In 1997, India's GDP was $400 billion, but after two decades now it is 6 times, says PM Modi
India has always believed in values of integration and unity, 'Vasudhaiva Kutumbakam' which means the entire world is one family: PM Modi at Davos
WEF is creating a shared community in a fractured world, says the PM
Technology is assuming immense importance in this era, says PM Modi
At Davos, PM Modi says concerted action is required to tackle climate change
The big threat ahead of world is artificial creation of good and bad terrorist: PM Modi
We in India are proud of our democracy and diversity: PM Modi
Democracy is not a political system in India, it is a way of life, says PM Modi at Davos
In India, we are removing red tape and laying red carpet for investors: PM Modi
Innovation and entrepreneurship is making young Indians job givers, not job seekers, says PM Modi
Democracy, demography and dynamism are shaping our destiny today: PM Modi
We should all work together, we should build a heaven of world: PM Modi

ബഹുമാനപ്പെട്ട സ്വിസ് ഫെഡറേഷന്‍ പ്രസിഡന്റ്, ബഹുമാനപ്പെട്ട രാഷ്ട്രത്തലവന്‍മാരേ, ലോക സാമ്പത്തിക ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശ്രീ. ക്ലോസ് ഷ്വാബ്, മുതിര്‍ന്നവരും ആദരണീയരുമായ ലോകത്തിലെ സംരംഭകരേ, വ്യവസായികളേ, സി.ഇ.ഒമാരേ, മാധ്യമസുഹൃത്തുക്കളേ, മഹതികളേ, മഹാന്‍മാരേ, നമസ്‌കാരം!

ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ 48-ാമത് വാര്‍ഷിക യോഗത്തില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ആദ്യമായി, ലോക സാമ്പത്തിക ഫോറത്തെ ശക്തവും സമഗ്രവുമായ വേദിയാക്കി മാറ്റാന്‍ മുന്‍കൈയെടുത്ത ശ്രീ. ക്ലോസ് ഷ്വാബിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകം മെച്ചപ്പെടുത്തുകയെന്ന മഹത്തായ ലക്ഷ്യം അദ്ദേഹത്തിനുണ്ട്. തന്റെ ലക്ഷ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ ചിന്തകളുമായി അദ്ദേഹം ബന്ധപ്പെടുത്തിയിരിക്കുന്നു. ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും സ്വിറ്റ്‌സര്‍ലാന്റ് ഗവണ്‍മെന്റിനോടും പൗരന്‍മാരോടും ഞാന്‍ നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ശ്രീ. ദേവ ഗൗഡ ജിയാണ് ദാവോസ് അവസാനമായി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ സന്ദര്‍ശനം 1997ലായിരുന്നു. 1997 ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം നാനൂറു ശതകോടി ഡോളറിലും അല്‍പം കൂടുതലായിരുന്നു. എന്നാല്‍, രണ്ടു ദശാബ്ദം പിന്നിടുമ്പോഴേക്കും അത് ആറു മടങ്ങോളം വര്‍ധിച്ചു. ആ വര്‍ഷം ലോക സാമ്പത്തിക ഫോറത്തിന്റെ പ്രമേയം ‘പരസ്പരം ബന്ധിക്കപ്പെട്ട സമൂഹം കെട്ടിപ്പടുക്കല്‍’ എന്നതായിരുന്നു. 21 വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ സാങ്കേതികരംഗത്തുണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍, അന്നത്തെ വിഷയം കാലഹരണപ്പെട്ടിരിക്കുന്നു എന്നു കാണാം. ഇന്നു നാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സമൂഹമാണെന്ന് മാത്രമല്ല, ജീവിക്കുന്നത് ബിഗ് ഡാറ്റ, കൃത്രിമ ബുദ്ധി, കോബോട്ടുകള്‍ എന്നിവയുടെ കാലഘട്ടത്തിലാണ്. 1997ല്‍ യൂറോ കറന്‍സി ഉണ്ടായിരുന്നില്ല; ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി മറനീക്കിയിരുന്നില്ല; ബ്രെക്‌സിറ്റ് പ്രതീക്ഷിച്ചിരുന്നുമില്ല. 1997ല്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഒസാമ ബിന്‍ ലാദനെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നുള്ളൂ. അതുപോലെ, ഹാരി പോട്ടര്‍ എന്ന പേരും അറിയുകയില്ലായിരുന്നു. സൈബര്‍ ഇടത്തില്‍ ഗൂഗിള്‍ ഇല്ലായിരുന്ന അക്കാലത്ത് കംപ്യൂട്ടറുകള്‍ തങ്ങളെ തോല്‍പിക്കുമോ എന്ന ഭയം ചതുരംഗ താരങ്ങളെ അലട്ടിയിരുന്നില്ല. അക്കാലത്ത് ആമസോണ്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നതാകട്ടെ, കേവലം നിബിഡ വനങ്ങളും നദിയും മാത്രമായിരുന്നു.

അക്കാലത്തു ട്വീറ്റ് ചെയ്തിരുന്നതു പക്ഷികളാണ്; മനുഷ്യരല്ല. ഇതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ സ്ഥിതി.

ഇന്ന്, രണ്ടു ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ നമ്മുടെ ലോകവും നമ്മുടെ സമൂഹവും സങ്കീര്‍ണമായ ഒരു വലയിലാണ്. അക്കാലത്തു ദാവോസ് കാലത്തിനും മുമ്പേയായിരുന്നു. ലോക സാമ്പത്തിക ഫോറം ഭാവികാല അസ്തിത്വത്തിന്റെ പ്രതീകവുമായിരുന്നു. ഇപ്പോഴും ദാവോസ് കാലത്തിനു മുമ്പേ തന്നെ.

ഈ വര്‍ഷത്തെ പ്രമേയം ‘ചിതറിയ ലോകത്തിനു പരസ്പരം പങ്കുവെക്കുന്ന ഭാവി സൃഷ്ടിക്കുക’ എന്നതാണ്. അതായത്, അകല്‍ച്ചകള്‍ നിലനില്‍ക്കുന്ന ലോകത്തിനായി പൊതുഭാവി സൃഷ്ടിക്കല്‍. പുതിയ മാറ്റങ്ങളുടെ ഫലമായി സാമ്പത്തിക ശക്തിയുടെയും രാഷ്ട്രീയ ശക്തിയുടെയും സന്തുലനം മാറിവരികയാണ്. ഇതു ലോകത്തില്‍ ദൂരവ്യാപക പരിവര്‍ത്തനങ്ങള്‍ സംഭവിക്കുമെന്ന സൂചനകള്‍ തരുന്നു. ലോകത്തിനു മുന്നില്‍ സമാധാനത്തിനും സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും പുതിയതും ഗൗരവമേറിയതുമായ വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ട്.

സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പരിവര്‍ത്തനം നമ്മുടെ ജീവിതശൈലിയിലും പ്രവര്‍ത്തന രീതിയിലും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംഭാഷണത്തിലും രാജ്യാന്തരതലത്തിലുള്ള സംഘം ചേരലിലും രാഷ്ട്രീയത്തിലും സമ്പദ്‌വ്യവസ്ഥയിലുമൊക്കെ ആഴമേറിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.

സാങ്കേതികവിദ്യയുടെ മൂന്നു മാനങ്ങളായ ബന്ധിപ്പിക്കില്‍, വളച്ചൊടിക്കല്‍, പൊട്ടിക്കല്‍ എന്നിവയുടെ ഏറ്റവും നല്ല ഉദാഹരണം സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ദൃശ്യമാകുന്നു. ഇന്നു ഡാറ്റയാണ് ഏറ്റവും വലിയ സ്വത്ത്. ആഗോളതലത്തിലുള്ള ഡാറ്റയുടെ കുത്തൊഴുക്ക് സാധ്യതകളും അതേസമയം വെല്ലുവിളികളും സൃഷ്ടിക്കുന്നു. ഡാറ്റയുടെ പര്‍വ്വതങ്ങള്‍ തന്നെ സൃഷ്ടിക്കപ്പെടുന്നു. ഡാറ്റയെ നിയന്ത്രിക്കുന്നവരായിരിക്കും ഭാവിയില്‍ അധീശത്വം സ്ഥാപിക്കുക എന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ഡാറ്റ നിയന്ത്രിക്കാനുള്ള മല്‍സരം തന്നെ നടക്കുകയാണ്.

അതുപോലെത്തന്നെ, അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന സാങ്കേതിക വിദ്യയും നശീകരണ ശക്തികളുടെ വ്യാപനവും സൈബര്‍ സുരക്ഷയുടെയും ആണവ സുരക്ഷയുടെയും മേഖലകളില്‍ വളരെ ഗുരുതര പ്രശ്‌നമായി മാറിയിട്ടുണ്ട്. ഒരു ഭാഗത്ത് മനുഷ്യന്റെ പുരോഗതിക്കു പുതിയ വഴികള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്ന ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും പുതിയ ശാഖകള്‍ വികസിക്കുമ്പോള്‍ മറുഭാഗത്ത് ഇവ തന്നെ അപകടകരമായി മാറിയേക്കാവുന്ന അപായക്കുഴികളും സൃഷ്ടിക്കുന്നുണ്ട്. പല മാറ്റങ്ങളും മാനവ സമൂഹത്തിനാകെ ശാന്തിയും അഭിവൃദ്ധിയും അപ്രാപ്യമാക്കുംവിധം മതിലുകള്‍ തീര്‍ക്കുന്നു. ഈ പരുക്കുകള്‍ വേര്‍തിരിവുണ്ടാക്കുന്നു എന്നു മാത്രമല്ല, ഈ തടസ്സങ്ങള്‍ വികസനമില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയം അവസരമില്ലായ്മയുടെയും പ്രകൃതിവിഭവങ്ങളിലും സാങ്കേതിക വിഭവങ്ങളിലുമുള്ള ഏകാധിപത്യത്തിന്റെയുമൊക്കെ വെളിപ്പെടല്‍ കൂടിയാണ്. ഈ പരിതസ്ഥിതിയില്‍ മാനവികതയുടെ ഭാവിയെയും വരുംതലമുറകളുടെ പൈതൃകത്തെയും സംബന്ധിച്ച വ്യക്തമായ ഉത്തരം ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഇന്നത്തെ ആഗോള സംവിധാനം ഇത്തരം തെറ്റായ പാതകളെയും അകല്‍ച്ചകളെയും പ്രോത്സാഹിപ്പിക്കുകയാണോ? ഐക്യത്തിനു പകരം വിഭാഗീയതയും സഹകരണത്തിനു പകരം കലഹവും സംഘട്ടനങ്ങളും പ്രോല്‍സാഹിപ്പിക്കുന്ന ശക്തികള്‍ ഏതാണ്? നമ്മുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെയാണ്? ഈ വിള്ളലുകളെയും അകല്‍ച്ചകളെയും മായ്ച്ചുകളയാനും സുന്ദരവും പൊതുവായതുമായ ഭാവിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുമുള്ള വഴികള്‍ എന്തൊക്കെയാണ്?

സുഹൃത്തുക്കളേ,

ഇന്ത്യയുടെയും ഇന്ത്യനിസത്തിന്റെയും ഇന്ത്യന്‍ പൈതൃകത്തിന്റെയും പ്രതിനിധിയെന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം ഈ ഫോറത്തിന്റെ പ്രമേയം കാലികവും അതേസമയം, കാലാതീതവുമാണ്. അത് അനശ്വരമാണ്. കാരണം, ഇന്ത്യന്‍ ജനത ചരിത്രാതീത കാലം മുതല്‍ നിലനിന്നുപോരുന്നത് മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകര്‍ക്കാനോ അവരെ ഭിന്നിപ്പിക്കാനോ അല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇന്ത്യന്‍ ചിന്തകര്‍ സംസ്‌കൃത ഗ്രന്ഥങ്ങളില്‍ ലോകമാകെ ഒരു കുടുംബമാണ് എന്ന് അര്‍ഥം വരുന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയം വിശദീകരിച്ചിട്ടുണ്ട്. നാമെല്ലാം ഒരു കുടുംബമെന്ന നിലയില്‍ പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. നമ്മുടെയൊക്കെ ഭാവി ഭാഗധേയം ഒരേ നൂലിനാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. കുടുംബകമെന്ന ഈ ആശയം ഇന്നു നിലനില്‍ക്കുന്ന അകല്‍ച്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. എന്നാല്‍, ഈ കാലഘട്ടത്തിലെ ഗൗരവമേറിയ വെല്ലുവിളികളിലൊന്ന,് വെല്ലുവിളികളെ നേരിടുന്നതില്‍ നമുക്കിടയില്‍ സമന്വയമില്ല എന്നതാണ്. തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും നിലനില്‍ക്കുമ്പോഴും ഒരു കുടുംബത്തില്‍ സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും അനിവാര്യത സംബന്ധിച്ച ബോധം നിലനില്‍ക്കും. വെല്ലുവിളികള്‍ ഉയരുമ്പോഴെല്ലാം അവയെ നേരിടാനുള്ള പ്രോത്സാഹനം കുടുംബത്തില്‍നിന്നു ലഭിക്കും. എല്ലാ അംഗങ്ങളും ഒത്തുചേര്‍ന്ന് വെല്ലുവിളികളെ നേരിടുകയും നേട്ടങ്ങളും സന്തോഷവും പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, ഇന്ന് ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്ന വസ്തുത നമ്മുടെ അഭിപ്രായ അനൈക്യം നിമിത്തം ഈ വെല്ലുവിളികളെ നേരിടുന്നതിനായുള്ള മാനവരാശിയുടെ പോരാട്ടം കടുപ്പമേറിയതായി മാറി എന്നുള്ളതാണ്.

