടെ കരുത്തും, ഇന്ത്യയും സിംഗപ്പൂരും നമ്മുടെ കാലഘട്ടത്തിന്റെ ഒരു പങ്കാളിത്തം കെട്ടിപ്പടുക്കുകയാണ്. തന്ത്രപ്രധാന പങ്കാളിത്തം ശരിയായി സന്ധിക്കുന്ന ബന്ധമാണിത്.
ഇന്ത്യ ലോകത്തേക്ക് തുറക്കുകയും കിഴക്കോട്ട് തിരിയുകയും ചെയ്തപ്പോള്‍ സിംഗപ്പൂര്‍ ഒരു പങ്കാളിയും ഇന്ത്യക്കും ആസിയാനും ഇടയിലെ പാലവുമായി മാറി. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങള്‍ ഊഷ്മളവും വളരെ അടുത്തതുമായി. അവിടെ മല്‍സരമോ അവകാശവാദങ്ങളോ ഇല്ല,സംശയങ്ങളും.
പങ്കുവയ്ക്കപ്പെട്ട കാഴ്ചപ്പാടില്‍ നിന്നുള്ള ഒരു സ്വാഭാവിക പങ്കാളിത്തമാണ് അത്. നമ്മുടെ രണ്ട് കൂട്ടരുടെയും പ്രതിരോധ ബന്ധങ്ങള്‍ ശക്തമാണ്. എന്റെ സായുധസേന സിംഗപ്പൂരിന്റെ സായുധസേനയോട് മഹത്തായ ബഹുമാനത്തോടെയും പ്രകീര്‍ത്തിച്ചുമാണ് സംസാരിക്കുക. ഇന്ത്യ ദീര്‍ഘകാലമായി തുടരുന്ന നാവിക പരിശീലനമാണ് സിംഗപ്പൂരുമായുള്ളത്.
അവര്‍ ഇപ്പോള്‍ രജത ജൂബിലി ആഘോഷിക്കുകയാണ്. സിംഗപ്പൂരിന്റെ കരസേനയ്ക്കും വ്യോമസേനയ്ക്കും ഇന്ത്യയില്‍ പരിശീലനത്തിലായി ആതിഥ്യമേകാന്‍ നമുക്ക് അഭിമാനമുണ്ട്. നമ്മുടെ കപ്പലുകള്‍ സ്ഥിരമായി പരസ്പരം സന്ദര്‍ശിക്കും.
നിങ്ങളില്‍ പലരും നമ്മുടെ നാവിക കപ്പലുകളില്‍ കയറിയിട്ടുള്ളവരാണ്. ഞാനും മറ്റന്നാള്‍ ചംഗി നാവിക താവളത്തില്‍ സിംഗപ്പൂരിന്റെ ഒരു നാവിക സേനാ കപ്പലിലും ഇന്ത്യയുടെ നാവിക സേനാ കപ്പലിലും സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നു.
നിയമ വാഴ്ചയെക്കുറിച്ചും എല്ലാ രാജ്യങ്ങളുടെയും പരമാധികാര തുല്യതയേക്കുറിച്ചും സ്വതന്ത്രവും തുറന്നതുമായ വാണിജ്യ പാതകളേക്കുറിച്ചും അന്താരാഷ്ട്ര വേദികളില്‍ നാം ഒരേ സ്വരത്തിലാണ് സംസാരിക്കാറുള്ളത്. സാമ്പത്തികശാസ്ത്രമാണ് ബന്ധത്തിന്റെ ഹൃദയതാളം.
ഇന്ത്യയുടെ ആഗോള കാര്യങ്ങളില്‍ മുന്നണിയിലുള്ള ഒരു പങ്കാളിത്തമാണ് ഇത്. സിംഗപ്പൂര്‍ ഇന്ത്യയെ സംബന്ധിടത്തോളം പ്രധാനപ്പെട്ട നിക്ഷേപ സ്രോതസ്സും വിനോദസഞ്ചാര കേന്ദ്രവുമാണ്. നാം ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാറുണ്ടാക്കിയ ആദ്യ രാജ്യമാണ് സിംഗപ്പൂര്‍.
