വേദിയിലുള്ള വിശിഷ്ട വ്യക്തികളെ, ഇന്ത്യയില്‍നിന്നും വിദേശത്തുംനിന്നുമുള്ള അതിഥികളേ, സഹോദരീ സഹോദരന്‍മാരേ,
ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വിദേശത്തുനിന്ന് എത്തിയവരെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഡെല്‍ഹിയിലേക്കു സ്വാഗതം.
ഉച്ചകോടിയുടെ ഇടവേളകളില്‍ ഈ നഗരത്തിന്റെ ചരിത്രവും പകിട്ടും കാണാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നു ഞാന്‍ കരുതുന്നു. നമുക്കും വരുംതലമുറകള്‍ക്കുമായി സുസ്ഥിരതയാര്‍ന്ന ഭൂമി യാഥാര്‍ഥ്യമാക്കുക എന്ന ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ ഉച്ചകോടി.
ഒരു രാഷ്ട്രമെന്ന നിലയില്‍, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊരുത്തമേറിയ സഹവര്‍ത്തിത്വത്തിന്റെ നീണ്ട ചരിത്രവും പാരമ്പര്യവും നമ്മെ അഭിമാനം ഉള്ളവരാക്കിത്തീര്‍ക്കുന്നു. പ്രകൃതിയെ ബഹുമാനിക്കുക എന്നതു നമ്മുടെ മൂല്യവ്യവസ്ഥയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.
നമ്മുടെ പാരമ്പര്യ രീതികള്‍ സുസ്ഥിരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്. ‘ഭൂമി നമ്മുടെ മാതാവും നാം ഭൂമിയുടെ മക്കളുമാകയാല്‍ ഭൂമി മലിനമാക്കാതെ സംരക്ഷിക്കുക’ എന്ന് ഉപദേശിക്കുന്ന പൗരാണിക ഗ്രന്ഥങ്ങള്‍ക്കനുസരിച്ചു ജീവിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.
ഏറ്റവും പുരാതനമായ കൃതികളിലൊന്നായ അഥര്‍വ വേദത്തില്‍ ‘മാതാഭൂമിഃ പുത്രോഹംപൃഥിത്യാഃ’ എന്ന മന്ത്രമുണ്ട്.
നമ്മുടെ പ്രവൃത്തികളിലൂടെ ജീവിക്കാന്‍ ശ്രമിക്കുന്നത് ഈ ആശയത്തിന് അനുസരിച്ചാണ്. എല്ലാ വിഭവങ്ങളും സമ്പത്തും പ്രകൃതിക്കും സര്‍വശക്തനും അവകാശപ്പെട്ടതാണെന്നു നാം വിശ്വസിക്കുന്നു. നാം ഈ സമ്പത്തിന്റെ ട്രസ്റ്റിമാരോ മാനേജര്‍മാരോ മാത്രമാണ്. ഈ ഊരായ്മതത്വശാസ്ത്രമാണ് മഹാത്മാ ഗാന്ധിയും ഉപദേശിച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ, പാരിസ്ഥിതിക സുസ്ഥിരത വിലയിരുത്തുന്നതിനായുള്ള നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഗ്രീന്‍ഡെക്‌സ് റിപ്പോര്‍ട്ട് 2014 പ്രകാരം ഹരിതസൗഹൃദപരമായ പ്രവര്‍ത്തനത്തില്‍ ഇന്ത്യയാണ് ഒന്നാമതു നില്‍ക്കുന്നത്. ഭൂമിമാതാവിന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ നാം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലോകത്താകെ എത്തിക്കാന്‍ ലോക സുസ്ഥിര വികസന ഉച്ചകോടി വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്.