സുഹൃത്തുക്കളേ,

ഞാന്‍ ചൂണ്ടിക്കാട്ടുന്ന വെല്ലുവിളികള്‍ വ്യാപകവും വളരെക്കൂടുതലും ആണ്. മാനവ സംസ്‌കൃതിക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന മൂന്നു പ്രധാന വെല്ലുവിളികളെക്കുറിച്ചു ഞാന്‍ പറയാം. ആദ്യത്തെ അപകടം കാലാവസ്ഥാ മാറ്റമാണ്. ഹിമക്കട്ടകള്‍ ഇല്ലാതെയാവുകയാണ്. ആര്‍ട്ടിക്കിലെ മഞ്ഞ് ഉരുകുകയാണ്. പല ദ്വീപുകളും മുങ്ങിക്കഴിഞ്ഞു; അഥവാ, മുങ്ങിക്കൊണ്ടിരിക്കുകയാണ്. തീവ്രമായ കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ ദിവസം കഴിയുംതോറും വര്‍ധിച്ചുവരികയാണ്. ചൂടും തണുപ്പും കൂടുന്നു; മഴ തിമിര്‍ത്തുപെയ്യുന്നു. ഒരു ഭാഗത്തു വരള്‍ച്ചയും മറുഭാഗത്തു വെള്ളപ്പൊക്കവും. ഈ സാഹചര്യത്തില്‍ നാം ഇടുങ്ങിയ ചിന്താഗതികള്‍ വിട്ട് ഒന്നിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതു സംഭവിക്കുന്നുണ്ടോ? ഇല്ലെങ്കില്‍, എന്തുകൊണ്ട്? ഈ സാഹചര്യം മെച്ചപ്പെടുത്താന്‍ നാം എന്താണു ചെയ്യേണ്ടത്? കാര്‍ബണ്‍ പുറംതള്ളുന്നതു കുറയ്ക്കണമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അതിനാവശ്യമായ വിഭവങ്ങളും സാങ്കേതികവിദ്യയും വികസ്വര രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ലഭ്യമാക്കാന്‍ എത്ര രാഷ്ട്രങ്ങളും ജനതകളും തയ്യാറുണ്ട്? പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധം സംബന്ധിച്ച ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ചു നിങ്ങള്‍ പല തവണ കേട്ടിട്ടുണ്ടാകും.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കുമുമ്പ്, നമ്മുടെ വേദം മനുഷ്യരോടു പറഞ്ഞിട്ടുണ്ട്, ‘ഭൂമി മാതാ, പുത്രോഹം പൃഥ്യാഹ’ എന്ന്. ഇതിന്റെ അര്‍ഥം മനുഷ്യര്‍ ഭൂമാതാവിന്റെ മക്കളാണെന്നാണ്. നാം ഭൂമിയുടെ മക്കളാണെങ്കില്‍ എന്തിനാണു മനുഷ്യനും പ്രകൃതിയും ഏറ്റുമുട്ടുന്നത്?

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട ഏറ്റവും പ്രധാന ഉപനിഷത്തായ ‘ഈശാവാസ്യോപനിഷത്തി’ന്റെ തുടക്കത്തില്‍ കര്‍ത്താവായ ‘തത്ത്വദ്രസ്ത ഗുരു’ മാറുന്ന ലോകത്തെക്കുറിച്ചു തന്റെ ശിഷ്യരോടു ‘തേന ത്യക്തേന്‍ ഭൂഞ്ജിഥാ, മാര്‍ഗധഃകസ്യസ്വിദ്ദനം’ എന്നു പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലായിടത്തും ദൈവിക സാന്നിധ്യമുണ്ടെന്ന തിരിച്ചറിവില്‍ അയഥാര്‍ഥമായതിനെ ഉപേക്ഷിക്കുകയും യാഥാര്‍ഥ്യമായതിനെ ആസ്വദിക്കുകയും ചെയ്യുക എന്നാണ്. മറ്റൊരാളുടെയും സ്വത്ത് മോഹിക്കരുത്. അത്യാഗ്രഹമില്ലായ്മ എന്നര്‍ഥം വരുന്ന ‘അപരിഗ്രാഹ’ത്തിനു തന്റെ ആശയങ്ങളില്‍ ബുദ്ധന്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ആവശ്യത്തിനു മാത്രം ഉപയോഗിക്കുക എന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയവും സമാനമായതു തന്നെയാണ്. അത്യാഗ്രഹം നിമിത്തം ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. ത്യാഗം സഹിക്കാനും ആവശ്യത്തിനു മാത്രം പ്രകൃതിയില്‍നിന്നു സ്വീകരിക്കാനും തയ്യാറായിരുന്ന സ്ഥിതിയില്‍നിന്ന് തന്റെ അത്യാഗ്രഹം തീരുവോളം പ്രകൃതിയെ ചൂഷണം ചെയ്യുന്ന സ്ഥിതിയിലേക്ക് മനുഷ്യന്‍ എങ്ങനെ മാറിയെന്നു നാം ചിന്തിക്കണം. ഇതു നമ്മുടെ വികസനമാണോ അതോ തകര്‍ച്ചയാണോ? വളരെ അപകടം പിടിച്ച മാനസികാവസ്ഥ തന്നെ! സ്വാര്‍ഥ താല്‍പര്യത്തോടെ നാം നടത്തുന്ന ഭയാനകമായ കള്ളക്കളി! നാം എന്തുകൊണ്ടാണ് ആത്മപരിശോധനയ്ക്കു തയ്യാറാകാത്തത്?