ഇന്ത്യയിലെ 16 നഗരങ്ങളിലേക്ക് ഏകദേശം 250 വിമാനങ്ങള്‍ എല്ലാ ആഴ്ചയും സിംഗപ്പൂരില്‍ നിന്നും തിരിച്ചും സര്‍വ്വീസ് നടത്തുന്നു. അത് വര്‍ധിക്കാന്‍ പോവുകയാണ്. സിംഗപ്പൂരില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ മൂന്നാമത്തെ വലിയ സ്രോതസ് ഇന്ത്യയാണ്; അത് അതിവേഗം വളരുകയുമാണ്. നമ്മുടെ ഐടി കമ്പനികള്‍ സിംഗപ്പൂരില്‍ ഊര്‍ജ്ജസ്വലതയോടെയും മല്‍സരാധിഷ്ഠിതമായും പ്രവര്‍ത്തിക്കുന്നു.
ഇന്ത്യയുടെ വിവിധ വികസന മേഖലകളില്‍ സിംഗപ്പൂര്‍ ഒരു സുപ്രധാന പങ്കാളിയാണ്; സ്മാര്‍ട് സിറ്റികള്‍, നഗര വികസനം, സാമ്പത്തിക മേഖല, നൈപുണ്യ വികസനം, തുറമുഖം, വ്യോമയാനം, വ്യവസായ പാര്‍ക്കുകള്‍ എന്നിവ ഇതില്‍പ്പെടും.
അതുകൊണ്ട് ഇന്ത്യയും സിംഗപ്പൂരും പരസ്പരം സമൃദ്ധിക്കു വേണ്ടി സംഭാവന ചെയ്യുന്നവരാണ്. ഇപ്പോഴാകട്ടെ നാം ഡിജിറ്റല്‍ ലോകത്ത് പുതിയ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുകയാണ്. പ്രധാനമന്ത്രി ലീയും ഞാനും സാങ്കേതികവിദ്യയുടെയും നവീനാശയങ്ങളുടയും സംരംഭകത്വത്തിന്റെയും ഗംഭീരമായ ഒരു സഞ്ചാരം നടത്തിയിട്ടേയുള്ളു. ഇതാണ് സിംഗപ്പൂരിന്റെയും ഇന്ത്യയുടെയും ജ്വലിക്കുന്ന യുവത്വം.
അവരില്‍ ഏറെപ്പേരും ഇന്ത്യയില്‍ നിന്ന് മികവും കഴിവും നേടിയവരും സിംഗപ്പൂരില്‍ ജീവിക്കുന്നവരുമാണ്. അവര്‍ ഇന്ത്യക്കും സിംഗപ്പൂരിനും ആസിയാനും ഇടയില്‍ നവീനാശയങ്ങളുടെയും സംരംഭങ്ങളുടെയും പാലമാകും. അല്‍പ്പസമയം കഴിഞ്ഞാല്‍ നമുക്ക് റുപെയുടെയും ഭീമിന്റെയും യുപിഐയുടെയും അന്താരാഷ്ട്ര ഉദ്ഘാടനം കാണാം.
അവ സിംഗപ്പൂരിലും ഉദ്ഘാടനം ചെയ്യുന്നത് സ്വാഭാവികമാണ്. ഭരണ നിര്‍വഹണത്തിനും ഉള്‍ക്കൊള്ളലിനും വേണ്ടി മൊബൈല്‍- ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗിക്കാന്‍ നാം യോജിച്ച് ശ്രമിക്കുകയാണ്. പുതിയ കാലത്തില്‍ നമുക്ക് യോജിച്ച് മഹത്തായ ഒരു സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കാനാകും.