ഈ പൊതു താല്‍പര്യം 2015ല്‍ പാരീസില്‍ നടന്ന സി.ഒ.പി.-21ല്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. നമ്മുടെ ഗ്രഹത്തെ സുസ്ഥിരതയാര്‍ന്നതാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒന്നിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള തീരുമാനം രാജ്യങ്ങള്‍ കൈക്കൊണ്ടു. ലോകത്തിനു സമാനമായി നാമും പരിവര്‍ത്തനം വരുത്താനുള്ള പ്രതിജ്ഞാബദ്ധത പുലര്‍ത്തി. ലോകം ‘അസൗകര്യം നിറഞ്ഞ സത്യ’ത്തെക്കുറിച്ചു ചര്‍ച്ച ചെയ്തുവരുന്ന ഘട്ടത്തില്‍ നാം അതിനെ ‘സൗകര്യപ്രദമായ കര്‍മ’മാക്കി മാറ്റി. ഇന്ത്യ വളര്‍ച്ചയില്‍ വിശ്വസിക്കുന്നു. അതേസമയം, പരിസ്ഥിതി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണു താനും.
സുഹൃത്തുക്കളേ, ഈ ചിന്തയോടുകൂടിയാണ് ഫ്രാന്‍സുമായി ചേര്‍ന്ന് രാജ്യാന്തര സൗരോര്‍ജ സഖ്യം സ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറായത്. അതില്‍ ഇപ്പോള്‍ 121 അംഗങ്ങള്‍ ഉണ്ട്. ഒരുപക്ഷേ, പാരീസ് സമ്മേളനത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോളനേട്ടമാണ് അത്. 2005 മുതല്‍ 2030 വരെയുള്ള കാലഘട്ടത്തിനിടെ വാതകനിര്‍ഗമനം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 മുതല്‍ 35 വരെ ശതമാനം കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
2030 ആകുമ്പോഴേക്കും 250 മുതല്‍ 300 വരെ കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായ കാര്‍ബണ്‍ സിങ്ക് രൂപീകരിക്കുക എന്ന നമ്മുടെ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ബുദ്ധിമുട്ടാണെന്നാണു പലരും കരുതിയിരുന്നത്. നാമാകട്ടെ, ആ വഴിക്കുള്ള പ്രവര്‍ത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. 2005ലെ നിരക്കിനെ അപേക്ഷിച്ച് 2020 ആകുമ്പോഴേക്കും വാതകം പുറംതള്ളുന്നത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 20 മുതല്‍ 25 വരെ ശതമാനം വരെ കുറച്ചുകൊണ്ടുവരികയെന്ന കോപ്പന്‍ഹേഗന്‍ പ്രതിജ്ഞ നിറവേറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ഇന്ത്യയെന്ന് യു.എന്‍.ഇ.പി. ഗ്യാപ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2030 നാഷണലി ഡിറ്റര്‍മിന്‍ഡ് കോണ്‍ട്രിബ്യൂഷന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള പാതയിലുമാണു നാം. തുല്യത, ധര്‍മം, കാലാവസ്ഥാ നീതി എന്നിവ ഉറപ്പുവരുത്താന്‍ ഐക്യരാഷ്ട്രസഭുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നു. നമുക്ക് ആവശ്യമായതെല്ലാം ചെയ്യുമ്പോഴും പൊതുവായതെങ്കിലും വ്യത്യസ്ത രീതിയിലുള്ള ഉത്തരവാദിത്തവും ധര്‍മവും പാലിക്കാന്‍ മറ്റുള്ളവര്‍ കൂടി തയ്യാറാകണമെന്നു നാം പ്രതീക്ഷിക്കുന്നു.
ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെല്ലാം കാലാവസ്ഥാനീതി ഉറപ്പുവരുത്തുന്നതിനു നാം ഊന്നല്‍ നല്‍കണം. ഇന്ത്യയില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സദ്ഭരണത്തിലൂടെയും സുസ്ഥിരമായ ഉപജീവനമാര്‍ഗത്തിലൂടെയും ശുചിത്വമാര്‍ന്ന ചുറ്റുപാടിലൂടെയും ജീവിതം എളുപ്പമാക്കിത്തീര്‍ക്കുന്നതിനാണ്. ശുചിത്വപൂര്‍ണമായ ഇന്ത്യക്കു വേണ്ടിയുള്ള പ്രചരണം ഡെല്‍ഹിയിലെ തെരുവുകളില്‍നിന്നു രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വ്യാപിച്ചിരിക്കുന്നു. ശുചിത്വം ആരോഗ്യപരിപാലനത്തിനും മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍ക്കും സഹായകമാകയും അതുവഴി മെച്ചപ്പെട്ട വരുമാനവും നല്ല ജീവിതവും ഉറപ്പിക്കാന്‍ ഉതകുകയും ചെയ്യുന്നു.
നമ്മുടെ കര്‍ഷകര്‍ കൃഷിയില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ കത്തിച്ചുകളയുന്നതിനു പകരം മൂല്യമേറിയ പോഷക വസ്തുക്കളാക്കി മാറ്റുന്നു എന്ന് ഉറപ്പുവരുത്താനായി നാം ബൃഹത്തായ പ്രചരണം നടത്തിവരികയാണ്.
ലോകത്തെ ശുചിത്വപൂര്‍ണമാക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയും നിര്‍വിഘ്‌നമായുള്ള പങ്കാൡത്തവും ഉയര്‍ത്തിക്കാട്ടുന്നതിനായി 2018ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് ആതിഥ്യമരുളുന്നതില്‍ നമുക്ക് ഏറെ സന്തോഷമുണ്ട്.
ഒരു വലിയ വെല്ലുവിളിയായിത്തീരുന്ന ജല ലഭ്യത പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും നാം തിരിച്ചറിയുന്നു. അതാണു നമാമി ഗംഗേ പദ്ധതി നടപ്പാക്കാന്‍ കാരണം. ഫലപ്രദമായി തുടങ്ങിയ ഈ പദ്ധതിയിലൂടെ നമ്മുടെ ഏറ്റവും വിലയേറിയ നദിയായ ഗംഗ പുനരുജ്ജീവിപ്പിക്കപ്പെടും.
നമ്മുടെ രാഷ്ട്രത്തില്‍ പ്രധാനം കൃഷിയാണ്. കൃഷിക്കു മുടക്കമില്ലാതെ വെള്ളം ലഭിക്കുക എന്നതു പ്രധാനമാണ്. ഒരു പാടത്തില്‍ പോലും വെള്ളം ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെയാണു പ്രധാനമന്ത്രി കൃഷി സീഞ്ചായി യോജനയ്ക്കു തുടക്കമിട്ടത്. ഓരോ തുള്ളി ജലവും ഉപയോഗപ്പെടുത്തി കൂടുതല്‍ വിളവുണ്ടാക്കുക എന്നതാണു നമ്മുടെ മുദ്രാവാക്യം.
ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനത്തില്‍ സാമാന്യം മെച്ചപ്പെട്ട റിപ്പോര്‍ട്ട് കാര്‍ഡാണ് ഇന്ത്യക്കുള്ളത്. ലോകത്തിലെ ആകെ കരപ്രദേശത്തില്‍ 2.4 ശതമാനം മാത്രം സ്വന്തമായുള്ള ഇന്ത്യയില്‍ ആകെ ജൈവവൈവിധ്യത്തിന്റെ 7-8 ശതമാനം കാണാം. ലോകത്താകെയുള്ള ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയില്‍ കഴിയുന്നു.
ഇന്ത്യയിലെ 18 ജൈവമണ്ഡലങ്ങളില്‍ പത്തെണ്ണത്തിന് യുനെസ്‌കോയുടെ മനുഷ്യനും ജൈവമണ്ഡലവും പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. നമ്മുടെ വികസനം ഹരിതസൗഹൃദപരവും നമ്മുടെ വനസമ്പത്ത് ആരോഗ്യകരവുമാണെന്നതിനു തെളിവാണ് ഇത്.