ഇക്കാലത്ത് പരിസ്ഥിതി ഭീകരമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന് ശാശ്വത പരിഹാരമുണ്ട്. അത് മനുഷ്യനെ സംബന്ധിക്കുന്ന പുരാതനമായ ഇന്ത്യന്‍ തത്വശാസ്ത്രവും പ്രകൃതിയും തമ്മിലുള്ള ഐക്യപ്പെടലാണ്. അതിലുപരി, ഈ തത്വശാസ്ത്രത്തില്‍നിന്ന് ഉരുത്തിരിഞ്ഞ യോഗ, ആയുര്‍വേദം തുടങ്ങിയ ഇന്ത്യന്‍ പാരമ്പര്യങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണമായ അറിവ് നേടുന്നതിലൂടെ പരിസ്ഥിതിയെ പോഷിപ്പിക്കുകയും നാം തമ്മിലുള്ള അകല്‍ച്ചയെ ഇല്ലാതാക്കുകയും മാത്രമല്ല, ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യവും സന്തുലനവും പകരുകയും ചെയ്യാന്‍ സാധിക്കും. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമായി എന്റെ ഗവണ്‍മെന്റ് ബൃഹത്തായ പ്രചരണം ആരംഭിച്ചിട്ടുണ്ട്. 2022 ആകുമ്പോഴേക്കും 175 ജിഗാ വാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഇന്ത്യയില്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ മൂന്നിലൊന്നായ 60 ജിഗാ വാട്ട് കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം നേടിക്കഴിഞ്ഞു.

2016ല്‍ ഇന്ത്യയും ഫ്രാന്‍സും ചേര്‍ന്ന് രാജ്യാന്തര ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള പുതിയ സംഘടന വിഭാവന ചെയ്തിട്ടുണ്ട്. വിപ്ലവകരമായ ഈ ചുവട് ഇപ്പോഴൊരു വിജയകരമായ പരീക്ഷണമായി മാറിയിരിക്കുകയാണ്. ആവശ്യമായ ഉടമ്പടി സാധൂകരിക്കപ്പെട്ടതോടെ രാജ്യാന്തര സൗരോര്‍ജ സഖ്യമെന്ന നിലയില്‍ അതു യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന സൗരോര്‍ജ സഖ്യത്തിന്റെ ആദ്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എന്റെ ക്ഷണപ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും മറ്റ് അംഗരാഷ്ട്രങ്ങളുടെ തലവന്‍മാരും എത്തുന്നുണ്ട് എന്നതു സന്തോഷിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

രണ്ടാമത്തെ വലിയ വെല്ലുവിളി ഭീകരവാദമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ലോകത്തിലെ ആകെ മാനവികതയെ സംബന്ധിച്ചിടത്തോളവും വളര്‍ന്നുവരുന്ന ഈ ഭീഷണി എത്രത്തോളം വളര്‍ന്നുവരികയും പുതിയ രൂപം പ്രാപിക്കുകയുമാണെന്നു നിങ്ങള്‍ക്കെല്ലാം അറിയാം. അതിന്റെ രണ്ടു മാനങ്ങളിലേക്കു മാത്രം നിങ്ങളുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുകയാണ്. ആദ്യമായി, നല്ല ഭീകരവാദി, മോശം ഭീകരവാദി എന്ന കൃത്രിമമായ വേര്‍തിരിവ് അങ്ങേയറ്റം അപകടകരമാണ്. രണ്ടാമതായി നിങ്ങളുടെ ശ്രദ്ധേ പതിയേണ്ടതെന്നു ഞാന്‍ കരുതുന്ന കാര്യം ഇന്നു വിദ്യാഭ്യാസം നേടിയതും സമര്‍ഥരുമായ യുവാക്കള്‍ മൗലികവാദികളാക്കപ്പെടുകയും ഭീകരവാദത്തില്‍ പങ്കാളികളായിത്തീരുകയും ചെയ്യുന്നു എന്നതാണ്. ഭീകരവാദവും ഹിംസയും ഉയര്‍ത്തുന്ന ഗൗരവമേറിയ വെല്ലുവിളികളും അവ സൃഷ്ടിക്കുന്ന പരുക്കുകളും അതോടൊപ്പം അവയ്ക്കുള്ള പരിഹാരങ്ങളും ഫോറത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തുക്കളേ,

മൂന്നാമത്തെ വെല്ലുവിളി പല സമൂഹങ്ങളും രാഷ്ട്രങ്ങളും കൂടുതല്‍ക്കൂടുതല്‍ സ്വയം കേന്ദ്രീകൃതങ്ങളായിത്തീരുന്നു എന്നതാണ്. ആഗോളവല്‍ക്കരണം ചുരുങ്ങിപ്പോകുകയാണെന്ന പ്രതീതി അതു ജനിപ്പിക്കുന്നു. അത്തരം നിലപാടുകളും തെറ്റായ മുന്‍ഗണനകളും കാലാവസ്ഥാ മാറ്റമോ ഭീകരവാദമോ ഉയര്‍ത്തുന്ന ഭീഷണികളെക്കാളും ഒട്ടും ചെറുതല്ല. എല്ലാവരും പരസ്പരബന്ധിത ലോകത്തെക്കുറിച്ചാണു ചര്‍ച്ച ചെയ്യുന്നതെങ്കിലും ആഗോളവല്‍ക്കരണത്തിന്റെ പ്രഭ മങ്ങുകയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ആശയങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ലോക വ്യാപാര സംഘടനയും വിശാലമായ അടിത്തറയോടുകൂടിയതാണ്. എന്നാല്‍, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപീകൃതമായ ആഗോള സംഘടനകളുടെ ഘടനയും സംവിധാനവും പ്രവര്‍ത്തനശൈലിയും ഇപ്പോഴത്തെ സാഹചര്യങ്ങളെയോ ഇന്നത്തെ മനുഷ്യന്റെ പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയുമോ പ്രതിഫലിപ്പിക്കാന്‍ പോന്നതാണോ?