സിംഗപ്പൂര്‍ സ്വന്തം നിലയില്‍ പുതിയ ഭാവിയുടെ രൂപങ്ങളുണ്ടാക്കുമ്പോള്‍ ഇന്ത്യ അവസരങ്ങളുടെ പുതിയ ആഗോള മുന്നണി വികസിപ്പിക്കുകയാണ്. ചരക്ക് സേവന നികുതി പോലെ ആഴത്തിലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി ഒരു വര്‍ഷം മാത്രം ആയപ്പോഴേക്കും നാം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായിത്തന്നെ തുടരുന്നു.
ആ വഴിയില്‍ത്തന്നെ തുടരാനാണ് നാം ആഗ്രഹിക്കുന്നത്. നമ്മുടെ സമ്പദ്ഘടന കൂടുതല്‍ സുസ്ഥിരതയുള്ളതായി മാറും. ധനക്കമ്മി കുറഞ്ഞു, പണപ്പെരുപ്പ് നിരക്ക് കുറഞ്ഞു. ഇപ്പോഴത്തെ കമ്മി നില ഭദ്രമാണ്. പണം സ്ഥിരമാണ്. വിദേശവിനിമയം മുമ്പില്ലാത്ത വിധം ഉയര്‍ന്നു നില്‍ക്കുന്നു.
ഇന്ത്യയിലെ വര്‍ത്തമാന കാലം അതിവേഗ മാറ്റത്തിന്റേതാണ്. ഒരു ‘പുതിയ ഇന്ത്യ’ രൂപപ്പെടുന്നു. അതിന് പല കാരണങ്ങളുമുണ്ട്. സാമ്പത്തിക പരിഷ്‌കരണം വേഗത്തിലും മുമ്പില്ലാത്ത വിധവും നടപ്പാക്കുന്നു എന്നതാണ് ഒന്ന്. വ്യവസായ നടത്തിപ്പ് അനായാസമാക്കുന്ന ശ്രേണിയില്‍ 41 ഇടം മുകളിലെത്താന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിച്ച പതിനായിരത്തിലധികം ഏകകങ്ങളുണ്ട്.
1400ല്‍പ്പരം കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യ. 100 ശതമാനം അനുഭവഹിതത്തോടെ വിദേശ നിക്ഷേപകര്‍ക്ക് ഏതാണ്ട് എല്ലാ മേഖലകളിലും കടന്നു ചെല്ലാം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ 90 ശതമാനത്തിലേറെ നിക്ഷേപവും ഈ പാതയിലൂടെയാണ്.
നികുതി ക്രമം മാറ്റി എന്നതാണ് രണ്ടാമത്തേത്. കുറഞ്ഞ നികുതി നിരക്കുകള്‍, വര്‍ധിക്കുന്ന സുസ്ഥിരത, നികുതി തര്‍ക്കങ്ങള്‍ക്ക് വേഗത്തിലുള്ള പരിഹാരവും ഇ- ഫയലിംഗ് സംവിധാനങ്ങളും. ചരക്ക് സേവന നികുതി സമ്പ്രദായം സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ്. അത് രാഷ്ട്രത്തെ ഒരൊറ്റ വിപണിയായി ഏകീകരിക്കുകയും നികുതി അടിത്തറ വിപുലപ്പെടുത്തുകയും ചെയ്തു.
ഇത് അത്ര സുഗമമായ കര്‍ത്തവ്യമല്ല. എന്നാല്‍ ഇത് വിജയകരമായി പൂര്‍ത്തിയാക്കി. അത് പുതിയ സാമ്പത്തികാവസരങ്ങളും സൃഷ്ടിച്ചു. നമ്മുടെ വ്യക്തിഗത ആദായനികുതി അടിത്തറ 20 ദശലക്ഷമായി വികസിക്കുകയും ചെയ്തു.
മൂന്നാമതായി, നമ്മുടെ അടിസ്ഥാനസൗകര്യ മേഖല റെക്കാര്‍ഡ് വേഗതയില്‍ വികസിക്കുകയാണ്. കഴിഞ്ഞ വര്‍ഷം, നാം പതിനായിരം കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിച്ചിരുന്നു. അതായത് ഏതാനും വര്‍ഷങ്ങളിലേതില്‍ നിന്നും ഇരട്ടിയായി പ്രതിദിനം 27 കിലോമീറ്റര്‍.