സുഹൃത്തുക്കളേ,
സദ്ഭരണത്തിന്റെ നേട്ടം എല്ലാവര്‍ക്കും ലഭിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.
ഈ തത്വശാസ്ത്രത്തിന്റെ നിദര്‍ശനമാണ് എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന ദൗത്യം. നാം ഈ തത്വശാസ്ത്രം പിന്‍തുടരുക വഴി ദുരിതം നേരിടുന്ന മേഖലകളില്‍ മറ്റു പ്രദേശങ്ങള്‍ക്കു സമാനമായ സാമൂഹിക, സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുകയാണ്.
വൈദ്യുതി, മാലിന്യമുക്തമായ പാചകസംവിധാനം എന്നിവ ഇക്കാലത്ത് എല്ലാവര്‍ക്കും ലഭ്യമാകേണ്ട അടിസ്ഥാനപരമായ കാര്യങ്ങളാണ്. ഇവയാണ് ഏതൊരു രാഷ്ട്രത്തിന്റെയും സാമ്പത്തിക വികസനത്തില്‍ പ്രധാനം.
എന്നിട്ടും, ഇത്തരം സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍ ഇന്ത്യക്കകത്തും പുറത്തും ഏറെയാണ്. അനാര്യോഗകരമായ പാചക രീതികള്‍ പിന്‍തുടരാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയും അതുവഴി വീടുകള്‍ പുകമയമായിത്തീരുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളത്. അടുക്കളകളില്‍നിന്ന് ഉയരുന്ന പുക ആരോഗ്യത്തിനു വളരെയധികം ഹാനികരമാണെന്നാണു പറയപ്പെടുന്നത്. എങ്കിലും, ആരും ഇതെക്കുറിച്ചു ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ല. ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനാണ് ഉജ്വല, സൗഭാഗ്യ എന്നീ രണ്ടു പദ്ധതികള്‍ നാം അവതരിപ്പിച്ചിരിക്കുന്നത്. അവയ്ക്കു തുടക്കമിട്ടതുമുതല്‍ ലക്ഷക്കണക്കിനു പേരുടെ ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചു. കുടുംബത്തിനായി ഭക്ഷണം തയ്യാറാക്കുന്നതിനായി അമ്മമാര്‍ വനപ്രദേശങ്ങളില്‍നിന്നു വിറകെത്തിക്കുകയോ ചാണകം ഉണക്കിയെടുക്കുകയോ ചെയ്യേണ്ടുന്ന ദുരവസ്ഥയ്ക്ക് ഈ പദ്ധതികളിലൂടെ പരിഹാരമാകും. വിറകടുപ്പുകള്‍ വൈകാതെ നമ്മുടെ സാമൂഹിക ചരിത്ര പാഠപുസ്തകങ്ങളിലെ ചിത്രം മാത്രമായിത്തീരും.
അതുപോലെ, സൗഭാഗ്യ പദ്ധതിയിലൂടെ രാജ്യത്തെ ഓരോ വീടുകളിലും വൈദ്യുതി എത്തിക്കാനുള്ള പദ്ധതി മുന്നേറുകയാണ്. മിക്കവാറും ഈ വര്‍ഷാവസാനത്തോടെ പദ്ധതി പൂര്‍ണമാകും. ആരോഗ്യകരമായ രാഷ്ട്രത്തിനു മാത്രമേ വികസനം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കൂ എന്നു നാം തിരിച്ചറിയുന്നു. ഇതു മനസ്സില്‍വെച്ചുകൊണ്ടാണ് ഗവണ്‍മെന്റിന്റെ ചെലവിലുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിക്കു നാം തുടക്കമിട്ടത്. പദ്ധതിയിലൂടെ പത്തു കോടി കുടുംബങ്ങള്‍ക്കു സഹായം നല്‍കും.