ഈ സ്ഥാപനങ്ങള്‍ പിന്‍തുടരുന്ന പഴകിയ സംവിധാനത്തിനും വികസ്വര രാഷ്ട്രങ്ങളുടെ, സവിശേഷമായി ഇന്നത്തെ ലോകത്തില്‍, ആവശ്യകതകള്‍ക്കും ഇടയില്‍ വലിയ വിടവുണ്ട്. ആഗോളവല്‍ക്കരണത്തിനു വിരുദ്ധമായി സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ രൂപപ്പെട്ടിരിക്കുന്നു. അവരുടെ ലക്ഷ്യം ആഗോളവല്‍ക്കരണം ഇല്ലാതാക്കല്‍ മാത്രമല്ല, ആഗോളവല്‍ക്കരണത്തിന്റെ സ്വാഭാവികമായ ഒഴുക്കിന്റെ ഗതിയെ തിരിച്ചുവിടല്‍ കൂടിയാണ്. തത്ഫലമായി പുതിയ തരം ചുങ്കങ്ങളും അല്ലാത്തതുമായ തടസ്സങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഉഭയകക്ഷി, ബഹുകക്ഷി വ്യാപാരക്കരാറുകളും ചര്‍ച്ചകളും സ്തംഭിപ്പിക്കപ്പെട്ടു. പല രാജ്യങ്ങളിലും മറ്റു രാജ്യങ്ങളില്‍നിന്നുള്ള നിക്ഷേപം കുറഞ്ഞു. ആഗോള വിതരണ ശൃംഖലകളുടെ വളര്‍ച്ച നിലച്ചു. ആഗോളവല്‍ക്കരണം ദുഃഖകരമായ ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടുനില്‍ക്കുക എന്നതല്ല പരിഹാരം. പരിഹാരം വസ്തുതകള്‍ തിരിച്ചറിയുകയും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും ചെയ്യുക എന്നതാണ്. മാറുന്ന കാലത്തിനു യോജിച്ച സമര്‍ഥവും വഴക്കമാര്‍ന്നതുമായ നയങ്ങള്‍ രൂപീകരിക്കേണ്ട സമയമാണിത്. ‘എന്റെ വീടിന്റെ എല്ലാ വശത്തുമുള്ള ജനലുകളും വാതിലുകളും അടച്ചിടപ്പെടേണ്ടവയല്ല. എല്ലാ രാജ്യങ്ങളിലെയും സംസ്‌കാരത്തിന്റെ കാറ്റുകള്‍ എന്റെ വീട്ടിലേക്ക് എളുപ്പത്തില്‍ കടന്നുവരണം. അതേസമയം, അതൊന്നും എന്റെ കാലുകളെ അസ്ഥിരപ്പെടുത്തരുത്’ എന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ഇന്ത്യ പരിപൂര്‍ണമായ ആത്മവിശ്വാസത്തോടെ, നിര്‍ഭയം മഹാത്മാഗാന്ധിയുടെ തത്വശാസ്ത്രത്തെ പിന്‍തുടരുകയാണ്; ലോകത്തുനിന്നു മുഴുവനുമുള്ള ജീവസ്സുറ്റ തരംഗങ്ങളെ സ്വാഗതം ചെയ്യുകയാണ്.

സുഹൃത്തുക്കളേ, ജനാധിപത്യമാണ് ഇന്ത്യയുടെ സ്ഥിരതയ്ക്കും സുസ്ഥിര വികസനത്തിനും അടിസ്ഥാനം. ജനാധിപത്യമെന്നതു കേവലം ഒരു രാഷ്ട്രീയ സംവിധാനമല്ല. മറിച്ച്, ജീവിതത്തിന്റെ തത്വശാസ്ത്രവും പല മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളും വസ്ത്രധാരണ രീതികളും ഭക്ഷണവൈവിധ്യവും ഉള്‍പ്പെടുന്ന ജീവിതശൈലിയാണ്. ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ജനാധിപത്യ പരിതസ്ഥിതിയുടെയും നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അറിയാം. ഇന്ത്യന്‍ ജനാധിപത്യം ഞങ്ങളുടെ നാനാത്വം നിലനിര്‍ത്തുന്നതിനപ്പുറം യഥാവിധിയുള്ള വികസനത്തിനായുള്ള 125 കോടി ഇന്ത്യക്കാരുടെ മോഹങ്ങളും പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാക്കുന്നതിനുള്ള സാഹചര്യവും വഴിയും ലഭ്യമാക്കുകയും ചെയ്യുന്നു.

ജനാധിപത്യ മൂല്യങ്ങള്‍ക്കും എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സാമ്പത്തിക വികസനത്തിനും പുരോഗതിക്കും എല്ലാ അകല്‍ച്ചകളെയും ഇല്ലാതാക്കാനുള്ള ശേഷിയുണ്ട്. 60 കോടി വോട്ടര്‍മാര്‍ ചേര്‍ന്ന് ഒറ്റപ്പാര്‍ട്ടിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കുന്ന സാഹചര്യം ആദ്യമായി 2014ല്‍ ഉണ്ടായി. കേവലം ഒരു വിഭാഗത്തെയോ അല്ലെങ്കില്‍ ഏതാനും പേരെയോ അല്ല, മറിച്ച് എല്ലാവരെയും വികസനത്തിലേക്കു നയിക്കാനുള്ള ദൃഢപ്രതിജ്ഞ ഞങ്ങള്‍ കൈക്കൊണ്ടു. എന്റെ ഗവണ്‍മെന്റിന് ഒരു മുദ്രാവാക്യമുണ്ട്. അത് ‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്നതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്നാണ് അര്‍ഥം.

പുരോഗതിക്കായുള്ള ഞങ്ങളുടെ കാഴ്ചപ്പാടും ദൗത്യവും എല്ലാവരെയും ഉള്‍പ്പെടുത്തി ഉള്ളതാണ്. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള ഈ തത്വശാസ്ത്രമാണ് എന്റെ ഗവണ്‍മെന്റിന്റെ ഓരോ നയത്തിനും അടിസ്ഥാനം. ദശലക്ഷക്കണക്കിനു ജനങ്ങള്‍ ജീവിതത്തില്‍ ആദ്യമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ചുകൊണ്ടുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലും നേരിട്ടുള്ള ആനുകൂല്യ വിതരണത്തിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ദരിദ്രരിലേക്ക് എത്തിക്കുന്നതിലും ‘ബേഠി ബചാവോ, ബേഠി പഠാവോ’ പദ്ധതിയിലൂടെ ലിംഗനീതി നടപ്പാക്കുന്നതിലുമൊക്കെ ഇതു പ്രതിഫലിച്ചുകാണാം.