റെയില്‍വേ പാതയുടെ കൂട്ടിച്ചേര്‍ക്കലിന്റെ വേഗതയും ഇരട്ടിയായിട്ടുണ്ട്. നിരവധി നരഗങ്ങളില്‍ മെട്രോ റെയിലുകള്‍, ഏഴ് അതിവേഗ റെയില്‍വേ പദ്ധതികള്‍, ചരക്ക് ഇടനാഴി സമര്‍പ്പണം 400 റെയില്‍വേ സ്‌റ്റേഷനുകളുടെ ആധുനികവല്‍ക്കരണം മുതലായവ റെയില്‍വേ മേഖലയെ പരിവര്‍ത്തനപ്പെടുത്തും.
പത്ത് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍, അഞ്ച് പ്രധാനപ്പെട്ട തുറമുഖങ്ങള്‍, 111 നദികള്‍ക്ക് ദേശീയപാത പദവി, കൂടാതെ 30 ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പദ്ധതികളുമുണ്ട്. മൂന്നുവര്‍ഷം കൊണ്ട് മാത്രം ഞങ്ങള്‍ 80,000 മെഗാവാട്ട് വൈദ്യുതി കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജത്തില്‍ നാം ലോകത്തെ ആറാമത്തെ വലിയ രാജ്യമായി മാറിക്കഴിഞ്ഞു. ഹരിത സുസ്ഥിര ഭാവിയിലേക്കുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് അത്. വളരെ ലളിതമായി, ലോകത്തെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന ഗാഥക്ക് ഇന്ത്യയില്‍ ചുരുളഴിഞ്ഞുകൊണ്ടിരിക്കുകയാണ്.
നാലമതായി നമ്മുടെ ഉല്‍പ്പാദനമേഖല കുതിച്ചുയരുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് എഫ്.ഡി.ഐയില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. 2013-14ലെ 36 ബില്യണ്‍ യു.എസ്. ഡോളറില്‍ നിന്നും 2016-17ല്‍ അത് 60 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നു.
സൂക്ഷ്മ, ചെറുകിട, ഇടതരം സംരംഭകമേഖലകള്‍ക്ക് പ്രത്യേക ശ്രദ്ധയും നല്‍കിയിട്ടുണ്ട്.
നാം മേഖലാടിസ്ഥാന ആധുനികവല്‍ക്കരണ ഉല്‍പ്പാദന പദ്ധതികള്‍ ആരംഭിച്ചു, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുക, നികുതി ഗുണഫലങ്ങള്‍ കൂടുതല്‍ ആകര്‍ഷകവും ലളിതവുമാക്കി. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് മേഖല പുഷ്ടിപ്പെടുകയാണ്, ഇന്ന് ലോകത്തെ മൂന്നമാത്തേതാണ് ഇത്.
ഏന്റെ ഏറ്റവും ഇഷ്ടപ്പെട്ട പദ്ധതി, തീര്‍ച്ചയായും അത് മുദ്രാ പദ്ധതിയാണ്. അത് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സൂക്ഷമമായ വായ്പ അനുവദിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 90 ബില്യണ്‍ യു.എസ്. ഡോളര്‍ വിലമതിക്കുന്ന 128 ദശലക്ഷം വായ്പകള്‍ വിതരണം ചെയ്തു. ഇതില്‍ 74%വും സ്ത്രീകള്‍ക്കാണ്, അതേ 74% വനിതകള്‍!
അഞ്ചാമതായി, നാം സാമ്പത്തികാശ്ലേഷണത്തിനാണ് ഏറ്റവും ശക്തമായ ശ്രദ്ധചെലുത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് ഒരു ബാങ്ക് അക്കൗണ്ടും ഒരിക്കലും ഇല്ലാതിരുന്നവരുടെ 316 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇന്ന് ഇന്ത്യയിലെ 99% പേര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്.