ചെലവു താങ്ങാന്‍ പറ്റാത്തവര്‍ക്കു പാര്‍പ്പിടവും വൈദ്യുതിയും ലഭ്യമാക്കുക എന്ന ലക്ഷ്യവും എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലാവര്‍ക്കും ഊര്‍ജം എന്നീ പദ്ധതികള്‍ക്കു പിന്നിലുണ്ട്.
സുഹൃത്തുക്കളേ,
ആഗോള ജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണെന്നു നിങ്ങള്‍ക്കറിയാമല്ലോ. നമുക്ക് ഏറെ വികസനം നേടേണ്ടതുണ്ട്. നമ്മുടെ ദാരിദ്ര്യവും അഭിവൃദ്ധിയും ആഗോള ദാരിദ്രത്തിനും അഭിവൃദ്ധിക്കും മേല്‍ കൃത്യമായി പ്രതിഫലിക്കും. ആധുനിക സൗകര്യങ്ങള്‍ക്കും വികസനത്തിനുള്ള സാധ്യതകള്‍ക്കുമായി ഇന്ത്യയിലെ ജനങ്ങള്‍ ഏറെ കാത്തിരിക്കേണ്ടിവന്നിട്ടുണ്ട്.
ഈ പ്രവൃത്തി ഉദ്ദേശിച്ചതിലും നേരത്തേ പൂര്‍ത്തിയാക്കാമെന്നും നാം ഉറപ്പു നല്‍കിയിട്ടുണ്ട്. ശുചിത്വപൂര്‍ണവും ഹരിതാഭവവുമായ രീതിയില്‍ മാത്രമേ ഇതു നടപ്പാക്കുകയുള്ളൂ എന്നും നാം പറഞ്ഞിരുന്നു. ചില ഉദാഹരണങ്ങള്‍ പറയാം. നമ്മുടേതു യുവത്വമാര്‍ന്ന ഒരു രാഷ്ട്രമാണ്. നമ്മുടെ യുവാക്കള്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനായി ആഗോള ഉല്‍പാദക കേന്ദ്രമായി ഇന്ത്യയെ മാറ്റാന്‍ നാം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മെയ്ക്ക് ഇന്‍ ഇന്ത്യ പ്രസ്ഥാനത്തിനു തുടക്കമിടുകയും ചെയ്തു. അതേസമയം, മെച്ചപ്പെട്ട ഉല്‍പന്നങ്ങളായിരിക്കണം പുറത്തിറക്കുന്നതെന്ന നിഷ്‌കര്‍ഷ നമുക്കുണ്ട്.
ലോകത്തിലെ ഏറ്റവും വേഗം വികസിക്കുന്ന വന്‍കിട സമ്പദ്‌വ്യവസ്ഥയെന്ന നിലയില്‍ നമുക്ക് ഏറെ ഊര്‍ജം ആവശ്യമുണ്ട്. 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളില്‍നിന്ന് 175 ജിഗാ വാട്‌സ് ഊര്‍ജം നേടിയെടുക്കാന്‍ നാം പദ്ധതിയിട്ടിട്ടുണ്ട്. ഇതില്‍ 100 ജിഗാ വാട്‌സ് സൗരോര്‍ജത്തില്‍നിന്നും 75 ജിഗാ വാട്‌സ് കാറ്റ് ഉള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍നിന്നുമാണ് ഉദ്ദേശിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് സൗരോര്‍ജത്തില്‍നിന്ന് ഉല്‍പാദിപ്പിച്ചിരുന്നതു കേവലം മൂന്നു ജിഗാ വാട്‌സായിരുന്നെങ്കില്‍ ഇപ്പോള്‍ അതു 14 ജിഗാ വാട്‌സായി ഉയര്‍ത്താന്‍ നമുക്കു സാധിച്ചിട്ടുണ്ട്.
ഇതോടെ സൗരോര്‍ജത്തില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ അഞ്ചാമതായി നമ്മുടെ സ്ഥാനം. അതിനപ്പുറം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജം ഉല്‍പാദിപ്പിക്കുന്നവരുടെ പട്ടികയില്‍ ആറാമതു സ്ഥാനവും നമുക്കുണ്ട്.