എല്ലാവര്‍ക്കും ഒന്നിച്ചുനടക്കാന്‍ സാധിക്കുമ്പോള്‍ മാത്രമാണു വികസനമോ പുരോഗതിയോ യാഥാര്‍ഥ്യമായതായി അവകാശപ്പെടാന്‍ സാധിക്കുക എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ സാമ്പത്തിക, സാമൂഹിക നയങ്ങളില്‍ ചെറിയ പരിഷ്‌കാരണങ്ങളല്ല, സമൂല മാറ്റങ്ങളാണു വരുത്തുന്നത്. ‘പരിഷ്‌കരിക്കുക, മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുക, പരിവര്‍ത്തനം വരുത്തുക’ എന്നതാണു ഞങ്ങള്‍ തെരഞ്ഞെടുത്ത വഴി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ നിക്ഷേപത്തിന് അനുയോജ്യമാക്കിത്തീര്‍ക്കുന്ന ഇന്നത്തെ രീതിയുമായി താരതമ്യം ചെയ്യാവുന്ന പ്രവര്‍ത്തനം വേറെ ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന്, ഇന്ന് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതോ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നതോ ഇന്ത്യയില്‍ ജോലി ചെയ്യുന്നതോ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതോ ഇന്ത്യയില്‍നിന്ന് ഉല്‍പന്നങ്ങളോ സേവനങ്ങളോ കയറ്റുമതി ചെയ്യുന്നതോ ഒക്കെ നേരത്തേ ഉള്ളതിലും എളുപ്പമായിരിക്കുന്നു. ലൈസന്‍സ് പെര്‍മിറ്റ് ഭരണത്തിന് അറുതി വരുത്താന്‍ നാം ശ്രമിച്ചുവരുന്നു. ചുവപ്പുനാട മാറ്റി നാം ചുവപ്പു പരവതാനി വിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയുടെ മിക്ക മേഖലകളും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തു. 90 ശതമാനത്തിലേറെ നിക്ഷേപങ്ങളും സ്വയംപ്രവര്‍ത്തിത സംവിധാനത്തിലൂടെ നടത്തുന്നതിനു സാഹചര്യമൊരുക്കി. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നൂറുകണക്കിനു പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. കച്ചവടത്തിനും ഭരണത്തിനും തടസ്സം സൃഷ്ടിക്കുകയും രാജ്യത്തെ സാധാരണക്കാരനെ ദുഃഖിപ്പിക്കുകയും ചെയ്തിരുന്ന പഴകിയ 1,400 നിയമങ്ങള്‍ റദ്ദാക്കി.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സമഗ്ര നികുതി സംവിധാനമായി ചരക്കുസേവന നികുതി ഏര്‍പ്പെടുത്തി. സുതാര്യതയും ഉത്തരവാദിത്തബോധവും വളര്‍ത്താനായി ഞങ്ങള്‍ സാങ്കേതിക വിദ്യ നടപ്പാക്കുകയാണ്. ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയും ശ്രമങ്ങളെയും ലോകത്താകമാനമുള്ള വാണിജ്യസമൂഹം സ്വാഗതം ചെയ്തു. ഇന്ത്യയില്‍ ജനാധിപത്യവും ജനസംഖ്യയും ചടുലതയും വികസനത്തെയും ഭാവിയെയും നിര്‍ണയിക്കുന്നു. ദശാബ്ദങ്ങളായി നിലകൊണ്ട നിയന്ത്രണങ്ങള്‍ ജനതയുടെയും യുവാക്കളുടെയും കഴിവുകളെ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍, ഇന്നു ഗവണ്‍മെന്റ് കൈക്കൊള്ളുന്ന ധീരമായ നയപരമായ തീരുമാനങ്ങളും ഫലപ്രദമായി നടപടികളും സാഹചര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു. വളരെ ചുരുങ്ങിയ കാലമായ മൂന്നര വര്‍ഷംകൊണ്ട് ഇന്ത്യയില്‍ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും വ്യാപ്തിയേറിയതുമായ മാറ്റങ്ങള്‍ 125 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളും ദീര്‍ഘദൃഷ്ടിയും മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമാണ്. ഇപ്പോള്‍ ഇന്ത്യന്‍ ജനത, വിശേഷിച്ച് യുവജനത, 2025 ആകുമ്പോഴേക്കും അഞ്ചു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ശേഷിയുള്ളവരാണ്.

അതിലുപരി, കണ്ടുപിടിത്തങ്ങളിലൂടെയും സംരംഭകത്വത്തിലൂടെയും തൊഴിലന്വേഷകര്‍ എന്നതില്‍നിന്നു തൊഴില്‍ദായകരായി അവര്‍ മാറുമ്പോള്‍ ബിസിനസ് രംഗത്തും അതുവഴി രാജ്യത്തിനു മുന്നിലും ഒട്ടേറെ സാധ്യതകള്‍ തുറക്കപ്പെടുകയാണ്. നിങ്ങളെല്ലാം ലോകത്തിന്റെ നേതാക്കളാണെന്നു മാത്രമല്ല, ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഇന്ത്യയുടെ റാങ്കിങ്ങിനെക്കുറിച്ചും വിലയിരുത്തലുകളെക്കുറിച്ചും മുന്നോട്ടുപോകേണ്ട വഴികളെക്കുറിച്ചും അറിയുന്നവരുമാണ്. അതിലുപരി, ഇന്ത്യയിലെ ജനങ്ങള്‍ മാറുന്ന ഭാവികാലത്തിനായി നാം പിന്‍തുടരുന്ന നയങ്ങളെയും പദ്ധതികളെയും സ്വാഗതം ചെയ്തിട്ടുണ്ട്. ഇവ നല്ല ഭാവിയുടെ സുവര്‍ണസൂചികകളാണ്. സബ്‌സിഡി ഉപേക്ഷിക്കല്‍, തെരഞ്ഞെടുപ്പ് തുടങ്ങിയ ജനാധിപത്യ രീതികളിലൂടെ നമ്മുടെ നയങ്ങളിലും പരിഷ്‌കാരങ്ങളിലും വിശ്വാസമര്‍പ്പിക്കല്‍ തുടങ്ങിയ തെളിവുകള്‍ മുമ്പൊരിക്കലും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലാത്ത മാറ്റങ്ങള്‍ക്കു വ്യാപകമായ പിന്‍തുണ ഉറപ്പാക്കുന്നതാണ്.