ഓരോ പൗരന്മാര്‍ക്കും മാന്യതയും സ്വത്വവും നല്‍കുന്ന ഒരു പുതിയ സ്രോതസാണിത്. സംശ്ലേഷണത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു അസാധാരണമായ കഥയാണിത്, 12 ദശലക്ഷം യു.എസ്. ഡോളറില്‍ അധികം ഈ പദ്ധതിയിലൂടെ നിക്ഷേപിച്ചിട്ടുണ്ട്.
50 ബില്യണ്‍ യു.എസ്. ഡോളറിലധികം വരുന്ന ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് കൈമാറി. അവര്‍ക്ക് ഇന്ന് താങ്ങാവുന്ന പെന്‍ഷനും ഇന്‍ഷ്വറന്‍സുമുണ്ട്. ഒരിക്കല്‍ വെറും സ്വപ്‌നമായിരുന്നു എല്ലാം. ഇന്ന് ഇവിടെ വളരെവേഗത്തിലും അളവിലുമാണ് ബാങ്കിംഗ് വികസനം നടക്കുന്നത്.
ആറാമതായി, ഡിജിറ്റല്‍ വിപ്ലവം ഇന്ത്യ ഒന്നാകെ അടിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. ഒരു ബയോമെട്രിക് തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്, ഒരു മൊബൈല്‍ഫോണ്‍ മിക്കവാറും എല്ലാവരുടെയും കീശകളിലുണ്ട്, അങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാവരിലേയ്ക്കും എത്തിച്ചേരാവുന്ന സ്ഥിതിയിലായി. ഓരോ ഇന്ത്യക്കാരന്റെ ജീവിതവും പരിവര്‍ത്തനപ്പെടുകയാണ്.
ഭരണം, പൊതുസേവനം, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്, ബാങ്കുകളും പെന്‍ഷനുകളും പാവപ്പെട്ടവര്‍ക്ക് അരികെ എത്തിക്കുക തുടങ്ങി അത് ഇന്ത്യയിലെ മറ്റെല്ലാത്തിനേയൂം പരിവര്‍ത്തനപ്പെടുത്തുകയാണ്. ഉദാഹരണത്തിന് ഡിജിറ്റല്‍ ഇടപാടുകള്‍ അതിവേഗത്തില്‍ വളരുകയാണ്.
2017ല്‍ യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ മാത്രം ഏഴായിരം ശതമാനം വര്‍ദ്ധിച്ചു. ജനുവരിയില്‍ നടന്ന എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ചേര്‍ത്ത് നോക്കിയാല്‍ 2 ട്രില്യണ്‍ യു.എസ്. ഡോളര്‍ വരും. 250,000 ഗ്രാമ കൗണ്‍സിലുകള്‍ക്ക് നാം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നിര്‍മ്മിക്കുകയാണ്. അത്തരത്തിലുള്ള ഓരോ ഗ്രാമകൗണ്‍സിലുകളിലും പൊതു സേവന കേന്ദ്രങ്ങളും ആരംഭിക്കും.
ഇതിന് നിരവധി ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും ആയിരക്കണക്കിന് ഗ്രാമീണ തെഴിലുകള്‍ സൃഷ്ടിക്കാനും കഴിയും. അടല്‍ ഇന്നോവേഷന്‍ മിഷന്റെ കീഴില്‍ 100 ഇന്‍ക്യുബേഷന്‍ സെന്റര്‍ ആരംഭിക്കും. നമ്മുടെ കുട്ടികളെ നൂതനാശയക്കാരും തൊഴിദാതാക്കളുമാക്കി തീര്‍ക്കുന്നതിനായി ഇന്ത്യയിലങ്ങോളമിങ്ങോളം 24,000 തിങ്കറിംഗ് ലാബുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്നത്തെ പ്രദര്‍ശകരില്‍ ഒരാള്‍ ആ ലാബില്‍ നിന്നുള്ളതുമാണ്.