നഗരവല്‍ക്കരണം വര്‍ധിക്കുന്നതോടെ ഗതാഗതരംഗത്തെ നമ്മുടെ ആവശ്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍, കൂടുതല്‍ പേര്‍ക്കു യാത്രാസൗകര്യം ഒരുക്കുന്ന മെട്രോ റെയില്‍ പോലുള്ള സംവിധാനങ്ങള്‍ക്കാണു നാം ഊന്നല്‍ നല്‍കുന്നത്. വിദൂരസ്ഥലങ്ങളിലേക്കുള്ള ചരക്കുനീക്കത്തിനു ദേശീയ ജലപാതാ സംവിധാനത്തെക്കുറിച്ചും നാം ചിന്തിച്ചുവരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നമ്മുടെ ഓരോ സംസ്ഥാനവും കര്‍മപദ്ധതി തയ്യാറാക്കിവരികയാണ്.
പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നുകൂടി ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും. നമ്മുടെ വലിയ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്ര ഇത്തരത്തിലുള്ള പദ്ധതി സ്വീകരിച്ചുകഴിഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സ്വയം നേടിയെടുക്കാനാണു ലക്ഷ്യം വെക്കുന്നതെങ്കിലും സഹകരണം പ്രധാന ഘടകമാണ്. ഗവണ്‍മെന്റുകള്‍ തമ്മിലും വ്യവസായങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും സഹകരണം വേണം. ഇത്തരം കാര്യങ്ങള്‍ നേടിയെടിക്കുന്നതില്‍ നമ്മെ സഹായിക്കാന്‍ വികസിത ലോകത്തിനു സാധിക്കും.
കാലാവസ്ഥ സംരക്ഷിക്കുന്നതിനായി വിജയപ്രദമായി പ്രവര്‍ത്തിക്കാന്‍ സാമ്പത്തിക സ്രോതസ്സുകളും സാങ്കേതികവിദ്യയും അനിവാര്യമാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ വികസനത്തിനും അതിന്റെ നേട്ടങ്ങള്‍ ദരിദ്രര്‍ക്കുകൂടി ലഭ്യമാക്കാനും സാങ്കേതിക വിദ്യ സഹായകമാകും.
സുഹൃത്തുക്കളേ,
ഭൂമിയില്‍ മാറ്റങ്ങള്‍ സുസാധ്യമാക്കാന്‍ മനുഷ്യരെന്ന നിലയില്‍ നമുക്കു സാധിക്കുമെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനാണു നാം സംഗമിച്ചിരിക്കുന്നത്. ഈ ഗ്രഹം, അഥവാ ഭൂമിമാതാവ് ഒന്നാണെന്നു തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. ഈ ബോധ്യം മുന്‍നിര്‍ത്തി ഗോത്രം, മതം, കരുത്ത് എന്നീ ചെറിയ ഭിന്നതകള്‍ക്കപ്പുറം ഉയരാനും ഭൂമിയെ സംരക്ഷിക്കാനായി ഒരുമിച്ചു യത്‌നിക്കാനും സാധിക്കണം.
പ്രകൃതിയുമായി ഇടപഴകി ജീവിക്കുകയും പരസ്പരം സഹവര്‍ത്തിച്ചു കഴിയുകയും ചെയ്യാന്‍ ഉപദേശിക്കുന്ന ഗഹനമായ നമ്മുടെ തത്വശാസ്ത്രത്തിന്റെ കരുത്തില്‍ ഈ ഭൂമിയെ കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഇടമാക്കി മാറ്റാനുള്ള യാത്രയിലേക്കു നിങ്ങളെ ക്ഷണിക്കുന്നു.
ലോക സുസ്ഥിര വികസന ഉച്ചകോടിക്കു ഞാന്‍ മഹത്തായ വിജയം നേരുന്നു.
നന്ദി.