സുഹൃത്തുക്കളേ,

ലോകത്തെ പ്രശ്‌നങ്ങള്‍ നിരീക്ഷിച്ചാല്‍, നമ്മുടെ പൊതുഭാവിക്കായി പല ദിശകളിലേക്കും ശ്രദ്ധ പതിയേണ്ടത് അനിവാര്യമാണെന്നു വ്യക്തമാകും. ആദ്യമായി, ലോകത്തിലെ വലിയ ശക്തികള്‍ തമ്മില്‍ ബന്ധവും സഹകരണവും ഉണ്ടായിരിക്കണം. ലോകത്തിലെ വലിയ രാഷ്ട്രങ്ങള്‍ തമ്മിലുള്ള മല്‍സരം പരസ്പര ബന്ധത്തിനു തടസ്സമായിത്തീരരുത്. പൊതുവായ വെല്ലുവിളികളെ നേരിടാന്‍ അഭിപ്രായ ഭിന്നതകള്‍ മറന്നു സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കരുത്തുറ്റ വീക്ഷണം നമുക്ക് ഉണ്ടായിരിക്കണം. രണ്ടാമതായി, മാറുന്ന ലോകക്രമം നിമിത്തം നാം അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന കാലത്ത് രാജ്യാന്തര നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുക എന്നതു മുമ്പെന്നത്തേക്കാളും പ്രധാനമായി മാറിയിരിക്കുന്നു. മൂന്നാമത്തെ പ്രധാന കാര്യം ലോകത്തിലെ വലിയ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ സ്ഥാപനങ്ങള്‍ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്നതാണ്. അത് ഇക്കാലത്തുള്ള പങ്കാളിത്തത്തിനും ജനാധിപത്യവല്‍ക്കരണത്തിനും അനുസരിച്ച് പ്രോല്‍സാഹിപ്പിക്കപ്പെടണം. നാലാമത്തെ പ്രധാന കാര്യം ലോകത്തിന്റെ സാമ്പത്തിക പുരോഗതിയുടെ വേഗം കൂട്ടേണ്ടതിന്റെ ആവശ്യകതയാണ്. ലോകത്ത് അടുത്തിടെ പ്രകടമായിവരുന്ന സാമ്പത്തിക പുരോഗതിയുടെ ലക്ഷണങ്ങള്‍ പ്രോല്‍സാഹജനകമാണ്. സാങ്കേതികവിദ്യയും ഡിജിറ്റല്‍ വിപ്ലവവും ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം കാണാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

അത്തരം ശ്രമങ്ങള്‍ക്ക് ഇന്ത്യ എന്നും പിന്തുണയേകിയിട്ടുണ്ട്. ഇന്നു മുതല്‍ക്കല്ല, സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ക്കല്ല, പ്രാചീനകാലം മുതല്‍ തന്നെ വെല്ലുവിളികള്‍ നേരിടുന്നതിനായി എല്ലാവരുമായും സഹകരിക്കാന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും ശേഷം ലോകം പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ ഇന്ത്യക്കു മാത്രമായ താല്‍പര്യങ്ങളോ സാമ്പത്തികമോ ഭൂപ്രദേശം സംബന്ധിച്ചോ ഉള്ള താല്‍പര്യങ്ങളോ കൂടാതെ സമാധാനത്തിന്റെയും മാനവികതയുടെയും ഉന്നത മൂല്യങ്ങള്‍ക്കായി രാജ്യം നിലകൊണ്ടു. ഒന്നര ലക്ഷത്തിലേറെ ഇന്ത്യന്‍ സൈനികര്‍ ജീവത്യാഗം ചെയ്യാന്‍ തയ്യാറായി. ഇതേ മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം സൈനികരെ വിട്ടുനല്‍കാന്‍ ഇന്ത്യ തയ്യാറായത്. ഇതേ മൂല്യങ്ങളാണ് അയല്‍രാഷ്ട്രങ്ങളെയും സഖ്യരാഷ്ട്രങ്ങളെയും മനുഷ്യരെയും പ്രതിസന്ധികളിലും പ്രകൃതിദുരന്തങ്ങളിലും സഹായിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. നേപ്പാളില്‍ ഭൂകമ്പമുണ്ടായാലോ അയല്‍ രാഷ്ട്രങ്ങളില്‍ ഏതിലെങ്കിലും വെള്ളപ്പൊക്കമോ ചുഴലിക്കാറ്റോ മറ്റെന്തെങ്കിലും പ്രകൃതിദുരന്തങ്ങളോ ഉണ്ടായാലോ അവര്‍ക്കു സഹായവുമായി ആദ്യം എത്തേണ്ടതു ഏറ്റവും വിശുദ്ധമായ കടമയായി ഇന്ത്യ കരുതിപ്പോരുന്നു.

ഹിംസയുടെ അഗ്നിനാളങ്ങള്‍ യെമനില്‍ പല രാജ്യങ്ങളിലെയും പൗരന്‍മാരെയും ഭയപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ ഇന്ത്യക്കാരെ മാത്രമല്ല, പല രാജ്യക്കാരായ രണ്ടായിരത്തിലേറെ പേരെ ഇന്ത്യ രക്ഷിച്ചു. വികസ്വര രാഷ്ട്രമെന്ന പരിമിതി മറന്ന് ശേഷി വര്‍ധിപ്പിക്കുന്നതിലും വികസനത്തിലും ഇന്ത്യ മറ്റു രാഷ്ട്രങ്ങളുമായി സഹകരിച്ചുവരുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളോ അയല്‍രാജ്യങ്ങളോ ദക്ഷിണ പൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളോ പസഫിക് ദ്വീപുകളോ എതു രാജ്യമായാലും ഇന്ത്യ സഹകരിക്കുന്ന ചട്ടക്കൂടുകളും പദ്ധതികളും മുന്‍ഗണനകളും അതതു രാജ്യങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചുള്ളതാണ്.