ഏഴാമതായി, അടുത്ത പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകത്തെ ഏറ്റവും വലിയ നഗരവല്‍ക്കരണം ഇന്ത്യ അനുഭവിക്കാന്‍ പോകുകയാണ്. ഇതൊരു വെല്ലുവിളിയാണ്, ഒപ്പം വലിയ ഉത്തരവാദിത്വവും അവസരവും കൂടിയാണ്.
100 നഗരങ്ങളെ സ്മാര്‍ട്ട്‌സിറ്റികളാക്കുന്നതിനും, 115 അഭിവൃദ്ധി ജില്ലകളെ വികസനത്തിന്റെ പുതിയ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനപ്പെടുത്താനും ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.
വന്‍ സംക്രമണം, മാലിന്യ പരിപാലനം, മലീനീകരണ നിയന്ത്രണം, സുസ്ഥിര പരിസ്ഥിതി, താങ്ങാവുന്ന പാര്‍പ്പിടം എന്നിവയൊക്കെയാണ് ഞങ്ങള്‍ വലിയ മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍.
എട്ടാമതായി, നാം വൈദഗ്ധ്യത്തില്‍ നിക്ഷേപിക്കുകയും 800 മില്യണ്‍ വരുന്ന നമ്മുടെ യുവത്വത്തിന് മാന്യതയും അവസരങ്ങളും ഒരുക്കുന്നതിനായി ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുകയുമാണ്. സിംഗപ്പൂരില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ആരംഭിക്കും. ഈ സാമ്പത്തികവര്‍ഷം തന്നെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 15 ബില്യണ്‍ യു.എസ്. ഡോളറിന്റെ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ഒന്‍പതാമതായി, ഹരിതവിപ്ലവത്തിന് ശേഷം ലഭിക്കാതിരുന്ന മുന്‍ഗണന ഇന്ന് കാര്‍ഷിക മേഖലയ്ക്ക് ലഭിക്കുന്നു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് നമ്മുടെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയ്ക്ക് 75 വയസ്സാകുമ്പോള്‍ ഒരു ‘നവ ഇന്ത്യ’ ജനിക്കും.
ഇതിനായി, സാങ്കേതികവിദ്യ, ഉപഗ്രഹ സംവിധാനങ്ങള്‍, ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സാമ്പത്തിക സംവിധാനം, മൃദുവായ്പ, ഇന്‍ഷ്വറന്‍സ്, മണ്ണിന്റെ ആരോഗ്യം, പുരോഗതി, ജലവിഭവം, വിലനിര്‍ണ്ണയം, ബന്ധിപ്പിക്കല്‍ എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കുന്നു.
പത്താമതായി, 2022 ഓടെ ഞാന്‍ പറയുന്ന ‘ സുഗമമായ ജീവിതം’ എല്ലാ പൗരന്മാര്‍ക്കും അനുഭവേദ്യമാകണം. ഇത് ഉദ്ദേശിക്കുന്നത്, ഉദാഹരണമായി 50 മില്യണ്‍ പുതിയ വീടുകള്‍, അങ്ങനെ 2022 ഓടെ എല്ലാവര്‍ക്കും തലയക്ക് മുകളില്‍ കൂര സാദ്ധ്യമാകും.
കഴിഞ്ഞമാസം നാം ഒരു നാഴികകല്ലില്‍ എത്തിച്ചേര്‍ന്നു. നമ്മുടെ 600,000 ഗ്രാമങ്ങളില്‍ ഓരോന്നും ഇന്ന് പവര്‍ഗ്രിഡുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഓരോ വീട്ടിലും വൈദ്യുതി ബന്ധം നല്‍കുന്നതിന് വേണ്ടിയും ഞങ്ങള്‍ പരിശ്രമിക്കുകയാണ്.
ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഈ വര്‍ഷം ആരംഭിച്ചു. ഇതിലൂടെ 100 ദശലക്ഷം കുടുംബങ്ങള്‍ക്ക് അല്ലെങ്കില്‍ 500 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം ഏകദേശം 8000 യു.എസ് ഡോളറിന്റെ പരിരക്ഷ ലഭിക്കും. ചുരുക്കത്തില്‍ ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാണിത്.
ജീവിതത്തിന്റെ ഗുണനിലവാരമെന്നത് വൃത്തിയുള്ളതും സുസ്ഥിരമായതുമായ വികസനവുമായി ബന്ധപ്പെട്ടതാണ്. ഇതാണ് നമ്മുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നമ്മുടെ പാരമ്പര്യത്തിലും ഭൂമിയുടെ ഭാവിയോടുള്ള പ്രതിജ്ഞാബദ്ധതിയിലും ആഴത്തില്‍ വേരോടിയിരിക്കുന്നതാണ് ഇത്. ഇന്ന് ഇന്ത്യയില്‍ പൊതുനയത്തിന്റെയും സാമ്പത്തിക തെരഞ്ഞെടുക്കിലിന്റേയും ഓരോ ഘട്ടത്തിലും ഇക്കാര്യം അറിയിക്കുന്നുമുണ്ട്.
ഇന്ത്യയെ ശുചീകരിക്കുക, നദികളെ ശുചീകരിക്കുക, വായുവിനെ ശുചീകരിക്കുക, നഗരങ്ങള്‍ ശുചീകരിക്കുക എന്ന നമ്മുടെ ദൗത്യവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ മാറ്റങ്ങളൊക്കെ സംഭവിക്കുന്നതിന് നമ്മുടെ ജനങ്ങള്‍ എന്ന ഒരേ ഒരു കാരണം മാത്രമേയുള്ളു. 1.25 ബില്യണ്‍ ജനങ്ങളുള്ള അതില്‍ തന്നെ 65%വും 35 വയസില്‍ താഴെയുള്ള ഒരു രാജ്യം മാറ്റത്തിന് വേണ്ടി, ഒരു നവ ഇന്ത്യ ലഭിക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടാണ്.അതാണ് ഭരണത്തിനേയും രാഷ്ട്രീയത്തിനേയും മാറ്റന്നതും.
സുഹൃത്തുക്കളെ,
സാമ്പത്തികപരിഷ്‌ക്കരണത്തിന്റെ വേഗതയും ദിശാബോധവും സംബന്ധിച്ച് ഇന്ത്യയില്‍ ഇന്ന് സമ്പൂര്‍ണ്ണ വ്യക്തതയുണ്ട്. ഇന്ത്യയില്‍ വ്യാപാരം ചെയ്യുന്നത് ലളിതവും സുഗമവുമാക്കി മാറ്റി. തുറന്നതും, സ്ഥിരതയുള്ളതും തൃപ്തികരവുമായ അന്തര്‍ദ്ദേശിയ വ്യാപാര ക്രമമാക്കി മാറ്റുന്നതിനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. നമ്മുടെ ബന്ധങ്ങളില്‍ നമ്മുടെ കിഴക്കന്‍ രാജ്യങ്ങളുമായുള്ളതാണ് ഏറ്റവും ശക്തം. നമ്മുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ മര്‍മ്മഭാഗം സാമ്പത്തികമായി തന്നെ തുടരും.
വ്യാപരത്തിന്റേയും നിക്ഷേപത്തിന്റെയും വേലിയേറ്റം എല്ലാ രാജ്യങ്ങളുമായി സൃഷ്ടിക്കുന്നതിന് സഹായകരമാകുന്ന സമഗഗ്രവും തൃപ്തികരവും സന്തുലിതവുമായ ഒരു കരാറാണ് നാം ആഗ്രഹിക്കുന്നത്. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (ഇന്ത്യാ-സിംഗപ്പൂര്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് കോപ്പറേഷന്‍ എഗ്രിമെന്റ്) ഞങ്ങള്‍ ഇപ്പോള്‍ അവലോകനം ചെയ്തുകഴിഞ്ഞതേയുള്ളു. അത് കൂടുതല്‍ മികച്ചതാക്കാന്‍ ഞങ്ങള്‍ വീണ്ടും പ്രവര്‍ത്തിക്കും.
പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാൡ(റീജിയണല്‍ കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ടണര്‍ഷിപ്പ്)ത്തിലേക്ക് എത്രയൂം വേഗം എത്തിച്ചേരുന്നതിനായി നാം എല്ലാവരുമായി, അതില്‍ ഏറ്റവും പ്രധാനം ആസിയാന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഈ മേഖലയിലുള്ള ഇന്ത്യയുടെ ബന്ധങ്ങള്‍ വളരുന്നതോടെ ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള വാതായനവും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയുമായി സിംഗപ്പൂര്‍ മാറും. ഇക്കൊല്ലം സിംഗപ്പൂരിനുള്ള ആസിയാന്‍ പദവിയും ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധം വളരെ ദൂരം കൊണ്ടുപോകും.
സുഹൃത്തുക്കളെ,
ചരുക്കത്തില്‍ സിംഗപ്പൂരിന് ഇന്ത്യയേക്കാള്‍ മികച്ച അവസരങ്ങള്‍ മറ്റൊന്നുമില്ല. ഇന്ത്യയ്ക്കും സിംഗപ്പൂരിനുമുള്ളതുപോലെ പൊതുവായ ഇത്രയൂം കാര്യങ്ങളുള്ള രാജ്യങ്ങള്‍ വളരെ കുറവാണ്. നമ്മുടെ സമൂഹത്തില്‍ ഒന്ന് മറ്റൊന്നിന്റെ കണ്ണാടിയായാണ് വര്‍ത്തിക്കുന്നത്. നമ്മുടെ മേഖലയിലാകെ ഇത്തരത്തിലൊരു ഭാവിയുണ്ടാകണമെന്നാണ് നാം ആഗ്രഹിക്കുന്നത്.
നിയമവാഴ്ചയുടെയും, തുറന്ന കടലുകളിലൂടെ ബന്ധിപ്പിക്കുന്നതം ശക്തമായ ഒരു വ്യാപാര ക്രമവും അടിസ്ഥാനമാക്കിയ ഒരു ലോകത്തിനെയാണ് നാം പിന്തുടരുന്നത്. എല്ലാത്തിനുപരിയായി, ലോകത്തെ ഏറ്റവും പ്രതിഭയുള്ളതും, ചലനാത്മകമായതും, പ്രൊഫഷണലും, ഉത്തരവാദിത്വമുള്ളതുമായ ഒരു ഇന്ത്യന്‍ പ്രവാസി സമൂഹമാണ് നമുക്കുളളത്. സിംഗപ്പൂര്‍കാരായതില്‍ അഭിമാനിക്കുന്ന തങ്ങളുടെ ഇന്ത്യന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന, ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ ഒരു പാലമായി വര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികളാണ് ഇവിടെയുള്ളത്.
പരിധിയില്ലാത്ത അവസരങ്ങളുടേതാണ് ഭാവി. അത് ഞങ്ങള്‍ക്കുള്ളതാണ്. അത് കൈപ്പിടിയിലൊതുക്കാന്‍ അതിതീവ്ര ഉല്‍ക്കര്‍ഷേച്ഛുകളും ആത്മവിശ്വാസമുള്ളവരുമായി മാറുകയാണ് നമുക്ക് ചെയ്യാനുള്ളത്. ഈ സായാഹ്നം നമ്മോട് പറയുന്നത് നാം ശരിയായ പാതയിലാണ് എന്നാണ്. ഈ രണ്ടു സിംഹങ്ങള്‍ക്ക് ഭാവിയിലേക്ക് ഒരുമിച്ച് ചുവട്‌വയ്ക്കാം.
നിങ്ങള്‍ക്ക് നന്ദി,
നിങ്ങള്‍ക്ക് വളരെയധികം നന്ദി.