സുഹൃത്തുക്കളേ,

ഇന്ത്യക്കു രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ ലക്ഷ്യങ്ങള്‍ ഇല്ല. ഒരു രാജ്യത്തിന്റെയും പ്രകൃതിവിഭവങ്ങള്‍ ഇന്ത്യ ചൂഷണം ചെയ്യില്ലെന്നു മാത്രമല്ല, ആ രാജ്യത്തിനായി അവ വികസിപ്പിക്കാന്‍ സഹായിക്കുകയേ ഉള്ളൂ. ഇന്ത്യന്‍ മണ്ണില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി നിലകൊള്ളുന്ന വൈജാത്യങ്ങളുടെ സഹയോഗത്തിന്റെ പ്രത്യക്ഷമായ ഫലം ഞങ്ങള്‍ വിവിധ സംസ്‌കാരങ്ങളോടുകൂടിയ ലോകത്തിലും ബഹുധ്രുവ ലോകക്രമത്തിലും വിശ്വസിക്കുന്നു എന്നതാണ്. എല്ലാ തര്‍ക്കങ്ങളും ഭിന്നതകളും ജനാധിപത്യത്തിലൂടെയും നാനാത്വത്തോടുള്ള ആദരവിലൂടെയും സാഹോദര്യത്തിലൂടെയും ഏകോപനത്തിലൂടെയും സഹകരണത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹരിക്കാന്‍ സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്. സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനുമായി ഇന്ത്യ പരീക്ഷിച്ചു വിജയിച്ച മാര്‍ഗമാണിത്. അതിലുപരി, പ്രവചിക്കാവുന്നതും സുസ്ഥിരവും സുതാര്യവും പുരോഗതിയിലേക്കു നീങ്ങുന്നതുമായ ഇന്ത്യയാണല്ലോ അസ്ഥിരതയാര്‍ന്ന ഇന്ത്യയെക്കാള്‍ സുന്ദരം. വളരെയധികം വൈവിധ്യങ്ങള്‍ സാഹോദര്യത്തോടെ നിലകൊള്ളുന്ന ഇന്ത്യ ഏകോപിപ്പിക്കുന്നതും സാഹോദര്യം വളര്‍ത്തുന്നതുമായ ശക്തിയായിരിക്കും. ഇന്ത്യക്കു വേണ്ടിയോ ഇന്ത്യയുടെ ആത്മാവിനോ വേണ്ടിയോ മാത്രമല്ലാതെ ഇന്ത്യയിലെ സന്യാസിമാരും മുനിമാരും പറയാറുണ്ട് ‘സര്‍വേ ഭവന്തു സുഖിനഃ സര്‍വേ സന്തു നിരാമയ, സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിദ്ദുഖഭാഗ്ഭവേത്’ എന്ന്. എല്ലാവരും സന്തോഷമുള്ളവരായിരിക്കണം, എല്ലാവരും ആരോഗ്യവാന്‍മാരായിരിക്കണം, എല്ലാവരോടും നന്നായി പെരുമാറണം, ഒരു ദുഃഖവും ഉണ്ടായിരിക്കരുത് എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ഥം. ഇതാണു സ്വപ്നം. ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അനുയോജ്യമായ മാര്‍ഗവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്:
സഹനാബവതു സഹ നൗ ഭുനക്തു സഹ വീര്യം കരവാവഹൈ,
തേജസ്വിനാ ധീതമസ്തു മാ വിദ്വിഷാവഹൈ.

ആയിരത്തോളം വര്‍ഷം പഴക്കമുള്ള ഇന്ത്യയിലെ ഈ പ്രാര്‍ഥന ഉപേദശിക്കുന്നതു നാമെല്ലാം ഒരുമിച്ചു ജോലി ചെയ്യണമെന്നും ഒരുമിച്ചു നടക്കണമെന്നും നമ്മുടെ പ്രതിഭ ഒരുമിച്ചു പുഷ്പിക്കണമെന്നും അസൂയ നമ്മില്‍ ഉണ്ടാവരുതെന്നും ആണ്. ഇടുങ്ങിയ ചുമരുകള്‍ വേല്‍പെടുത്താത്ത ‘സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗ’മായ ലോകത്തെക്കുറിച്ച് നോബല്‍ സമ്മാന ജേതാവും കഴിഞ്ഞ നൂറ്റാണ്ടിലെ മഹാനായ ഇന്ത്യന്‍ കവിയുമായ ഗുരുദേവ് രവീന്ദ്രനാഥ ടഗോര്‍ എഴുതിയിട്ടുണ്ട്. സഹകരണവും ഏകോപനവുമുള്ള, അകല്‍ച്ചകള്‍ ഇല്ലാത്തതും ക്ഷതങ്ങള്‍ ഏല്‍ക്കാത്തതുമായ, ‘സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം’ നമുക്കു സൃഷ്ടിക്കാം. പ്രശ്‌നങ്ങളില്‍നിന്നും അനാവശ്യമായ മതില്‍ക്കെട്ടുകളില്‍നിന്നും മുക്തിനേടാന്‍ ലോകത്തെ നമുക്ക് ഒരുമിച്ചു സഹായിക്കാം.

സുഹൃത്തുക്കളേ,

ഇന്ത്യയും ഇന്ത്യക്കാരും ലോകത്തെ ഒറ്റക്കുടുംബമായാണു കാണുന്നത്. ഇന്ത്യന്‍ വംശജരായ മൂന്നു കോടി പേര്‍ മറ്റു രാഷ്ട്രങ്ങളില്‍ ജീവിക്കുന്നുണ്ട്. ലോകത്തെ ഒറ്റക്കുടുംബമായി കാണുമ്പോള്‍ ഇന്ത്യക്കാരും ആ കുടുംബത്തിന്റെ ഭാഗമായിത്തീരുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനായി നിങ്ങളെയെല്ലാം ഞാന്‍ ക്ഷണിക്കുന്നു. ആരോഗ്യവും നന്മയും വേണമെങ്കില്‍ ഇന്ത്യയില്‍ ജോലി ചെയ്യൂ; ശാന്തിയും അഭിവൃദ്ധിയും വേണമെങ്കില്‍ ഇന്ത്യയില്‍ ജീവിക്കൂ; ധനവും ആരോഗ്യവും വേണമെങ്കില്‍ ഇന്ത്യയില്‍ കഴിയൂ. ഇന്ത്യയിലേക്ക് എപ്പോള്‍ വരുന്നതിനും നിങ്ങള്‍ക്കു സ്വാഗതം. നിങ്ങളോട് ഇടപഴകാന്‍ അവസരം നല്‍കിയതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഒരുപാട് നന്ദി. ലോക സാമ്പത്തിക ഫോറത്തിനും ശ്രീ. ക്ലോസ് ഷ്വാബിനും നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."